16 June 2025, Monday
KSFE Galaxy Chits Banner 2

മൂന്നാം മോഡിസർക്കാരിന്റെ ഒരുവർഷം നൽകുന്ന രാഷ്ട്രീയപാഠം

Janayugom Webdesk
June 10, 2025 5:00 am

നരേന്ദ്ര മോഡി മൂന്നാം തവണ തുടർച്ചയായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ട് ഇന്നലെ ഒരുവർഷം പൂർത്തിയായി. ആദ്യ രണ്ട് ഘട്ടങ്ങളിൽനിന്നും വിഭിന്നമാണ് മൂന്നാം തവണത്തെ മോഡിഭരണം പലതുകൊണ്ടും. ഇത്തവണ ഭരണം നിലനിർത്താൻ മോഡിക്ക് ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻഡിഎ) സഖ്യകക്ഷികളെ ആശ്രയിക്കാതെ കഴിയില്ല എന്നതാണ് രാഷ്ട്രീയ യാഥാർത്ഥ്യം. 400ലധികം സീറ്റുകൾ സ്വന്തമായി കരസ്ഥമാക്കി അധികാരം നിലനിർത്തുമെന്ന അവകാശവാദത്തോടെയാണ് മോഡിയും ബിജെപിയും 2024ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത്തരമൊരു വിജയം ലഭിച്ചില്ലെന്ന് മാത്രമല്ല ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പാക്കാൻ പോലും ബിജെപിക്ക് കഴിഞ്ഞില്ല. സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് 240 സീറ്റ് മാത്രം ലഭിച്ച ബിജെപി അധികാരം നിലനിർത്തുന്നത്. പുറമേയ്ക്ക് മുന്നണിയുടെ പ്രവർത്തനം ഭദ്രമെന്ന പ്രതീതി ജനിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിലും സഖ്യകക്ഷികൾ ശക്തമായ വിലപേശൽ നടത്തുന്നതായാണ് സർക്കാരിന്റെ തീരുമാനങ്ങൾ പലതും വ്യക്തമാക്കുന്നത്. ശക്തമായ പ്രതിപക്ഷ സാന്നിധ്യം സ്വേച്ഛാധികാര പ്രവണതയ്ക്ക് ഒരുപരിധിവരെ കടിഞ്ഞാണിടാൻ സഹായകമായിട്ടുണ്ട്. ആർഎസ്എസ് — സംഘ്പരിവാർ നിയന്ത്രണത്തിലുള്ള ബിജെപിയുടെ സമഗ്രാധിപത്യ ഭരണം എന്ന സങ്കല്പം ജനാധിപത്യ ഇന്ത്യയിൽ സാധ്യമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ഒരുവർഷത്തെ മോഡിഭരണം. ബിജെപിയും മോഡിയും മുന്നോട്ടുവച്ച പല നിലപാടുകളിൽനിന്നും പിന്നോട്ടുപോവാൻ അവർ നിർബന്ധിതരായി. പല കാര്യങ്ങളിലും പ്രതിപക്ഷത്തിന്റെ നിലപാടുകളോട് സമരസപ്പെടാനും പലതിലും പ്രതിപക്ഷ സഹകരണവും പങ്കാളിത്തവും ഉറപ്പിക്കാതെ മുന്നോട്ടുപോകുക ദുഷ്കരമാണെന്ന വസ്തുത അംഗീകരിക്കാനും ഭരണകൂടം നിർബന്ധിതമായി. അത് ആദ്യത്തെ 10വർഷത്തെ മോഡിഭരണത്തിൽനിന്നും വ്യത്യസ്തമായ ഒരു രാഷ്ട്രീയ അന്തരീക്ഷമാണ് കാഴ്ചവയ്ക്കുന്നത്. 

പതിനാറ് വർഷത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് സെൻസസ് നടത്താനും അതോടൊപ്പം ജനങ്ങളുടെ ജാതി അടിസ്ഥാനത്തിലുള്ള വിവരശേഖരണം നടത്താനും മോഡിസർക്കാർ നി­ർബന്ധിതമായിരിക്കുന്നു. ഇത് തെരഞ്ഞെടുപ്പുവേളയിൽ ബിജെപി സ്വീകരിച്ച ജാതി സെൻസസിനെതിരായ കർക്കശ നിലപാടിൽനിന്നുള്ള പിന്നോട്ടുപോക്കാണ്. ജാതി അടിസ്ഥാനത്തിൽ സെൻസസ് വിവരശേഖരണം എന്നത് പ്രതിപക്ഷത്തിന്റെയും എൻഡിഎ സഖ്യത്തിലെതന്നെ പല കക്ഷികളുടെയും ആവശ്യമായിരുന്നു. അത് സമൂഹത്തെ ഭിന്നിപ്പിക്കുമെന്ന വാദഗതി ഉയർത്തിയാണ് ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിൽ ആവശ്യം നിരാകരിച്ചിരുന്നത്. സമാന രീതിയിൽ 10 ജോയിന്റ് സെക്രട്ടറി, 35 ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടർ തസ്തികകളിലേക്ക് സംവരണം കൂടാതെ ലാറ്ററൽ നിയമനം നടത്താനും യുപിഎസ്‌സി നൽകിയ പരസ്യം അടുത്തദിവസം പിൻവലിക്കാൻ മോഡിഭരണകൂടം നിർബന്ധിതമായി. സംവരണ തത്വങ്ങൾ അട്ടിമറിച്ചുകൊണ്ടുള്ള നിയമന നീക്കത്തിനെതിരെ പ്രതിപക്ഷം മാത്രമല്ല ഭരണമുന്നണിയിലെ സഖ്യകക്ഷികൾ തന്നെ രംഗത്തുവന്നതോടെയായിരുന്നു സർക്കാരിന്റെ ഈ മലക്കംമറിച്ചിൽ. എൻഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി — രാംവിലാസ് പാസ്വാൻ — നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്റെ ഭീഷണിക്കുമുന്നിൽ വഴങ്ങാൻ മോഡിഭരണകൂടം നിർബന്ധിതമായി. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 21 വർഷങ്ങൾക്കുമുമ്പ് കൊണ്ടുവന്ന ദേശീയ പെൻഷൻ പദ്ധതിക്ക് (എൻപിഎസ്) പകരം ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതമായതും രാജ്യത്ത് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പോടെ നിലവിൽവന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രതിഫലനമാണ്. സർക്കാരും ജീവനക്കാരും ഓഹരിനൽകുന്നതും പഴയ പെൻഷൻ പദ്ധതി മാതൃകയില്‍ അവസാന 12 മാസത്തെ ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പുനല്‍കുന്നതാണ് യുപിഎസ്. താരതമ്യേന ദുർബലമായ ഭരണകൂടത്തിന് പ്രതിപക്ഷത്തിന്റെയും ജീവനക്കാരുടെ സംഘടനകളുടെയും സമ്മർദത്തിന് വഴങ്ങേണ്ടി വരികയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് നടത്തിയ നയതന്ത്ര ഇടപെടലുകളിൽ പ്രതിപക്ഷ പാർട്ടികളെക്കൂടി ഉൾപ്പെടുത്താൻ സർക്കാർ സന്നദ്ധമായതും മാറിയ ആഭ്യന്തര രാഷ്ട്രീയാഥാർത്ഥ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നിയമനിർമ്മാണ പ്രക്രിയയിലും മുമ്പത്തെപ്പോലെ ഏകപക്ഷീയ അടിച്ചേല്പിക്കൽ സാധ്യമല്ലെന്ന് വന്നിരിക്കുന്നു. വഖഫ് ഭേദഗതി ബില്ലടക്കം നിയമനിർമ്മാണങ്ങളിൽ പാർലമെന്ററി സമിതികളെ അപ്പാടെ അവഗണിച്ച് മുന്നോട്ടുപോകാൻ കഴിയാത്ത അന്തരീക്ഷമാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ രാജ്യത്തെ രാഷ്ട്രീയ ബലാബലത്തിൽ സംജാതമായത്. 

മേല്പറഞ്ഞ വസ്തുതകൾ മോഡിയുടെയും ബിജെപി — സംഘ്പരിവാർ ശക്തികളുടെയും അടിസ്ഥാന രാഷ്ട്രീയ സമീപനത്തിൽ വന്ന ഏതെങ്കിലും മാറ്റത്തെയല്ല അടയാളപ്പെടുത്തുന്നത്. ബിജെപിയുടെയും സംഘ്പരിവാറിന്റെയും തീവ്ര ഹിന്ദുത്വ ഫാസിസ്റ്റ് കാഴ്ചപ്പാടിലോ സമീപനത്തിലോ മോഡിയുടെ സ്വേച്ഛാധികാര പ്രവണതയിലോ മൗലികമായ മാറ്റം യാതൊന്നും ഉണ്ടായിട്ടില്ലെങ്കിലും രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ സമ്മർദങ്ങൾക്ക് വഴങ്ങാൻ അവർ നിർബന്ധിതരായിരിക്കുന്നു എന്നുമാത്രമേ വിലയിരുത്തേണ്ടതുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വളരെ പരിമിതമായ ഐക്യം കൈവരിക്കാൻ മാത്രമേ രാജ്യത്തെ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നുള്ളൂ. എന്നിരിക്കിലും മൃഗീയ ഭൂരിപക്ഷവും ഏകകക്ഷി ഭരണവുമെന്ന ബിജെപിയുടെ ലക്ഷ്യത്തെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. കൂടുതൽ കെട്ടുറപ്പും വ്യക്തമായ ലക്ഷ്യവും പരിപാടിയുമുള്ള ഒരു പ്രതിപക്ഷ ഐക്യനിരയ്ക്ക് ബിജെപി പ്രതിനിധാനം ചെയ്യുന്ന തീവ്രഹിന്ദുത്വ പ്രതിലോമ രാഷ്ട്രീയത്തെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും കഴിയുമെന്നാണ് കഴിഞ്ഞ ഒരുവർഷത്തെ അനുഭവം നൽകുന്ന രാഷ്ട്രീയ പാഠം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.