January 27, 2023 Friday

നഖശിഖാന്തം എതിര്‍ക്കപ്പെടേണ്ട സ്ത്രീവിരുദ്ധ കിരാതവാഴ്ച

Janayugom Webdesk
November 18, 2020 3:00 am

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളുടെയും ഞെട്ടിപ്പിക്കുന്ന അരുംകൊലകളുടെയും തലസ്ഥാനമായി മാറുകയാണ് ഇന്ത്യ. അങ്ങനെ വിശ്വസിക്കാന്‍ സാമാന്യബോധമുള്ള ആരെയും നിര്‍ബന്ധിതമാക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കാണാതായ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കരളും ശ്വാസകോശവും നീക്കം ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റവാളികളില്‍ ഒരാളുടെ ഉറ്റബന്ധുക്കളായ ദമ്പതിമാര്‍ക്ക് കുട്ടികളുണ്ടാവാന്‍ കരള്‍ ഭക്ഷണമാക്കാനായിരുന്നുവത്രെ ക്രൂരകൃത്യം. സംസ്ഥാനത്തെ ബസ്തി ജില്ലയില്‍ കാണാതായ ദളിത് ബാലികയും ക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയായിരുന്നു. രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടും പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ചെയ്യാന്‍‍ പൊലീസ്‍ വിസമ്മതിച്ചു. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ പന്ത്രണ്ടും എട്ടും വയസുള്ള രണ്ട് ദളിത് പെണ്‍കുട്ടികളെ പരാജയപ്പെട്ട ബലാത്സംഗ ശ്രമത്തിനിടെ കുളത്തിലെറിഞ്ഞുകൊന്ന വാര്‍ത്ത പുറത്തുവന്നത് ഇന്നലെയാണ്.

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും അരുംകൊലകളും സംബന്ധിച്ച വാര്‍ത്തകള്‍ ദിനംപ്രതിയെന്നോണം പെരുകി വരികയാണ്. അത്തരം സംഭവങ്ങളില്‍ ഇരകളില്‍ ഏറെയും ദളിതരും മറ്റ് അധഃസ്ഥിത ജനവിഭാഗങ്ങളുമാണെന്നത് ശ്രദ്ധേയമാണ്. ദളിതര്‍ക്കും ആദിവാസികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും എതിരായ വ്യാപകമായ അക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും പോലെ ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയുടെ ഇരുണ്ട വശത്തെയാണ് ഇത് തുറന്നുകാട്ടുന്നത്. ‘നിര്‍ഭയ’ സംഭവത്തെ തുടര്‍ന്ന് നിലവില്‍ വന്ന കര്‍ക്കശ നിയമങ്ങള്‍ക്കും നിയന്ത്രിക്കാനോ തടയാനോ കഴിയാതെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും കൊലപാതക പരമ്പരകളും നിര്‍ബാധം തുടരുന്നത് സമൂഹത്തിന്റെ മാത്രമല്ല ഭരണകൂടത്തിന്റെ തന്നെ കിരാത മുഖമാണ് അനാവരണം ചെയ്യുന്നത്.

അനിയന്ത്രിതമായി തുടരുകയും പെരുകിവരികയും ചെയ്യുന്ന കിരാത പ്രവണതകൾ­ക്ക് അറുതിവരുത്താന്‍ കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങ­ള്‍ക്ക് കഴിയുന്നില്ല. സ്ത്രീ­കളുടെ സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും എതിരാണ് തങ്ങളെന്ന് യാഥാസ്ഥിതിക ശക്തികള്‍ ആവര്‍ത്തിച്ചു തെളിയിക്കുന്നു. ഉ­ത്തര്‍പ്രദേശില്‍ ബിജെപി നേ­താവ് ഉള്‍പ്പെട്ട ഉന്നാവോ കേ­സും ഹത്രാസില്‍ ദളിത് യുവതിക്ക് നേരിടേണ്ടിവന്ന ബലാത്സംഗവും ദാരുണാന്ത്യവുമെല്ലാം വിരല്‍ചൂണ്ടുന്നത് യോഗി ഭരണകൂടവും പുരുഷാധിപത്യ ശക്തികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ്. രാജ്യത്തെ നടുക്കുകയും ലോകത്തിന്റെ മുന്നില്‍ അപമാനിതമാക്കുകയും ചെയ്ത സംഭവങ്ങളോട് പ്രതികരിക്കാന്‍പോലും മോഡി ഭരണകൂടം വിസമ്മതിക്കുന്നു. ഈ കിരാതവാഴ്ചയ്ക്ക് അറുതി വരുത്താനല്ല മറിച്ച് പെണ്‍കുട്ടികളുടെ ‘മതപരമായ വിശുദ്ധി’ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് അവര്‍ തലപുകഞ്ഞ് ആലോചിക്കുന്നത്.

‘ലൗജിഹാദ്’ പോലുള്ള സാങ്കല്പിക ഭീഷണികള്‍ക്കെതിരായ നിഴല്‍യുദ്ധത്തിലാണ് സംഘ്പരിവാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പലപ്പോഴും വഴിവിട്ടും അധികാരകേന്ദ്രങ്ങളെ പ്രീണിപ്പിക്കാന്‍ മടികാണിക്കാത്ത പരമോന്നത നീതിപീഠംപോലും അംഗീകരിക്കാന്‍ വിസമ്മതിച്ച ലൗജിഹാദിനെതിരെ നിയമനിര്‍മ്മാണത്തിനാണ് ബിജെപി-സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ കോപ്പുകൂട്ടുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും സ്വതന്ത്രമായി തീരുമാനമെടുക്കാനുളള സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയാണ് അവരുടെ ലക്ഷ്യം.
സ്ത്രീകളുടെ അവകാശ സംരക്ഷണവും ശാക്തീകരണവും ലക്ഷ്യമാക്കി സ്ഥാപിതമായ ദേശീയ വനിതാ കമ്മിഷന്‍ മുതല്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാന ഭരണകൂടങ്ങളും സംഘ്പരിവാര്‍ നേതൃത്വവും ‘ലൗജിഹാദ്’ മുഖ്യവിഷയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. ജീവിത പങ്കാളിയെ ജാതി, മത പരിഗണനകള്‍ക്ക് അതീതമായി തിരഞ്ഞെടുക്കാനുള്ള സ്ത്രീ പുരുഷന്മാരുടെ സ്വാതന്ത്ര്യത്തെ കുറ്റകൃത്യമാക്കി മാറ്റാനുള്ള കാട്ടാളനീതിക്കുവേണ്ടി മാത്രമുള്ള മുറവിളിയല്ല ഇത്. വര്‍ഗീയത ആളിക്കത്തിച്ച് അധികാരം അരക്കിട്ടുറപ്പിക്കാനുള്ള ഫാസിസ്റ്റ് തന്ത്രമാണ് അനാവരണം ചെയ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.