Monday
25 Mar 2019

ആളിക്കത്തുന്ന വര്‍ഗീയത

By: Web Desk | Saturday 31 March 2018 10:13 PM IST


രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ വര്‍ഗീയ അതിക്രമങ്ങളുടെ പിടിയില്‍ അമരുകയാണ്. ബിഹാറിലേയും പശ്ചിമബംഗാളിലെയും നിരവധി ജില്ലകളില്‍ വര്‍ഗീയ കലാപങ്ങള്‍ പടര്‍ന്നുപിടിക്കുകയുണ്ടായി. അത് അമര്‍ച്ച ചെയ്യാനോ നിയന്ത്രിക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഇരുസംസ്ഥാനങ്ങളിലുമായി ഒരു ഡസനോളം പേര്‍ കൊല ചെയ്യപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു.

വര്‍ഗീയ കലാപങ്ങള്‍ യാദൃശ്ചികമായിരുന്നില്ല. പല സംഘപരിവാര്‍ സംഘടനകളും ആസൂത്രിതമായാണ് കലാപം അഴിച്ചുവിട്ടത്. അവയില്‍ ചിലത് നേരിട്ടും മറ്റുചിലവ പരോക്ഷമായും ആര്‍എസ്എസുമായി ബന്ധപ്പെട്ട സംഘടനകളായിരുന്നു. ഇക്കൊല്ലം രാമനവമി ആഘോഷവേളയാണ് വര്‍ഗീയ അതിക്രമങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പടുത്തിയത്. പല സംസ്ഥാനങ്ങളിലും സായുധ പ്രകടനങ്ങള്‍ അരങ്ങേറി. ഗുണ്ടകള്‍ തോക്കുകളും ആയുധങ്ങളുമേന്തിയാണ് പ്രകടനം നടത്തിയത്. അത്തരം പ്രകടനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കി. പ്രകോപനപരവും അധിക്ഷേപകരവുമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തപ്പെട്ടു. അതുകൊണ്ടൊന്നും പ്രകോപനം സൃഷ്ടിക്കാന്‍ കഴിയാത്തിടങ്ങളില്‍ മോസ്‌ക്കുകളും മദ്രസകളും ആക്രമിക്കപ്പെട്ടു. ചില സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ക്കുനേരെ ഹിന്ദുത്വ ഗുണ്ടകള്‍ കല്ലേറു നടത്തി. മുസ്‌ലിം ജനവാസ കേന്ദ്രങ്ങളില്‍ അക്രമം അഴിച്ചുവിട്ടു. മതന്യൂനപക്ഷങ്ങളുടെ വീടുകളും കടകളും വാഹനങ്ങളും തെരഞ്ഞുപിടിച്ച് ആക്രമിച്ചു.

ബിജെപി ഭരിക്കുന്ന ബിഹാറിലും രാജസ്ഥാനിലും അക്രമം ലക്ഷ്യംവച്ചുള്ള വഴികളാണ് പ്രകടനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. അവിടെ അതിക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവ നിയന്ത്രിക്കാനോ തടയാനോ അധികൃതര്‍ യാതൊരു നടപടിക്കും തയാറായില്ല. ബിഹാറിലും പശ്ചിമബംഗാളിലും വര്‍ഗീയ കലാപ ചരിത്രമില്ലാത്ത ജില്ലകളിലേക്ക്കൂടി അത് വ്യാപിപ്പിച്ചു. ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അക്രമത്തെ അപലപിച്ചുവെങ്കിലും അത് തടയാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. കലാപക്കേസുകളില്‍ പ്രതിയായ ഒരു കേന്ദ്രമന്ത്രിയുടെ മകന്‍ ഒളിവിലാണെന്ന് പ്രചരിപ്പിക്കുമ്പോഴും പട്‌നാ നഗരത്തില്‍ നടന്ന കലാപകാരികളുടെ പ്രകടനത്തിന് നേതൃത്വം നല്‍കുകപോലുമുണ്ടായി. യഥാര്‍ഥത്തില്‍ ഭരണം കയ്യാളുന്ന ബിജെപിക്ക് അടിയറവു പറഞ്ഞ അവസ്ഥയാണ് നിതീഷ് കുമാറിന്റേത്.
രാജസ്ഥാനില്‍ നടന്ന ഒരു പ്രകടനത്തില്‍ മുസ്‌ലിം തൊഴിലാളിയെ കൊന്ന് തീയിട്ട ശംഭുലാല്‍ റായിഗറിന്റെ നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ചിരുന്നു. സിംഹാസനാരൂഢനായ റായിഗറിന്റെ കാല്‍ക്കല്‍ കൊല ചെയ്യപ്പെട്ട തൊഴിലാളിയുടെ മൃതദേഹം കിടക്കുന്നതായാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. ലൗജിഹാദിനെതിരായ പോരാളിയെന്ന് ബാനറില്‍ എഴുതിവയ്ക്കുകയും ചെയ്തിരുന്നു. പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുക മാത്രമല്ല, പ്രകോപനപരമായ ടാബ്ലോയെപ്പറ്റി മാധ്യമങ്ങളോട് വിശദീകരിക്കാന്‍ അവസരം ഒരുക്കിനല്‍കുകകൂടി ചെയ്തു. തന്‍റെ ഹീനകൃത്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ച റായിഗര്‍ അത് എങ്ങനെ ആസൂത്രണം ചെയ്തുവെന്ന് വിവരിക്കുന്ന വീഡിയോ നിര്‍മിക്കാനും പ്രചരിപ്പിക്കാനും നേരത്തെ പൊലീസ് അനുവദിച്ചിരുന്നു. ഈ വീഡിയോ അയാള്‍ ജയിലിനുള്ളില്‍ നിന്നാണ് ചിത്രീകരിച്ചത്. ഇത്തരം വര്‍ഗീയ പ്രേരിത ക്രൂരകൃത്യങ്ങള്‍ക്ക് അനുമതി നല്‍കുക മാത്രമല്ല അതിന് ഒത്താശ ചെയ്യാനും ബിജെപി സര്‍ക്കാരിന് മടിയുണ്ടായില്ല.
പശ്ചിമബംഗാളില്‍ ഗവര്‍ണര്‍ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ വര്‍ഗീയ ധ്രുവീകരണത്തിന് വേഗത കൂട്ടാനാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ പൈശാചികതകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും ഉണ്ട്.

പൊള്ളയായ വാഗ്ദാനങ്ങള്‍ കൊണ്ടുമാത്രം ഇനിയും ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്ന് ആര്‍എസ്എസ്-ബിജെപി നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു. ‘അച്ഛേ ദിന്‍’ പോലുള്ള മോഡി – ഷാ ദ്വയങ്ങളുടെ കപട വാഗ്ദാനങ്ങള്‍ തിരിച്ചറിഞ്ഞ ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. തങ്ങളുടെ ന്യായമായ ആവശ്യങ്ങളുമായി തെരുവിലിറങ്ങാത്ത ഒരു ജനവിഭാഗം പോലും ഇല്ലെന്നായിരിക്കുന്നു. തൊഴില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെട്ടില്ലെന്നും മോഡി സര്‍ക്കാരിന്റെ നയപരിപാടികള്‍ തങ്ങളുടെ ഭാവിക്കുതന്നെ ഭീഷണിയായിരിക്കുന്നുവെന്നും തിരിച്ചറിഞ്ഞ യുവാക്കളും വിദ്യാര്‍ഥികളുമാണ് അത്തരം പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍. സ്വയംഭരണാവകാശത്തിന്റെ മറവില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ മാര്‍ച്ച് 23ന് ഡല്‍ഹിയില്‍ നടന്ന അധ്യാപക-വിദ്യാര്‍ഥി പ്രകടനത്തില്‍ ആയിരങ്ങളാണ് അണിനിരന്നത്.
നീറിപുകയുന്ന ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍എസ്എസ്-ബിജെപി നേതൃത്വം വര്‍ഗീയ ധ്രുവീകരണത്തിന് വേഗത കൂട്ടാന്‍ ശ്രമിക്കുന്നത്. അവര്‍ ഏതെങ്കിലും അയല്‍രാജ്യങ്ങളുമായി യുദ്ധത്തിന് പോലും മടിച്ചേക്കില്ലെന്ന അവസ്ഥയാണുള്ളത്.

ഇത് കനത്ത വെല്ലുവിളിയാണ്. മതനിരപേക്ഷ ജനാധിപത്യശക്തികള്‍ ഇനി ഒട്ടും വൈകിക്കൂട. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാലമായ ഐക്യം ഉറപ്പാക്കുക എന്നതുകൊണ്ട് മാത്രമായില്ല. ആര്‍എസ്എസ്-ബിജെപി അതിക്രമങ്ങള്‍ക്കും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കുമെതിരെ ജനകീയ പ്രതിരോധം ഉയര്‍ത്തുകയെന്നതാണ് യഥാര്‍ഥ വെല്ലുവിളി. അതോടൊപ്പം കലാപകലുഷിത മേഖലകളില്‍ അക്രമത്തിന് ഇരകളാവുന്ന മതന്യൂനപക്ഷങ്ങളുടെ പ്രതിരോധത്തിനും മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ കൈകോര്‍ക്കേണ്ടതുണ്ട്. മതന്യൂനപക്ഷ പ്രീണനമെന്ന ഒഴികഴിവുകള്‍ നീതികരിക്കാവുന്നതല്ല. ആര്‍എസ്എസ്-ബിജെപി ഗുണ്ടായിസത്തിനെതിരെ മതനിരപേക്ഷ-ജനാധിപത്യ ചെറുത്തുനില്‍പാണ് ഈ ഘട്ടത്തില്‍ അനിവാര്യമായിരിക്കുന്നത്.