പാവപ്പെട്ടവർക്ക് നൽകുന്ന സൗജന്യ റേഷനും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും ‘അവരെ രാഷ്ട്ര വികസനത്തിനായി സംഭാവന ചെയ്യുന്നവരുടെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിന് പകരം ഒരു പരാന്നഭോജി വർഗത്തെ സൃഷ്ടിക്കുകയല്ലേ’ എന്ന ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ ജി മസീഹ് എന്നിവരുൾപ്പെട്ട സുപ്രീം കോടതി ബെഞ്ചിന്റെ നിരീക്ഷണം അനവസരത്തിലുള്ളതും സമകാലീന ഇന്ത്യൻ യാഥാർത്ഥ്യങ്ങളുടെ സമ്പൂർണ നിരാകരണവുമാണ്. ഭവനരഹിതർക്കായുള്ള അഭയകേന്ദ്രങ്ങൾക്കായി കേന്ദ്രസർക്കാർ നൽകിവന്നിരുന്ന ധനസഹായം നിർത്തലാക്കിയതിനെത്തുടർന്നുണ്ടായ സ്ഥിതിവിശേഷത്തെപ്പറ്റിയുള്ള ഒരു പരാതിയിലായിരുന്നു സുപ്രീം കോടതി ബെഞ്ചിന്റെ മേല്പറഞ്ഞ പ്രതികരണം. ഭവനരഹിതരും തെരുവുകളിൽ കഴിയുന്നവരുമായ പാവപ്പെട്ടവർക്കായി നഗരങ്ങളിൽ രാത്രികാല അഭയകേന്ദ്രങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിവന്നിരുന്ന ധനസഹായം കഴിഞ്ഞ ഏതാനം കൊല്ലങ്ങളായി ബിജെപി സർക്കാർ അവസാനിപ്പിച്ചിരുന്നു. തൽഫലമായി തീവ്രകാലാവസ്ഥയിൽ തെരുവുകളിൽ കഴിയാൻ നിബന്ധിതരായവർക്കിടയിലെ അകാല മരണസംഖ്യയിൽ അടുത്തകാലത്തായി വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ ശീതകാലത്തുമാത്രം 750ൽപ്പരം ആളുകൾ തെരുവുകളിൽ മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്. അത്തരം മരണങ്ങളിൽ ഏറെയും സംഭവിക്കുന്നത് രാഷ്ട്രതലസ്ഥാനത്തും മെട്രോപൊളിറ്റൻ നഗരങ്ങളിലുമാണ്. ഭവനരഹിതരായവർക്ക് രാത്രികാല അഭയകേന്ദ്രങ്ങളെന്നത് യുഎസ് ഉൾപ്പെടെ വികസിത രാഷ്ട്രങ്ങളടക്കം ലോകരാഷ്ട്രങ്ങൾ മിക്കതും കാലങ്ങളായി തുടർന്നുവരുന്ന പദ്ധതികളിൽ ഒന്നാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, ഭവനരാഹിത്യം, നഗരകുടിയേറ്റം എന്നിവയാണ് ലോകത്തെവിടെയും ജീവിതങ്ങളെ തെരുവാധാരമാക്കുന്നത്. രാത്രികാല അഭയകേന്ദ്രങ്ങൾ ആ പ്രശ്നത്തിന് ശാശ്വതപരിഹാരമല്ലെങ്കിലും അതിദരിദ്രരായ സഹജീവികളുടെ ജീവൻ സംരക്ഷിക്കുന്നതിൽ അത്തരം പദ്ധതികൾക്ക് നിർണായക പങ്കാണുള്ളത്.
രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പുവിജയം ലക്ഷ്യംവച്ച് പ്രഖ്യാപിക്കുന്ന സൗജന്യങ്ങളും, ജനസംഖ്യയിൽ വലിയൊരുവിഭാഗം സാമ്പത്തികവും സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാൽ നേരിടുന്ന അതീവ പിന്നാക്കാവസ്ഥയും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. ഒന്ന് രാഷ്ട്രീയ ലാഭത്തിനും അധികാരത്തിനും വേണ്ടിയുള്ള അഴിമതിയാണ്. രണ്ടാമത്തേത്, വലിയൊരു വിഭാഗം ജനങ്ങൾക്ക് അവരുടെ അത്യന്തം ദുരിതപൂർണമായ ജീവിതാവസ്ഥയിൽ തെല്ലെങ്കിലും ആശ്വാസം പകരാൻ ഉതകുന്ന സാമൂഹ്യസുരക്ഷാ പദ്ധതികളാണ്. ഇവ രണ്ടിനെയും വീണ്ടുവിചാരംകൂടാതെ തുലനംചെയ്യാൻ മുതിരുന്നത് ഇന്ത്യൻ സാമൂഹിക യാഥാര്‍ത്ഥ്യത്തെപ്പറ്റിയുള്ള അജ്ഞതയോ ബോധപൂർവമായ അവഗണനയോ മാത്രമായേ വിലയിരുത്താനാവൂ. സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിലയിരുത്തൽ അത്തരത്തിൽ ഒന്നാണെന്ന് പറയേണ്ടിവരുന്നത് ഖേദകരമാണ്. സൗജന്യ റേഷൻ വലിയൊരുവിഭാഗത്തിന് നൽകേണ്ടിവരുന്നത് രാജ്യത്ത് നിലനിൽക്കുന്ന ദാരിദ്ര്യത്തെയും വിശപ്പിനെയുമാണ് തുറന്നുകാട്ടുന്നത്. രാഷ്ട്രനിർമ്മാണത്തിലും വികസനപ്രക്രിയയിലും പങ്കെടുക്കാൻ മഹാഭൂരിപക്ഷത്തിനും കഴിയാത്തത് അതിനുള്ള അവസരം അവർക്ക് നിഷേധിക്കപ്പെടുന്നു എന്നതുകൊണ്ടാണ്. പട്ടിണിക്കൂലിക്ക് പണിയെടുക്കാൻ തയ്യാറുള്ള 10 കോടിയിലധികം ഗ്രാമീണർക്കാണ് സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം ലഭിക്കേണ്ടിയിരുന്ന തൊഴിൽ നിഷേധിക്കപ്പെട്ടത്. പട്ടിണിയകറ്റാൻ പോലും പര്യാപ്തമായ കൂലി ലഭിക്കാത്ത പ്രസ്തുത പദ്ധതിയിൽ ഇപ്പോൾത്തന്നെ 14 കോടിയോളം ഗ്രാമീണർ പണിയെടുക്കുന്നു. ‘ലാഡ്‌ലി ബഹ്ന’ പോലുള്ള പദ്ധതികൾ ജനപ്രിയമാകുന്നതും മഹാഭൂരിപക്ഷത്തിന്റെയും ദാരിദ്ര്യാവസ്ഥയെയാണ് തുറന്നുകാട്ടുന്നത്. അതിസമ്പന്നരുടെ വിവാഹത്തിന് വായുസേനാ താവളങ്ങൾപോലും തുറന്നുകൊടുക്കുന്ന രാജ്യത്ത് മഹാഭൂരിപക്ഷം പെൺകുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും വിവാഹസ്വപ്നം പൂവണിയണമെങ്കിൽ സർക്കാരിനു മുന്നിൽ പിച്ചച്ചട്ടി നീട്ടണമെന്നതാണ് അവസ്ഥ. വസ്തുത ഇതായിരിക്കെ പരമോന്നത കോടതിക്ക് മഹാഭൂരിപക്ഷം ജനങ്ങളും അലസന്മാരും പരാന്നഭോജികളും ആണെന്ന് തോന്നുന്നെങ്കിൽ അത് ജനങ്ങളുടെ കുറ്റമല്ല. സാമാന്യ ജനങ്ങൾ ഏറെ പ്രതീക്ഷയർപ്പിക്കുന്ന നമ്മുടെ പരമോന്നത നീതിപീഠം പോലും ‘ശീശ്‌മഹലാ‘യി (ചില്ലുകൊട്ടാരം) അധഃപതിച്ചിരിക്കുന്നു എന്നതാണ് വസ്തുത.
പരാതിക്കാരനും അദ്ദേഹത്തിന്റെ അഭിഭാഷകനും കോടതിയില്‍ രാഷ്ട്രീയം പറയുന്നുവെന്നായിരുന്നു സുപ്രീം കോടതി ബെഞ്ചിന്റെ പണ്ഡിതോചിത നിരീക്ഷണം. തെരുവിൽ മരിക്കുന്നവരുടെ ജീവനുവേണ്ടി പരമോന്നത നീതിപീഠത്തെ സമീപിക്കുന്നത് രാഷ്ട്രീയമാണെങ്കിൽ സൗജന്യ റേഷൻ, സാമൂഹിക സുരക്ഷാപദ്ധതികൾ എന്നിവയെ തെരഞ്ഞെടുപ്പുവിജയം ലക്ഷ്യമാക്കിയുള്ള സൗജന്യങ്ങളുമായി താരതമ്യപ്പെടുത്തുന്നത് രാഷ്ട്രീയമല്ലാതെ മറ്റെന്താണ്? ഭരണഘടനാവിരുദ്ധമായ ധനാഗമ മാർഗങ്ങൾ അവലംബിച്ചും സൗജന്യ പ്രഖ്യാപനങ്ങൾ എന്ന അഴിമതിയുടെയും ബലത്തിലും അധികാരം കയ്യാളുന്നവരെ നിലയ്ക്കുനിർത്തേണ്ടവർ അവസരം വരുമ്പോൾ ‘കവാത്ത്’ മറക്കുന്നതും രാഷ്ട്രീയമാണ്. രാജ്യത്തിന്റെ പരമോന്നത നീതിപീഠമടക്കം നീതിന്യായ സംവിധാനം എന്നത് ഒരു ബൃഹദ് രാഷ്ട്രീയ പ്രക്രിയയുടെ ഉല്പന്നമാണ്. അതുമറന്ന് അധികാര രാഷ്ട്രീയത്തിന്റെയും വരേണ്യ പ്രീണനത്തിന്റെയും വേദികളായി നീതിപീഠം മാറിക്കൂടാ. ഭരണഘടന വിഭാവനം ചെയ്യുന്ന സമ്പത്തിന്റെ നീതിപൂർവമായ വിതരണം പരാജയപ്പെട്ടിടത്താണ് ജനരോഷം തടഞ്ഞുനിർത്താൻ സൗജന്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്. തെരഞ്ഞെടുപ്പുകാലത്തെ സൗജന്യ പ്രഖ്യാപനങ്ങൾ പരമോന്നത കോടതിയുടെ പരിഗണനാ വിഷയമാണ്. ‘രാഷ്ട്രീയത്തിന് അതീത’മായി കോടതി അക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നറിയാൻ രാജ്യം കാത്തിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.