Web Desk

September 24, 2021, 4:00 am

രാഷ്ട്രസുരക്ഷയുടെ പേരില്‍ അരങ്ങുതകര്‍ക്കുന്നത് രാഷ്ട്രവഞ്ചന

Janayugom Online

മോഡിസര്‍ക്കാരിന്റെ തടസവാദങ്ങള്‍ നിരാകരിച്ച് പെഗാസസ് ചാരനിരീക്ഷണ വിവാദത്തിന്റെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിക്കും. വിദഗ്ധ സമിതിയിലെ അംഗങ്ങള്‍,‍ അന്വേഷണ വിഷയങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഇടക്കാല ഉത്തരവ് അടുത്ത ആഴ്ച സുപ്രീം കോടതി പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ മുതിര്‍ന്ന അഭിഭാഷകന്‍ സി യു സിങ്ങിനെ അറിയിച്ചു. പെഗാസസ് വ്യവഹാരത്തില്‍ ചില കക്ഷികളെ പ്രതിനിധീകരിക്കുന്ന സിങ്ങ് മറ്റൊരു കേസില്‍ ഹാജരാകവെയാണ് ചീഫ് ജസ്റ്റിസ് സുപ്രധാന അറിയിപ്പ് നടത്തിയതെന്നുള്ളത് ശ്രദ്ധേയമാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാകയാല്‍ പെഗാസസ് വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം നല്കാനാവില്ലെന്ന് മോഡി സര്‍ക്കാര്‍ നേരത്തെ കോടതിയെ ബോധിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ ആ നിലപാടിനെ തിരസ്കരിച്ചുകൊണ്ടാണ് ഇടക്കാല ഉത്തരവ് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് സൂചന നല്കിയിരിക്കുന്നത്.

ചാരനിരീക്ഷണത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ സൈനിക ശ്രേണിയില്‍പെട്ട പെഗാസസ് ചാരസോഫ്റ്റ്‌വേര്‍ സര്‍ക്കാരൊ സര്‍ക്കാര്‍ ഏജന്‍സികളോ വാങ്ങുകയോ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കില്‍ അത് ആര് എന്ന ലളിതമായ ചോദ്യമാണ് പരമോന്നത കോടതി ഉന്നയിച്ചത്. അതിന് കൃത്യമായ ഉത്തരം നല്കുന്നതിനു പകരം എന്തിനും ഏതിനും മോഡി സര്‍ക്കാര്‍ ആവര്‍ത്തിച്ചു പ്രയോഗിച്ചുപോരുന്ന രാഷ്ട്രസുരക്ഷ എന്ന കുതന്ത്ര പ്രയോഗത്തിനാണ് സര്‍ക്കാര്‍ മുതിര്‍ന്നത്. പരമോന്നത കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധരെ നിയോഗിച്ച് വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനോടും സര്‍ക്കാരിന് കടുത്ത വിയോജിപ്പായിരുന്നു. പകരം വിഷയവുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തന്നെ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന നിര്‍ദ്ദേശവും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മുന്നോട്ടുവച്ചിരുന്നു. കള്ളനെ തന്നെ താക്കോല്‍ ഏല്‍പ്പിക്കണമെന്ന ആ നിര്‍ദ്ദേശവും പരമോന്നത കോടതി നിരാകരിച്ചു.


ഇതുകൂടി വായിക്കൂ: പെഗാസസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; ഹര്‍ജികള്‍ സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു, സര്‍ക്കാരിന് നോട്ടിസ്


പെഗാസസ് ചാര സോഫ്റ്റ്‌വേര്‍‍ ഉപയോഗം സംബന്ധിച്ച ആരോപണം കേവലം പൗരന്മാരുടെ സ്വകാര്യത ലംഘിച്ചു എന്നതോ സുരക്ഷാ ഏജന്‍സികള്‍ അത് നിയമവിരുദ്ധമായി ഉപയോഗിച്ചു എന്നതോ അല്ല. പെഗാസസ് സൈനിക ശ്രേ ണിയില്‍പ്പെട്ട സോഫ്റ്റ്‌വേര്‍ ആയുധമാണ്. അത് സര്‍ക്കാരുകള്‍ക്കും സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്ന ഏജന്‍സികള്‍ക്കും മാത്രമെ വില്‍ക്കൂ, അഥവാ വിറ്റിട്ടുള്ളു എന്ന് അതിന്റെ ഉല്പാദകരായ എന്‍എസ്ഒ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലി പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ കയറ്റുമതി നിയന്ത്രണ ഏജന്‍സിയുടെ കര്‍ശനമായ മേല്‍നോട്ടത്തിലാണ് അവയുടെ ലൈസന്‍സ് നല്കപ്പെടുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാരും വിശിഷ്യ അതിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയും അറിയാതെ പെഗാസസ് വാങ്ങാനോ കൈവശം വയ്ക്കാനോ പ്രയോഗിക്കാനോ ആവില്ലെന്നത് സുവ്യക്തം.

അതായത്, പെഗാസസ് സംബന്ധമായ ഏതന്വേഷണവും ആത്യന്തികമായി എത്തിച്ചേരുക പ്രധാനമന്ത്രിയുടെ ഓഫീസില്‍ തന്നെയായിരിക്കും. രാഷ്ട്ര സുരക്ഷയുടെ മറവില്‍ അത്തരം ഒരന്വേഷണം തടയാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും സുപ്രീം കോടതിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പരാജയപ്പെടുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ചീഫ് ജസ്റ്റിസ് ഇന്നലെ ഇടക്കാല ഉത്തരവു സംബന്ധിച്ച് നല്കിയ സൂചന മോഡി സര്‍ക്കാരിന്റെ ജനങ്ങളെയും പാര്‍ലമെന്റിനെയും പരമോന്നത നീതിപീഠത്തെ തന്നെയും കബളിപ്പിക്കാന്‍ നടത്തിയ ശ്രമത്തിനേറ്റ കനത്ത തിരിച്ചടിയാണ്.


ഇതുകൂടി വായിക്കൂ:പെഗാസസ്:ഉരുണ്ടുകളിച്ച് കേന്ദ്രം;മോദി സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി


അധികാരത്തിന്റെ മറവിലും അതുപയോഗിച്ചും തന്റെയും പാര്‍ട്ടിയുടെയും സംഘപരിവാറിന്റെയും നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നരേന്ദ്രമോഡി നടത്തുന്ന ശ്രമങ്ങള്‍ ഒന്നൊന്നായി തുറന്നു കാട്ടപ്പെടുകയാണ്. അതില്‍ രാജ്യത്തെ നീതിപീഠത്തിന് നിര്‍ണായക പങ്കാണുള്ളത്. കോവിഡ് പ്രതിരോധ വാക്സിനെ കച്ചവടചരക്കാക്കാന്‍ നടത്തിയ ശ്രമം പൂര്‍ണമായി ജയിക്കാതെ പോയത് സുപ്രീം കോടതി ഇടപെടലിലാണ്. മഹാമാരിയില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് തുച്ഛമെങ്കിലും നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനും കോടതി ഇടപെടല്‍ വേണ്ടി വന്നു. മഹാമാരിയുടെ മറവില്‍ രൂപം നല്കിയ ‘പിഎംകെയേഴ്സ്’ ഫണ്ടിന്റെ ഗൂഢലക്ഷ്യങ്ങള്‍ ഡല്‍ഹി ഹൈക്കോടതിക്ക് മുമ്പില്‍ അനാവൃതമാകുകയാണ്. പ്രധാനമന്ത്രിയുടെ പേരില്‍ രൂപം നല്കി മൂന്നു കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെട്ട പിഎംകെയേഴ്സ് ട്രസ്റ്റ് പൊതു അധികാര സ്ഥാപനം അല്ലെന്ന വിചിത്രവാദമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ ഉന്നയിക്കുന്നത്. രാഷ്ട്രീയ അധികാരത്തിന്റെ പേരില്‍ അരങ്ങേറുന്ന രാഷ്ട്രവഞ്ചനയ്ക്ക് അറുതിവരുത്താന്‍ സമയം അതിക്രമിച്ചിരിക്കുന്നു.