Web Desk

November 15, 2021, 5:00 am

ചെെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിന്റെ വഴിത്തിരിവില്‍

Janayugom Online

നവംബര്‍ 11ന് സമാപിച്ച ചെെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ പ്ലീനം നൂറുവര്‍ഷം പിന്നിടുന്ന പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവാണെന്ന് പ്ലീനം അംഗീകരിച്ച ‘ചരിത്ര പ്രമേയവും’ പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപനവും വ്യക്തമാക്കുന്നു. നൂറ്റാണ്ട് കാലത്തെ ചരിത്രത്തില്‍ ഇത് മൂന്നാമതായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും രാജ്യത്തിന്റെ പ്രസിഡന്റുമായ ഷി ജിന്‍ പിങ്ങിനെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര സംഭാവനകളെയും പാര്‍ട്ടിയുടെയും രാഷ്ട്രത്തിന്റെയും ‘കാതല്‍’ എന്നു വിശേഷിപ്പിക്കുന്ന പ്രമേയം പാര്‍ട്ടി കേന്ദ്ര കമ്മിറ്റി പ്ലീനം അംഗീകരിക്കുന്നത്. 1945ലും 1981ലും ചെെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതാത് കാലത്തെ നേതാക്കളെയും അവരുടെ പ്രത്യയശാസ്ത്ര ചിന്തകളെയും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. ആ പ്രമേയങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഷി ജിന്‍ പിങ്ങിനെ ഉയര്‍ത്തിക്കാണിക്കുന്ന പ്രമേയമാണ് നവംബര്‍ എട്ട് മുതല്‍ 11 വരെ നടന്ന കേന്ദ്ര കമ്മിറ്റി പ്ലീനം അംഗീകരിച്ചത്. ഇതോടെ ഷി ജിന്‍പിങ് പാര്‍ട്ടിയുടെയും രാഷ്ട്രത്തിന്റെയും നേതൃത്വത്തില്‍ മൂന്നാം തവണയും തുടരുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പാര്‍ട്ടി നേതൃത്വത്തിന്റെ കാലാവധി അഞ്ച് വര്‍ഷങ്ങള്‍ വീതമുള്ള രണ്ട് തവണയായി പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഡെങ്ങ് സിയാവോപിങ്ങിന്റെ കാലത്തെ തീരുമാനം കേന്ദ്രകമ്മിറ്റി നേരത്തെതന്നെ ഭേദഗതി ചെയ്തിരുന്നു. 

1945ല്‍ മാവോ സെഡോങ്ങിന്റെ കാര്‍മ്മികത്വത്തില്‍ പാസാക്കിയ കേന്ദ്രകമ്മിറ്റി പ്രമേയം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സ്റ്റാലിനുണ്ടായിരുന്ന സ്വാധീനത്തെ തള്ളിപ്പറയുകയും മാവോ ചിന്തകളില്‍ അധിഷ്ഠിതമായ വേറിട്ട പാത അവലംബിക്കുകയും ചെയ്തിരുന്നു. 1981ല്‍ ഡെങ് സിയാവോപിങ്ങിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പാസാക്കിയ രണ്ടാമത്തെ ചരിത്ര പ്രമേയം ഏക നേതാവില്‍ കേന്ദ്രീകൃതമായ മാവോയിസത്തില്‍ നിന്നും കൂട്ടായ നേതൃത്വത്തിലേക്കുമാറ്റുകയും നേതൃപദവിയുടെ കാലാവധി പത്തുവര്‍ഷം വരെയുള്ള രണ്ട് തവണകളായി പരിമിതപ്പെടുത്തുകയും ചെയ്തു. മാവോ നേതൃത്വം നല്കിയ ‘മഹത്തായ കുതിപ്പും’, സാംസ്കാരിക വിപ്ലവത്തിന്റെ പേരില്‍ നടന്ന അതിക്രമങ്ങളും വിമര്‍ശനാത്മകമായി വിലയിരുത്തപ്പെട്ടു.

ഡെങ്ങിന്റെ നേതൃത്വം വ്യക്തിപൂജയെ നിരാകരിക്കുക മാത്രമല്ല തുടര്‍ന്ന് നേതൃത്വം ഏറ്റെടുത്ത ജിയാങ് സെമിന്‍, ഹു ജിന്റാവോ എന്നിവര്‍ പത്തുവര്‍ഷമെന്ന അധികാര കാലാവധി പാലിക്കുകയും ചെയ്തിരുന്നു. ഈ കാലഘട്ടത്തിലാണ് ചെെന പുറംലോകത്തിലേക്ക് അതിന്റെ വാതായനങ്ങള്‍ തുറക്കുകയും ഇന്നത്തെ രീതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിത്തറ പാകുകയും ചെയ്തത്. ഷി ജിന്‍പിങ്ങിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തെ നേതൃത്വം ചെെനയെ ലോക സമ്പദ്ഘടനയിലെ രണ്ടാമത്തെ വന്‍ശക്തിയാക്കി മാറ്റി. ആഗോള സമ്പദ്ഘടനയിലും രാഷ്ട്രീയ വ്യവഹാരത്തിലും ചെെന നിര്‍ണായക ശക്തിയായി ഉയര്‍ന്നുവന്നതും ഈ കാലയളവിലാണ്. സാമ്പത്തിക രാഷ്ട്രീയ പുരോഗതിക്കൊപ്പം അഴിമതിക്കെതിരെ ചെെനീസ് ഗവണ്മെന്റും പാര്‍ട്ടിയും തുടര്‍ന്നുവരുന്ന ശുദ്ധീകരണ പ്രക്രിയയും വംശീയ ന്യൂനപക്ഷമായ ഉയ്ഗര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്നതായി ആരോപിക്കപ്പെടുന്ന വിവേചനങ്ങളും അവകാശ ധ്വംസനങ്ങളും ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. ഇന്ത്യ‑ചെെന അതിര്‍ത്തിയിലെ അസ്വാരസ്യങ്ങളും ദക്ഷിണ ചെെന സമുദ്രത്തില്‍ അവര്‍ നടത്തിവരുന്ന ആധിപത്യത്തിനായുള്ള ശ്രമങ്ങളും ഇക്കാലയളവില്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ പ്രശ്നങ്ങളാണ്. ചെെനയുടെ ബല്‍റ്റ്-റോഡ് പദ്ധതികളില്‍ ഇന്ത്യയടക്കം ലോകരാജ്യങ്ങള്‍ പലതും ആശങ്കാകുലരാണ്. യുഎസ് ഭരണകൂടവും ചെെനയുടെ സാമ്പത്തിക രാഷ്ട്രീയ നീക്കങ്ങളെ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യ‑പസഫിക് മേഖലയില്‍ യുഎസ് നേതൃത്വത്തില്‍ ചെെനീസ് നീക്കങ്ങള്‍ക്കെതിരെ നടന്നുവരുന്ന സെെനിക സഖ്യശ്രമങ്ങളും മേഖലയിലും ലോകത്തും സമാധാനത്തിന് ഭീഷണിയായി എടുത്തുകാട്ടപ്പെടുന്നു. 

ചെെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ ഷി ജിന്‍പിങ്ങടക്കം നേതൃത്വവും ആ രാജ്യത്തിന്റെ സവിശേഷതകളോടുകൂടിയ സോഷ്യലിസ്റ്റ് സമ്പദ്ഘടനയും സാമൂഹ്യക്രമവും വികസിപ്പിക്കുന്നതിനുള്ള യത്നത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അതിന്റെ നേതൃത്വവും പ്രത്യയശാസ്ത്ര പരീക്ഷണങ്ങളും ആ രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യങ്ങളാണ്. ചെെനീസ് പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അത് അയല്‍രാജ്യമെന്ന നിലയ്ക്ക് ഇന്ത്യക്കും മേഖലയ്ക്കും ലോകത്തിനും സമാധാനവും സ്വാതന്ത്ര്യവും പരസ്പര ബഹുമാനവും ഉറപ്പും നല്കുന്നതാവണം എന്നാണ് ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ആഗ്രഹിക്കുക.