Web Desk

July 04, 2021, 4:00 am

ജനകീയ പ്രക്ഷോഭങ്ങളുടെയും രാഷ്ട്രീയ സംവാദത്തിന്റെയും സമയം

Janayugom Online

രാഷ്ട്രീയ നിരീക്ഷകരും നയോപായവിശാരദരും 2024ൽ നടക്കാനിരിക്കുന്ന നിർണായക രാഷ്ട്രീയ യുദ്ധത്തിനായി കോപ്പുകൂട്ടിതുടങ്ങിയിരിക്കുന്നു. പ്രവൃത്തിപരവും സൈദ്ധാന്തികവുമായ യുദ്ധതന്ത്രങ്ങൾ അവർ ആവിഷ്കരിച്ചു തുടങ്ങിയിരിക്കുന്നു. പ്രതിഫലം വാങ്ങിയും അല്ലാതെയുമുള്ള ഇക്കൂട്ടരുടെ സേവനം പാർട്ടികളുടെ, പ്രത്യേകിച്ച് വലതുപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയവും സംഘടനാപരവുമായ വിന്യാസത്തിലേക്ക് കടന്നുകയറിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ ഗുരുതരമായ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. പണക്കൊഴുപ്പും അതിസമ്പന്നരുമാണ് ഇപ്പോൾ തെരഞ്ഞെടുപ്പു പ്രക്രിയയുടെ കടിഞ്ഞാൺ വാഹകർ. ഇവരെല്ലാം ചേർന്ന് സ്വതന്ത്രവും സത്യസന്ധവുമാകേണ്ട തെരഞ്ഞെടുപ്പു പ്രക്രിയയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും ഉത്ക്കണ്ഠയുള്ളവരാണ്.
ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി തെരഞ്ഞെടുപ്പിനെ കള്ളപ്പണവും അധാർമ്മിക ചെയ്തികളും നിറയുന്ന ഒരു മഹോത്സവമാക്കിയിരിക്കുന്നു. ഇക്കാര്യത്തിൽ അവര്‍ ഇതര ബൂർഷ്വാ പാർട്ടികളെ കാതങ്ങൾ കടത്തി വെട്ടിയിരിക്കുന്നു. വ്യത്യസ്തമായൊരു പാർട്ടി എന്ന അവരുടെ അവകാശം അകക്കാമ്പിൽ തന്നെ വഞ്ചനയാണ്. ദുഷ്ടതയും കുടിലതയും ചേരുന്ന തന്ത്രങ്ങളുടെ ആവനാഴിയുമായി ബിജെപി തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിൽ മുൻപിലാണ്. വാസ്തവത്തിൽ 2019ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ 2024ലെ തെരഞ്ഞെടുപ്പിനായി അവർ പ്രവർത്തനം തുടങ്ങിയിരുന്നു. വിണ്ടുമൊരു വിജയത്തിനായി സംഘപരിവാർ പ്രാഥമിക തന്ത്രങ്ങൾ മെനഞ്ഞു, പ്രവർത്തകരെ സജ്ജരാക്കി. ഫാസിസത്തിന്റെ കുപ്രസിദ്ധ ആയുധപ്പുരയിൽ നിന്ന് ഫാസിസ്റ്റ് ആശയങ്ങളുടെ ഭാരതീയ ദർശനത്തിനുതകുന്ന ആയുധങ്ങൾ കടംകൊണ്ടു. വംശീയാഭിമാനവും മൂലധനത്തോടുള്ള വിധേയത്വവും അവരെ നയിക്കുന്ന തത്വങ്ങളായി. ഹിറ്റ്ലറുടെ ആശയങ്ങൾക്ക് ഇന്ത്യൻ രുചിഭേദം നൽകുക മാത്രമാണ് അവർ ചെയ്യുന്നത്. 

കോവിഡ് മഹാമാരി അവരണിഞ്ഞ ഈ മുഖംമൂടി തുറന്നു കാട്ടി. സംഘപരിവാറും അവർ നിയന്ത്രിക്കുന്ന സർക്കാരും അവസാനിക്കാത്ത ദുരിതങ്ങളിൽ നിന്നും തുടരുന്ന മരണത്തിൽ നിന്നും ജനങ്ങൾക്ക് മോചനവഴി തുറന്നതുമില്ല. സമ്പന്ന പക്ഷം ചേർന്നുള്ള അവരുടെ സാമ്പത്തിക നയങ്ങൾ സാധാരണക്കാരുടെ ജീവിതം തകർത്തു. സമ്പദ്ഘടനയുടെ സ്ഥിരതയ്ക്കായി അവർ കൊണ്ടുവന്ന സാമ്പത്തിക പദ്ധതികളെല്ലാം പൊള്ളയായിരുന്നു. കോവിഡ് മഹാമാരിയെ നേരിടാൻ തന്ത്രങ്ങളൊരുക്കാൻ സർക്കാരിനായില്ല. നാലുലക്ഷത്തിലധികം ആളുകൾ മരിച്ചുവീണു. സർക്കാരിന്റെ പൊള്ളത്തരവും പിടിപ്പുകേടും ഗംഗയിലൊഴുകിയ മൃതദേഹങ്ങൾ വിളിച്ചുപറഞ്ഞു. രാജ്യത്ത് ചീർത്ത രാഷ്ട്രീയ സാമൂഹ്യ പ്രതിസന്ധി പ്രധാനമന്ത്രിയുടെ അമിതവാചാടോപംകലർന്ന ചെയ്തികളിൽ പരിഹരിക്കപ്പെട്ടില്ല. ജനങ്ങളുടെ അതൃപ്തി വർധിച്ചുകൊണ്ടേയിരുന്നു. കേരളം, തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്ക് അർഹമായ മറുപടി നൽകി. ജനങ്ങളുടെ വികാരം വ്യക്തമായിരുന്നു. അവർ മാറ്റം ആഗ്രഹിക്കുന്നു. ഉചിതമായ ഇതരമാർഗ്ഗം തെളിഞ്ഞാൽ അവർ അത് തെരഞ്ഞെടുക്കും. എന്നാൽ രാജ്യത്ത് വ്യക്തമായി രൂപപ്പെട്ടൊരു മറുവഴി ഇനിയും പ്രകടമല്ല. പക്ഷെ ജനങ്ങൾക്ക് ദീർഘകാലം കാത്തിരിക്കാനാവില്ല. പ്രതിസന്ധിക്ക് ആഴമേറുംതോറും മാറ്റവും അനിവാര്യമാകുന്നു. ബോധ്യപ്പെടുന്നതും വിശ്വസിക്കാവുന്നതുമായ മറുവഴിയുടെ സാധ്യത പൊതുവായ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്. ആർഎസ്എസ് നയിക്കുന്ന ഫാസിസ്റ്റ് ശക്തികളുമായി പോരാടാനും പരാജയപ്പെടുത്താനും ഇതിനാകും. ഇങ്ങനെയൊന്ന് രൂപപ്പെട്ടുവരുന്നതു വരെ കാത്തിരിക്കാൻ രാജ്യത്തിനാകില്ല. ഇത്തരം പശ്ചാത്തലത്തിലാണ് വിവിധങ്ങളായ വഴികൾ തേടുന്നത്. 2015ൽ തന്നെ സിപിഐ ജനാധിപത്യ, മതേതര, ഇടതുശക്തികളുടെ വിശാലവേദിയുടെ രൂപീകരണത്തിനായി ആഹ്വാനം ചെയ്തിരുന്നു. ഇത്തരമൊരു വിശാലവേദിയുടെ പ്രസക്തി ഇപ്പോൾ കൂടുതലായി വർധിച്ചിരിക്കുന്നു. 

കർഷകരുടെയും തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും വനിതകളുടെയും ദളിതുകളുടെയും തുടങ്ങി വിവിധങ്ങളായ പോരാട്ടങ്ങളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന സിപിഐയും ഇടതുപക്ഷവും വിശാലവേദിയുടെ രൂപീകരണം ഉള്ളിൽപേറിയാണ് മുന്നോട്ടുനീങ്ങുന്നത്. രാജ്യത്തിന്റെ സങ്കീർണമായ രാഷ്ട്രീയഘടനയിൽ ഇത്തരമൊരു സാധ്യത എളുപ്പവുമല്ല. രാഷ്ട്രീയവും അരാഷ്ട്രീയവുമായ ശക്തികളുൾപ്പെടെ വിവിധങ്ങളായ ശക്തികൾ ഇക്കാര്യത്തിൽ അവരുടേതായ ആശയങ്ങളുമായി മുന്നോട്ടു വന്നിട്ടുമുണ്ട്. 

രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ ഭാഗമായുള്ള ഇത്തരം തുടക്കങ്ങൾ വൈവിധ്യമാർന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന ഭാരതത്തിന്റെ പശ്ചാത്തലത്തിൽ സങ്കീർണവും കൂടിക്കുഴഞ്ഞതുമാണ്. ചില തുടക്കങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടും പരിപൂർണമായ സമർപ്പണവും ആവശ്യമാണ്. എന്നാൽ പാതിവഴിയിൽ ഉപേക്ഷിച്ചുപോകുന്നവരുമുണ്ട്. പക്ഷെ ഭാരതത്തിന്റെ ഉണ്മ ജനാധിപത്യ, മതേതര, ഇടതുശക്തികളോട് ജനങ്ങൾക്ക് പ്രതീക്ഷയർപ്പിക്കാവുന്ന ഒരു മറുവഴിക്കായി ആവശ്യപ്പെടുന്നു. ആർഎസ്എസ്-ബിജെപി തീവ്ര വലതുശക്തികൾ 2024 ല്‍ വരാനിരിക്കുന്ന നിർണായകമായ തെരഞ്ഞെടുപ്പ് യുദ്ധത്തിനായി സർവകോപ്പും കൂട്ടുമ്പോൾ നിരാശയുടെ കാർമേഘം ജനതയെ പൊതിയുകയാണ്. വിശാലമായ പൊതുവേദിക്കായുള്ള ആശയവിനിമയങ്ങൾക്ക് പ്രസക്തിയേറുകയാണ്. ഇതിനായുള്ള തുടക്കങ്ങളിൽ കരുത്തും പോരായ്മയും പ്രകടമായേക്കാം. രാഷ്ട്രമഞ്ച് വിളിച്ചുചേർത്ത യോഗത്തെ സിപിഐ സമീപിച്ചതും ഇത്തരം ധാരണയിലാണ്. ആവശ്യമായ കൂടിയോലോചനകൾക്ക് ശേഷം രാഷ്ട്രമ‍ഞ്ചിന്റെ ക്ഷണം സ്വീകരിച്ചു. സിപിഐ രാഷ്ട്രമഞ്ചിന്റെ ഭാഗമല്ല. ഇക്കാര്യം യോഗത്തിലും വ്യക്തമാക്കിയിരുന്നു. നിരീക്ഷകരെന്ന നിലയിൽ പങ്കെടുക്കുമ്പോഴും പാർട്ടിയുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങൾക്കായി ഒന്നിച്ചു പോരാടേണ്ടതിന്റെ അനിവാര്യതയിൽ ഊന്നി. രാഷ്ട്രീയവും അരാഷ്ട്രീയവുമായ വിവിധങ്ങളായ ശക്തികളെ ഒരുമിച്ചുകൂട്ടുന്നതിന്റെ മറ്റൊരു തുടക്കമായി ഇതിനെ കാണാം. വരും ദിനങ്ങളിൽ ആശയങ്ങളും ധാരണകളും പങ്കുവച്ചുള്ള ഇത്തരം തുടക്കങ്ങൾ ആവർത്തിക്കും. ജനകീയ പോരാട്ടങ്ങളെ ശക്തിപ്പെടുത്തുകയാണ് ഇടതുപക്ഷത്തിന്റെ പ്രധാന വിഷയം. ഇക്കാര്യത്തിലുള്ള മുന്നേറ്റത്തിലാണവർ. ജനകീയ മുന്നേറ്റങ്ങൾ രാഷ്ട്രീയ സംവാദങ്ങൾക്ക് വഴിയൊരുക്കും. ഇന്നിന്റെ ആവശ്യവുമാണിത്.