കോംട്രസ്റ്റ് സമരവിജയത്തിന് ഇരട്ടിമധുരം

Web Desk
Posted on March 02, 2018, 10:31 pm

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കോമണ്‍വെല്‍ത്ത് വ്യവസായ സ്ഥാപനത്തെ ഇല്ലാതാക്കുന്നതിനുവേണ്ടി പല കേന്ദ്രങ്ങളില്‍ നിന്നുമുണ്ടായ സമ്മര്‍ദ്ദതന്ത്രങ്ങളേയും ഭീഷണികളേയും അതിജീവിച്ചാണ് ആ ചരിത്രസമ്പത്തിനെ എഐടിയുസി തിരിച്ചുപിടിച്ച് സംരക്ഷിച്ചിരിക്കുന്നത്. 

പൈതൃക സമ്പത്തുകള്‍ സംരക്ഷിക്കാന്‍ ഒരു രാജ്യത്തിന് കഴിയുക എന്നത് വരുംതലമുറകളോട് നിര്‍വഹിക്കുന്ന ഏറ്റവും സുപ്രധാനമായ ചരിത്രദൗത്യമാണ്. അത് നിര്‍വഹിക്കാനുള്ള നിയോഗമുണ്ടായത് ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ എഐടിയുസിക്കാണെന്നത് തൊഴിലാളി സമൂഹത്തിനാകെ അഭിമാനിക്കാന്‍ വകനല്‍കുന്ന ഒന്നാണ്.

ജര്‍മന്‍ ബാസല്‍ മിഷന്‍ 1840 ല്‍ നിര്‍മിച്ച കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിക്ക് പുകള്‍പെറ്റ ചരിത്രമുണ്ട്. ഒന്നാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷുകാര്‍ ഈ ഫാക്ടറി പിടിച്ചെടുത്ത് 1976 വരെ അവരുടെ പൂര്‍ണ നിയന്ത്രണത്തിലാക്കുകയുണ്ടായി. ഇവിടുത്തെ നെയ്ത്തുയന്ത്രങ്ങളെല്ലാം തന്നെ ഇംഗ്ലണ്ടില്‍ നിന്നും ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്തവയാണ്. മുന്നൂറോളം ഏക്കര്‍ ഭൂമിയില്‍ മരംകൊണ്ട് നിര്‍മിച്ച ഫാക്ടറി സമുച്ചയം ചരിത്രസ്മാരകമായതിന്റെ പിറകില്‍ മറ്റു ചില കൗതുകങ്ങള്‍ കൂടിയുണ്ട്. ഇങ്ങ് കേരളത്തിന്റെ വടക്കുള്ള ഒരു പ്രദേശത്തെ ഫാക്ടറിയില്‍ നിര്‍മിച്ച വസ്ത്രങ്ങള്‍ക്കായി അങ്ങ് യൂറോപ്പിലെ പ്രഭുക്കന്മാരും പ്രഭ്വികളും വേഴാമ്പലിനെപ്പോലെ കാത്തുകിടക്കുമായിരുന്നു. ഡക്കാന്‍ മസ്‌ലീനെന്ന നേര്‍ത്ത വസ്ത്രത്തെപ്പോലും നിലംപരിശാക്കുന്ന മനോഹര നെയ്ത്തുവസ്ത്രങ്ങള്‍ക്ക് പൂര്‍ണവിപണിയായിരുന്നത് ഇംഗ്ലണ്ടും യൂറോപ്പുമാണ്. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഇവിടെ നിന്നും നെയ്തുവരുന്ന വസ്ത്രങ്ങള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇത്ര നൈപുണ്യത്തോടെ നെയ്ത്ത് നടന്നിരുന്ന, 178 വര്‍ഷം പഴക്കമുള്ള ഫാക്ടറി ഫറനിയമം വന്നതോടുകൂടിയാണ് രാജ്യത്തിന് കൈമാറുന്നത്. തുടര്‍ന്നും ഇവിടെ ഉല്‍പാദിപ്പിച്ച തുണിത്തരങ്ങള്‍ രാഷ്ട്രപതി ഭവന്‍, ബ്രിട്ടീഷ് രാജ്ഞിയുടെ കൊട്ടാരം, ഫ്രഞ്ച് കൊട്ടാരം, എയര്‍ ഇന്ത്യ തുടങ്ങിയവ അലങ്കരിക്കാന്‍ പൂട്ടുന്നതുവരെ ഉപയോഗിച്ചുവന്നു. അനധികൃതമായി കോംട്രസ്റ്റ് മാനേജ്‌മെന്റ് ഫാക്ടറി അടച്ചുപൂട്ടുമ്പോഴും 80 ശതമാനം വിദേശ ഓര്‍ഡര്‍ ഫാക്ടറിക്കുണ്ടായിരുന്നു.

ഇത്രയധികം ചരിത്രപൈതൃകവും സമ്പത്തും നിറഞ്ഞ നെയ്ത്തു ഫാക്ടറി പൂട്ടിക്കെട്ടണമെന്ന ചിന്ത ഉദിച്ചത് ഈ ഫാക്ടറി സമുച്ചയത്തിന്റെ വിലപിടിപ്പുള്ള ജംഗമസ്വത്തുക്കളില്‍ കണ്ണുംനട്ട് കച്ചവടതാല്‍പര്യത്തോടെ വന്ന ചില കറുത്ത ശക്തികളുടെ തലച്ചോറിലാണ്. ഭൂമാഫിയയും തടിക്കച്ചവടക്കാരും അവര്‍ക്ക് ഒത്താശ ചെയ്യുന്ന തൊഴിലാളിവിരുദ്ധരായ മാനേജ്‌മെന്റും ചേര്‍ന്നാണ് ഫാക്ടറിയെ തകര്‍ക്കാനുളള നീക്കമാരംഭിച്ചത്. നഷ്ടത്തിലാണെന്ന് പറഞ്ഞ് ഒടുവില്‍ 2009 ല്‍ മാനേജ്‌മെന്റ് ഫാക്ടറി പൂര്‍ണമായും അടച്ചിട്ടു. അതിന് മുന്‍പുതന്നെ ഈ നീക്കത്തിനെതിരെ തൊഴിലാളികളെ സംഘടിപ്പിച്ച് പുരാവസ്തുശേഖരവും നൂറ്റാണ്ട് പഴക്കമുള്ള തറികളും സംരക്ഷിക്കാനുള്ള നീക്കം എഐടിയുസി ആരംഭിച്ചിരുന്നു. അനധികൃതമായി ലേ ഓഫ് പ്രഖ്യാപിച്ചപ്പോള്‍ പുറത്ത് പന്തലിട്ട് എഐടിയുസി തൊഴിലാളികള്‍ ആ ചരിത്രസ്മാരകത്തിന് കാവലിരുന്നു. ഫാക്ടറി തങ്ങളുടെ അന്നവും ജീവവായുവുമാണെന്നും അത് നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് ഫാക്ടറിക്ക് മുന്‍പില്‍ കാവലിരിക്കുമ്പോള്‍ അവരുടെ നിത്യജീവിതം ദുരിതപൂര്‍ണവും അനിശ്ചിതവുമായിരുന്നു. തൊഴിലാളികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് അവരുടെ സമരവീര്യം തകര്‍ക്കാന്‍ മറ്റ് തൊഴിലാളി സംഘടനകള്‍ ശ്രമിക്കുകമാത്രമല്ല ഫാക്ടറിയുടെ ഭൂമി അപഹരിക്കാന്‍ നീക്കം നടത്തിയ മാനേജ്‌മെന്റിനും ഭൂമാഫിയയ്ക്കും അവര്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. തൊഴിലാളിവര്‍ഗത്തെ വഞ്ചിക്കുന്നതില്‍ അവര്‍ക്കൊരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. എന്നാല്‍ തൊഴില്‍ കേന്ദ്രങ്ങളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ തൊഴിലാളികള്‍ എഐടിയുസിയുടെ കൊടിക്കീഴില്‍ സമരനേതാവ് ഇ സി സതീശന്റെ നേതൃത്വത്തില്‍അചഞ്ചലം പത്തുവര്‍ഷം സമരം നടത്തിയതിന് ഫലം കണ്ടിരിക്കുന്നു. ഫാക്ടറി ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു കഴിഞ്ഞു. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുമ്പോള്‍ ആശ്വാസം കൊള്ളുകയും ഒപ്പം അഭിമാനിക്കുകയും ചെയ്യുന്നത് വര്‍ഷങ്ങളായി എഐടിയുസി കൊടിക്കീഴില്‍ പോരാട്ടരംഗത്തുറച്ചു നിന്ന 107 തൊഴിലാളി കുടുംബങ്ങളാണ്. തങ്ങള്‍ക്ക് ജീവിതംതന്ന ചരിത്രപൈതൃക സ്വത്തിനെ അവര്‍ തിരിച്ചുപിടിച്ച് സംരക്ഷിച്ചിരിക്കുന്നു, ലോക തൊഴിലാളിവര്‍ഗസമരചരിത്രത്തില്‍ നൂതനാധ്യായം തുന്നിച്ചേര്‍ത്തുകൊണ്ട്.

ഫാക്ടറി ഏറ്റെടുക്കാന്‍ 2010 ജൂണ്‍ ഒമ്പതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. അപ്പോള്‍തന്നെ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചുകൊടുത്തു. എന്നാല്‍ തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നീക്കവും നടത്തിയില്ല. ഇതിനിടയില്‍ ഫാക്ടറിയുടെ 1.63 ഏക്കര്‍ ഭൂമി മാനേജ്‌മെന്റ് സ്വകാര്യസംരംഭകരായ പ്യൂമിസ് പ്രോജക്ട്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസിന് അതീവ രഹസ്യമായി കൈമാറി. മറ്റൊരു 45 സെന്റ് ഒരു ടൂറിസം സൊസൈറ്റിയും കയ്യടക്കി. ഇന്ന് കൈമാറ്റം ചെയ്ത ഭൂമിയടക്കം തിരിച്ചുപിടിച്ച് ഫാക്ടറി ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെച്ച അപകടം നിറഞ്ഞ ഭേദഗതികളെല്ലാം തള്ളിക്കൊണ്ട് രാഷ്ട്രപതി അംഗീകാരം നല്‍കി. ഈ ചരിത്രമുഹൂര്‍ത്തത്തില്‍ തൊഴിലാളികള്‍ നേടിയെടുത്ത വിജയത്തിന് ഇരട്ടിമധുരമുണ്ട്. അത് തങ്ങളുടെ ജീവിതം തിരിച്ചുപിടിച്ചതോടൊപ്പം തന്നെ കോഴിക്കോട് നഗരത്തിന് നഷ്ടമാകുമായിരുന്ന പൈതൃക സമ്പത്തിന് ഒരു പോറല്‍പോലുമേല്‍പ്പിക്കാതെ സംരക്ഷിച്ചു എന്നുള്ളതുകൂടിയാണ്.