Saturday
16 Feb 2019

കളനാശിനി നിരോധനം ശ്ലാഘനീയമായ തുടക്കം

By: Web Desk | Tuesday 5 February 2019 10:27 PM IST

സംസ്ഥാനത്ത് ഗ്ലൈഫോസേറ്റ് കളനാശിനിയും ഗ്ലൈഫോസേറ്റ് അടങ്ങിയ ഇതര കളനാശിനികളുടെയും ഉപയോഗം പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള കൃഷിവകുപ്പിന്റെ ഉത്തരവ് ഏറെ ശ്ലാഘനീയമാണ്. കേരളത്തെ സമ്പൂര്‍ണ കീടനാശിനി വിമുക്തമാക്കി മാറ്റുന്നതിന്റെ പ്രാരംഭ നടപടികളില്‍ ഒന്നാണ് മാരക വിഷമായ ഗ്ലൈഫോസേറ്റിന്റെ നിരോധനം എന്ന് ഇതു സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ പ്രഖ്യാപനത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ സൂചിപ്പിക്കുകയുണ്ടായി. രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും അനിയന്ത്രിതവും വിവേചനരഹിതവുമായ പ്രയോഗം കേരളത്തിന്റെ പരിസ്ഥിതിക്കും ജൈവ വൈവിധ്യത്തിനും ജനജീവിതത്തിനും അപരിഹാര്യമായ ക്ഷതമാണ് വരുത്തിവച്ചിട്ടുള്ളത്. അതിന്റെ ബീഭത്സത പുറത്തുകൊണ്ടുവരുന്ന വസ്തുനിഷ്ടവും ആഴത്തിലുള്ളതുമായ പഠനങ്ങള്‍ ഒന്നുംതന്നെ വേണ്ടവിധം നടന്നിട്ടില്ല. അതിന്റെ പ്രത്യാഘാതങ്ങളിലും സൂചകങ്ങളിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന ചര്‍ച്ചകളാണ് പലപ്പോഴും നടക്കുന്നത്. 1976 മുതല്‍ കാല്‍നൂറ്റാണ്ടുകാലം കാസര്‍കോഡ് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടങ്ങളില്‍ നടത്തിവന്നിരുന്ന എന്‍ഡോസള്‍ഫാന്‍ പ്രയോഗം ഒരു പ്രദേശത്തെ ജനജീവിതത്തിനു നല്‍കിയ തീരാദുരന്തത്തിന്റെ സാക്ഷികളാണ് കേരള ജനത. അതില്‍ നിന്നും പാഠമുള്‍ക്കൊള്ളാനും അവശ്യവും അനിവാര്യവുമായ തിരുത്തലുകള്‍ വളം-കീടനാശിനി പ്രയോഗത്തില്‍ വരുത്താനും ഇപ്പോഴും ബന്ധപ്പെടുന്നവര്‍ വൈമുഖ്യം കാണിക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. രാസകീടനാശിനികളുടെ ഉല്‍പാദകരായ ബഹുരാഷ്ട്ര കുത്തകകള്‍ ലോകമെമ്പാടും മനുഷ്യരാശിയുടെ കാര്‍ഷിക സംസ്‌കാരത്തിലും സമ്പദ്ഘടനകളിലും ചെലുത്തിപോരുന്ന ആഴമേറിയ ദുഃസ്വാധീനത്തിന്റെ കരുത്താണ് അത് തുറന്നുകാട്ടുന്നത്. ഭൂമിയുടെയും പ്രകൃതിയുടെയും ജീവന്റെയും നിലനില്‍പ്പിനുനേരെ മാരകഭീഷണി ഉയര്‍ത്തുന്ന അത്തരം പൈശാചിക കോര്‍പ്പറേറ്റുകളെ നിയന്ത്രിക്കാനും നിലയ്ക്കു നിര്‍ത്താനും ഭരണകൂടങ്ങളും നീതിപീഠങ്ങളും ആധുനിക ശാസ്ത്രലോകം പോലും പരാജയപ്പെടുന്നുവെന്ന യാഥാര്‍ഥ്യം നാം വിസ്മരിച്ചുകൂട. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും കൃഷിവകുപ്പും ധീരമായ നിലപാട് അവലംബിക്കുന്നുവെന്നത് വിശാലമായ മാനവികതലത്തില്‍ അങ്ങേയറ്റം പ്രശംസനീയമാണ്.
സമീപകാലത്ത് തിരുവല്ലയിലെ പെരിങ്ങര പഞ്ചായത്തില്‍ കീടനാശിനി പ്രയോഗത്തില്‍ ഏര്‍പ്പെട്ടിരുന്ന കര്‍ഷക തൊഴിലാളിയുടെ മരണം കേരള സമൂഹത്തിന് മറ്റൊരു താക്കീതാണ് നല്‍കുന്നത്. ‘അശാസ്ത്രീയവും അനിയന്ത്രിത’വുമായ കീടനാശിനി പ്രയോഗമാണ് മേല്‍പറഞ്ഞ ദുരന്തത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യഥാര്‍ഥത്തില്‍ രാസകീടനാശിനി പ്രയോഗത്തില്‍ യാതൊരു ശാസ്ത്രീയതയും ഇല്ലെന്നതാണ് വസ്തുത. രാസവളങ്ങളും രാസകീടനാശിനികളും ഭക്ഷേ്യാല്‍പാദനത്തിന് അനിവാര്യമാണെന്ന തെറ്റായ ധാരണ ലോകമെങ്ങും കാര്‍ഷിക സംസ്‌കാരത്തില്‍ ആഴത്തില്‍ വേരോട്ടം ഉണ്ടാക്കിയിരിക്കുന്നു. അതിന്റെ അടിവേരുകള്‍ അനേ്വഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചെന്നെത്താന്‍ കഴിയുക ഭക്ഷ്യോല്‍പാദന വിപണനരംഗം അടക്കിവാഴുന്ന കോര്‍പറേറ്റുകളിലായിരിക്കും. ലോകമെമ്പാടും കാര്‍ഷികോല്‍പാദനരംഗത്തെ നിയന്ത്രിക്കുന്ന കോര്‍പറേറ്റുകള്‍ തന്നെയാണ് കാര്‍ഷിക വിദഗ്ധരെ സൃഷ്ടിക്കുന്ന ഉന്നത വിദ്യാകേന്ദ്രങ്ങളുടെ മുഖ്യ സാമ്പത്തിക സ്രോതസ്. കൃഷിരീതികള്‍ നിര്‍ണയിക്കുന്നത് അത്തരം കോര്‍പ്പറേറ്റുകളാണ്. അവര്‍ നിര്‍ണയിക്കുന്ന കൃഷിരീതികളില്‍ പരിശീലനം ലഭിച്ച കൃഷിവിദഗ്ധരെയാണ് കാര്‍ഷിക സര്‍വകലാശാലകളും ഉന്നത കാര്‍ഷിക വിദ്യാപീഠങ്ങളും പുറത്തുവിടുന്നത്. പരമ്പരാഗത കൃഷിസമ്പ്രദായങ്ങളും കാര്‍ഷിക വൈവിധ്യവും തകര്‍ക്കാതെ കോര്‍പ്പറേറ്റുകള്‍ക്ക് നിലനില്‍ക്കാനോ അളവറ്റ ലാഭം കൊയ്‌തെടുക്കാനോ കഴിയില്ല. അത്തരമൊരു ചക്രവ്യൂഹത്തിലാണ് കേരളത്തിലടക്കം ആധുനിക കാര്‍ഷിക സംസ്‌കൃതി എത്തിനില്‍ക്കുന്നത്. അത് ഭേദിച്ച് പുറത്തുകടക്കുക തികച്ചും ശ്രമകരമായ ദൗത്യമാണെന്നതില്‍ സംശയമില്ല. എന്നിരിക്കിലും ആ ദിശയില്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറാനാണ് കേരളത്തിലെ കൃഷിവകുപ്പും സര്‍ക്കാരും ശ്രമിക്കുന്നത്. അത് കേവലം നിരോധനം കൊണ്ടുമാത്രം കൈവരിക്കാവുന്ന ലക്ഷ്യമല്ല. അതിന് ജനതയെ മുഴുവന്‍ അണിനിരത്താന്‍ ഭരണകൂടത്തിന് കഴിയണം.
എന്‍ഡോസള്‍ഫാന്‍ ദുരന്തവും ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അനാരോഗ്യകരമായ ഭക്ഷ്യജന്യ രോഗങ്ങളും പ്രകൃതിയിലും പരിസ്ഥിതിയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ചയും മാറിചിന്തിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതമാക്കുന്നു. നാം ശീലിച്ചുപോന്ന കാര്‍ഷിക രീതികളും ഭക്ഷ്യ സംസ്‌കാരവും അത്തരം അവബോധം കൊണ്ടുമാത്രം മാറ്റിയെടുക്കാവുന്നതല്ല. അതിന് അനുയോജ്യവും സ്വീകാര്യവുമായ ബദല്‍ വളര്‍ത്തിയെടുത്തേ മതിയാവൂ. രാസകീടനാശിനിയില്‍ ചിലതിന്റെ നിരോധനത്തിന് അപ്പുറത്തേക്ക് കടന്ന് സ്വീകാര്യവും കാര്യക്ഷമവും സുലഭവുമായ ബദല്‍ സൃഷ്ടിക്കാന്‍ കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും പൗരസംഘടനകളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഒരു ജനതയെ ആകെ ദുരന്തപാതയില്‍ നിന്ന് വിമോചിപ്പിക്കാന്‍ കേരളത്തിനു കഴിയും.