Web Desk

January 22, 2021, 5:00 am

അന്യം നില്പിനെ നേരിടുന്ന കോണ്‍ഗ്രസ് സര്‍ക്കസ് കൂടാരം

Janayugom Online

സര്‍ക്കസ് പഴയ പല തലമുറകളെ ഹഠാദാകര്‍ഷിച്ചിരുന്ന ഒരു വിനോദോപാധി ആയിരുന്നു. കോമാളി വേഷക്കാരായ ഹാസ്യ കലാകാരന്മാര്‍, ഞാണിന്മേല്‍ കളിക്കാര്‍, പരിശീലനം സിദ്ധിച്ച മൃഗങ്ങള്‍, ട്രപ്പീസ് പ്രകടനങ്ങള്‍, ഗായകര്‍, നര്‍ത്തകര്‍, വളയാഭ്യാസികള്‍, ചെപ്പടി വിദ്യക്കാര്‍, മാന്ത്രികര്‍, ഒറ്റചക്ര സെെക്കിളോട്ടക്കാര്‍ തുടങ്ങി വെെവിധ്യമാര്‍ന്ന പ്രകടനങ്ങള്‍കൊണ്ട് കാഴ്ചക്കാരെ അത്ഭുതപരതന്ത്രരും ആഹ്ലാദഭരിതരുമാക്കിയിരുന്ന വിനോദകേന്ദ്രമായിരുന്നു സര്‍ക്കസ് കൂടാരങ്ങള്‍.

സര്‍ക്കസ് കൂടാരങ്ങളിലേക്ക് കാണികള്‍ കൂട്ടത്തോടെ ഇരച്ചെത്തി അവയെ സമ്പന്നമാക്കിയിരുന്നു. സിനിമയും ടെലിവിഷനും കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും സാമൂഹ്യ മാധ്യമങ്ങളും സര്‍ക്കസിനെ അപ്രസക്തമാക്കി. പരമ്പരാഗതമായി സര്‍ക്കസ് തുടര്‍ന്നുവന്ന കുടുംബങ്ങളും കലാകാരന്മാരും മൃഗങ്ങളും സ്മാരകശിലകളായി. ആ വിനോദോപാധി ഏതാണ്ട് വംശനാശത്തിന്റെ വക്കിലാണ്.

മറ്റുമാര്‍ഗമില്ലാത്ത കോമാളിവേഷക്കാരും സ്വത്വം കെെമോശം വന്ന വൃദ്ധ മൃഗങ്ങളും കാലപ്പഴക്കംകൊണ്ട് തുന്നിക്കൂടിയ കൂടാരങ്ങളും ഉള്‍ക്കൊള്ളുന്ന അസ്ഥികൂടങ്ങള്‍ മാത്രമായി അവയില്‍ ചിലത് അവശേഷിക്കുന്നു. ഗൃഹാതുരത്വം ഒന്നുകൊണ്ട് മാത്രം സര്‍ക്കസ് കൂടാരങ്ങള്‍ തേടിയെത്തുന്ന ഏതാനും പഴംതലമുറക്കാര്‍ മാത്രമായി കാണികള്‍. പുരാവസ്തു കൗതുകം കൊണ്ടുമാത്രം കൂടാരങ്ങള്‍ തിരഞ്ഞെത്തുന്ന അപൂര്‍വം പുതുതലമുറക്കാരെയും ചെറവുകുറഞ്ഞ വിനോദസഞ്ചാരോപാധിയായി അതിനെ നോക്കിക്കാണാനെത്തുന്ന കുട്ടിക്കൂട്ടങ്ങളെയും അവിടെ കണ്ടെന്നുവരാം. ഒരു പാരമ്പര്യത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ചില രാജ്യങ്ങള്‍ സ്ഥിരം സര്‍ക്കസുകള്‍ നിലനിര്‍ത്തുന്നുണ്ട്.

സര്‍ക്കസ് കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കാനും ക്ഷേമസര്‍ക്കാരുകള്‍ക്ക് പദ്ധതിയുണ്ട്. സര്‍ക്കസ് മൃഗങ്ങള്‍ അനാഥരായി പോകാതെ അവയെ ഏറ്റെടുത്തു സംരക്ഷിക്കാന്‍ സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും മുന്നോട്ടുവരുന്നുണ്ട്. എന്നിരിക്കിലും വര്‍ണാഭമായ ചരിത്രമുള്ള സര്‍ക്കസിന് എപ്പോഴും ചരിത്രത്തില്‍ അവഗണിക്കാനാവാത്ത സ്ഥാനമുണ്ടാ­യിരിക്കും. അത് മനുഷ്യചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ്. എടക്കല്‍ ഗുഹപോലെയോ ലഖ്നൗവിലെ ഫുല്‍ഫുലയ്യ പോ­ലെയോ, റോമിലെ കൊളോസിയം പോലെയോ ഈജിപ്റ്റിലെ പിരമിഡുകള്‍ പോലെയോ അവയെ സംരക്ഷിച്ചു നിലനിര്‍ത്തേണ്ടതുണ്ട്. അത് മനുഷ്യരാശിയുടെ ചരിത്രബോധത്തിന്റെ വിഛേദിക്കാനാവാത്ത കണ്ണിയാണ്.

കേരളത്തിലെ കോ­ണ്‍ഗ്രസ് അത്തരം ഒരു ദൃശ്യമാണ് ജനങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവയ്ക്കുന്നത്. ആ സര്‍ക്കസ് കൂടാരത്തിലെ സിംഹങ്ങള്‍ക്ക് തങ്ങള്‍ സിംഹങ്ങളായിരുന്നുവെന്നോ, കാണ്ടാമൃഗങ്ങള്‍ക്ക് അസാമാന്യം തൊലിക്കട്ടിയുള്ള ജീവിയാണെന്നോ തിരിച്ചറിയാന്‍ കഴിയാതെയായിരിക്കുന്നു. അതിലെ കോമാളി വേഷക്കാര്‍ തങ്ങളുടേത് ജീവിതമാണോ സര്‍ക്കസാണോ എന്നു മറന്നുപോയിരിക്കുന്നു. അതിലെ ട്രപ്പീസ് കളിക്കാരും ഞാണിന്മേല്‍ കളിക്കാരും സാഹസങ്ങള്‍ക്ക് മുതിരുന്നത് കാണികള്‍ ഭയപ്പാടോടെയാണ് നോക്കിക്കാണുന്നത്. കൂടാരത്തിലെ വളയവിദ്യാവിദഗ്ധര്‍ തങ്ങള്‍ വളയമില്ലാതെയാണ് ചാടുന്നതെന്ന് തിരിച്ചറിയുന്നില്ല. അവര്‍ക്കിടയിലെ പാട്ടുകാര്‍ ഇപ്പോള്‍ പാടുന്നത് പാട്ടല്ല പടുപാട്ട് മാത്രം.

ഈ സര്‍ക്കസ് കൂടാരത്തിന്റെ ദുരവസ്ഥയെക്കുറിച്ച് കാണികള്‍ സ്നേഹപൂര്‍വം നല്കിയ മുന്നറിയിപ്പുകള്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് അവര്‍ എത്തപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തു നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അത്തരം ഒരു മുന്നറിയിപ്പായിരുന്നു. കലാകാരന്മാര്‍ക്കും സര്‍ക്കസ് കൂടാരത്തിലെ മൃഗങ്ങള്‍ക്കും തിരിച്ചറിവില്ലെങ്കിലും കമ്പനി ഉടമകള്‍ക്ക് പ്രശ്നത്തിന്റെ ഗൗരവം മനസിലായെന്നു തോന്നുന്നു. അതുകൊണ്ടുതന്നെ സര്‍ക്കസ് ആകെ ഉടച്ചുവാര്‍ക്കാന്‍ അവരൊരു ശ്രമം നടത്തി. പുതുശെെലിയും പുത്തന്‍പരിപാടികളും പുതുമുഖങ്ങളും വേണമെന്നായി തീരുമാനം. കമ്പനി ഉടമകളുടെ ഉല്‍ക്കണ്ഠകളും കാഴ്ചപ്പാടുകളും തെല്ലും ഉള്‍ക്കൊള്ളാന്‍ അവശിഷ്ട കലാകാരന്മാര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ദശകങ്ങളായി തങ്ങള്‍ കാഴ്ചവച്ചുകൊണ്ടിരുന്ന പ്രകടനങ്ങള്‍ തങ്ങളെക്കാള്‍ മികവോടെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും ആവില്ലെന്ന പിടിവാശിയിലാണ് അവര്‍.

തങ്ങളുടെ പ്രകടനങ്ങള്‍ കാണികള്‍ ഏറെ ആസ്വദിക്കുന്നുവെന്ന തോന്നലില്‍ കാഴ്ചവയ്ക്കുന്ന പ്രകടനങ്ങള്‍ ഓരോന്നും അപഹാസ്യവും ആഭാസകരവുമായി മാറുന്നു. അക്കാര്യത്തില്‍ അവര്‍ നടത്തുന്ന കിടമത്സരങ്ങളാവട്ടെ സര്‍ക്കസിനെ അതിവേഗം അതിന്റെ വംശനാശത്തിലേക്കാണ് നയിക്കുന്നത്. അരോചകമായ പ്രകടനം കാണാന്‍ കരുത്തില്ലാത്ത കാണികള്‍ ഒന്നൊന്നായി കൂടാരം വിട്ടൊഴിയുന്ന കാഴ്ച അവശേഷിക്കുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായി മാറുകയാണ്.

കോണ്‍ഗ്രസിന്റെ സര്‍ക്കസ് സമാനമായ ഇന്നത്തെ അവസ്ഥ എന്നേ അവര്‍ കെെവെടിഞ്ഞ ആശയ, രാഷ്ട്രീയ പ്രതിബദ്ധതയാണ്. തങ്ങള്‍ ആര്‍ക്കുവേണ്ടി ആര്‍ക്കൊപ്പമാണെന്ന് അവര്‍ക്കറിയില്ല. എങ്ങനെയും വോട്ടുനേടി സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം നിലനിര്‍ത്തുക എന്നതിലുപരി മറ്റൊരജണ്ട കോണ്‍ഗ്രസ് നേതൃത്വത്തിനില്ല. അതിന്റെ ഭാരവും ദുരിതവും പേറേണ്ടിവരിക കോണ്‍ഗ്രസിന് ഒപ്പം ഇപ്പോഴും നില്ക്കുന്ന ജനാധിപത്യ, മതേതതര, സോഷ്യലിസ്റ്റ് മൂല്യങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ഗണ്യമായ ഒരു ജനവിഭാഗമാണ്. അവരുടെ രാഷ്ട്രീയവും ആശയപരവുമായ വിശ്വാസങ്ങളെയും നിലനില്പിനേയുമാണ് കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി വെല്ലുവിളിക്കുന്നത്. വര്‍ഗീയതക്കും അസഹിഷ്ണുതക്കും പ്രതിലോമകരമായ മൂലധന താല്പര്യങ്ങള്‍ക്കുമാണ് കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ വിനാശകരമായ പ്രകടനത്തിലൂടെ വഴിതുറക്കാന്‍ ശ്രമിക്കുന്നത്.