Tuesday
19 Mar 2019

പിരിച്ചുവിടല്‍ ഭീഷണി വിലകുറഞ്ഞ രാഷ്ട്രീയ സ്റ്റണ്ട്

By: Web Desk | Monday 7 January 2019 9:43 PM IST


കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭയില്‍ ആവശ്യം ഉന്നയിച്ചു. കേന്ദ്ര ടെക്‌സ്റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കും കായിക-യുവജനക്ഷേമ മന്ത്രി രാജ്യവര്‍ധന്‍സിങ് റാത്തോഡിനും പിന്നാലെയാണ് ദുബെ ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലെ ബിജെപി നേതൃത്വം ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയും സംസ്ഥാനത്തെ ‘അക്രമസംഭവങ്ങളെ’പ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ബിജെപി നിലപാടുകളുടെ ചുവടുപിടിച്ചുള്ള പ്രതികരണങ്ങളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പേരില്‍ പുറത്തുവരുന്ന പ്രസ്താവനകളും. തങ്ങളുടെ കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധമായി ശബരിമലയില്‍ ആര്‍ത്തവപ്രായക്കാരായ സ്ത്രീകള്‍ പ്രവേശിച്ചത് ബിജെപി-സംഘപരിവാര്‍ വൃത്തങ്ങളെയും എന്‍എസ്എസ് നേതൃത്വമടക്കം പല യാഥാസ്ഥിതിക കേന്ദ്രങ്ങളെയും തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. അക്രമകാരികളായ തങ്ങളുടെ അണികളെ ഇളക്കിവിട്ട് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്ത് അരാചകത്വം സൃഷ്ടിക്കാനാണ് അവര്‍ മുതിര്‍ന്നത്. അക്രമികളെ കാര്‍ക്കശ്യത്തോടെ നേരിടാനും കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും ഭരണകൂടവും പൊലീസും മുതിര്‍ന്നതോടെ ക്രമസമാധാന തകര്‍ച്ചയുടെ ഉത്തരവാദിത്വം സര്‍ക്കാരിന്റെ തലയില്‍ കെട്ടിയേല്‍പിച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നത്. അക്രമത്തിന് ആരാണ് തുടക്കം കുറിച്ചതെന്നും ആരാണ് അത് തുടരുന്നതെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ആസൂത്രിത ശ്രമം നടന്നതോടെ അക്രമികളെയും അക്രമികള്‍ക്കുവേണ്ടി ന്യായവാദവുമായി എത്തുന്ന സംഘ്പരിവാര്‍ നേതാക്കളെയും തുറന്നുകാട്ടാന്‍ മാധ്യമങ്ങളും തയാറായി. രാഷ്ട്രീയമായ ഈ ഒറ്റപ്പെടലിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാട്ടി ശക്തമായ ജനപിന്തുണയോടെ ഭരണനിര്‍വഹണം നടത്തുന്ന എല്‍ഡിഎഫ് ഗവണ്‍മെന്റിനെ ഭയപ്പെടുത്താമെന്ന വ്യാമോഹവുമായി ബിജെപി നീക്കം.

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നതിനെ തുടര്‍ന്ന് തീര്‍ഥാടന പാതയിലും സന്നിധാനത്തും അക്രമം അഴിച്ചുവിടാനും ശബരിമലയെ കലാപ ഭൂമിയാക്കാനും ബോധപൂര്‍വമായ ശ്രമമാണ് ആര്‍എസ്എസ്-സംഘ്പരിവാര്‍ വൃത്തങ്ങള്‍ നടത്തിയത്. സര്‍ക്കാരും പൊലീസും തികഞ്ഞ ആത്മസംയമനത്തോടെയും വിട്ടുവീഴ്ചാ മനോഭാവത്തോടെയുമാണ് അത്തരം പ്രകോപനങ്ങളെ ഓരോന്നിനെയും നേരിട്ടത്. ബലപ്രയോഗത്തിലൂടെ സ്ത്രീപ്രവേശനം സാധ്യമാക്കുന്നതിന് പകരം സംഘര്‍ഷം ഒഴിവാക്കുന്നതിന് വനിതാ തീര്‍ത്ഥാടകരെ പിന്തിരിപ്പിക്കുന്ന സമീപനമാണ് പൊലീസ് അവലംബിച്ചത്. എന്നാല്‍ സംഘര്‍ഷം കൂടാതെ യുവതികള്‍ ദര്‍ശനം നടത്തി സുപ്രിം കോടതി വിധി നടപ്പായതോടെ അതിനെ ‘കൊലച്ചതിയായി’ ചിത്രീകരിച്ച് അക്രമത്തിന് ആഹ്വാനം നല്‍കിയത് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയാണ്. തുടര്‍ന്ന് സംസ്ഥാനത്ത് ഉടനീളം അരങ്ങേറിയ അക്രമ പരമ്പരകളില്‍ അറിയപ്പെടുന്ന ആര്‍എസ്എസ്-ബിജെപി-സംഘ്പരിവാര്‍ ഗുണ്ടകളാണ് അഴിഞ്ഞാടിയത്. അവയ്ക്ക് ദൃശ്യങ്ങളടക്കം വ്യക്തമായ സാക്ഷ്യങ്ങള്‍ ലഭ്യമാണ്. സംസ്ഥാനത്തുടനീളം ഇടതുപക്ഷ പാര്‍ട്ടി ഓഫീസുകള്‍, മാധ്യമസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ഇടതുപക്ഷ പ്രവര്‍ത്തകരുടെ വീടുകള്‍ എന്നിവ അക്രമത്തിന് ഇരയായി. വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെയും വ്യാപകമായി ആക്രമണം നടന്നു. കോടാനു കോടി രൂപയുടെ നാശനഷ്ടം കെഎസ്ആര്‍ടിസിയടക്കം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്വത്തുവകകള്‍ക്കും ഉണ്ടായി. ശബരിമല പ്രശ്‌നത്തെ വര്‍ഗീയ കലാപമാക്കി വളര്‍ത്താനും സംഘ്പരിവാര്‍ ശ്രമം നടന്നു. എന്നിട്ടും അക്രമത്തിനു നേതൃത്വം കൊടുത്തവര്‍ തന്നെ ക്രമസമാധാന തകര്‍ച്ചയെപ്പറ്റി വിളിച്ചുകൂവുന്നത് പരിഹാസ്യമായ വിരോധാഭാസമാണ്. അക്രമത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് എന്നത് സംഘ്പരിവാറിന്റെ പതിവു ഫാസിസ്റ്റ് രീതിയാണ്. കലാപങ്ങളും ആള്‍ക്കൂട്ടക്കൊലപാതകങ്ങളും രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കി മാറ്റിയവരാണ് അവര്‍. സമാധാന കാംക്ഷികളും നിരപരാധികളുമായ ആയിരങ്ങളുടെ ചോരയൊഴുക്കിയും ജീവനെടുത്തുമാണ് ബിജെപി അധികാരം കയ്യാളുന്നത്. കേരളത്തിലും ആ മാര്‍ഗം പ്രയോഗിക്കാനുള്ള ശ്രമമാണ് ശബരിമലയുടെ പേരില്‍ അവര്‍ പയറ്റിനോക്കുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ട ഒന്നാണ് ഭരണഘടനയുടെ 356-ാം അനുഛേദം. കോണ്‍ഗ്രസും ബിജെപിയും അതില്‍ ഒരുപോലെ പങ്കാളികളായിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യം അത്തരം ദുരുപയോഗത്തിന് യഥേഷ്ടം വഴങ്ങിക്കൊടുക്കാന്‍ വിസമ്മതിക്കുംവിധം ഏറെ മുന്നോട്ടുപോയിരിക്കുന്നു. അരുണാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും ദുര്‍ബലമായ ഗവണ്‍മെന്റുകളെ പോലും പിരിച്ചുവിട്ട കേന്ദ്ര നടപടികള്‍ നീതിപീഠം തിരുത്തിയ ചരിത്രം ബിജെപി വിസ്മരിക്കരുത്. കേരളം പോലെ വ്യക്തമായ ഭൂരിപക്ഷവും ജനപിന്തുണയുമുള്ള ഗവണ്‍മെന്റുകളെ പിരിച്ചുവിടാമെന്ന ഭീഷണി കേവലം രാഷ്ട്രീയ സ്റ്റണ്ടിനപ്പുറം മറ്റൊന്നുമല്ലെന്ന് സാമാന്യ ബുദ്ധിയുള്ള മലയാളി തിരിച്ചറിയുന്നു.