Web Desk

February 08, 2021, 5:00 am

വർഗീയ പ്രചരണത്തിനുള്ള നീക്കം കരുതിയിരിക്കുക

Janayugom Online

സംസ്ഥാനം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും പ്രചരണ വിഷയമാക്കുന്നതിനായി പരസ്പരം മത്സരിക്കുകയാണ് യുഡിഎഫും എൻഡിഎയും. ആഴ്ചകൾക്ക് മുമ്പ് കരട് എന്ന പേരിൽ ചർച്ചയ്ക്കായി പുറത്തിറക്കിയ പ്രകടന പത്രികയിൽ യുഡിഎഫ് ‘ന്യായ്’ എന്നപേരിലുള്ള സഹായപദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിന്റെ പ്രായോഗികത വിമർശന വിധേയമാകുകയും ചെയ്തിരുന്നു. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിവരുന്ന ലൈഫ് പദ്ധതി അവസാനിപ്പിക്കുമെന്ന് ഒരു ഘട്ടത്തിൽ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി ഭരണമുന്നണിക്ക് പുറത്തുള്ള നിഷ്പക്ഷരും ‘ന്യായ്’ പദ്ധതിയുടെ പൊള്ളത്തരം വിളിച്ചുപറ‍ഞ്ഞു.

മുൻകാല തെരഞ്ഞെടുപ്പുകളിൽ നല്കിയ നടപ്പിലാകാത്ത വാഗ്ദാനങ്ങളുടെ പെരുമഴ സമൂഹമാധ്യമങ്ങളിലാകെ ട്രോളുകളായി നിറയുകയും ചെയ്തു. തൊട്ടു മുമ്പുണ്ടായിരുന്ന യുഡിഎഫ് സർക്കാർ നിലവിലുണ്ടായിരുന്ന സാമൂഹ്യ, ക്ഷേമ പദ്ധതികളോട് കാട്ടിയ സമീപനവും ചർച്ചയായി. കൂടാതെ അഞ്ചുവർഷം തികയാൻ പോകുന്ന ഇപ്പോഴത്തെയും മുൻകാലങ്ങളിലെയും എൽഡിഎഫ് സർക്കാരുകൾ വികസന — ക്ഷേമ രംഗങ്ങളിൽ അടയാളപ്പെടുത്തിയ പദ്ധതികളും ജനം ഓർത്തെടുത്തും അനുഭവിച്ചറിഞ്ഞും ചർച്ചാവേദിയിലേക്ക് കൊണ്ടുവന്നു. ബിജെപി നയിക്കുന്ന എൻഡിഎയെ സംബന്ധിച്ച് സംസ്ഥാനത്തിന്റെ വികസന — ക്ഷേമ കാര്യങ്ങൾ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ പോലും അവരുടെ പരിഗണനാ വിഷയമാകാറില്ല.

ജനം അധികാരം നല്കുന്നില്ലെന്നതുകൊണ്ട് അവർക്ക് അതിന്റെ ആവശ്യവുമില്ല. ഭരണനേട്ടം പറയാനാണെങ്കിൽ നരേന്ദ്രമോഡി സർക്കാരിന്റേതാണ് എടുത്തുകാട്ടേണ്ടത്. സാക്ഷരതയിൽ മുന്നിലുള്ള കേരളത്തിൽ അത് വിലപ്പോകില്ലെന്നും തിരിച്ചടിക്കാനാണ് വിഷയങ്ങൾ കൂടുതലെന്നും അവർക്ക് അറിയുകയും ചെയ്യും. അതുകൊണ്ട് എല്ലാ തെരഞ്ഞെടുപ്പുകളിലും മതവും ആചാര വിശ്വാസങ്ങളെയും കുപ്രചരണങ്ങളെയും മുന്നിൽ നിർത്തിയാണ് അവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കാറുണ്ടായിരുന്നത്. ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മതത്തിന്റെയും ആചാരത്തിന്റെയും ഒപ്പം കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സ്വർണക്കള്ളക്കടത്തിന്റെ പേരിൽ മെനഞ്ഞ കള്ളക്കഥകളുമാണ് അവർ പ്രചരണായുധമാക്കിയത്.

എന്നാൽ സ്വർണക്കള്ളക്കടത്ത് നനഞ്ഞ പടക്കമായെന്ന് വ്യക്തമായതോടെ ഇത്തവണയും വർഗീയ — ആചാര വിഷയങ്ങളുമായാണ് എൻഡിഎ ജനങ്ങളെ സമീപിക്കുവാൻ പോകുന്നതെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ആവശ്യം വരുന്ന ഘ­ട്ടങ്ങളിലെല്ലാം വർഗീയതയും വിശ്വാസങ്ങളും ആചാരങ്ങളും ചർച്ചാ വിഷയമാക്കുവാൻ യു­ഡിഎഫും ശ്രമിച്ചുപോന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ അവർക്ക് നേട്ടമുണ്ടാവുകയും ചെയ്തു. പ്രാദേശിക — സംസ്ഥാന വികസനവും ദേശീയ — സംസ്ഥാന രാഷ്ട്രീയവും പ്രധാന ചർച്ചയായ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ വിജയത്തെ മറികടക്കണമെങ്കിൽ മറ്റു വഴികൾ തേടണമെന്ന് യുഡിഎഫിന് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. വികസനവും ക്ഷേമവിഷയങ്ങളും മാത്രം ചർച്ചയ്ക്കു വന്നാൽ ജനങ്ങളിൽനിന്ന് പൂർണമായും ഒറ്റപ്പെടുമെന്നും അവർക്ക് ബോധ്യമുണ്ട്. അത് കേരളത്തിന്റെ കാര്യത്തിൽ മാത്രമല്ല, ദേശീയ വിഷയങ്ങളിലായാലും. ഇപ്പോൾ കേന്ദ്ര ബിജെപി സർക്കാർ നടപ്പിലാക്കുന്ന സാമ്പത്തികനയങ്ങളുടെ മുഴുവൻ ഉറവിടമായി നിന്നത് കോൺഗ്രസിന്റെ മുൻകാല സർക്കാരുകളായിരുന്നു എന്നതുമാത്രമല്ല കാരണം. ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സമരങ്ങളിലോ തങ്ങളുടെതന്നെ പൂർവകാല നേതാക്കൾ സൃഷ്ടിച്ച്, കൊണ്ടുനടന്ന മതേതര മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും സംരക്ഷിച്ചു നിർത്തുന്ന കാര്യത്തിലോ ഫലപ്രദമായി ഇടപെടാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നതും കാരണമാണ്.

ഈ പശ്ചാത്തലത്തിൽ വിശ്വാസങ്ങളെയും മതത്തെയും ഉപയോഗിച്ചുള്ള പ്രീണന ശ്രമത്തിലൂടെ മാത്രമേ പിടിച്ചുനില്ക്കാനെങ്കിലും സാധിക്കൂ എന്ന തിരിച്ചറിവിൽ നിന്നും പരാജയബോധത്തിൽ നിന്നുമാണ് പുതിയ കുതന്ത്രത്തിന് അവർ തയ്യാറാകുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് പുതിയ നിയമ നിർമ്മാണം നടത്തുമെന്നാണ് അവർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. നിയമത്തിന്റെ കരടും അവർ പുറത്തുവിട്ടിട്ടുണ്ട്. അതെന്തുമാകട്ടെ ഇത് വീണ്ടും വിശ്വാസികളെ പറ്റിക്കാനുള്ളതു തന്നെയാണ്. കാരണം ശബരിമലയിൽ സ്ത്രീ പ്രവേശമെന്ന വിഷയം ഉയർന്നുവന്നതുതന്നെ നേരത്തേ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. ഈ വിഷയം ഇപ്പോഴും പരമോന്നത കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ളതുമാണ്. ഭരണഘടനയോട് ബാധ്യതയുള്ളവർക്ക് ആ വിധികളെ മാനിക്കാതിരിക്കാനോ പരിഗണനയിലുള്ള വിഷയത്തിൽ നിയമനിർമ്മാണം നടത്തുവാനോ സാധിക്കില്ല.

അതിനാൽതന്നെ ഇപ്പോഴത്തെ യുഡിഎഫ് നിലപാട് കേവലം വോട്ടു ലക്ഷ്യമാക്കിയുള്ള കുതന്ത്രമാണെന്ന് മലയാളി തിരിച്ചറിയുമെന്നത് വസ്തുതയാണ്. അധികാരത്തിലെത്തില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് സാധ്യമാകാത്ത നിയമനിർമ്മാണമെന്ന പ്രഖ്യാപനം കോൺഗ്രസ് നടത്തിയിരിക്കുന്നത്. ഇത് പക്ഷേ കേരളത്തിന്റെ മതേതര പാരമ്പര്യങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. ജനങ്ങളെ വിശ്വാസത്തിന്റെ പേരിൽ വിഭജിക്കാനും വോട്ടുനേടാനുമുള്ള സംഘപരിവാർ ശ്രമങ്ങളുടെ പിറകേ കോൺഗ്രസും സഞ്ചരിക്കുമ്പോൾ അത് അവർ സ്വയം പണിയുന്ന വാരിക്കുഴിയാകുമെന്ന് ഉറപ്പാണ്. ഇത് പക്ഷേ കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തോടുള്ള വെല്ലുവിളിയും അപകടകരവുമാണ്.