സിബിഐ നാടകം: ദുരന്തപരിണാമം അനതിവിദൂരമല്ല

Web Desk
Posted on January 11, 2019, 10:42 pm

അത്യുന്നത ഭരണഘടനാ സ്ഥാപനങ്ങളില്‍ കൊടികുത്തിവാഴുന്ന അഴിമതിയും കുറ്റകൃത്യങ്ങളും അടക്കം അതീവ ഗൗരവതരമായ നിയമലംഘനങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളെ അധികാരമുപയോഗിച്ച് തകര്‍ക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തീരുമാനം. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പാതിരാത്രിയില്‍ നീക്കം ചെയ്ത നടപടി സുപ്രീംകോടതി തിരുത്തി 72 മണിക്കൂര്‍ പൂര്‍ത്തിയാവും മുമ്പാണ് അധാര്‍മികവും നടപടിക്രമങ്ങള്‍ പാലിക്കാതെയുമുള്ള അട്ടിമറി. നടപടിക്ക് വിധേയനായ ഡയറക്ടര്‍ക്ക് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരംപോലും നിഷേധിച്ചുകൊണ്ടുള്ള സ്വാഭാവിക നീതിയുടെ നിഷേധം. നിയമവിരുദ്ധമായി സിബിഐ ഡയറക്ടറെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതിന് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ ആരോപണ വിധേയമായിരിക്കെയാണ് മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി അട്ടിമറി തീരുമാനം കൈക്കൊണ്ടതെന്നത് അതീവ ഗുരുതരമായ ധാര്‍മിക‑നിയമ പ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നത്. പ്രധാനമന്ത്രി നേരിട്ട് ഉള്‍പ്പെട്ട റഫാല്‍ അഴിമതി സിബിഐ അനേ്വഷണത്തില്‍ ഇരിക്കെയാണ് ഈ സംഭവവികാസങ്ങളെന്നതും വിസ്മരിച്ചുകൂട. അലോക് വര്‍മയ്ക്കു പുറമെ ഉന്നത സിബിഐ ഉദേ്യാഗസ്ഥരായ എം കെ സിന്‍ഹ, എ കെ ശര്‍മ എന്നിവരും റഫാല്‍ അനേ്വഷണത്തെ അട്ടിമറിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയമവിരുദ്ധ ഇടപെടല്‍ നടത്തുന്നതായി സംശയം ഉന്നയിച്ചിരുന്നു. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെടല്‍ നടത്തിയതായി സിബിഐ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ തലവനായ എം കെ സിന്‍ഹ സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു. തന്റെ സത്യവാങ്മൂലത്തില്‍ സിന്‍ഹ സിബിഐയെ ‘സെന്റര്‍ ഫോര്‍ ബോഗസ് ഇന്‍വെസ്റ്റിഗേഷന്‍’ (വ്യാജ അനേ്വഷണ കേന്ദ്രം) എന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ‘എക്‌സ്റ്റോര്‍ഷന്‍ ഡയറക്ടറേറ്റ്’ (പിടിച്ചുപറി ഡയറക്ടറേറ്റ്) എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്.
ഈ സംഭവവികാസങ്ങള്‍ ഓരോന്നും പ്രധാനമന്ത്രിയുടെ ഓഫീസടക്കമുള്ള രാജ്യത്തിന്റെ ഉന്നത രാഷ്ട്രീയ സ്ഥാപനങ്ങളുടെ ജീര്‍ണാവസ്ഥയാണ് തുറന്നുകാട്ടുന്നത്. സിബിഐയിലെ സംഭവവികാസങ്ങളെ ആ സംഘടനയുടെ ഉന്നതതലത്തില്‍ നടക്കുന്ന കുടിപ്പകയും ചക്കളത്തിപ്പോരുമൊക്കെയായാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പലതും അവതരിപ്പിച്ചു പോന്നിട്ടുള്ളത്. എന്നാല്‍ അവ അതിനെല്ലാമപ്പുറം അഴിമതിയും കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിരന്തരം നടത്തിവരുന്ന അധാര്‍മിക ഇടപെടലുകളിലേക്കാണ് വെളിച്ചം വീശുന്നത്. കഴിഞ്ഞ വര്‍ഷം വിരമിച്ച ഇ ഡി മേധാവി കര്‍ണയില്‍ സിങ് ഇക്കാര്യങ്ങള്‍ തുറന്നടിക്കുകയുണ്ടായി. ഉന്നത രാഷ്ട്രീയ നേതാക്കളും ബിസിനസ് മേധാവികളും നടത്തിവന്നിരുന്ന കരിമ്പണം വെളുപ്പിക്കല്‍ പരിപാടിക്കെതിരെ അനേ്വഷണത്തിനു മുതിര്‍ന്ന ഇ ഡി ജോയിന്റ് ഡയറക്ടര്‍ രാജേശ്വറിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിച്ചിരുന്നു. രാജേശ്വറിനെ സംരക്ഷിക്കാന്‍ മുതിര്‍ന്ന ഡയറക്ടര്‍ കര്‍ണയില്‍ സിങ് അങ്ങനെ പിഎംഒയുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. രാജേശ്വര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. അലോക് വര്‍മ, കര്‍ണയില്‍ സിങ്, രാജേശ്വര്‍ തുടങ്ങിയവരെയെല്ലാം തല്‍സ്ഥാനങ്ങളില്‍ അവരോധിച്ചത് നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ ഉപജാപക സംഘങ്ങളും തന്നെയാണ്. എന്നാല്‍ അത്തരം സ്ഥാപനങ്ങളില്‍ തങ്ങളുടെ തിട്ടൂരം യഥേഷ്ടം നടക്കില്ലെന്നു വന്നതോടെയാണ് അവരെല്ലാം അനഭിമതരായി മാറിയത്.
തന്റെയും ഉപജാപക സംഘത്തിന്റെയും ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് സുപ്രധാന അഴിമതി വിരുദ്ധ, കുറ്റാനേ്വഷണ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യാന്‍ നരേന്ദ്രമോഡി അധികാരം ദുരുപയോഗം ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല. മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വലംകയ്യായ അമിത്ഷായ്‌ക്കൊപ്പം സമാനമായ തന്ത്രമാണ് അവിടെ പ്രയോഗിച്ചുപോന്നിരുന്നത്. അതിനെയാണ് അവര്‍ ‘ഗുജറാത്ത് മാതൃക’ എന്ന് പ്രകീര്‍ത്തിച്ചിരുന്നതും. എവിടെയെല്ലാം ഉദേ്യാഗസ്ഥര്‍ ഭരണഘടനാവിരുദ്ധവും അധാര്‍മികവുമായ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിച്ചിട്ടുണ്ടോ അവിടെയെല്ലാം ഉദേ്യാഗസ്ഥര്‍ പ്രതികാര നടപടികള്‍ക്ക് ഇരകളാകേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഗുജറാത്ത് അല്ല ഇന്ത്യയെന്ന് മോഡിപ്രഭൃതികളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് ദേശീയതലത്തില്‍ ആവര്‍ത്തിക്കുന്നത്. അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തുകൊണ്ട് ഈ നാടകം അവസാനിക്കുമെന്ന് കരുതാനാവില്ല. അത്തരം സംഭവങ്ങളുടെ രാഷ്ട്രീയ ദുരന്ത പരിണാമത്തിന് ഇന്ത്യന്‍ ജനതയ്ക്ക് ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല.