19 April 2024, Friday

ആള്‍ക്കൂട്ട ആക്രമണത്തിന് ആഹ്വാനവുമായി രാജ്യസഭാധ്യക്ഷന്‍

Janayugom Webdesk
September 2, 2021 4:00 am

ന്ത്യന്‍ പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അയ്യായിരത്തില്‍പരം വരുന്ന അംഗങ്ങളെ ‘അച്ചടക്കം പഠിപ്പിക്കാന്‍’ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം വെങ്കയ്യ നായിഡു വോട്ടര്‍മാരെ ആഹ്വാനം ചെയ്തിരിക്കുന്നു. പ്രണബ് മുഖര്‍ജി പെെതൃക പ്രതിഷ്ഠാപനത്തിന്റെ പ്രഥമ സ്മാരക പ്രഭാഷണത്തില്‍ ചൊവ്വാഴ്ചയാണ് ഉപരാഷ്ട്രപതി ജനപ്രതിനിധികളെ പാഠം പഠിപ്പിക്കണമെന്ന ആഹ്വാനം നല്കിയത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തില്‍ പാഴായ പശ്ചാത്തലത്തിലാണ് വെങ്കയ്യ നായിഡു ജനപ്രതിനിധികളെ പാഠം പഠിപ്പിക്കാനുള്ള പദ്ധതി, ‘മിഷന്‍ 5000’ അവതരിപ്പിച്ചത്. 

പാര്‍ലമെന്റ് സമ്മേളനം അലങ്കോലപ്പെടുത്തിയ ജനപ്രതിനിധികളോട് അവര്‍ തങ്ങളുടെ നിയോജകമണ്ഡലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നും സാമൂഹ്യമാധ്യമങ്ങളില്‍ അവരുടെ പേരുസഹിതം പറഞ്ഞ് അപമാനിക്കണം എന്നുമാണ് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടത്. രാജ്യത്തെയാകെ ബാധിക്കുന്ന വിലക്കയറ്റം, കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരായി എട്ട് മാസത്തിലധികമായി കര്‍ഷകര്‍ രാഷ്ട്ര തലസ്ഥാന അതിര്‍ത്തിയില്‍ നടത്തിവരുന്ന പ്രക്ഷോഭം, ഭരണഘടനാ മൂല്യങ്ങള്‍ക്കും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമായി സെെനിക ശ്രേണിയില്‍പ്പെട്ട പെഗാസസ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭരണകൂടം വിസമ്മതിച്ച സാഹചര്യത്തിലാണ് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്താന്‍ പ്രതിപക്ഷം നിര്‍ബന്ധിതമായത്.

ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധമായ അത്തരം നടപടികളെ പരാമര്‍ശിക്കാതെ പ്രതിപക്ഷ ജനപ്രതിനിധികള്‍ക്കെതിരെ ജനങ്ങളെ ഇള‌ക്കിവിടാന്‍ രാജ്യസഭാ അധ്യക്ഷന്‍ ആഹ്വാനം ചെയ്യുന്നത് പാര്‍ലമെന്റിനോടും പാര്‍ലമെന്ററി ജനാധിപത്യത്തോടുമുള്ള ബിജെപിയുടെ ഫാസിസ്റ്റ് മനോഭാവമാണ് തുറന്നുകാട്ടുന്നത്. പാര്‍ലമെന്റിനെ ഉപയോഗിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിച്ച മുസോളിനിയുടെയും ഹിറ്റ്ലറുടെയും ഫ്രഞ്ച് വലതുപക്ഷ നേതാവ് ഫ്രാന്‍സ്വാ ഡി ല റോഖെയുടെയും ശബ്ദമാണ് വെങ്കയ്യ നായിഡുവില്‍ പ്രതിധ്വനിക്കുന്നത്.
2014 തെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയായി നരേന്ദ്രമോഡി തന്റെ പ്രഥമ സമ്മേളനത്തിനായി പ്ര­വേശിക്കുമ്പോള്‍ പാ­ര്‍ലമെന്റ് മന്ദിരത്തെ കു­മ്പിട്ടു വണങ്ങിയ ചിത്രം ഇന്ത്യക്ക് മുന്നിലുണ്ട്. 

1933ല്‍ ജര്‍മ്മന്‍ ചാന്‍സലറായി നിയമിതനാ­യ അഡോള്‍ഫ് ഹിറ്റ്ലര്‍ തന്റെ സെെനിക യൂണിഫോം ഉപേക്ഷിക്കുകയും പ്രസിഡന്റ് പോള്‍ വോണ്‍ ഹിന്‍ഡന്‍സര്‍ഗിനെ പൊതുചടങ്ങുകളില്‍ നട്ടെല്ല് വളച്ച് വണങ്ങുകയും ചെ­യ്തിരുന്നതായി ചരിത്രം രേഖപ്പെടുത്തിയതിനു സമാനമായിരുന്നു മോഡിയുടെ പ്രകടനം. ജനാധിപത്യത്തിന്റെ പേരില്‍ ജനാധിപത്യത്തെയും പാര്‍ലമെന്റിന്റെ പേരില്‍ പാര്‍ലമെന്റിനെയും ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ ദൗത്യമെന്ന് നരേന്ദ്രമോഡിയും വെങ്കയ്യനായിഡുവടക്കം അദ്ദേഹത്തിന്റെ ഫാസിസ്റ്റ് അനുചരന്മാരും അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റ് എന്നാല്‍ ഭരണകൂട ചെയ്തികളെ പഞ്ചപുച്ഛമടക്കി അംഗീകരിക്കുന്ന റബര്‍ സ്റ്റാമ്പ് ആയിരിക്കണമെന്നാണ് അവര്‍ ശഠിക്കുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമ താല്പര്യത്തിനു നിരക്കാത്ത നിയമനിര്‍മ്മാണങ്ങളെ നിരുപാധികം അംഗീകരിക്കുന്നതാണ് പാര്‍ലമെന്റിന്റെ കടമ എന്നവര്‍ വ്യാഖ്യാനിക്കുന്നു. 

പാര്‍ലമെന്റ് അംഗങ്ങളെയും നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സമിതികളെയും നോക്കുകുത്തികളാക്കി മാറ്റാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനെ ചോദ്യം ചെയ്യുന്നതിനെയും പ്രതിപക്ഷത്തെ അപ്പാടെ അവഗണിക്കുകയും ചെയ്യുമ്പോള്‍ ഉയരുന്ന സ്വാഭാവിക പ്രതിഷേധത്തെയും അലങ്കോലപ്പെടുത്തലും അച്ചടക്കരാഹിത്യവുമായി വിലയിരുത്തുന്നതും ഫാസിസ്റ്റ് ഏകാധിപത്യ പ്രവണതയുടെ പ്രകാശനമാണ്. ജനപ്രതിനിധികളെ വോട്ടര്‍മാരെ ഉപയോഗിച്ച് കെെകാര്യംചെയ്യാനും പാഠംപഠിപ്പിക്കാനും ആഹ്വാനം ചെയ്യുന്ന ബിജെപിയും സംഘപരിവാറും രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടപ്പാക്കിവരുന്ന ആള്‍ക്കൂട്ട നീതിയുടെ മാതൃക, ജനാധിപത്യത്തെയും പാര്‍ലമെന്ററി സ്ഥാപനങ്ങളെയും കയ്യൂക്കും അരാജകത്വവുംകൊണ്ട് ഇല്ലായ്മ ചെയ്യാനുള്ള ഫാസിസ്റ്റ് പദ്ധതികളുടെ ഭാഗമാണ്. രാജ്യത്തെ വോട്ടര്‍മാരുടെ അറുപത് ശതമാനത്തിലധികം തിരസ്കരിക്കുന്ന ഭരണമാണ് തങ്ങളുടേതെന്ന് തിരിച്ചറിയുന്ന ബിജെപി പാര്‍ലമെന്റിന്റെ പേരില്‍ ജനാധിപത്യത്തെ ജനക്കൂട്ടത്തെ ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ജനങ്ങളോട് പ്രതിബദ്ധതയുള്ള ജാഗ്രവത്തും ഊര്‍ജ്ജസ്വലവുമായ പ്രതിപക്ഷം കൂടാതെ പാര്‍ലമെന്ററി ജനാധിപത്യം അര്‍ത്ഥശൂന്യമാണ്. ഭരണകൂട നയങ്ങളെയും ചെയ്തികളെയും വിമര്‍ശിക്കാനും ചോദ്യംചെയ്യാനും അവസരം നിഷേധിക്കപ്പെടുന്ന പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ പേരിലുള്ള അസംബന്ധം മാത്രമാണ്. അത്തരത്തില്‍ വിമര്‍ശനവും ചോദ്യം ചെയ്യലും അസാധ്യമാകുമ്പോഴാണ് പ്രതിപക്ഷത്തിന് മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിവരുന്നത്. ആ പ്രതിപക്ഷത്തെ ആള്‍ക്കൂട്ടനീതിയെന്ന ഫാസിസ്റ്റ് കാടത്തത്തിന് വിധേയമാക്കാനാണ് രാജ്യസഭാ അധ്യക്ഷന്റെ ആഹ്വാനം. അത് അപലപനീയം മാത്രമല്ല എല്ലാ ജനാധിപത്യ മാര്‍ഗങ്ങളും ഉപയോഗിച്ച് എതിര്‍ത്തു പരാജയപ്പെടുത്തേണ്ടതുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.