Thursday
23 May 2019

ടെലികോം ജീവനക്കാരെ പെരുവഴിയിലാക്കരുത്

By: Web Desk | Friday 15 March 2019 10:33 PM IST


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വാര്‍ത്താവിനിമയ കമ്പനിയാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് -ബിഎസ്എന്‍എല്‍. 7.30 കോടി ഉപഭോക്താക്കളുള്ള കമ്പനി 45.21 ശതമാനം ഇന്റര്‍നെറ്റ് സേവനവും നല്‍കുന്നു. മൊബൈല്‍, ലാന്‍ഡ്‌ലൈന്‍, വാര്‍ത്താവിനിമയം, ബ്രോഡ്ബാന്‍ഡ്, ഇന്റര്‍നെറ്റ്, ഐപി ടിവി, ക്ലൗഡ് ഉള്‍പ്പെടെ നിരവധി സേവനങ്ങളോടെ 2000 സെപ്തംബറിലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. നവമാധ്യമങ്ങള്‍ സജീവമായ ഇക്കാലത്ത് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ബിഎസ്എന്‍എല്ലിന് 2.5 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ തന്നെയുണ്ട്.
ഒരു പൊതുമേഖലാ സ്ഥാപനത്തെ ഇത്ര ജനകീയമായി നിലനിര്‍ത്താന്‍ കഴിഞ്ഞത് തൊഴിലാളികളുടെ ആത്മസമര്‍പ്പണം ഒന്നുകൊണ്ടാണ്. 1.76 ലക്ഷം വരുന്ന ജീവനക്കാരുടെ വിയര്‍പ്പില്‍ നിന്നുള്ള ബിഎസ്എന്‍എല്ലിന്റെ പുരോഗതി കുറേക്കൂടി മേന്മയിലേക്ക് എത്തിക്കുക എന്നതിലാവണം ഭരണകൂടത്തിന്റെ ശ്രദ്ധ. എന്നാല്‍, തൊഴിലാളി വിരുദ്ധതയുടെ കൊടുമുടിയായ കേന്ദ്ര സര്‍ക്കാര്‍, ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം മുടക്കിയിരിക്കുകയാണിപ്പോള്‍. അതും സ്വകാര്യ മേഖലയിലെ ടെലികോം കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കുക എന്ന ഗൂഢലക്ഷ്യത്തോടെ. തൊഴിലാളികളെ മാനസികമായി തകര്‍ക്കുന്നതിനൊപ്പം നഷ്ടത്തിന്റെ പേരുപറഞ്ഞത് ആസ്തി വില്‍പ്പനയും ഇവരുടെ ഉന്നമാണ്. ശമ്പളം മുടങ്ങിയതുമുതല്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ ആശങ്കയിലായി. ജീവനക്കാരെ ഗണ്യമായി വെട്ടിക്കുറയ്ക്കാനും അതിലൂടെ ബിഎസ്എന്‍എല്ലിനെ ഇല്ലാതാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
കേരളം, മഹാരാഷ്ട്ര, ഒഡിഷ, ആന്‍ഡമാന്‍ നിക്കോബാര്‍, ജമ്മുകശ്മീര്‍ സര്‍ക്കിളും, കോര്‍പറേറ്റ് ഓഫീസുമൊഴിച്ച് മറ്റൊരിടങ്ങളിലും ഫെബ്രുവരിയിലെ ശമ്പളം വിതരണം ചെയ്തിട്ടില്ല. കേരളത്തില്‍ ചെന്നൈ ഹെഡ്ക്വാര്‍ട്ടേഴ്‌സിനു കീഴിലെ സതേണ്‍ ടെലികോം പ്രോജക്ടിലും സതേണ്‍ ടെലികോം സബര്‍ബന്‍ റീജണുകളിലുള്ള മൈക്രോവേവ് സ്‌റ്റേഷനുകളിലുമുള്ള 700 ഓളം പേര്‍ക്ക് ഇനിയും ശമ്പളം ലഭിച്ചിട്ടില്ല. സാധാരണ നിലയില്‍ ശമ്പളം ഫെബ്രുവരി 28ന് ലഭിക്കുന്നതാണ്. കരാര്‍ തൊഴിലാളികളില്‍ പലര്‍ക്കും മൂന്നു മുതല്‍ ആറു മാസം വരെയുള്ള വേതനം കൊടുത്തിട്ടില്ല. മാസത്തെ അവസാന ദിവസം ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തുപോരുന്ന കീഴ്‌വഴക്കം തെറ്റിയതില്‍ ബിഎസ്എന്‍എല്‍ അധികൃതര്‍ ഖിന്നരാണ്. വിആര്‍എസ് നടപ്പാക്കി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിനുള്ള കേന്ദ്രത്തിന്റെ സമ്മര്‍ദ്ദതന്ത്രമാണിതെല്ലാം.
പ്രധാനമന്ത്രി നരേന്ദ്രമോഡി അധ്യക്ഷനായ ബിജെപി സര്‍ക്കാരിന്റെ വിദഗ്‌ധോപദേശക സമിതി നിതി ആയോഗ് ബിഎസ്എന്‍എല്ലിന് നല്‍കിയ ചില ഉപദേശങ്ങള്‍ നഗ്നമായ കച്ചവട ലക്ഷ്യം വ്യക്തമാക്കുന്നു. കമ്പനി അടച്ചുപൂട്ടണമെന്ന ഉപദേശം ബിഎസ്എന്‍എല്‍ നേരത്തെ തള്ളിയതാണ്. ജീവനക്കാരെ പിരിച്ചുവിടുന്നതിനൊപ്പം 2019-20 ല്‍ വിരമിക്കല്‍ പ്രായം കുറയ്ക്കാനായാല്‍ 30,000 കോടി രൂപയുടെ ലാഭം ഉണ്ടാക്കാനാവുമെന്നാണ് ഉപദേശം. 56-60 പ്രായത്തിലുള്ള 67,000 പേരാണ് ബിഎസ്എന്‍എല്ലില്‍ ഉള്ളത്. ഇതില്‍ പകുതിയോളം പേരെ ഒഴിവാക്കി 3,000 കോടി രൂപ ലാഭിക്കാമെന്ന കണക്കുകൂട്ടലിലാണിവര്‍. ഇതിനൊപ്പം ബിഎസ്എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമികളും കെട്ടിടങ്ങളും വിറ്റ് 15,000 കോടി സമ്പാദിക്കാനും പദ്ധതിയുണ്ട്. രണ്ടുവര്‍ഷത്തിനകം ഈവിധം ഉള്ളതു വിറ്റുപെറുക്കിയും ജീവനക്കാരെ വെട്ടിക്കുറച്ചും ബിഎസ്എന്‍എല്ലിനെ ലാഭത്തിലെത്തിക്കാനാണ് നിതി ആയോഗിന്റെ ഉപദേശം.
2017-18 വര്‍ഷത്തെ കണക്കുപ്രകാരം 31,287 കോടി രൂപയുടെ നഷ്ടമാണ് ബിഎസ്എന്‍എല്ലിന് ഉള്ളത്. സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ സഹായകമാകുമായിരുന്ന 4ജി പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പിടിവാശി മൂലം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഇതില്‍ ഫലപ്രദമായ ഉപദേശം നല്‍കാനോ സഹായം അനുവദിക്കാനോ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ കമ്പനിക്ക് മേല്‍ക്കൈ നേടാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരുക്കിക്കൊടുത്തത്. ആസൂത്രണ കമ്മിഷന്‍ പിരിച്ചുവിട്ട് മോഡി സര്‍ക്കാര്‍ നാല് വര്‍ഷം മുമ്പ് രൂപീകരിച്ച നിതി ആയോഗ്, ബിജെപിയുടെ ആസൂത്രിത നീക്കങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നുവേണം മനസിലാക്കാന്‍. ദേശീയ-സാര്‍വദേശീയ പ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപദേശം നല്‍കേണ്ടവര്‍, നാടിനെയാകെ കോര്‍പറേറ്റുകള്‍ക്ക് അടിയറവുവയ്ക്കാനുള്ള ആസൂത്രിത പദ്ധതികള്‍ മെനയുകയാണ്. തൊഴിലാളികളെ ബലിയാടാക്കി, ബിഎസ്എന്‍എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയുകയാണ് അഭികാമ്യം.