Web Desk

June 11, 2021, 4:00 am

പ്രസക്തമായി നിലനില്‍ക്കാന്‍ കോണ്‍ഗ്രസ് മാറ്റത്തിന് വിധേയമാവണം

Janayugom Online

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ നിന്നും മറ്റൊരാള്‍കൂടി ബിജെപി പാളയത്തില്‍ അഭയം തേടിയിരിക്കുന്നു. ജനങ്ങളുടെയും സമൂഹത്തിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് കഴിയില്ലെന്ന് പറഞ്ഞ് കൂറുമാറ്റം പ്രഖ്യാപിക്കുമ്പോള്‍ മുന്‍ കേന്ദ്രമന്ത്രികൂടിയായ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായിരുന്നു. പശ്ചിമബംഗാള്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസാദയായിരുന്നു എഐസിസി ചുമതലക്കാരന്‍. നരേന്ദ്രമോഡി സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഭരണത്തില്‍ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന അവസരത്തിലാണ് പ്രസാദ ബിജെപിയിലേക്ക് ചേക്കേറുന്നത്. ആയിരക്കണക്കിന് ശവശരീരങ്ങള്‍ ഒഴുകിനടക്കുകയും നദീതീരങ്ങളില്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തുകയും ചെയ്ത നാണംകെട്ട ഭരണകൂട പരാജയത്തിന്റെ പശ്ചാത്തലത്തില്‍പോലും ഉന്നത കോണ്‍ഗ്രസ് നേതാവ് ഭരണം നടത്തുന്ന ബിജെപിയില്‍ അഭയംപ്രാപിക്കുന്നു എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് തുറന്നുകാട്ടുന്നത്. ഇപ്പോള്‍ പാര്‍ട്ടിവിട്ട ജിതിന്‍ പ്രസാദയും മുന്‍പെ അതിനു വഴിതെളിച്ച ജ്യോതിരാദിത്യ സിന്ധ്യയും രാഹുല്‍ഗാന്ധിയുടെയും ഗാന്ധികുടുംബത്തിന്റെയും വിശ്വസ്തരായിരുന്നു എന്നത് യാദൃശ്ചികമാണെങ്കില്‍പോലും അവഗണിക്കാവുന്ന വസ്തുതയല്ല. 

രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന സംഘടനാപരവും രാഷ്ട്രീയപരവും ആശയപരവുമായ പ്രതിസന്ധിയിലേക്കും വെല്ലുവിളിയിലേക്കുമാണ് ഈ സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിലെ മുതിര്‍ന്ന 23 അംഗങ്ങള്‍ ഉന്നയിച്ച രാഷ്ട്രീയവും സംഘടനാപരവുമായ വിഷയങ്ങള്‍ രൂക്ഷമായി തുടരുന്നു എന്നുതന്നെയാണ് ബിജെപിയിലേക്ക് അവിരാമം തുടരുന്ന ഈ ഒഴുക്ക് വ്യക്തമാക്കുന്നത്. അത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കാതെയും രാഷ്ട്രീയമായും ആശയപരമായും സംഘടനാപരമായും പാര്‍ട്ടിയുടെ പങ്ക് പുനര്‍നിര്‍ണയിക്കാതെയും മുഖ്യ പ്രതിപക്ഷപാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് എങ്ങനെ ഫലപ്രദമായി മുന്നോട്ടുപോകാനാവും എന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍നിന്നും പുറത്തുനിന്നും ഒരുപോലെ ഉയരുന്നു. അത് പരസ്യമായി ഉന്നയിക്കാന്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവരുന്നു എന്നതും ശ്രദ്ധേയമാണ്.

പാര്‍ട്ടി വിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആശയപരമായ യാതൊരു മനസാക്ഷിക്കുത്തും കൂടാതെ ബിജെപിയില്‍ എത്തിച്ചേരുന്നു എന്നതും അവര്‍ക്ക് അവിടെ വര്‍ധിച്ച സ്വീകാര്യത ലഭിക്കുന്നു എന്നതും രണ്ട് കാരണങ്ങളാലാണ്. ഒന്നാമതായി, കോണ്‍ഗ്രസ് വിട്ടുവരുന്ന ആരെയും യഥാവിധി സ്വീകരിച്ച് സ്ഥാനമാനങ്ങള്‍ ഉറപ്പുവരുത്താനുള്ള ബിജെപിയുടെ സന്നദ്ധത. യാതൊരുവിധ പ്രത്യയശാസ്ത്ര വീണ്ടുവിചാരത്തിനും മുതിരാതെ കാലുമാറ്റക്കാരെ സ്വീകരിച്ച് ഏതുവിധേനെയും അധികാരം നിലനിര്‍ത്തുകയെന്നത് നരേന്ദ്രമോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെ ആവശ്യമാണ്. ബിജെപിയുടെ ലോക്‌സഭാ അംഗങ്ങളില്‍ സിംഹഭാഗവും കോണ്‍ഗ്രസില്‍നിന്ന് ഹിന്ദുത്വ പാളയത്തില്‍ എത്തിച്ചേര്‍ന്നവരാണ്. അധികാരത്തില്‍ പങ്കും പണവും നല്‍കി ആരുടെയും വിധേയത്വം ഉറപ്പുവരുത്തുന്നു എന്നത് ബിജെപിയുടെ രാഷ്ട്രതന്ത്രമാണ്. രണ്ടാമത്, ബിജെപിയും കോണ്‍ഗ്രസും ആശയപരമായോ രാഷ്ട്രീയമായോ വിഭിന്നരല്ലെന്ന കാലുമാറ്റക്കാര്‍ക്ക് ഉത്തമ ബോധ്യമാണ്. മതനിരപേക്ഷത, സാമൂഹികനീതി, അവസരസമത്വം തുടങ്ങി കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ചിരുന്ന ആശയങ്ങള്‍ ഇന്ന് കേവലം പഴങ്കഥയാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഗണ്യമായ ഒരു വിഭാഗം കരുതുന്നു. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തെ മൃദുഹിന്ദുത്വവാദംകൊണ്ട് നേരിടാനാവുമെന്നത് വ്യാമോഹം മാത്രമാണ്. കേരളത്തിലെ കോണ്‍ഗ്രസ് തന്നെ സംഘപരിവാറിന്റെ മാറ്റൊലിയായി മാറുന്നതിന് സംസ്ഥാനം സാക്ഷ്യം വഹിക്കുക മാത്രമല്ല, മതനിരപേക്ഷതയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ജനവിഭാഗങ്ങള്‍ അവരെ കയ്യൊഴിയുന്നതിനും കാരണമായി. വേണ്ടത്ര അനുഭവസമ്പത്തോ ജനകീയ അംഗീകാരമോ ഇല്ലാത്ത ജിതിന്‍ പ്രസാദക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സ്ഥാനം ഉറപ്പാക്കിയത് ജാതിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന വസ്തുതയും അവഗണിക്കാനാവുന്നതല്ല. ബിജെപി വാശിയോടെ പിന്തുടരുന്ന കോര്‍പ്പറേറ്റ് സാമ്പത്തികനയങ്ങളുടെ യഥാര്‍ത്ഥ പകര്‍പ്പവകാശം കോണ്‍ഗ്രസിനാണ്. സാമൂഹികനീതിയിലും അവസരസമത്വത്തിലും അധിഷ്ഠിതമായ നെഹ്‌റൂവിയന്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്റെ സ്ഥാനത്താണ് നരസിംഹറാവുവിന്റെയും ഡോ. മന്‍മോഹന്‍ സിങ്ങിന്റെയും നവഉദാരീകരണ കോര്‍പ്പറേറ്റ് സാമ്പത്തികനയങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടത്. കോണ്‍ഗ്രസിനെക്കാള്‍ നന്നായി തങ്ങള്‍ക്ക് വിടുപണി ചെയ്യാന്‍ സന്നദ്ധരായ ബിജെപിയെ കോര്‍പ്പറേറ്റ് ലോകം സര്‍വാത്മനാ ദത്തെടുക്കാന്‍ സന്നദ്ധമായി എന്നതില്‍ അത്ഭുതത്തിന് ഇടമില്ല.

കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയജീവിതത്തില്‍ പ്രസക്തമായി നിലനില്‍ക്കാന്‍ ആവണമെങ്കില്‍ രാഷ്ട്രീയമായും ആശയപരമായും തങ്ങളുടെ മുന്‍ഗണന എന്തെന്ന് ശക്തവും വ്യക്തവുമായി നിര്‍വചിക്കാന്‍ ആ പാര്‍ട്ടിക്ക് കഴിയണം. അധികാര കുത്തകയുടെയും മേധാവിത്വത്തിന്റെയും കാലം കഴിഞ്ഞുവെന്നും ജനങ്ങള്‍ക്കും വെെവിധ്യമാര്‍ന്ന ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ക്കും അനുയോജ്യമായ ആശയങ്ങള്‍ക്കും നയപരിപാടികള്‍ക്കും ജനാധിപത്യപരമായ സംഘടനാ സംവിധാനങ്ങള്‍ക്കും മാത്രമേ തങ്ങളുടെ സ്വീകാര്യത ഉറപ്പുവരുത്താന്‍ കഴിയുവെന്നും കോണ്‍ഗ്രസ് തിരിച്ചറിയണം. രാജ്യത്താകെ വളര്‍ന്നുവരുന്ന ഭരണവിരുദ്ധ വികാരത്തെ പ്രയോജനപ്പെടുത്താനാവണമെങ്കില്‍ കോണ്‍ഗ്രസ് അത്തരമൊരു മാറ്റത്തിന് സത്വരം സന്നദ്ധമാവണം.