Web Desk

October 16, 2020, 4:30 am

മനുഷ്യനെ കണ്ട മഹാകാവ്യം

Janayugom Online

‘മരണം പ്രകൃതിഃശരീരിണാം വികൃതിർജീവിതം ഉച്യതേ ബുധൈഃ’ കാളിദാസകവിതയിലെ ഈ വരികളുടെ ഉത്തരാർധമാണ്, അറുപത് വയസിനുശേഷമുള്ള ഓരോ പ്രഭാതത്തിലും ഉണരുമ്പോൾ തന്നെ പ്രബുദ്ധനാക്കുന്നതെന്ന് പറഞ്ഞ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി എന്ന അക്ഷരവെളിച്ചം സുഖപ്രദമായ തമസ്സിൽ ലയിച്ചിരിക്കുന്നു. മലയാളത്തെ അറിയുന്ന മാലോകരുടെ മനസുകളിൽ ഇരുൾ പരക്കുമ്പോൾ അവിടം പ്രകാശിതമാക്കാൻ ആ മഹാതൂലികയിൽ വിരിഞ്ഞ ചിന്തോദീപ്തമായ വരികളും പുഞ്ചിരിക്കുന്ന ആ മുഖവും നിറഞ്ഞുവരും. ഗ്രാമത്തിന്റെ വിശുദ്ധിയും നന്മയുമാണ് അക്കിത്തത്തിന്റെ വാക്കും വരികളും. കുമരനെല്ലൂരിലെ വൈദിക പശ്ചാത്തലമുള്ള ഒരു കുടുംബത്തിൽ ജനിച്ച്, വേദപഠനത്തിൽ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായാണ് അക്കിത്തം വിടപറയുന്നത്.

അക്കിത്തത്ത് മനയ്ക്കൽ അച്യുതനുണ്ണിയുടെ വളർച്ച ഏകാന്തതയിലൂടെയായിരുന്നു. മോഹങ്ങളെല്ലാം ഉള്ളിലൊതുക്കി ആ ഏകാന്തതയുടെ നിർജനമായ മൂലകളിലിരുന്ന് തേങ്ങിത്തേങ്ങി കര‌ഞ്ഞിരുന്ന കുട്ടിക്കാലത്തെ ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് അക്കിത്തം ഓർത്തെടുത്തത് കേട്ടവരാണ് മലയാളികൾ. കുടുംബത്തിൽ ആരും അക്കിത്തം എന്നൊരു കവിയുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. കവിയാവുന്നത് വലിയ അന്തസുള്ള കാര്യമാണ് എന്ന തെറ്റിദ്ധാരണയും ഇല്ലായിരുന്നു എന്നാണ് ഇതേക്കുറിച്ച് അക്കിത്തം വിശേഷിപ്പിച്ചത്. ചിത്രകലയിലായിരുന്നു ഒരുവേള കമ്പം. അമ്പലച്ചുവരിൽ കരിക്കട്ടകൊണ്ട് വരച്ചിട്ടു.

ആ വികൃതിച്ചിത്രങ്ങൾക്കുള്ള താക്കീത് എന്ന നിലയിൽ അടിയിൽ കോറിയിട്ട ‘അമ്പലങ്ങളിലീവണ്ണം തുമ്പില്ലാതെ വരയ്ക്കുകിൽ വമ്പനാമീശ്വരൻ വന്നിട്ടെമ്പാടും നാശമാക്കിടും’ എന്ന വരികളിലാണ് അക്കിത്തം എന്ന മഹാകവിയുടെ ജനനം. എട്ട് വയസുകാരനായ അച്യുതന്‍ കുറിച്ച വരികൾ വായിച്ച് കൂട്ടുകാർ പറഞ്ഞു, ഇത് കവിതയായിട്ടുണ്ടല്ലോ എന്ന്. അതാകുമോ തന്റെ വഴി എന്ന് അന്നാണ് അക്കിത്തം ആദ്യമായി ചിന്തിക്കുന്നത്. ആ ചിന്ത മലയാളത്തിന്റെ കാവ്യസങ്കല്പങ്ങളുടെയെല്ലാം മാറ്റുകൂട്ടുന്നതായിരുന്നുവെന്ന വലിയൊരു സത്യമാണ് മഹാകവി അക്കിത്തം.

ലക്ഷ്യം മാത്രമല്ല, മാര്‍ഗവും ശുദ്ധമാകണം; കമ്മ്യൂണിസ്റ്റ് ആശയത്തോടായിരുന്നു അക്കിത്തത്തിന് എന്നും അടുപ്പം. സാ­മൂഹിക സ്ഥിതിസമത്വം എ­ന്ന ആഗ്രഹത്താൽ വർഗസമരസിദ്ധാന്തത്തോടൊപ്പം നടന്നു. ഋഗ്വേദത്തിലെ സംവാദസൂക്തത്തിൽ ആ സമത്വബോധം ഉണ്ടെന്ന ബോധ്യമാണ് അച്യുതൻ നമ്പൂതിരിയെന്ന സംസ്കൃതപണ്ഡി­­തനെ കമ്മ്യൂണിസത്തോ­ടടുപ്പിച്ചത്. കാലഘട്ടത്തിലെ രാഷ്ട്രീയ സംഘർഷനാളുകൾക്കിടെയും അ­ക്കിത്തം അക്കാര്യം ആവർത്തിക്കാറുമുണ്ട്. മാർക്സിയൻ ചിന്തകൾ ചെലുത്തിയ സ്വാധീനം തന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അക്കിത്തം അഭിമാനത്തോടെയാണ് പറഞ്ഞത്. സി അച്യുതമേനോന്റെ ‘സോവിയറ്റ് നാട്’ എന്ന കൃതിയും ഇ എം എസിന്റെ ‘സോഷ്യലിസം എന്ത്’ എന്ന ലേഖനവുമാണ് തന്നെ കമ്മ്യൂണിസത്തിലേക്ക് ആകർഷിച്ചതെന്നും അക്കിത്തം പറയാറുണ്ട്.

പണിമുടക്കം, പുത്തൻകാലവും അരിവാളും, കുതിർന്ന മണ്ണ് തുടങ്ങിയ കൃതികളിലൂടെ സാമൂഹ്യാസമത്വങ്ങളോട് പ്രതികരിച്ച ഇടശ്ശേരിക്കവിതകൾ അദ്ദേഹത്തിന് പ്രചോദനമായി. മനുഷ്യർ നിരാശരാകുന്നത് കാഴ്ചക്കാരനെപ്പോലെ കണ്ടിരിക്കാൻ ഒരിക്കലും അക്കിത്തത്തിന്റെ മനസ് അനുവദിച്ചിരുന്നില്ല. അവരുടെ വാക്കുകളായിരുന്നു, മഹായുദ്ധങ്ങളുടെയും ദേശീയവിമോചന പോരാട്ടത്തിന്റെയും മഹാവ്യാധികളുടെയും ശാസ്ത്രദുരുപയോഗത്തിന്റെയും ആ കാലഘട്ടത്തിൽ അക്കിത്തം കുറിച്ചത്.

ബലിക്കല്ല്, വെണ്ണക്കല്ലിന്റെ കഥ, അമൃതഗാഥിക, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അന്തിമഹാകാലം എന്നിവയിലൂടെ മനുഷ്യന്റെ ധർമ്മസങ്കടത്തെയും ജീവിതസാഫല്യത്തെയുമെല്ലാം വരച്ചുകാട്ടി. ഉപ്പുകല്ലിനും ഉരിയരിച്ചോറിനുമായുള്ള മനുഷ്യന്റെ യാത്രകളാണ് ഓരോ വരികളിലും. മറ്റുള്ളവർക്കായി ഒരു കണ്ണീർക്കണം പൊഴിക്കുമ്പോഴും മനസിൽ ആയിരം സൗരമണ്ഡലങ്ങൾ ഉദിക്കുമെന്നും ഒരു പുഞ്ചിരി മറ്റുള്ളവർക്കായി ചെലവാക്കുമ്പോഴും ഹൃദയത്തിൽ നിത്യനിർമ്മല പൗർണമി ഉദിക്കുമെന്നും അക്കിത്തം എഴുതിയത് ഇന്നും മനുഷ്യന് ഉത്തേജകമാണ്. ‘തോക്കിനും വാളിനും വേണ്ടി ചെലവിട്ടോരിരുമ്പുകൾ ഉരുക്കി വാർത്തെടുക്കാവൂ ബലമുള്ള കലപ്പകൾ’ എന്ന ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കാവ്യത്തിലെ വരികള്‍ എഴുതിയത് പതിറ്റാണ്ടുകൾക്ക് മുമ്പാണ്.

ആയുധനിർമ്മാണത്തിനുള്ള ലോഹം ഉരുക്കി ഉക്രെയ്‌നിൽ കാർഷിക ഉപകരണങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയെന്ന വാർത്തകേട്ടപ്പോഴുണ്ടായ അക്കിത്തത്തിന്റെ പുഞ്ചിരിക്ക് പലവിധവര്‍ണവും അർത്ഥവുമുണ്ടായിരുന്നു. ലക്ഷ്യം മാത്രമല്ല, മാര്‍ഗവും ശുദ്ധമായിരിക്കണമെന്ന ബോധ്യം തന്നോടൊപ്പം എന്നുമുണ്ടായിരുന്നുവെന്ന് പിന്നെയും പിന്നെയും അക്കിത്തം പറഞ്ഞത് പുതിയ തലമുറയോടുള്ള വലിയൊരു ഓർമ്മപ്പെടുത്തലും താക്കീതുമാണെന്നുവേണം കരുതാൻ. ആരെങ്കിലും ലക്ഷ്യത്തിലെത്തുന്നുണ്ടോ എന്ന സംശയം അക്കിത്തത്തിനുണ്ടായിരുന്നു. മാർഗം ശുദ്ധമായാൽ അത്രത്തോളം താൻ ലക്ഷ്യത്തോടടുത്തു എന്ന സമാധാനിക്കാൻ തനിക്ക് കഴിയില്ലല്ലോ എന്ന ചിന്ത കൂടി നമുക്കുമുന്നിലേക്ക് പറഞ്ഞുവച്ചാണ് അക്കിത്തം വിടവാങ്ങിയത്. ജീവിതം സ്നേഹത്തിന്റെ ലോകത്തിനായി സമർപ്പിക്കണമെന്ന് സ്വജീവിതംകൊണ്ട് കാണിച്ച മഹാശ്രേഷ്ഠന്റെ വിയോഗത്തിന് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.