22 April 2024, Monday

ഏകാധിപത്യ പ്രവണതയുടെ പ്രതിഫലനങ്ങള്‍

Janayugom Webdesk
September 18, 2021 4:00 am

ത്തര്‍പ്രദേശ് പോലെ അഭിമാനമായി കരുതുന്ന സംസ്ഥാനത്തുള്‍പ്പെടെ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ബിജെപിയുടെ മനസ് വല്ലാതെ പതറുന്നുണ്ടെന്നാണ് നരേന്ദ്ര മോഡി — ആദിത്യനാഥ് സര്‍ക്കാരുകളുടെ നടപടികള്‍ ബോധ്യപ്പെടുത്തുന്നത്. വിമര്‍ശകരെയും പ്രതിപക്ഷ പാര്‍ട്ടിപ്രവര്‍ത്തകരെയും പൂട്ടാനുള്ള ശ്രമങ്ങള്‍ക്കും വര്‍ഗീയത ആളിക്കത്തിക്കാനുള്ള അന്തപ്പുര തീരുമാനങ്ങള്‍ക്കും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അജണ്ട അതാണ്. രണ്ട് പ്രമുഖ ബിജെപി വിരുദ്ധ മാധ്യമങ്ങളായ ന്യൂസ്‌ക്ലിക്ക്, ന്യൂസ് ലോണ്‍ഡ്രി എന്നിവയെയും ഹര്‍ഷ് മന്ദര്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനെയും ലക്ഷ്യം വച്ച് നടന്ന റെയ്ഡുകള്‍ എന്ന പ്രഹസനം അതിന്റെ ഭാഗമാണ്. എളുപ്പത്തില്‍ ജയിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന ആദിത്യനാഥിന്റെ ഭരണത്തിന്റെ തുടര്‍ച്ച തുലാസില്‍ ആടുന്ന സ്ഥിതിയാണ് യുപിയില്‍. അതുകൊണ്ട് ഇവിടെ പ്രതീക്ഷ നഷ്ടപ്പെട്ട ആദിത്യനാഥിന്റെ കാര്‍മികത്വത്തില്‍ പ്രതിപക്ഷമെന്ന് തോന്നുന്ന എല്ലാ പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ ചുമത്തിയും മറ്റുമാണ് നിശബ്ദമാക്കുന്നതിന് ശ്രമിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ന്യൂസ്‌ക്ലിക്കിന്റെ ഓഫീസിലും മുഖ്യപത്രാധിപര്‍ പ്രബീര്‍ പുര്‍കയസ്തയുടെ വീട്ടിലും മറ്റും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇഡി) ന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയിരുന്നു.

അതുസംബന്ധിച്ച അന്വേഷണം തുടരുന്നതിനിടയിലാണ് ഇപ്പോള്‍ ആദായനികുതി വകുപ്പി(ഐടി)ന്റെ പേരിലുള്ള പരിശോധനകള്‍ രണ്ട് മാധ്യമ സ്ഥാപനങ്ങളില്‍ നടന്നിരിക്കുന്നത്. ഇഡിയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ആവശ്യപ്പെട്ട എല്ലാ രേഖകളും റെയ്ഡ് നടന്ന ദിവസവും തുടര്‍ന്നും സമര്‍പ്പിച്ചിരുന്നു. ജൂണില്‍ ഐടി വകുപ്പ് പ്രബീറിനെയും മറ്റും വിളിച്ച് സംസാരിക്കുകയും ആവശ്യപ്പെട്ട രേഖകള്‍ നല്കുകയും ചെയ്തിരുന്നതുമാണ്. അതിനുശേഷമാണ് ഇരു മാധ്യമസ്ഥാപനങ്ങളിലും ഉച്ച മുതല്‍ അര്‍ധരാത്രിവരെ നീണ്ട പരിശോധന നടത്തിയത്. തുടര്‍ച്ചയായ അന്വേഷണവും റെയ്ഡുകളും ബിജെപിക്കെതിരായ വാര്‍ത്തകള്‍ നിരന്തരം പ്രസിദ്ധീകരിക്കുകയും നിരുത്തരവാദപരമായ സമീപനങ്ങളും പൊള്ളയായ അവകാശവാദങ്ങളും തുറന്നുകാട്ടുകയും ചെയ്യുന്നതിന്റെ അനന്തര ഫലമാണെന്നാണ് വിവക്ഷിക്കേണ്ടത്. ഹര്‍ഷ് മന്ദറിന്റെ വീട്ടിലും ബന്ധമുള്ള സ്ഥാപനങ്ങളിലും അദ്ദേഹം വീട്ടിലില്ലെന്ന് ഉറപ്പാക്കിയാണ് റെയ്ഡ് നടത്തിയത്. ഒമ്പതുമാസത്തേയ്ക്ക് ഭാര്യക്കൊപ്പം ജര്‍മ്മനിയിലേയ്ക്ക് യാത്ര പുറപ്പെട്ടുകഴിഞ്ഞ ഉടനെയാണ് സംഘം പരിശോധനയ്ക്കെത്തിയത്. പഴയചില കേസുകള്‍ കുത്തിപ്പൊക്കിയാണ് ഇപ്പോള്‍ ഹര്‍ഷ് മന്ദറിനെതിരെ അനധികൃത പണമിടപാട് എന്നൊക്കെയുള്ള പേരു പറഞ്ഞ് പരിശോധനയും അന്വേഷണവും ആരംഭിച്ചിരിക്കുന്നത്.

 


ഇതുകൂടി വായിക്കു: തെരഞ്ഞെടുപ്പ് ഭയംമൂലം ആദിത്യനാഥ് പ്രതിപക്ഷ നേതാക്കൾക്കെതിരെ തുടരെ കേസെടുക്കുന്നു


ഉത്തര്‍പ്രദേശില്‍ ഓഗസ്റ്റ് 27നും സെപ്റ്റംബര്‍ ഒമ്പതിനുമിടയില്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ആറ് കേസുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥൻ അമിതാഭ് താക്കൂറിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഓഗസ്റ്റ് 27 ന് കേസെടുത്തത്. ഓഗസ്റ്റ് 30 ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള 17 എഎപി പ്രവര്‍ത്തകര്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന പേരിലും സെപ്റ്റംബര്‍ ഒമ്പതിന് മുന്‍ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയും എഐഎംഐഎം നേതാവ് അസസുദ്ദീന്‍ ഒവൈസിക്കെതിരെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന പേരിലുമാണ് കേസെടുത്തത്. സമാജ്‌വാദി പാര്‍ട്ടിനേതാക്കളെ അറസ്റ്റ് ചെയ്യുകയും നൂറോളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ കേസെടുത്തതും കഴിഞ്ഞ മാസങ്ങളിലായിരുന്നു. സമൂഹമാധ്യമങ്ങളിലെ പരാമര്‍ശങ്ങളുടെയും ട്വീറ്റുകളുടെയുമൊക്കെ പേരുകളില്‍ കഴിഞ്ഞ ആറുമാസത്തിനിടെ പൊലീസ് കേസുകളില്‍ പ്രതികളായവരാണ് രാഹുല്‍ഗാന്ധി, അഖിലേഷ് യാദവ്, സഞ്ജയ് ചൗധരി (ആര്‍എല്‍ഡി) തുടങ്ങിയ നേതാക്കള്‍. വികസനമോ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളോ അജണ്ടയായി അവതരിപ്പിക്കുവാനില്ലെന്ന സാഹചര്യവും പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ആദിത്യനാഥ് വിരുദ്ധ പ്രചരണ പ്രവര്‍ത്തനങ്ങളും കോവിഡ് മഹാമാരിയുടെ കാലത്തുണ്ടായ ഗുരുതരമായ വീഴ്ചകള്‍ തുറന്നുകാട്ടപ്പെട്ടതും തിരിച്ചടിക്കുമെന്ന് തിരിച്ചറിഞ്ഞാണ് യുപിയില്‍ സര്‍ക്കാര്‍ ഇത്തരം പ്രതികാര നടപടികള്‍ ശക്തിപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം വിഷം വമിപ്പിക്കുന്ന വിദ്വേഷ പ്രചരണത്തിലൂടെ സാമുദായിക ധ്രുവീകരണ ശ്രമങ്ങളും ശക്തിപ്പെടുത്തി.

 


ഇതുകൂടി വായിക്കു:സ്ത്രീകളെ കാളയോടും പോത്തിനോടും സാമ്യപ്പെടുത്തി ആദിത്യനാഥ്: പ്രതിഷേധം ശക്തം


യുപിയില്‍ മാത്രമല്ല അടുത്തവര്‍ഷം അവസാനം ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബിജെപിയെ സംബന്ധിച്ച് അവിടെയും ശുഭകരമായ വാര്‍ത്തകളില്ല. അതുകൊണ്ടാണല്ലോ മുഖ്യമന്ത്രിയെ മാറ്റി പ്രതിഷ്ഠിച്ചത്. എന്നിട്ടും ബിജെപിക്കകത്തുള്ള വിഭാഗീയത അവസാനിക്കുന്ന ലക്ഷണമില്ലെന്നു മാത്രമല്ല പുതിയ വിമതനീക്കങ്ങള്‍ ഉണ്ടായിരിക്കുകയുമാണ്. ഇതെല്ലാംകൊണ്ടുതന്നെ വിമര്‍ശനങ്ങളെയും എതിരാളികളെയും നിശബ്ദമാക്കുവാനും നിയമക്കുരുക്കുകളില്‍പ്പെടുത്തുവാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വീണ്ടും മാധ്യമ — പ്രതിപക്ഷവേട്ട ശക്തിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിച്ചുള്ള ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ ഉള്‍പ്പെടെ മുമ്പും നാം കണ്ടിട്ടുള്ളതാണ്. ഇപ്പോള്‍ കാണുന്ന ഈ ചെയ്തികളെല്ലാം തെരഞ്ഞെടുപ്പുകള്‍ പേടിസ്വപ്നങ്ങളായി മാറുമ്പോള്‍ സംജാതമാകുന്ന ഏകാധിപത്യ പ്രവണതയുടെ പ്രതിഫലനങ്ങള്‍ കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.