Tuesday
19 Mar 2019

കാട്ടുതീ ദുരന്തം അവസാനിപ്പിക്കണം

By: Web Desk | Tuesday 13 March 2018 9:48 PM IST

ഇനിയും വനങ്ങള്‍ നഷ്ടപ്പെടുത്താന്‍ നമുക്കാവില്ല. കാലാവസ്ഥാ വ്യതിയാനത്തില്‍പ്പെട്ട് കനത്ത ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തെ രക്ഷിക്കുന്നതിനും കാട്ടുതീ നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്

പ്രതീക്ഷിത കാട്ടുതീ 11 ജീവന്‍ അപഹരിക്കുകയുണ്ടായി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കൊളുക്കുമലയില്‍ ട്രെക്കിങ്ങിന് പോയ വിദ്യാര്‍ഥികളടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. തേനി ജില്ലയിലെ കൊരങ്ങിണി വനത്തിലുണ്ടായ അപകടം കാട്ടുതീ സംബന്ധിച്ചും കാടിന്റെ നിയമങ്ങളെ സംബന്ധിച്ചും പല ഗൗരവതരമായ പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്.

ചെന്നൈ ട്രെക്കിങ് ക്ലബിന്റെ നേതൃത്വത്തില്‍ 36 പേരടങ്ങുന്ന സംഘം ശനിയാഴ്ച കോയമ്പത്തൂരില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്. സംഘത്തില്‍ ഐടി ജീവനക്കാരും കുട്ടികളും വിദ്യാര്‍ഥികളുമൊക്കെയുണ്ടായിരുന്നു. വനയാത്ര നടത്തുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളും വനപാലകരുടെ സമ്മതവും ഈ യാത്രയില്‍ വേണ്ടത്ര ശുഷ്‌കാന്തിയോടെ നടന്നിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കാട്ടുതീ അപകടത്തെ തുടര്‍ന്ന് ചെന്നൈ ട്രെക്കിങ് ക്ലബ് അധികൃതര്‍ പൂട്ടിച്ചു. വനമേഖലയിലെ അനധികൃത ട്രെക്കിങ് ആളപായം മാത്രമല്ല വനനശീകരണത്തിനും കാരണമാകുന്നുണ്ടെന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ചെന്നൈയില്‍ ഈ സംഭവത്തോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലായിക്കഴിഞ്ഞു. സ്വകാര്യ ട്രെക്കിങ് ഏജന്‍സികളും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ ബന്ധം ഈ സംഭവത്തോടെ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. കാട് പരിചയമില്ലാത്ത സംഘത്തെ ശരിയായ ദിശയിലേക്ക് നയിക്കാനോ കാടിന്റെ നിലവിലെ അന്തരീക്ഷ പ്രശ്‌നങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് യാത്ര സംഘടിപ്പിക്കാനോ കഴിയാതെ പോയത് തേനി കാട്ടുതീ ദുരന്തത്തിന്റെ ആക്കം കൂട്ടിയിരിക്കുന്നു. ഉള്‍ക്കാടുകളിലേക്ക് മനുഷ്യരെ കയററുന്നതിന് പല ഘടകങ്ങള്‍ ഒത്തുവരേണ്ടതുണ്ട്. വന്യജീവികളുടെ പ്രജനനകാലം, ഉള്‍വനത്തിലെ അന്തരീക്ഷ മര്‍ദ്ദം, ജലലഭ്യത തുടങ്ങി പല ഘടകങ്ങളും പരിഗണിച്ച് മാത്രമേ ട്രെക്കിങ് അടക്കമുള്ള വനയാത്രകള്‍ അനുവദിക്കാന്‍ പാടുള്ളു. സംരക്ഷിക്കപ്പെടേണ്ട അപൂര്‍വതകളുള്ള മേഖലകളിലേക്ക് മനുഷ്യരെ കടത്തിവിടുന്നത് വനനിയമങ്ങള്‍ക്ക് എതിരാണ്. അനധികൃത ട്രെക്കിങ്ങോ വിനോദസഞ്ചാരമോ മാത്രമല്ല വനം കയ്യേറ്റത്തിനുപോലും സാധ്യത നിലനില്‍ക്കുന്നിടത്ത് തികച്ചും സുതാര്യമായ നിയമങ്ങള്‍ ഇക്കാര്യങ്ങളിലൊക്കെ ഉണ്ടാകേണ്ടതുണ്ട്. അവ നിഷ്‌കര്‍ഷയോടെ പാലിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുമുണ്ട്.
വനപ്രദേശങ്ങളിലെ വേനല്‍ക്കാല ട്രെക്കിങ് അപകടകരമാണെന്നാണ് വനപാലകര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ചും കേരളത്തോട് ചേര്‍ന്നുകിടക്കുന്ന അഗമലൈ വെസ്റ്റ്, പെരിയത്തുകൊമ്പെയ്, ഊത്തം പാറെ, ഉലകുരുതിയാര്‍ തുടങ്ങിയ വനമേഖലകള്‍ കാട്ടുതീ സാധ്യത കൂടതലുള്ള പ്രദേശങ്ങളാണ്. ഈഞ്ചപ്പുല്ലും കനത്തകാറ്റും കൂടുതലായുള്ള ഇത്തരം വനമേഖലകളില്‍ സാഹസിക ടൂറിസത്തിനും ട്രെക്കിങ്ങിനുമായി സഞ്ചാരികള്‍ പോവുന്നത് ഒഴിവാക്കേണ്ടതുണ്ട്. ചെങ്കുത്തായ മലയടിവാരങ്ങളില്‍ നിന്ന് പടര്‍ന്നുകത്തിയാളുന്ന തീ സമതലങ്ങളിലേക്ക് മിന്നല്‍ വേഗത്തില്‍ പടരുമെന്നും കൊരങ്ങിണിയില്‍ സംഭവിച്ചത് അതാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. അപകട സാധ്യത കൂടുതലായ ഇത്തരം മേഖലകളിലേക്ക് സഞ്ചാരികള്‍ക്ക് വനം വകുപ്പ് അനുമതി നല്‍കാറില്ല. എന്നിട്ടും ഇവര്‍ എത്തി എന്നുള്ളത് തമിഴ്‌നാട് സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതുണ്ട്.

വനം കത്തിനശിക്കുമ്പോള്‍ അതില്‍ നിയമവിരുദ്ധമായി പ്രവേശിച്ചവര്‍ പെടുന്നത് ദൗര്‍ഭാഗ്യകരമാണ്. കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഇന്നും നമുക്കില്ല എന്നതുകൊണ്ട് തന്നെ വനത്തിലേക്ക് അനധികൃതമായി കടന്നുചെല്ലുന്നത് അവസാനിപ്പിക്കണം. അടിക്കടിയുണ്ടാകുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ പരിമിതമായ സ്റ്റാഫും സംവിധാനങ്ങളുമുള്ള വനം വകുപ്പിന് കഠിനപ്രയത്‌നം നടത്തേണ്ടിവരുന്നുണ്ട്. കാട്ടുതീയില്‍ വെന്തുവെണ്ണീറാകുന്നത് കേവലം വൃക്ഷങ്ങളും ചെടികളം മാത്രമല്ല അനേകം ജന്തുജാലങ്ങളും കൂടിയാണ്. കത്തിക്കരിഞ്ഞ ഉള്‍ക്കാടുകള്‍ തിരിച്ച് പിടിച്ച് പച്ചപ്പുള്ള മേഖലയാക്കുക ഏറെ പ്രയാസകരമായ ഒന്നാണ്.

തേനിയിലെ കാട്ടുതീവാര്‍ത്തയ്ക്ക് പുറകേ സംസ്ഥാനത്തെ ചാലക്കുടി അതിരപ്പള്ളി വനമേഖലയിലും കാട്ടുതീ പടര്‍ന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. നൂറുകണക്കിന് വന്‍മരങ്ങളടക്കം വനസമ്പത്ത് പാടേ ഇവിടെ കത്തിയമര്‍ന്നു. സാധാരണഗതിയില്‍ തീ പടരാന്‍ സാധ്യതയില്ലാത്ത ഈ മേഖലയില്‍ ഉണ്ടായ കാട്ടുതീയെ സംബന്ധിച്ച് വനം വകുപ്പ് സമഗ്ര അന്വേഷണം നടത്തണം. തേനി സംഭവത്തെതുടര്‍ന്ന് കേരളത്തില്‍ വനമേഖലയിലെ ട്രെക്കിങ് പാടേ നിരോധിക്കുകയുണ്ടായി.

കാട്ടുതീ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വനം വകുപ്പിനെ സജ്ജമാക്കുന്ന കാര്യത്തില്‍ ഗൗരവതരമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. വനം വകുപ്പിന് വേനല്‍ക്കാല മുന്‍കരുതലുകള്‍ എന്ന നിലയില്‍ ചില സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇവിടെ തുടക്കമിട്ടിട്ടുണ്ട്. കാട്ടുതീ അറിയാനുളള ജിപിഎസ് സംവിധാനം അത്തരത്തിലൊന്നാണ്. കൂടാതെ ദുര്‍ഘടവഴികളില്‍ സഞ്ചരിക്കാവുന്ന വാഹനങ്ങള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ജലപമ്പുകള്‍, വേനല്‍ക്കാലത്ത് 24 മണിക്കൂറും ബദ്ധശ്രദ്ധമായിരിക്കുന്ന സംഘങ്ങള്‍ എന്നിവ രൂപീകരിക്കാനുള്ള നീക്കം സ്വാഗതാര്‍ഹമാണ്.