March 27, 2023 Monday

ഞെട്ടൽ വിട്ടുമാറാതെ കേരളം

Janayugom Webdesk
February 21, 2020 5:00 am

കോയമ്പത്തൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് കേരളം. അപകടത്തിൽ മരിച്ച 19 പേരും മലയാളികളാണ്. എറണാകുളം — ബംഗളുരു റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ആർഎസ് 784 നമ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. 17 ന് എറണാകുളത്തുനിന്നുപോയ ബസ് 18 ന് തിരിച്ചുവരേണ്ടതായിരുന്നു. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ഒരു ദിവസം വൈകിയാണ് തിരികെ പുറപ്പെട്ടത്. അപ്പോഴേയ്ക്കും ബസിൽ 48 സീറ്റിലും യാത്രക്കാർ ബുക്ക് ചെയ്തിരുന്നു. അവരെയും വഹിച്ച് പുറപ്പെട്ട ബസാണ് കോയമ്പത്തൂരിനടുത്ത് അവിനാശിൽ അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. വൺവേ തെറ്റി ഓടിച്ചുവന്ന ലോറി ഇടിച്ചാണ് 19 പേരുടെ മരണത്തിന് കാരണമായ അപകടമുണ്ടായത്. വളരെയധികം മുൻകരുതലുകളെടുക്കുന്നുണ്ടെങ്കിലും നമ്മുടെ നിരത്തുകളിൽ നടക്കുന്ന അപകടങ്ങൾക്ക് കുറവില്ല. നിയമസഭയിൽ നല്കിയ മറുപടിയനുസരിച്ച് 2008 മുതൽ 2018 ഒക്ടോബർ 31 വരെയായി 55217 സ്വകാര്യ ബസ് അപകടങ്ങൾ നടന്നതിൽ 7293 പേരാണ് മരിച്ചത്. 2006 ജനുവരി ഒന്നുമുതൽ 2018 ഒക്ടോബർ 31 വരെയുള്ള കണക്കുകൾ പ്രകാരം കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന 15,226 അപകടങ്ങളിൽ 2,635 പേരാണ് മരിച്ചത്.

ഡ്രൈവർമാരുടെ പരിചയക്കുറവ്, അശ്രദ്ധ എന്നിവയാണ് പല അപകടങ്ങൾക്കും കാരണമാകുന്നത്. അവിനാശിൽ അപകടമുണ്ടായതിന്റെ യഥാർത്ഥ കാരണം കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാൽ കെഎസ്ആർടിസി ബസിലിടിച്ച ലോറി നിയന്ത്രണം വിട്ട് വൺവേ തെറ്റി ഓടിയതാണ് കാരണമെന്നാണ് പ്രാഥമികമായി പുറത്തുവന്നിരിക്കുന്ന വിവരം. അപകടങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ ഡ്രൈവർ, കണ്ടക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഗതാഗത വകുപ്പ് നല്കിവരുന്നുണ്ട്. നൂതന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലും കുറ്റകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്ക് കർശന ശിക്ഷ നല്കുന്നതിലും ശ്രദ്ധിക്കുന്നുണ്ട്. അശാസ്ത്രീയമായ ഷെഡ്യൂളുകളും ജീവനക്കാരുടെ അമിതമായ ജോലിഭാരവും അപകട കാരണമാകാറുണ്ടെങ്കിലും കെഎസ്‍­ആർടിസി ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്ട്. ദീർഘദൂര സർവീസുകളിൽ നിശ്ചിത സമയത്തിന് ശേഷം പകരം ജീവനക്കാരെ നിയോഗിക്കുന്ന രീതി നിലവിലുണ്ട്. അതനുസരിച്ച് ഇത്തരം സർവീസുകളിൽ ഒന്നിലധികം ജീവനക്കാർ ഇപ്പോൾ ജോലിയെടുക്കുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും അധികൃതരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉണ്ടാകുന്നുമുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ നിതാന്ത ജാഗ്രതയും ശ്രദ്ധയുമാണെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥിയായി ചിലപ്പോഴെങ്കിലും അപകടങ്ങൾ കടന്നുവരികയാണ്. ഇത്തരമൊരു ഘട്ടത്തിൽ സന്നദ്ധ പ്രവർത്തനങ്ങളും മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും സഹായമെത്തിക്കുകയും ചെയ്യുകയെന്നതും പരിക്കേറ്റവർക്ക് മതിയായ ചികിത്സ ലഭ്യമാക്കുകയെന്നതുമാണ് നമ്മുടെ ഉത്തരവാദിത്തം. അപകടവിവരം ലഭ്യമായതു മുതൽ സംസ്ഥാന സർക്കാർ അക്കാര്യത്തിൽ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് രക്ഷാസംവിധാനങ്ങൾ ഉടൻതന്നെ അപകടസ്ഥലത്തെത്തിച്ചു. കെഎസ്ആർടിസിക്കു പുറമേ മറ്റു വകുപ്പുകളുടെ സഹായവും ലഭ്യമാക്കി. സംസ്ഥാനത്തു നിന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കുന്നതിന് രണ്ടു മന്ത്രിമാർതന്നെ സ്ഥലത്തെത്തുകയും ചെയ്തു. സംസ്ഥാനത്തെ പല കുടുംബങ്ങളിൽ നിന്നുള്ള 19 പേരാണ് മരിച്ചിരിക്കുന്നത്. അവരിൽ വിദ്യാർത്ഥികളും തൊഴിൽ തേടി പോയവരുമുണ്ട്. അതിനർത്ഥം പല കുടുംബങ്ങളുടെ അത്താണികളും പ്രതീക്ഷകുളുമാണ് കടന്നുപോയിരിക്കുന്നതെന്നാണ്. അവരെ സഹായിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനൊപ്പം പൊതുസമൂഹം കൂടി ഏറ്റെടുക്കുമ്പോഴാണ് നമ്മുടെ നന്മ മഹത്തരമാകുന്നത്.

സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനം കൂടിയാണ് കെഎസ്ആർടിസി. യാദൃച്ഛികമാണെങ്കിലും കെഎസ്‍ആർടിസി സ്ഥാപിതമായതിന്റെ വാർഷിക ദിനത്തിലാണ് ഇത്തരത്തിലൊരു അപകടം നടന്നത്. അതുകൊണ്ടുതന്നെ ഈ അപകടം കൂടുതൽ ദുഃഖകരമാകുന്നു. ഇന്നലെ അപകടത്തിൽപ്പെട്ട ബസിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരും കണ്ടക്ടർമാരും യാത്രക്കാർക്ക് സഹായികളായതിന്റെയും ആശുപത്രികളിൽ കൂട്ടിരുന്നതിന്റെയും കാരുണ്യത്തിന്റെ കഥകൾ പുറത്തുവന്നിട്ടുണ്ട്. മരിച്ച ഡ്രൈവറും കണ്ടക്ടറും സാമൂഹ്യസന്നദ്ധതയുള്ളവരായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. പലരുടെയും ജീവിതത്തിൽ എന്നുമോർക്കുംവിധം കാരുണ്യത്തിന്റെ കയ്യൊപ്പ് ചാർത്തിയ അവരുടെയും കൂടെ മരിച്ച യാത്രക്കാരുടെയും ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിക്കുന്നു.

Eng­lish Sum­ma­ry: janayu­gom edi­to­r­i­al about avinashi bus accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.