“കേണൽ സോഫിയ ഖുറേഷിയെ നിരവധി വലതുപക്ഷ വ്യാഖ്യാതാക്കൾ അഭിനന്ദിക്കാൻ മുന്നോട്ടുവന്നു എന്നത് സന്തോഷകരമാണ്. സമാനരീതിയിൽ ആൾക്കൂട്ട അതിക്രമങ്ങളുടെയും സേച്ഛാപരമായ ബുൾഡോസർ നീതിയുടെയും ബിജെപിയുടെ വിദ്വേഷ പ്രചരണത്തിന്റെയും ഇരകളായ ഇന്ത്യൻ പൗരന്മാരുടെ സംരക്ഷണത്തിനുവേണ്ടി ശബ്ദമുയർത്താൻ അവർ സന്നദ്ധരായിരുന്നെങ്കിൽ നന്നായിരുന്നു. രണ്ട് വനിതാ സൈനികർ തങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്ന കാഴ്ച പ്രാധാന്യമർഹിക്കുന്നു. അത് ഇന്ത്യയുടെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെങ്കിൽ കേവലം കപടനാട്യമാകും”. ഞായറാഴ്ച അറസ്റ്റുചെയ്യപ്പെട്ട ഹരിയാനയിലെ അശോക സർവകലാശാലയിലെ രാഷ്ട്രമീമാംസ അസോസിയേറ്റ് പ്രൊഫസർ അലി ഖാൻ മെഹമൂദബാദിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. പ്രൊഫസർ അലി ഖാനെ മേല്പറഞ്ഞ പോസ്റ്റിന്റെ പേരിൽ രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തൽ, സമുദായങ്ങൾ തമ്മിൽ വിദ്വേഷം വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അലി ഖാനെ ഹരിയാന സ്റ്റേറ്റ് വനിതാ കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ട് വിളിച്ചുവരുത്തിയതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്. ബിജെപിയുടെ വനിതാ നേതാവാണ് കമ്മിഷന്റെ അധ്യക്ഷ എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. ബിജെപിയുടെ ഹരിയാനയിലെ ഒരു യുവനേതാവും അലി ഖാനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അലി ഖാന്റെ വിവാദമാക്കപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിൽ പരാതിക്കാരും പൊലീസും ആരോപിക്കുംവിധം രാജ്യദ്രോഹപരവും മതവികാരം വ്രണപ്പെടുത്തുന്നതും സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതുമായ എന്തെങ്കിലും കണ്ടെത്തുക സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. മറിച്ച്, മതന്യൂനപക്ഷങ്ങൾക്കുനേരെ ബിജെപിയും തീവ്ര ഹിന്ദുത്വശക്തികളും കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകളും അവലംബിക്കുന്നതും തുടർന്നുവരുന്നതുമായ വിദ്വേഷപ്രേരിതമായ നടപടികളോടുള്ള ക്രിയാത്മക വിമർശനമാണ് പ്രൊഫസർ അലി ഖാന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. ബിജെപി നേതാക്കളുടെയും അവരുടെ സമ്പൂർണ നിയന്ത്രണത്തിലുള്ള പൊലീസിന്റെയും നടപടി അവരുടെ ന്യൂനപക്ഷ വിരുദ്ധതയും വിദ്വേഷ രാഷ്ട്രീയത്തെയുമാണ് തുറന്നുകാട്ടുന്നത്.
ഓപ്പറേഷൻ സിന്ദൂർ നടപടികളെപ്പറ്റി മാധ്യമങ്ങളോടും രാജ്യത്തോടും പറയാൻ സൈന്യം നിയോഗിച്ച കേണൽ സോഫിയ ഖുറേഷിയെ പാക് ഭീകരവാദികളുടെ സഹോദരി എന്നുവിളിച്ച് അപമാനിച്ച ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കുൻവർ വിജയ് ഷായ്ക്കെതിരെ അന്വേഷണം നടത്താൻ തയ്യാറാവാത്ത ബിജെപിയാണ് അലി ഖാനെ രാജ്യദ്രോഹിയായി മുദ്രകുത്താൻ മുതിർന്നിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ വിധവ ഹിമാൻഷി സമാധാനത്തിനുവേണ്ടിയും മുസ്ലിങ്ങൾക്കും കശ്മീരികൾക്കും എതിരായ വിദ്വേഷപ്രചരണത്തിനെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർത്ഥന അവര്‍ക്കെതിരെ കടന്നാക്രമണത്തിനുള്ള ആയുധമാക്കി ഹിന്ദുത്വ തീവ്രവാദികൾ മാറ്റിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചത് രാജ്യത്തെ അറിയിച്ച വിദേശകാര്യ സെക്രട്ടറിക്കും അദ്ദേഹത്തിന്റെ മകളടക്കം കുടുംബാംഗങ്ങൾക്കുമെതിരെ രാജ്യസ്നേഹത്തിന്റെ പേരിൽ നടത്തിയ ട്രോൾ ആക്രമണങ്ങളും രാജ്യം കാണുകയുണ്ടായി. മധ്യപ്രദേശ് മന്ത്രി, കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പരാമർശത്തിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ നേരിട്ട് ഇടപെടേണ്ടിവന്നു എന്നത് അത്തരം പ്രതിലോമ ശക്തികൾക്ക് സംരക്ഷണം നൽകുന്നത് ബിജെപിയുടെ ഉന്നത നേതൃത്വമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ജനങ്ങളുടെ ഐക്യം പുറത്തുനിന്നുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മാത്രം കൈവരിക്കേണ്ട ഒന്നല്ല. മറിച്ച് മത, ജാതി, ഭാഷാ ഭേദചിന്തകൾ കൂടാതെ എല്ലാ പൗരന്മാരെയും ഒരുപോലെ കാണാനുള്ള ഭരണകൂടത്തിന്റെയും അതിനെ നയിക്കുന്ന രാഷ്ട്രീയനേതൃത്വത്തിന്റെയും സമഭാവനയിൽനിന്നും ഉരുത്തിരിയേണ്ടതും കരുത്താർജിക്കേണ്ടതുമാണ്.
മുസ്ലിങ്ങൾ അടക്കം മതന്യൂനപക്ഷങ്ങളുടെ രാഷ്ട്രത്തോടുള്ള പ്രതിബദ്ധത ഓപ്പറേഷൻ സിന്ദൂറിലും ഭീകരതയ്ക്കെതിരായ സമരത്തിലും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഭരണനേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ടാകും എന്നുവേണം കരുതാൻ. ബിജെപിയെ നഖശിഖാന്തം എതിർത്തുപോന്ന എഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി എംപിയെ ഓപ്പറേഷൻ സിന്ദൂറിന്റെ നയതന്ത്രദൗത്യ സംഘത്തിൽ ഉൾപ്പെടുത്തുകവഴി ആ ബോധ്യമായിരിക്കണം വ്യക്തമാക്കുന്നത്. ജനസംഖ്യയിൽ 20 കോടിയിലേറെ വരുന്ന മുസ്ലിം മതന്യൂനപക്ഷത്തെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ട് ഇന്ത്യൻ ജനതയുടെ ഐക്യം അസാധ്യമാണെന്ന വസ്തുത ഇനിയെങ്കിലും തിരിച്ചറിയാനും അംഗീകരിക്കാനും ഭരണകൂടത്തിന് കഴിയണം. രാഷ്ട്രസ്നേഹത്തെ ഭരണകൂടത്തോടുള്ള സമ്പൂർണ വിധേയത്വമായാണ് തീവ്ര ഹിന്ദുത്വ ശക്തികൾ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത്. ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഭരണകൂടങ്ങൾ നിശ്ചിത കാലയളവിലേക്ക് നിയോഗിക്കപ്പെടുന്നവയാണ്. രാഷ്ട്രസങ്കല്പമാകട്ടെ കാലാതീതമായ യാഥാർത്ഥ്യമാണ്. ഭരണകൂട വിമർശനം ജനാധിപത്യത്തിന്റെ ജീവശ്വാസമാണ്. സമ്പൂർണ ഭരണകൂട വിധേയത്വം സ്വേച്ഛാധിപത്യത്തിന്റെ സ്വഭാവവും ലക്ഷണവുമാണ്. പ്രൊഫസർ അലി ഖാന്റെ സമൂഹമാധ്യമ പോസ്റ്റ് ഒരു ജനാധിപത്യ വ്യവസ്ഥയിൽ അനുവദനീയമായ ക്രിയാത്മക വിമർശനമാണ്. ഭരണകൂടത്തെയും അത് പ്രതിനിധാനം ചെയ്യുന്ന ആശയത്തെയും വിമർശിക്കുന്നത് കുറ്റകരമായി മാറുന്നത് രാജ്യത്തെ ജനാധിപത്യ പ്രക്രിയ പരിമിതമാകുന്നു എന്നതിന്റെ സൂചനയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.