ആത്മപരിശോധനയ്ക്കുള്ള സമയം

Web Desk
Posted on November 22, 2020, 3:13 am

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ആരംഭമോ അവസാനമോ ആകുന്നില്ല. എന്നാൽ അത് രാജ്യത്തിന്റെ നിയതി നിശ്ചയിക്കുന്ന തുടർപോരാട്ടങ്ങളിലെ ചരിത്രപ്രധാനമായ സംഭവമാകുന്നു. പോരാട്ടം, രാജ്യം ജനാധിപത്യ മതേതര വ്യവസ്ഥയിൽ തുടരണമോ അതോ ദിവ്യാധിപത്യ പ്രഭുവർഗ്ഗത്തിന്റെ വാഴ്ചയിലേയ്ക്ക് നിപതിക്കണമോ എന്നതാണ് പ്രശ്നം. പൗരോഹിത്യ കേന്ദ്രീകൃത പ്രഭുവാഴ്ചയുടെ വക്താക്കളായ ബിജെപി ബിഹാറിൽ സാങ്കേതികമായി വിജയിച്ചു. ജനങ്ങളുടെ അസന്തുഷ്ടി പ്രകടമായി നിഴലിച്ചിരുന്ന തെരഞ്ഞെടുപ്പിൽ കേവലം 0.03 ശതമാനം വോട്ടുകളുടെ നേരിയ വ്യത്യാസത്തിലാണ് ബിജെപി സഖ്യത്തിന്റെ വിജയം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ബിജെപിയുടെ വോട്ട് വിഹിതം 12 ശതമാനം ഇടിഞ്ഞു.

മഹാസഖ്യത്തെ നയിച്ച ആർജെഡി 75 സീറ്റുകളുടെ വിജയത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തെരഞ്ഞെടുപ്പ് ബിജെപി, ജെഡിയു സഖ്യത്തിന്റെ ആന്തരിക സംഘർഷങ്ങളെ തെരുവിൽ ഘോഷിച്ചു. എങ്കിലും എൻഡിഎ വിരുദ്ധവോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് തന്ത്രത്തിന്റെ കഴിവും വിളിച്ചറിയിച്ചു. എഐഎംഐഎം, ബിഎസ്‌പി, എസ്ഡിപിഐ തുടങ്ങിയ പാർട്ടികൾ സംഘപരിവാറിന്റെ കുഴലൂത്തുകാരായതും ബിഹാർ തെരഞ്ഞെടുപ്പിൽ കണ്ടു. അവർ രൂപവത്കരിച്ച സഖ്യങ്ങൾ മഹാസഖ്യത്തിന്റെ വിജയത്തിന് നിർണായകയിടങ്ങളിൽ തടസങ്ങളായി. പരസ്പരം പഴിചാരിയെങ്കിലും തീവ്ര മതാശയങ്ങളിൽ കേന്ദ്രീകൃതമായ പാർട്ടികളാകട്ടെ പരസ്പരം സഹായിക്കാൻ മടിച്ചതുമില്ല. ബിഹാർ തെരഞ്ഞെടുപ്പിന്റെ ഗുണപരമായ മാറ്റം അത് ബിഹാർ രാഷ്ട്രീയത്തെ ചലനാത്മകമാക്കി എന്നതാണ്. നാട് നേരിടുന്ന യഥാർഥ പ്രശ്നങ്ങളായ തൊഴിലില്ലായ്മ, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് മുൻഗണന നൽകാൻ മഹാസഖ്യത്തിനായി. വലിയൊരളവ് ജാതീയ സമവാക്യങ്ങൾ ഓരങ്ങളിലേയ്ക്ക് ഒതുങ്ങി.

തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ ആശയങ്ങളുമായാണ് മഹാസഖ്യം ജനങ്ങളെ സമീപിച്ചത്. ഇതിനർത്ഥം ജാതിരാഷ്ട്രീയവും ഉപജാതികളും ബിഹാർ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതായി എന്നതുമല്ല. ബിഹാർ തെരഞ്ഞെടുപ്പിന്റെ ദീർഘകാല പ്രഭാവം കൂടുതൽ വിശകലനത്തിന് വിഷയമാണ്. കേവലം തെരഞ്ഞെടുപ്പ് വിശാരദന്മാർക്കു മാത്രമല്ല, രാഷ്ട്രീയ കക്ഷികൾക്കും. മഹാസംഖ്യം ബിഹാറിന് അനിവാര്യതയാണ്. ആർഎസ്എസ് ചിന്താധാരയിലൂടെയുള്ള ഫാസിസ്റ്റ് കടന്നാക്രമണം മതേതര ഇന്ത്യയുടെ നിലനിൽപ്പുപോലും ചോദ്യം ചെയ്യുന്നു. ഭരണഘടനാ തത്വങ്ങളെ നിരന്തരം ആക്രമിക്കുന്നു. തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾ കവർന്നെടുക്കുന്നു. ദളിതുകൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ തുടങ്ങിയവരുടെ ജീവിതം ദുരിതങ്ങളിലേയ്ക്ക് തള്ളിവി‍ടുന്നു. പാവങ്ങളുടെ ജീവിതവും പരിഗണിക്കണമെന്ന് അധികാരവർഗത്തോട് അലറിവിളിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആത്മനിർഭർ ഭാരതമെന്ന മുദ്രാവാക്യത്തിന്റെ മറവിൽ മൂലധനത്തിന് പാദസേവ ചെയ്ത് സമസ്തമേഖലകളിലും വിദേശനിക്ഷേപങ്ങൾക്ക് ചുവപ്പുപരവതാനി വിരിച്ചിരിക്കുന്നു. അടിച്ചമർത്തപ്പെട്ട സമൂഹങ്ങളോടുള്ള മോഡി സർക്കാരിന്റെ സമീപനത്തിന്റെ പൊയ്‌മുഖം കോവിഡ് ദിനങ്ങളിൽ കൊഴിഞ്ഞുവീണു. ബിഹാറിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളോടുള്ള സമീപനങ്ങളിൽ ഇത് വ്യക്തമായി. ഇത്തരം യാഥാർത്ഥ്യങ്ങളാണ് മഹാസഖ്യത്തെ ശക്തിപ്പെടുത്തുന്നതിന് മുന്നിട്ടിറങ്ങാൻ ഇടതുപക്ഷത്തെ പ്രേരിപ്പിച്ചത്. ഇടതുപക്ഷം മഹാസഖ്യത്തിന് പുതിയൊരു ദിശാബോധം നൽകി.

ഏറ്റെടുത്ത പോരാട്ടത്തിന് വിശ്വാസ്യതയും. ബിഹാറിലെ പോരാട്ടഭുമിയിൽ ഇത് പ്രകടവുമായിരുന്നു. വ്യക്തതയാർന്ന ദിശാബോധവും കൂട്ടായ പോരാട്ടത്തിന്റെ പ്രാധാന്യവും ഉയർത്തി മുന്നണി രാഷ്ട്രീയത്തിന്റെ സങ്കീർണതകൾക്കതീതമായി ഇടതുപാർട്ടികൾ പ്രവർത്തിച്ചു. സിപിഐയാകട്ടെ സീറ്റ് പങ്കുവയ്ക്കുമ്പോൾ പരമാവധി ത്യാഗത്തിനും വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായി. ഇടത് മതേതര ജനാധിപത്യ ശക്തികളുടെ വിശാലമായ ചെറുത്തുനില്പിന്റെ വേദി രൂപപ്പെടേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞതുകൊണ്ടാണിത്. ഇത്തരം ഒരു രാഷ്ട്രീയപാത തുറക്കാൻ മുന്നിട്ടിറങ്ങിയ ആദ്യകക്ഷിയെന്ന നിലയിൽ ത്യാഗം കഠിനമായിരുന്നു. പക്ഷെ, മുഖ്യശത്രു ആരെന്ന് പാർട്ടി തിരിച്ചറിഞ്ഞിരുന്നു. മൗലികമായ ഈ തിരിച്ചറിവിലാണ് രാഷ്ട്രീയയുദ്ധങ്ങളിൽ തന്ത്രങ്ങളും പദ്ധതികളും ഒരുക്കേണ്ടത്. ബിഹാർ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രധാനമായും സിപിഐ, സിപിഐ(എം), സിപിഐ‑എംഎൽ എന്നിവ വെല്ലുവിളികൾക്കൊത്ത് ഉയരുകയും അവരുടെ പങ്ക് പരമാവധി പ്രകടിപ്പിക്കുകയും ചെയ്തു. മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടനം പലയിടങ്ങളിലും വിജയകരമായത് ഇടതുകേഡർമാരുടെ സമർപ്പണഫലമായാണ്. സിപിഐ‑എംഎൽ തെരഞ്ഞെടുപ്പിൽ പ്രശംസനീയ നേട്ടത്തിന് അർഹരായി. സിപിഐ(എം) 50 ശതമാനം വിജയം നേടി.

സിപിഐ 33ശതമാനം വിജയനിരക്കിൽ രണ്ടു സീറ്റുകൾ നേടി. അടിച്ചമർത്തപ്പെട്ടവന്റെ അവകാശങ്ങൾക്കായി പൊരുതാനുറച്ചവർ ബിഹാർ അസംബ്ലിയിൽ സവിശേഷ സാന്നിധ്യമാകും. അതോടൊപ്പം ഈ ഗൗരവതരമായ പോരാട്ടത്തിൽ തങ്ങളുടെ പ്രകടനത്തെക്കുറിച്ച് കൂടുതൽ ആത്മപരിശോധനയും ഇടതുപക്ഷം നടത്തേണ്ടതുണ്ട്. മഹാസഖ്യത്തിലെ രണ്ടാമത്തെ കക്ഷിയായ കോൺഗ്രസ് അതിസൂക്ഷ്മതയോടെ തങ്ങളുടെ പ്രകടനം വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മഹാസഖ്യത്തിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചു അവരുടെ പ്രകടനം. 19 സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. വിലപേശി പിടിച്ചുവാങ്ങിയ 70 സീറ്റുകൾ അവരുടെ കഴിവുകൾക്ക് അതീതമായിരുന്നു. കോൺഗ്രസ് യാഥാർത്ഥ്യബോധം പുലർത്തിയിരുന്നെങ്കിൽ ബിഹാറിലെ ഫലം വ്യത്യസ്തമാകുമായിരുന്നു. ഖേദകരമായത് തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷവും അവരുടെ പ്രതികരണം നിരാശപ്പെടുത്തുന്നു എന്നതാണ്. തകർച്ചയുടെ കാരണം കണ്ടെത്താനോ തിരുത്താനോ ഉള്ള മനോഭാവത്തിലല്ല ഇന്നും കോൺഗ്രസ്. ഉയർന്ന നേതാക്കൾ ബാലിശമായ കാര്യങ്ങളിൽ തർക്കിക്കുന്നു, സന്തോഷം കണ്ടെത്തുന്നു. വർത്തമാന സാഹചര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടാനോ വെല്ലുവിളികളെ നേരിടാൻ വഹിക്കേണ്ട പങ്കാളിത്തം മനസ്സിലാക്കാനോ അവർ പരാജയപ്പെടുന്നു.

സംഘടനാപരമായി മാത്രമല്ല ആശയപരമായും കോൺഗ്രസ് കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. ഗാന്ധികുടുംബത്തിനുള്ളിൽ നിന്നോ പുറത്തുനിന്നോ ഒരാളെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിച്ചാൽ അവസാനിക്കുന്നതല്ല കോൺഗ്രസിലെ പ്രതിസന്ധി. പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ പോലും ജനമനസ്സുകളിൽ നിന്ന് കോൺഗ്രസ് പുറത്തായിരിക്കുന്നു. ദളിതുകൾ, ന്യൂനപക്ഷങ്ങൾ, ദരിദ്രര്‍ തുടങ്ങിയവർക്ക് കോൺഗ്രസിലുള്ള വിശ്വാസം കൈമോശപ്പെട്ടിരിക്കുന്നു. നവ ഉദാരവത്കരണ നയങ്ങളെയും വിദേശ മൂലധനത്തെയും ആശ്ലേഷിച്ച കോൺഗ്രസ് നെഹ്രു-ഗാന്ധി പൈതൃകത്തിൽ നിന്ന് അകന്നു, ജനമനസുകളിൽ നിന്നും. കോൺഗ്രസിന് ജനഹൃദയങ്ങളിലേയ്ക്ക് മടങ്ങിവരണമെങ്കിൽ ആർഎസ്എസ് നയിക്കുന്ന പരിവാർ സംവിധാനങ്ങളോട് ആശയപരമായും രാഷ്ട്രീയമായും പോരാടാൻ കഴിയണം. വർത്തമാന ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായി നെഹ്രുവിയൻ ചിന്താധാരകളെ വീണ്ടെടുക്കണമെന്നും മതേതര ഇന്ത്യ അവരോട് ആവശ്യപ്പെടുന്നുണ്ട്. അന്ധകാരം പൂർണമായും കീഴ്പ്പെടുത്തും മുമ്പേ കണ്ണുതുറക്കാൻ ബിഹാർ തെരഞ്ഞെടുപ്പു ഫലം കോൺഗ്രസിനോട് ആവർത്തിക്കുന്നുമുണ്ട്.