August 14, 2022 Sunday

തലതിരിഞ്ഞ പ്രവണതകൾ അവസാനിപ്പിക്കുക

Janayugom Webdesk
January 19, 2020 5:00 am

ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സബർമതി ടി പോയിന്റിൽ നടന്നത് തികച്ചും സമാധാനപരമായ ഒരു കൂട്ടായ്മ ആയിരുന്നു. നിരായുധരും മുൻവിധികളില്ലാത്ത അധ്യാപകരും വിദ്യാർഥികളുമാണ് അവിടെ ഒത്തുചേർന്നത്. അവിടെ ഭീകരമായ വെല്ലുവിളികൾ അല്ല മറിച്ച് ശക്തമായ ഇല്ല (നോ) എന്ന് മാത്രമാണ് പ്രതിധ്വനിച്ചത്. ജനാധിപത്യത്തേയും ഭരണഘടനയേയും തകർക്കാനുള്ള നിലപാടുകളോടുള്ള ഇല്ല‑അത് മാത്രമാണ് മുഴങ്ങി കേട്ടത്. എല്ലാ പശ്ചാത്തലത്തിൽ നിന്നും വരുന്ന വിദ്യാർത്ഥികളുടെ വൈഭവം പരിപോഷിപ്പിക്കുകയാണ് സർവകലാശാല സ്ഥാപിതമായതിന്റെ ലക്ഷ്യം. പരിമിതമായ ജീവിത പശ്ചാത്തലങ്ങളിൽ നിന്നും ഇവർ പഠനത്തിനായാണ് എത്തുന്നത്. ഇത് നിറവേറ്റുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യവും. ജനുവരി അഞ്ചിന് രാത്രി ഒരു കൂട്ടം മുഖംമൂടി ധരിച്ച അക്രമികൾ വിദ്യാർത്ഥികളെ ആക്രമിച്ചു.

വഴിയിൽ കണ്ടതെല്ലാം തകർത്തു. ഈ അക്രമം ടെലിവിഷനിലൂടെ കണ്ട ജനങ്ങൾ തികച്ചും ഭയചകിതരായി. നാലു മണിക്കൂറോളം അക്രമികൾ ക്യാമ്പസിൽ അഴിഞ്ഞാടി. ഈ അക്രമങ്ങൾക്ക് പൊലീസ് മൂകസാക്ഷികളായി നോക്കിനിന്നു. സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ അക്രമങ്ങൾക്ക് കൂട്ടുനിൽക്കുകയായിരുന്നു. ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെയും ആക്രമിച്ച് അമർച്ചചെയ്യാൻ കൂട്ടുനിന്നവരാണ് ഇവർ. പ്രതികാരത്തിന്റെ പാത പിന്തുടരുന്നവരാണിവർ. ജെഎൻയു, ജാമിയ മിലിയ, ഡൽഹി സർവകലാശാല എന്നിവിടങ്ങളിൽ നടന്നത് പൊടുന്നനെ ഉണ്ടായ സംഭവങ്ങളല്ല. മറിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് മുൻകൂട്ടി തയ്യാറാക്കിയതായിരുന്നു. ആദ്യം ദേശീയതക്കെതിരെയുള്ള അതിക്രമമാണ് അരങ്ങേറിയത്. പിന്നീട് മതേതര, ശാസ്ത്രീയ പാഠ്യപദ്ധതി, പിന്നീടുണ്ടായ ഫീസ് വർധന-ഇതൊക്കെ വിദ്യാർത്ഥികളുടെ അസ്തിത്വത്തിനുമേലുള്ള കടന്നുകയറ്റമായിരുന്നു.

ഇതിനെതിരെയാണ് ജെഎൻയുവിൽ വിദ്യാർത്ഥി സമൂഹം പ്രതികരിച്ചത്. ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചത് വിദ്യാർത്ഥികൾ മാത്രമല്ല. കാമ്പസിൽ തുടക്കമിട്ട ഈ അതിക്രമങ്ങ­ൾ തെരുവുകളിൽ ഇപ്പോഴും തുടരുന്നു. അതുപോലെ പ്രതിഷേധവും ശക്തമാകുന്നു. യുവാക്കൾ, വ­നിതകൾ, വയോധികർ തുടങ്ങിയ നാനാതുറകളിൽപ്പെട്ടവർ പ്രതിഷേധത്തി­ൽ ഒത്തുകൂടുന്നു. അവർക്കെ­തിരെയുള്ള അതിക്രമങ്ങൾക്ക് അതീതമായി ഇവർ സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തുന്നു. കാമ്പസുകളിൽ ആരംഭിച്ച പ്രതിഷേധം അവരുടെ അക്കാദമികമായ ആവശ്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. മോഡി സർക്കാർ നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നീ പുതിയ തലങ്ങളിൽ എത്തിനിൽക്കുന്നു. രാജ്യത്തെ വിവിധ സംസ്കാരങ്ങളുടെ ഐക്യത്തിനെ ഈ നയങ്ങൾ ഇല്ലാതാക്കുന്നു.

ഇ­ന്ത്യാക്കാരുടെ അസ്തിത്വ അഴകിനെപ്പോലും ഇല്ലാതാക്കുന്ന നിലപാടുകളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളാണ് തുടരുന്നത്. മുസഫർ നഗറിൽ നടക്കുന്ന പ്രതിഷേധങ്ങളെ ശക്തമായി അടിച്ചമർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. പാവപ്പെട്ട ജനങ്ങളുടെ നിലനില്പിനെപ്പോലും ചോദ്യം ചെയ്യുന്ന വിധത്തിലുള്ള അക്രമങ്ങളാണ് സംഘപരിവാരും പൊലീസും അഴിച്ചുവിടുന്നത്. കാലങ്ങളായി കാത്തുസൂക്ഷിച്ച ജനാധിപത്യ മതേതര മൂല്യങ്ങൾ ഒന്നൊന്നായി ഇല്ലാതാകുന്നു. സാധാരണ ജനങ്ങൾക്ക് സ്വൈരമായി ജീവിക്കാൻ കഴിയാത്ത വിധം സാമൂഹ്യ സാഹചര്യങ്ങൾ ഭയാനകമാകുന്നു. മുൻ കാലങ്ങളിൽ ഇല്ലാത്ത വിധത്തിലുള്ള സാമൂഹ്യ അപചയമാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഇതിനുപുറമെ രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. എട്ട് സുപ്രധാന മേഖലകളിൾ തകർച്ചയാണ് നേരിടുന്നത്.

ഉല്പാദനം ഉൾപ്പെടെ കാതലായ മേഖലകൾ കുപ്പുകുത്തി. ഭരണസംവിധാനത്തിന്റെ കെടുതിയാണ് ഇത് സൂചിപ്പിക്കുന്നത്. ഇനിയും വളർച്ചാ നിരക്ക് ഇടിയാനാണ് സാധ്യത. സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇപ്പോഴുള്ള വ്യവസ്ഥിതിയിൽ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം വൈദ്യുതി ഉല്പാദനം ഗണ്യമായി കുറഞ്ഞു. സുപ്രധാന മേഖലകളിലെ വളർച്ചാ നിരക്ക് 5.1 ശതമാനമായി ചുരുങ്ങി. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, വളം, വ്യവസായ ഉല്പാദനം തുടങ്ങിയ മേഖലകൾ തകർന്നു. ഇവിട­ങ്ങളിൽ ശരാശരി വളർച്ചാ നിരക്ക് 4.4 ശതമാനമായി പിരിമിതപ്പെട്ടു. വ്യാവസായിക മേഖലയിലെ തളർച്ച മറ്റ് രംഗങ്ങളെയും ആനുപാതികമായി ബാധിക്കും. ഇതൊക്കെ ശക്തമായ മുന്നറിയിപ്പുകളാണ്. ഈ യാഥാർഥ്യത്തെ അവഗണിക്കാൻ കഴിയില്ല.

ഈ സാഹചര്യത്തിൽ നിലവിലുള്ള ഭരണ സംവിധാനങ്ങളിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നു. വ്യവസായികൾ, ബാങ്കർമാർ, നയങ്ങൾ രൂപീകരിക്കുന്നവർ, സ്വയം സംരഭകർ തുടങ്ങിയവരെ രാജ്യത്തെ ജനങ്ങൾ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. പരസ്പര വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികളാണ് ഇപ്പോൾ അനിവാര്യമായത്. രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സാമൂഹ്യ, രാഷ്ട്രീയ, തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ പ്രകടമായി തുടങ്ങി. അതുകൊണ്ടുതന്നെ സാമ്പത്തിക സുസ്ഥിരിത വീണ്ടെടുക്കുന്നതിന് സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലങ്ങൾ ഉൾക്കൊണ്ടുള്ള നയങ്ങൾ രൂപീകരിക്കാൻ സർക്കാർ തയ്യാറാകണം. ബിജെപിയും സംഘപരിവാറും പിന്തുടരുന്ന വിഭാഗീയ പ്രവണതകൾ അവസാനിപ്പിക്കണം. ഇതിന്റെ ഭാഗമായുള്ള അക്രമ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. കൂടാതെ ആശയപരവും രാഷ്ട്രീയവും സാമ്പത്തികവുമായ തലതിരിഞ്ഞ നടപടികൾ അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം.

 

Eng­lish sum­ma­ry: janayu­gom edi­to­r­i­al about attack in janu sabar­mathi hostel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.