15 March 2025, Saturday
KSFE Galaxy Chits Banner 2

യാഥാർത്ഥ്യ ബോധത്തോടെ മുന്നോട്ട്

Janayugom Webdesk
February 8, 2025 5:00 am

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന്റെ പ്രതീക്ഷാനിർഭരത പ്രകടമാക്കിയാണ് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അടുത്ത സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയും സാമ്പത്തിക ഉപരോധവും ചരക്കുസേവന നികുതി പോലുള്ള വരുമാന കേന്ദ്രീകരണ നീക്കങ്ങളുമാണ് സംസ്ഥാന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന ഘടകമായി വർത്തിച്ചത്. അതോടൊപ്പം കോവിഡ് മഹാമാരി ഉൾപ്പെടെ തുടര്‍വര്‍ഷങ്ങളില്‍ സംഭവിച്ച അസാധാരണ ദുരന്തങ്ങളും പ്രതിസന്ധിയുടെ ആക്കംകൂട്ടി. എന്നാൽ തനത് നികുതി വരുമാനം വർധിപ്പിച്ചും അനാവശ്യ ചെലവുകൾ ഒഴിവാക്കിയും ചെലവുകൾക്ക് മുൻഗണന നിശ്ചയിച്ചുമാണ് കേരളം പിടിച്ചുനിൽക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തിൽത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. 2020–21ൽ തനത് നികുതി വരുമാനം 47,660 കോടി രൂപ ആയിരുന്നത് നടപ്പുസാമ്പത്തിക വർഷം അവസാനിപ്പിക്കുമ്പോഴേക്കും 81,000 കോടി രൂപയാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. നാലുവർഷംകൊണ്ട് 70 ശതമാനത്തിന്റെ വർധനയുണ്ടാക്കുവാൻ സാധിക്കുക എന്നത് മെച്ചപ്പെട്ട ധനമാനേജ്മെന്റിനെയാണ് അടയാളപ്പെടുത്തുന്നത്. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഭവ കൈമാറ്റത്തിൽ വന്ന കുറവ് 50,000 കോടി രൂപയിലധികമായിട്ടും ചെലവ് വർധിപ്പിക്കുവാനായത് തനതുവരുമാനത്തിൽ വർധന വരുത്തിയതിനാലാണെന്ന് ഇതിലൂടെ വ്യക്തമാണ്. അതുപോലെതന്നെ ധനക്കമ്മിയിലും കുറവ് വരുത്താന്‍ സാധിച്ചുവെന്നതും എടുത്തുപറയേണ്ടതാണ്. ഈ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ബജറ്റ് ജീവിതത്തിന്റെ സർവതല സ്പർശിയാണ് എന്നത് ആർക്കും ബോധ്യമാകുന്നതാണ്. 

നടപ്പുസാമ്പത്തികവർഷം നാം ഏറെ ചർച്ച ചെയ്ത വിഷയമാണ് വയനാട് ചൂരൽമല ദുരന്തവും അതിനോട് കേന്ദ്ര സർക്കാർ കാട്ടിയ കുറ്റകരമായ അവഗണനയും. അപ്പോഴും ദുരിത ബാധിതരെ ചേർത്തുനിർത്തുമെന്നും പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കുമെന്നും എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അത് അന്വർത്ഥമാക്കിയാണ് മറ്റ് സാമ്പത്തിക സഹായങ്ങൾക്കൊപ്പം 750 കോടി രൂപ ബജറ്റ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി മെട്രോയ്ക്ക് പിന്നാലെ തിരുവനന്തപുരം മെട്രോ റെയിലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് അടുത്ത സാമ്പത്തികവർഷം തുടക്കമാകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതി വിഴിഞ്ഞം തുറമുഖത്തെ ബന്ധപ്പെടുത്തി വിഴിഞ്ഞം – കൊല്ലം – പുനലൂർ വികസന ത്രികോണത്തിന് 1,000 കോടി, പടിഞ്ഞാറൻ തീരദേശ കനാലിന്റെ സ്വാധീനമേഖലയുടെ സാമ്പത്തിക വികസനത്തിന് 500 കോടി, കൊച്ചി സുസ്ഥിര നഗരഭൂമി പുനഃക്രമീകരണ പദ്ധതിക്ക് 10 കോടി വീതം നീക്കിവച്ചത് വികസനത്തിന്റെയും ആസൂത്രണത്തിന്റെയും പുതിയ വിതാനങ്ങളെക്കുറിച്ചുള്ള സംസ്ഥാന സർക്കാരിന്റെ ഭാവനയെ യാഥാർത്ഥ്യമാക്കുന്നതിന് ഉതകുന്നവയാണ്. ദരിദ്ര ജനവിഭാഗങ്ങളുടെ ഭവനസ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിനായി അച്യുതമേനോൻ സർക്കാർ ആവിഷ്കരിച്ച എംഎൻ ലക്ഷം വീട്, ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലൈഫ്, പുനർഗേഹം തുടങ്ങിയവയും സഹകരണ ഭവന പദ്ധതിയും പ്രഖ്യാപിച്ചും മതിയായ വിഹിതം നീക്കിവച്ചും ഭവനരഹിതരില്ലാത്ത കേരളമെന്ന സർക്കാരിന്റെ മുൻഗണന ബജറ്റിലൂടെ ആവർത്തിച്ചിട്ടുമുണ്ട്. കേന്ദ്ര സർക്കാരിന്റെ നിരന്തര അവഗണന നേരിടുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അ ടുത്ത വർഷം 10.50 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം ലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങൾക്ക് കൈത്താങ്ങാകുമെന്ന പ്രതീക്ഷ നൽകുന്നതാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 700 കോടിയും ആരോഗ്യ മേഖലയ്ക്ക് ആകെ 10,431.73 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. റോഡുകൾക്കും പാലങ്ങൾക്കുമായി 4,219.41 കോടി രൂപ നീക്കിവച്ചതിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മുൻഗണന എടുത്തുകാട്ടുന്നു. 

കെ ഹോംസ്, ഹോട്ടൽ ശൃംഖലകളും മൈസ് ടൂറിസവും പോലുള്ള ഭാവനാസമ്പന്നമായ പദ്ധതികളും പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിന്റെ തനത് പ്രത്യേകതയായ വൈജ്ഞാനിക മനുഷ്യവിഭവശേഷി വർധിപ്പിക്കുന്നതിന് മുൻ ബജറ്റിൽ നിർദേശിച്ച വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ തുടർച്ച എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസത്തെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനുള്ള നിർദേശങ്ങളുമുണ്ട്. വയോജനങ്ങൾ, കുട്ടികൾ, സ്ത്രീകൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്നതിനുള്ള പദ്ധതികളുമുണ്ട്. വിപണി ഇടപെടലുകൾക്ക് 2,063, വിളപരിപാലനത്തിന് 535.90, കേര പദ്ധതിക്ക് 100, നെൽക്കൃഷി വികസനത്തിന് 150, നാളികേര വികസനത്തിന് 73, മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് 77.99, മൃഗസംരക്ഷണ മേഖലയ്ക്ക് 317.9, ക്ഷീരവികസനത്തിന് 120.93 കോടി രൂപ വീതം നീക്കിവച്ച് സർക്കാരിന്റെ മുൻഗണന വിലക്കയറ്റം പിടിച്ചുനിർത്തുകയും കാർഷിക, ക്ഷീരവികസന മേഖലകളെ പരിപോഷിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കുകയുമാണെന്ന് ഊന്നുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത് കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളെയും ബജറ്റ് അഭിസംബോധന ചെയ്തിരിക്കുന്നു. വന്യജീവി ആക്രമണം നേരിടുന്ന മേഖലയ്ക്കായുള്ള 50 കോടിയുടെ പ്രത്യേക പാക്കേജ്, സാമ്പത്തിക തട്ടിപ്പുകളെ നേരിടുന്നതിനുള്ള ബോധവൽക്കരണ കാമ്പയിൻ എന്നിവയും ശ്രദ്ധേയമായി. അതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിൽ പാലിക്കേണ്ട തത്വങ്ങൾ ആദ്യഭാഗത്തുതന്നെ പരാ‍മർശിച്ചിട്ടുണ്ട്. അതിൽ സ്വയം വിമർശനവുമുണ്ട്. ഏത് സ്ഥലത്തും എന്തുമാകാം എന്ന അനാരോഗ്യകരമായ സമീപനമാണ് നിർഭാഗ്യവശാൽ നാം പൊതുവേ സ്വീകരിച്ചുപോന്നിട്ടുള്ളതെന്നും എവിടെ എന്തൊക്കെയാവാം, എവിടെ എന്തൊക്കെ പാടില്ല എന്ന് ശാസ്ത്രീയമായി നിശ്ചയിച്ചുള്ള സ്ഥലമാന ആസൂത്രണത്തിന് ഇനിമുതൽ കേരളം ഉയർന്ന പരിഗണന നൽകുമെന്നുമുള്ള പ്രഖ്യാപനം അതാണ് വ്യക്തമാക്കുന്നത്.

ഡിജിറ്റൽ സർവേയും പട്ടയം വിതരണവും പൂർത്തിയാക്കുന്നതിനുള്ള നിർദേശങ്ങളും സ്വാഗതാർഹമാണ്. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വിഷയത്തിൽ, പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡു ഫെബ്രുവരിയിൽ വിതരണം ചെയ്യും, ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും, ദിവസവേതന കരാർ ജീവനക്കാരുടെ വേതനം അഞ്ച് ശതമാനം വർധിപ്പിക്കും, ഒരു ഗഡു ക്ഷാമബത്ത/ക്ഷാമാശ്വാസം ഏപ്രിൽ മാസത്തിൽ നൽകും എന്നീ പ്രഖ്യാപനങ്ങളുമുണ്ട്. പങ്കാളിത്ത പെൻഷന് പകരം ഉറപ്പായ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിലെ ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. ജീവനക്കാരുടെ വിഹിതം ഈടാക്കിയാകില്ല, മറിച്ച് നിയമപരമായ ഉത്തരവാദിത്തമെന്ന നിലയിലാകും ഇത് നടപ്പിലാക്കുക എന്ന് ഉറപ്പിക്കാനാകണം. സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകിയിരിക്കുന്ന ബജറ്റിൽ അധിക വിഭവ സമാഹരണത്തിനുള്ള നിർദേശങ്ങൾ എല്ലാ വിഭാഗത്തിനും വലിയ ബാധ്യതകൾ വരുത്താതിരിക്കുവാനും ശ്രദ്ധിച്ചിരിക്കുന്നു. ഇതെല്ലാം കൊണ്ടുതന്നെ കേരളത്തിന്റെ ഭാവി വികസനവും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യം വച്ച് മുന്നേറുന്ന സർക്കാരിനുവേണ്ടി യാഥാർത്ഥ്യ ബോധത്തോടെയാണ് ബജറ്റ് തയാറാക്കിയിരിക്കുന്നതെന്ന് സംശയലേശമന്യേ വിലയിരുത്താവുന്നതാണ്. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.