വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള

Web Desk
Posted on April 02, 2019, 8:30 am

മ്മുടെ സമ്പദ്ഘടനയ്ക്ക് ഏറ്റവും വലിയ സംഭാവന നല്‍കുന്ന വിഭാഗമാണ് വിവിധ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഗള്‍ഫ് മേഖലയില്‍ പണിയെടുക്കുന്ന മലയാളി പ്രവാസികളെ കൊള്ളയടിക്കുന്നതില്‍ വിമാനക്കമ്പനികള്‍ പരസ്പരം മത്സരിക്കുകയാണ്. ഗള്‍ഫ് നാടുകളിലേക്കുള്ള വിമാനക്കൂലി കുത്തനെ കൂട്ടിയതിനൊപ്പം രാജ്യത്തെ ആഭ്യന്തര സര്‍വീസുകളുടെ നിരക്ക് പലമടങ്ങ് വര്‍ധിപ്പിച്ചിരിക്കുന്നു.

ഉത്സവ സീസണുകളില്‍ പൊടുന്നനെ നിരക്കുകള്‍ ഉയരുന്നത് പതിവായിരുന്നു. ഇപ്പോള്‍ നിരക്ക് ഉയര്‍ത്താന്‍ ഒരു കാരണം കൂടി ലഭിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് എതേ്യാപ്യയിലുണ്ടായ ഒരു വിമാനാപകടമാണ് അപ്രതീക്ഷിത നിരക്ക് വര്‍ധനയ്ക്ക് കാരണമായി പറയപ്പെടുന്നത്.
പ്രവാസികളുടെ സംഭാവനയുടെ മഹത്വത്തെ പ്രഭാഷണങ്ങളില്‍ വാഴ്ത്താന്‍ ആരും പിന്നിലല്ല. എന്നാല്‍, അവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ഗൗരവപൂര്‍വം പരിഗണിക്കാനൊ, പരിഹരിക്കാനൊ ഭരണകൂടം ശ്രദ്ധ കാണിക്കാറില്ല. പ്രവാസികളെ എങ്ങനെ പരമാവധി പിഴിയാം എന്ന കാര്യത്തില്‍ ഒരുതരം മത്സരബുദ്ധി നമ്മുടെ സംവിധാനങ്ങള്‍ക്കെല്ലാമുണ്ട്. ഗള്‍ഫിലേക്കും ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കും ധാരാളമായി യാത്ര നടക്കുന്ന സന്ദര്‍ഭങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് തോന്നുംപോലെ വര്‍ധിപ്പിക്കുകയെന്നത് വിമാനക്കമ്പനികളുടെ സ്ഥിരം ഏര്‍പ്പാടാണ്. സ്വകാര്യ കമ്പനികള്‍ മാത്രമല്ല, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും ഇക്കാര്യത്തില്‍ പിന്നിലല്ല. പ്രവാസികളുടെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ ഉയരുന്ന പരാതികളെ ഒരിക്കല്‍ പോലും പരിഗണിക്കാന്‍ വിമാനക്കമ്പനികളോ കേന്ദ്ര ഭരണാധികാരികളോ തയാറാകുന്നില്ല. എന്നാല്‍ ഇത്തവണ, സ്‌കൂള്‍ അവധിയിലേക്ക് കേരളം പ്രവേശിച്ചിരിക്കെ മുമ്പെങ്ങുമില്ലാത്ത വിധം വിമാന നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനികള്‍.
സ്‌കൂള്‍ അവധി ആരംഭിച്ച ഇന്നലെ, വിവിധ ഗള്‍ഫ് നഗരങ്ങളിലേക്ക് കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് പരിശോധിച്ചാല്‍ മൂക്കത്ത് വിരല്‍ വച്ചുപോകും. 200 മുതല്‍ 400 ശതമാനം വരെയാണ് ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ക്ക് നിരക്കു വര്‍ധിപ്പിച്ചിരിക്കുന്നത്. സ്‌കൂള്‍ അവധിയില്‍ കുടുംബത്തോടൊപ്പം ഗള്‍ഫിലേക്ക് പോകുന്ന പ്രവണത അടുത്തകാലത്തായി കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ പ്രവണതയെ പരമാവധി ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ സര്‍ക്കാര്‍, സ്വദേശി വിദേശ ഭേദമന്യേ വിമാനക്കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് 69,438 രൂപയും ദോഹയിലേക്ക് 88,705 രൂപയുമൊക്കെ ടിക്കറ്റ് വില നിശ്ചയിച്ചിരിക്കുകയാണ് ചില കമ്പനികള്‍.

അവധിക്കാലത്ത് ടിക്കറ്റ് വിലയില്‍ വര്‍ധന വരുത്തുകയെന്നത് സാധാരണഗതിയില്‍ വിമാനക്കമ്പനികളുടെ ബിസിനസിന്റെ ഭാഗമാണ്. 50 മുതല്‍ 100 ശതമാനം വരെയാണ് അവര്‍ അങ്ങനെ വില വര്‍ധിപ്പിക്കാറുള്ളത്. എന്നാല്‍, അത് എല്ലാ പരിധികളെയും ലംഘിച്ച് പകല്‍ക്കൊള്ളയുടെ അവസ്ഥയിലെത്തിയിരിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. സ്വകാര്യ വിമാനക്കമ്പനികള്‍ ഇങ്ങനെ ചെയ്യുന്നത് മനസിലാക്കാം. എന്നാല്‍, അവയെയും വെല്ലുന്ന മട്ടിലാണ് എയര്‍ ഇന്ത്യയും കൊള്ളവില ഈടാക്കുന്നത്. എല്ലാ കമ്പനികളും ചേര്‍ന്നുള്ള ഒരു സംയോജിത പദ്ധതിയാണിത് എന്ന് തോന്നുന്ന തരത്തിലാണ് അസാധാരണമായ ഈ നിരക്ക് വര്‍ധന വന്നിരിക്കുന്നത്. ടിക്കറ്റ് വര്‍ധന കണ്ട് അമ്പരന്നവര്‍ ചെന്നൈ, ബംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ പ്രസ്തുത കേന്ദ്രങ്ങളില്‍ നിന്നുള്ള ടിക്കറ്റുകള്‍ക്കും ഇതേ തരത്തില്‍ വര്‍ധന വരുന്നതാണ് പിന്നെ കണ്ടത്. അതായത്, ഗള്‍ഫ് യാത്രികരെ പിഴിഞ്ഞേ പോകൂ എന്ന നിലപാട് വിമാനക്കമ്പനികള്‍ക്ക് ഉള്ളതുപോലെ.
ബോയിംഗ്-737 മാക്‌സ് വിമാനങ്ങള്‍ പറക്കല്‍ നിര്‍ത്തിയതോടെ നൂറുകണക്കിന് സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം ആഭ്യന്തര സര്‍വീസുകളിലും ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് നിരക്കുകള്‍ കൂട്ടുക എന്നത് ഇപ്പോള്‍ ലോകമാകെ കാണുന്ന പ്രവണതയാണ്. വിമാനക്കമ്പനികളെ അനുകരിച്ച് ഇപ്പോള്‍ ട്രെയിനുകളിലും ഈ സമ്പ്രദായം വന്നുകഴിഞ്ഞു. യാത്രക്കാരെ എത്രയധികം ചൂഷണം ചെയ്തിട്ടും വിമാനക്കമ്പനികളൊന്നും രക്ഷപ്പെടുന്നില്ല. ജറ്റ് എയര്‍വേയ്‌സ് പ്രവര്‍ത്തനം നിര്‍ത്തുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ തുടങ്ങിയതും അവസാനിച്ചതുമായ വിമാനക്കമ്പനികള്‍ ഒരു ഡസനാണ്.

ആര്‍ക്ക് ഭ്രാന്തു വന്നാലും കോഴിക്കാണ് കിടക്കപ്പൊറുതി ഇല്ലാതാകുന്നത് എന്ന് പറഞ്ഞതുപോലെ എന്ത് ആകാശ പ്രതിസന്ധി ഉണ്ടാകുമ്പോഴും അതിന്റെ ആഘാതം ഏറ്റവും കനത്ത രീതിയില്‍ അനുഭവിക്കേണ്ടി വരുന്നത് ഗള്‍ഫിലെ മലയാളി പ്രവാസികളാണ്. അവരുടെ സഹായത്തിന് കേന്ദ്രസര്‍ക്കാര്‍ എത്താറേയില്ല. പ്രവാസി സംഘടനകളുടെ മാത്രമല്ല പൊതുസമൂഹത്തിന്റെയാകെ സംഘടിതമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ട സന്ദര്‍ഭമാണിത്. അതുണ്ടാകുമെന്നു തന്നെ കരുതാം. കേന്ദ്രസര്‍ക്കാര്‍ സന്ദര്‍ഭത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണം.