ക്രിക്കറ്റും ഫുട്‌ബോളും മൈതാന വിവാദവും

Web Desk
Posted on March 20, 2018, 10:04 pm

പണമൊഴുക്കിന്റെ കൂത്തരങ്ങ് കൂടിയാണ് എപ്പോഴും കായിക മേളകള്‍. ക്രിക്കറ്റ് മത്സരങ്ങളും ഐഎസ്എല്ലും ഇതില്‍ നിന്ന് മുക്തമല്ല. എന്നാല്‍ താരതമ്യേന ക്രിക്കറ്റ് മത്സരങ്ങളുടെ വാണിജ്യ സാധ്യതകളുടെ പേരില്‍, ഈ ടൂര്‍ണമെന്റുകളുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് ഒട്ടും ആശാസ്യകരമായ വാര്‍ത്തകളല്ല പുറത്തു വരുന്നത്

കേരളത്തിന്റെ കായിക മേഖലയുടെ വികസനത്തിലേക്കുള്ള മുതല്‍ക്കൂട്ടെന്ന് നാം അഭിമാനിക്കുന്ന രണ്ട് അന്താരാഷ്ട്ര സ്റ്റേഡിയങ്ങളാണ് ഇന്ന് നമുക്കുള്ളത്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും തലസ്ഥാന നഗരിയില്‍ നിന്ന് അധികം ദൂരത്തല്ലാത്ത ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയവും.ഈ രണ്ട് മൈതാനങ്ങളിലൂടെ നമുക്കുണ്ടാവുന്ന പ്രത്യക്ഷ വരുമാനം വളരെ വലുതുമാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സ്ഥിരം വേദികളിലൊന്നായി ശ്രദ്ധിക്കപ്പെട്ട നെഹ്‌റു സ്റ്റേഡിയവും കഴിഞ്ഞ കൊല്ലം നവംബറില്‍ നടന്ന ഇന്ത്യ‑ന്യൂസിലന്‍ഡ് ടി ട്വന്റി മത്സരത്തിന്റെ സംഘാടന മികവിലൂടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വരെ അഭിനന്ദനമേറ്റുവാങ്ങുകയും ചെയ്ത ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയവും ഇന്ന് ഇന്ത്യക്ക് പുറത്തും പെരുമ നേടിക്കഴിഞ്ഞിരിക്കുന്നു. ഫുട്‌ബോള്‍ മൈതാനം എന്ന നിലയില്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ സവിശേഷതകള്‍ ഇതിനോടകം ഒട്ടേറെ കായിക വിദഗ്ധരാല്‍ വാഴ്ത്തപ്പെട്ടതുമാണ്.
ഈ സാഹചര്യത്തില്‍ നവംബറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പോരാട്ട വേദിയായി കൊച്ചി സ്റ്റേഡിയത്തെ തിരഞ്ഞെടുക്കുന്നത് തികച്ചും വിവേകശൂന്യമായ ഒന്നായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു ക്രിക്കറ്റ് ഗ്രൗണ്ടിന്റെ നിര്‍മ്മാണത്തേക്കാള്‍ സമയമെടുക്കുന്ന ജോലിയാണ് ഫുട്‌ബോള്‍ മൈതാനത്തിന്റെ തയ്യാറെടുപ്പുകളുടേത്. ക്രിക്കറ്റ് പിച്ച് പൂര്‍ണമായും ഒഴിവാക്കി അന്താരാഷ്ട നിലവാരത്തിലുള്ള പുല്‍മൈതാനമാക്കി മാറ്റുക എന്നതാണ് ഇതിലേറെ പ്രധാനമായ കാര്യം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ കൊച്ചി ഒരു വേദിയായി തിരഞ്ഞെടുക്കപ്പെട്ട വേളയിലുണ്ടായ ദുരനുഭവം ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആഴ്ചകളോളം ശ്രമപ്പെട്ടിട്ടാണ് ആ മൈതാനത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങള്‍ക്കായി സജ്ജമാക്കിയത്.

കഴിഞ്ഞ നവംബര്‍ മാസമാണ് ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരം കൊച്ചിയില്‍ നടന്നത്. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പോരാട്ടം നിശ്ചയിച്ചിരിക്കുന്നത് ഇക്കൊല്ലം നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലുമാണ്. വിദേശത്തെ കഌബ്ബ് ഫുട്‌ബോള്‍ ലീഗുകളെക്കാള്‍ പൊതുവെ ദൈര്‍ഘ്യം കുറഞ്ഞ സീസണാണ് ഐഎസ്എല്ലിന്റേത് എന്ന് വിലയിരുത്തലുകളും വിമര്‍ശനങ്ങളും വ്യാപകമായ സാഹചര്യത്തില്‍ അടുത്ത ഐഎസ്എല്‍ സീസണിന്റെ തുടക്കം അല്‍പ്പം കൂടി മുന്നോട്ടായാല്‍ ഈ സമയക്രമം പാടെ തകിടം മറിയും.

തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബാകട്ടെ പൂര്‍ണമായും ഒരു ക്രിക്കറ്റ് മൈതാനത്തിന്റെ സ്വഭാവ സവിശേഷതകള്‍ ഉള്ളതാണ്. നിലവാരമുള്ള പിച്ചുകള്‍, സൗകര്യപ്രദമായ ഗ്യാലറി എന്നിവയ്ക്ക് പുറമെ അത്യന്താധുനിക സംവിധാനത്തോട് കൂടിയ ഡ്രൈയിനേജ് സിസ്റ്റവും ഈ മൈതാനത്തിന്റെ പ്രതേകതയാണ്. ഒരു ക്രിക്കറ്റ് മൈതാനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഴ പെയ്താല്‍ കളി മുടങ്ങുന്ന സാഹചര്യം ഒഴിവാക്കപ്പെടുക എന്നത്. അക്കാര്യത്തിലും ഈ മൈതാനം ആദ്യ മത്സരത്തില്‍ തന്നെ കായിക നിരീക്ഷകരുടെ പ്രശംസ നേടിക്കഴിഞ്ഞിരിക്കുന്നു.

ലോക ക്രിക്കറ്റ് ഭൂപടത്തില്‍ ഇന്ത്യയ്ക്ക് ഇന്ന് പ്രധാന സ്ഥാനമുണ്ട്. നമ്മുടെ താരങ്ങളും ആദ്യ പത്തില്‍ ഇടം പിടിച്ചിരിക്കുന്നു. എന്നാല്‍ ഫുട്‌ബോളിന്റെ കാര്യത്തില്‍ അതല്ല സ്ഥിതി. റാങ്കിങ്ങില്‍ അവികസിത രാജ്യങ്ങളുടെ പോലും എത്രയോ പുറകിലാണ് നമ്മുടെ സ്ഥാനം. അടുത്തിടെ ശ്രദ്ധേയ മുന്നേറ്റങ്ങള്‍ നടത്താന്‍ നമുക്കായെങ്കിലും അതൊന്നും ഒരു അടയാളപ്പെടുത്തലായി പരിഗണിക്കാവുന്നതേയല്ല. ഇക്കാര്യത്തില്‍ നമ്മുടെ സംസ്ഥാനത്തിന് പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളുണ്ട്. ലോകത്തെ ഏറ്റവും ജനകീയ കായിക ഇനമായ കാല്‍പ്പന്ത് കളി ക്രിക്കറ്റിനും പിന്നിലായി മാത്രമായാണ് ഇവിടെ സ്വീകരിക്കപ്പെടുന്നത്. ജനകീയ സ്വീകാര്യത കിട്ടാത്ത ഇനമാണ് ഫുട്‌ബോള്‍ എന്ന കാഴ്ചപ്പാടിനെ ഐ എസ്എല്ലിന്റെ വരവ് പൊളിച്ചടുക്കിക്കഴിഞ്ഞു. അത് കൊണ്ട് നമ്മുടെ ഫുട്‌ബോളില്‍ സമൂല മാറ്റം വരുത്താനായി നമ്മുടെ കായിക നയത്തില്‍ തന്നെ മാറ്റം വരേണ്ടതുണ്ട്. ക്ലബ്ബ് ഫുട്‌ബോള്‍ ലീഗുകള്‍ ദേശീയ ടൂര്‍ണമെന്റുകളുടെ വളര്‍ച്ചയ്ക്കാണ് എപ്പോഴും വഴിയൊരുക്കുക. അതിനു വേണ്ടത് മികവുറ്റ സ്ഥിരം വേദികളാണ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം അത്തരത്തില്‍ മികവേറിയ ഒന്നാണെന്ന് ഫിഫ തന്നെ നേരിട്ട് സാക്ഷ്യപ്പെടുത്തിയുള്ളതാണ്. അത് കൊണ്ടാണ് കൗമാര ലോകകകപ്പിന് ആ മൈതാനത്തെ തിരഞ്ഞെടുത്തതും.

അത്തരം നിക്ഷിപ്ത താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലേക്ക് ക്രിക്കറ്റ് മത്സരം കൊണ്ട് വരാനുള്ള നീക്കമെന്ന് കരുതുന്നവരുണ്ട്. ആ നിരീക്ഷണത്തെയും കാര്യമായി പരിശോധിക്കേണ്ടതുണ്ട്.
ഒരു ഫുട്‌ബോള്‍ മൈതാനം രൂപപ്പെട്ടു വരുന്നതിന് മാസങ്ങളുടെ അധ്വാനമുണ്ട്. വല്ലപ്പോഴും വരുന്ന ക്രിക്കറ്റ് പൂരത്തിന് വേണ്ടി ആ പുല്‍മെത്ത വെട്ടിപ്പൊളിക്കുന്നത് ആത്മഹത്യാപരമാണ്. അതുകൊണ്ടാണ് ആദരണീയരായ ഒട്ടേറെ കളിക്കാര്‍ ആ തീരുമാനത്തിനെതിരെ രംഗത്ത് വന്നതും. ആ പ്രതിഷേധങ്ങള്‍ക്ക് നാം വില കൊടുക്കേണ്ടതുണ്ട്.