25 April 2024, Thursday

ചിരിവരയുടെ തമ്പുരാന് പ്രണാമം

Janayugom Webdesk
October 7, 2021 4:00 am

എത്രയോകാലമായി ജനയുഗത്തിന്റെ അവിഭാജ്യഘടകമായിരുന്ന വിഖ്യാതനായ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഇന്നലെ ഞങ്ങളെ വിട്ടുപോയിരിക്കുന്നു. കറ്റാനത്തെ യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച യേശുദാസന്റെ ജീവിത പശ്ചാത്തലമാകെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയിലൂന്നിയതായിരുന്നു. പക്ഷേ തന്റെ മനസിലെ നിഷ്പക്ഷ രാഷ്ട്രീയ നിലപാടുമായി രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരച്ചുകൊണ്ട് 20-ാമത്തെ വയസിലാണ് യേശുദാസന്റെ കമ്മ്യൂണിസ്റ്റ് പത്രമായ ജനയുഗത്തിലെ ആദ്യഘട്ടം ആരംഭിക്കുന്നത്. 1959ലാണ് ഒരുമാധ്യമ സംരംഭത്തില്‍ ആദ്യ പരീക്ഷണമായി കിട്ടുമ്മാവനെന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ രംഗപ്രവേശം ചെയ്യുന്നത്. ഒരു മാധ്യമത്തില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്ന തസ്തിക സൃഷ്ടിക്കപ്പെട്ട് ആദ്യമായി ജോലി ചെയ്തതും അദ്ദേഹമായിരുന്നു, ജനയുഗത്തില്‍. പോക്കറ്റ് കാര്‍ട്ടൂണും സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്ന തസ്തികയും പിന്നീട് മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു.

ശങ്കേഴ്സ് വീക്കിലിയില്‍ ചേര്‍ന്ന് ഡല്‍ഹിയിലേക്കു പോയ അദ്ദേഹം ബാലയുഗത്തിന്റെ പത്രാധിപരായി വീണ്ടും ജനയുഗത്തിന്റെ ഭാഗമായി. കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ജനയുഗത്തില്‍ നിന്ന് പോയെങ്കിലും എക്കാലവും ഈ മാധ്യമത്തിന് തന്റെ ഹൃദയത്തില്‍ പ്രമുഖസ്ഥാനം നല്കിയിരുന്നു. യേശുദാസന്‍ എന്ന കാര്‍ട്ടൂണിസ്റ്റിനെ കേള്‍ക്കുമ്പോള്‍തന്നെ ആദ്യം ഓര്‍മ്മയിലെത്തുക കിട്ടുമ്മാവന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണായിരിക്കും. പക്ഷേ അതിന് മുമ്പുതന്നെ ജനയുഗം വാരികയില്‍ ചന്തു എന്ന പേരില്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ട് വായനക്കാരുടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടിയിരുന്നു. പിന്നീടാണ് കിട്ടുമ്മാവനുണ്ടായത്. കിട്ടുമ്മാവനൊപ്പം 15 ഓളം കഥാപാത്രങ്ങളാണ് പ്രസ്തുത കാര്‍ട്ടൂണ്‍പംക്തിയിലൂടെ വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് കുടിയേറിയത്. രാഷ്ട്രീയത്തിനൊപ്പം കലയും സാഹിത്യവും കളിയും അങ്ങനെ ജീവിതത്തിന്റെ സകല മേഖലകളിലും അദ്ദേഹം ചിരിക്കുള്ള വക കണ്ടെത്തി. ഈ മേഖലകളിലെ ജീവിച്ചിരിക്കുന്നവരെ കിട്ടുമ്മാവനും കാത്തുവിനും മറ്റു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കും ഒപ്പം വരച്ച് അദ്ദേഹം ചിരിയുടെയും ചിന്തയുടെയും വിമര്‍ശനത്തിന്റെയും സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചു. വായനക്കാര്‍ ഹൃദയത്തില്‍ ഏറ്റെടുത്ത സ്ഥിരം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ കിട്ടുമ്മാവനൊപ്പം ഒരു ഡസനിലധികം അദ്ദേഹത്തിന്റെ വരയില്‍ പിറന്നവയായിരുന്നു.


ഇതുകൂടി വായിക്കൂ : പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളുടെ കുലപതി യേശുദാസന്‍ അന്തരിച്ചു


ബാലയുഗത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുപോയി മറ്റ് പല മാധ്യമസംരംഭങ്ങളുടെയും ഭാഗമായി എങ്കിലും ജനയുഗവുമായി അഭേദ്യബന്ധം കാത്തുസൂക്ഷിച്ചു. അതുകൊണ്ടാണ് അദ്ദേഹം ഒരു മടിയും കാട്ടാതെ പുനഃപ്രസിദ്ധീകരണമാരംഭിച്ച ജനയുഗത്തിന്റെ ഭാഗമാകുന്നതിന് തയാറായത്. 2013 ലാണ് വീണ്ടും ജനയുഗത്തില്‍ കിട്ടുമ്മാവന്റെ അരങ്ങേറ്റമുണ്ടായത്. വളരെ ചുരുക്കം ദിവസങ്ങളിലൊഴികെ അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചുതന്നു. എല്ലാ ദിവസവും ഒന്നാം പുറത്ത് പ്രസിദ്ധീകരിച്ചിരുന്ന കിട്ടുമ്മാവനോടുള്ള വായനക്കാരുടെ പ്രതികരണം സമ്മിശ്രമായിരുന്നു. ചിലര്‍ അത് ആസ്വദിച്ചു ചിരിച്ചിരുന്നു, മറ്റ് ചിലര്‍ അതിനെ വിമര്‍ശിച്ചിരുന്നു.

സെപ്റ്റംബർ 18 നാണ് ജനയുഗത്തിൽ ഒന്നാം പേജിൽ കിട്ടുമ്മാവനെന്ന പോക്കറ്റ് കാർട്ടൂൺ അവസാനമായി പ്രസിദ്ധം ചെയ്യപ്പെട്ടത്. അതാത് ദിവസത്തെ രാഷ്ട്രീയ ‑സാമൂഹ്യ ചലനങ്ങള്‍ കൃത്യമായി മനസിലാക്കി വരയ്ക്കുന്ന കാര്‍ട്ടൂണ്‍ എല്ലാ ദിവസവും രാത്രി എട്ടോടെ സ്വന്തം മെയിലി‍ല്‍ നിന്ന് ജനയുഗത്തിന് അയച്ചുതരികയെന്നതായിരുന്നു പതിവ്. സെപ്റ്റംബര്‍ 18ന് പതിവ് നേരത്തും കാര്‍ട്ടൂണ്‍ കിട്ടിയില്ലെന്ന് കണ്ട് ബന്ധപ്പെട്ടപ്പോള്‍ ഇന്ന് തീരെ വയ്യെന്നും അതുകൊണ്ട് വരച്ചില്ലെന്നും അറിയിക്കുകയായിരുന്നു. പിറ്റേന്ന് ബന്ധപ്പെട്ടപ്പോഴാണ് മൂന്നുനാലു ദിവസമായി ശാരീരിക പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടായിരുന്നുവെന്ന് മനസിലാക്കിയത്. അത് അവഗണിച്ചും അദ്ദേഹം പതിവ് തെറ്റിക്കാതെ കിട്ടുമ്മാവന്‍ തയാറാക്കി എത്തിച്ചുകൊണ്ടിരുന്നു. തീരെ വയ്യാതായപ്പോഴാണ് വര അവസാനിപ്പിച്ചത്.
പല തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് അദ്ദേഹം ജനയുഗത്തിന്റെ കൂടെ സഞ്ചരിച്ചു. കാമ്പിശേരി കരുണാകരന്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം പ്രായത്തില്‍ മാത്രമല്ല മാധ്യമപ്രവര്‍ത്തന രംഗത്തും ഇപ്പോള്‍ ജനയുഗത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെക്കാളും മുതിര്‍ന്ന വ്യക്തിയായിരുന്നു. പക്ഷേ തലമുറ വ്യത്യാസങ്ങളൊന്നുമില്ലാതെ അദ്ദേഹം ഞങ്ങളോട് ഇടപഴകി.


ഇതുകൂടി വായിക്കൂ : സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്


ചില ഘട്ടങ്ങളില്‍ മാറ്റിവയ്ക്കേണ്ടിവന്ന കാര്‍ട്ടൂണുകളും അദ്ദേഹം വരച്ചുതന്നിട്ടുണ്ട്. പിറ്റേന്ന് ഒന്ന് വിളിച്ച് അന്വേഷിക്കുകയോ പരിഭവപ്പെടുകയോ ചെയ്യുമായിരുന്നില്ല അദ്ദേഹം. മുതിര്‍ന്ന ഒരാളോട്, അതും കാര്‍ട്ടൂണ്‍ രംഗത്തെ കുലപതിയോട് അക്കാര്യം എങ്ങനെ സൂചിപ്പിക്കുമെന്ന് പത്രാധിപസമിതിയിലുള്ളവര്‍ക്ക് ആശങ്കയുണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ വിളിച്ച് കാര്‍ട്ടൂണ്‍ ഒഴിവാക്കേണ്ടിവന്ന കാര്യം പറഞ്ഞാല്‍ ഒരു പരിഭവമോ കുറ്റപ്പെടുത്തലോ ഇല്ലാതെ പതിഞ്ഞ ശബ്ദത്തില്‍ അത് കുഴപ്പമില്ലെന്ന മറുപടി നല്കി ഞങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു ചെയ്യാറുണ്ടായിരുന്നത്. ദീര്‍ഘകാലമായി ജനയുഗത്തിന്റെ ഭാഗമായിരുന്ന ആ വലിയമനുഷ്യന്‍ വിട്ടുപോകുമ്പോള്‍ ഞങ്ങള്‍ക്കുണ്ടാകുന്ന നഷ്ടംവളരെ വലുതാണ്. നികത്താനാവാത്തതുമാണ്. വരകൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്ത ആ വലിയ കലാകാരന്റെ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം.

Eng­lish Sum­ma­ry : Janayu­gom Edi­to­r­i­al on Car­toon­ist Yesudasan

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.