രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, കേരളം, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഡിസംബർ അവസാനവും ഈ മാസം ആദ്യവും രാജസ്ഥാനിലെ ഝലവാർ ജില്ലയിൽ കാക്കകൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.
നൂറോളം കാക്കകൾ ഝലാവാറിലും ബാരനിൽ 72, കോട്ടയിൽ 47, പാലിയിൽ 19, ജയ്പൂർ, ജോധ്പൂർ എന്നിവിടങ്ങളിൽ ഏഴ് വീതവും കാക്കളാണ് പ്രത്യേകതരം രോഗം ബാധിച്ച് ചത്തത്. ജനുവരി അഞ്ചിന് ഹിമാചലിൽ 1700 ലധികം ദേശാടന പക്ഷികൾ ചത്തു. കൻഗ്ര ജില്ലയിലെ പോങ് ജാങ് തടാകത്തിലായിരുന്നു പക്ഷികളുടെ കൂട്ടമരണം നടന്നത്. ഡിസംബർ 23 നും ജനുവരി അഞ്ചിനുമിടയിൽ മധ്യപ്രദേശിൽ നാനൂറോളം കാക്കകളാണ് അസ്വാഭാവിക നിലയിൽ ചത്തൊടുങ്ങിയത്. ഡൽഹിയിലെ ചില സ്ഥലങ്ങളിൽ പക്ഷികൾ ചത്തുപോകുന്ന സ്ഥിതിയുണ്ടായി. ഗജറാത്തിലും ഹരിയാനയിലുമായി ആയിരക്കണക്കിന് പക്ഷികളാണ് ചത്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ കേരളത്തിൽ കോട്ടയം, ആലപ്പുഴ ജില്ലകളിലും താറാവുകളിൽ രോഗബാധ സ്ഥിരീകരിക്കുകയുണ്ടായി. കോട്ടയം, ആലപ്പുഴ ജില്ലകളിലായി ആയിരക്കണക്കിന് താറാവുകൾ ചത്തു.
പക്ഷിപ്പനി കണ്ടെത്തിയ ഉടന്‍തന്നെ സംസ്ഥാനത്ത് സർക്കാർ ഉണർന്ന് പ്രവർത്തിക്കുകയും രോഗവ്യാപനം തടയുന്നതിന് നടപടി കൈക്കൊള്ളുകയും ചെയ്തു. ഇരു ജില്ലകളിലുമായി 26,000 ത്തോളം പക്ഷികളെ നശിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമൊക്കെയാണ് താറാവുകളെയും പക്ഷികളെയും നശിപ്പിക്കേണ്ടിവന്നത്. നശിപ്പിക്കൽ ജോലി അതീവ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും ചെയ്യേണ്ടതായതിനാൽ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് ഇത് നിർവഹിച്ചത്.
പത്ത് അംഗങ്ങൾ വീതമുള്ള 19 ദ്രുതകർമ സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചത്. താറാവുകളെ കൊന്ന് പ്രത്യേക സ്ഥലങ്ങളിൽ വച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരമാണ് നശിപ്പിക്കൽ നടപടി പൂർത്തീകരിക്കുന്നത്. പക്ഷികളെയാണ് ബാധിക്കുന്നതെങ്കിലും കോവിഡിന്റെ ആഘാതത്തിൽനിന്ന് പൂർണമായും കരകയറിയിട്ടില്ലാത്ത ഘട്ടത്തിൽ ഇത്തരമൊരു രോഗവ്യാപനം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പക്ഷികളില്‍ നിന്നും ബാധിക്കുന്ന ഒരു സാംക്രമിക വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ. പക്ഷികളില്‍ നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുളളത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് സാധാരണഗതിയില്‍ പകരാറില്ല. എങ്കിലും ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിയുന്ന രീതിയില്‍ വൈറസിനു രൂപഭേദം സംഭവിക്കാമെന്നും അങ്ങനെ മനുഷ്യരിലേക്ക് രോഗം വന്നാല്‍ ഗുരുതരമായേക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതുകൊണ്ടാണ് കുട്ടനാടൻ മേഖലയിലെ താറാവുകളിൽ രോഗബാധ സ്ഥിരീകരിച്ച ഉടൻ ആരോഗ്യവകുപ്പ് ജാഗ്രതാനിർദ്ദേശം നല്കിയതും അനന്തര നടപടികൾക്കായി മൃഗസംരക്ഷണം, ആരോഗ്യം, പൊലീസ്, തദ്ദേശം വകുപ്പുകളുടെ സംയുക്ത സംഘത്തെ നിയോഗിച്ചതും. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്ത് രോഗം പടരാനുള്ള സാധ്യത തടയാൻ സാധിച്ചിട്ടുണ്ട്. എങ്കിലും രാജ്യത്ത് മറ്റ് പല സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമാണെന്ന് പറയാവുന്ന സാഹചര്യമല്ല ഉള്ളത്. അതുകൊണ്ടുതന്നെ പടരാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് നിഗമനം.
കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപ്പക്ഷികള്‍ തുടങ്ങി എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം. അതിനാല്‍ ഇവയുമായി അടുത്ത് ഇടപഴകുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് അധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്. വിവിധ വകുപ്പുകൾ ചേർന്നുള്ള നിരീക്ഷണവും സംസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് നാശനഷ്ടമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന വനം — മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടും അതിന്റേതായ ഗൗരവത്തോടെ ഇതിനെ സമീപിക്കുന്നുവോ എന്ന സംശയം സ്വാഭാവികമായി ഉയരുന്നുണ്ട്. ഡിസംബർ 23 നുതന്നെ ആദ്യ സ്ഥിരീകരണമുണ്ടായതാണ്. എന്നാൽ രണ്ടാഴ്ചയോളം കഴിഞ്ഞാണ് പക്ഷിപ്പനി സ്ഥിരീകരിച്ച കേരളം, ഹരിയാന, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയയ്ക്കുന്നത്.
ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പക്ഷിപ്പനിയെന്ന് സംശയിക്കാവുന്ന സാഹചര്യങ്ങളിൽ കാക്കകളും മറ്റ് പക്ഷികളും ചത്തുപോകുകയുണ്ടായി. ഇതിന്റെ പരിശോധനാ റിപ്പോർട്ട് വരാനിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചാണെങ്കിൽ പക്ഷിപ്പനിയെ തുടർന്ന് താറാവുകളെ കൊന്നൊടുക്കേണ്ടിവന്നതിലൂടെ ആയിരക്കണക്കിന് കർഷകരുടെ ജീവിതോപാധിയാണ് ഇല്ലാതായിട്ടുള്ളത്. അതുകൊണ്ട് ഉപദേശ നിർദ്ദേശങ്ങൾക്കൊപ്പം കോഴി, താറാവു പോലുള്ള ജീവിതോപാധികൾ നഷ്ടപ്പെടുന്നവർക്ക് മതിയായ ധനസഹായം നല്‍കുന്നതിനുള്ള പദ്ധതികളും കേന്ദ്രസർക്കാരിൽ നിന്നുണ്ടാകണം.