Web Desk

March 12, 2020, 5:10 am

വലതുപക്ഷ രാഷ്ട്രീയ ജീർണ്ണതയുടെ മറ്റൊരു പതിപ്പ്

Janayugom Online

ഒന്നേകാൽ വർഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് അധികാരത്തിലെത്തിയ മധ്യപ്രദേശിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ മുഖ്യ ചർച്ചാവിഷയം. 15 വർഷം നീണ്ട ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് 2018 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത്. ഒരു കക്ഷിക്കും ഭരണം കയ്യാളുന്നതിനുള്ള കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ലെന്നതുകൊണ്ടുതന്നെ ബിജെപി പതിവ് കുതിരക്കച്ചവട സാധ്യതകൾ അന്നുതന്നെ തേടിയിരുന്നതുമാണ്. അതിനിടയിലാണ് 114 അംഗങ്ങളുള്ള കോൺഗ്രസ് മന്ത്രിസഭ ബിഎസ്‌പി രണ്ട്, സമാജ്‌വാദി പാർട്ടി ഒന്ന്, സ്വതന്ത്രർ നാല് എന്നിങ്ങനെ അംഗങ്ങളുടെ പിന്തുണയോടെ 2018 ഡിസംബർ 17 ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. 230 അംഗ നിയമസഭയിൽ 116 പേരുടെ പിന്തുണയാണ് മന്ത്രിസഭ രൂപീകരിക്കുന്നതിന് വേണ്ടിയിരുന്നത്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുന്നതിനും ബിജെപി വിരുദ്ധ ജനവിധിയുടെ അടിസ്ഥാനത്തിൽ മന്ത്രിസഭ രൂപീകരിക്കണമെന്ന താല്പര്യത്തോടെയുമാണ് ബിഎസ്‌പി, എസ്‌പി, സ്വതന്ത്ര അംഗങ്ങൾ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

ഇതോടെ പിന്തുണ 120 ആയെങ്കിലും കോൺഗ്രസിലുണ്ടായ നേതൃത്വ തർക്കത്തെതുടർന്ന് മന്ത്രിസഭാ രൂപീകരണം വൈകുകയായിരുന്നു. ഒടുവിൽ വോട്ടെടുപ്പ് നടന്ന് 19 ദിവസത്തിന് ശേഷമാണ് കമൽനാഥിനെ നേതാവായി തെരഞ്ഞെടുത്ത് മന്ത്രിസഭാ രൂപീകരണം സാധ്യമാകുന്നത്. ബിജെപി വിരുദ്ധ വികാരമുണ്ടെന്നും കോൺഗ്രസിന് ഭരണം ലഭിക്കുമെന്നും മനസിലാകാത്തതുകൊണ്ട് നിയമസഭയിലേക്ക് മത്സരിക്കാതിരുന്ന രണ്ടുപേർ — കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും — തമ്മിലായിരുന്നു നേതൃത്വത്തിനുവേണ്ടി തമ്മിലടിയുണ്ടായത്. ഒന്നല്ല പല പരാജയങ്ങളിൽ നിന്നും തിരിച്ചടികളിൽ നിന്നുപോലും പാഠം പഠിക്കില്ലെന്ന പതിവ് രീതിയാണ് അന്ന് തർക്കത്തിനും മന്ത്രിസഭാ രൂപീകരണം വൈകുന്നതിനും കാരണമായത്. അധികാര രാഷ്ട്രീയം വലതുപക്ഷ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെ എത്രത്തോളം അധഃപതിപ്പിച്ചിരിക്കുന്നുവെന്നതിന്റെ ഉദാഹരണമായിരുന്നു അന്നുണ്ടായ കാലവിളംബം.

ഒമ്പതു തവണ ലോക്‌സഭാംഗവും കേന്ദ്ര മന്ത്രിയുമൊക്കെയായിരുന്ന കമൽനാഥ് നിയമസഭാംഗമല്ലാതിരുന്നിട്ടും മധ്യപ്രദേശിന്റെ 18 -ാമത് മുഖ്യമന്ത്രിയായത് ഈ ജീർണ്ണതയുടെ ഉദാഹരണമാണ്. പിന്നീട് ഛിൻദ്വാര മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ദീപക് സക്‌സേനയെന്ന കോൺഗ്രസ് അംഗത്തെ രാജിവയ്പിച്ച് 2019 മെയ് മാസത്തിൽ ഉപതെരഞ്ഞെടുപ്പിലൂടെയാണ് കമൽനാഥ് മധ്യപ്രദേശ് നിയമസഭാംഗമാകുന്നത്. മുഖ്യമന്ത്രി പദത്തിനുവേണ്ടിയുള്ള പിടിവലിയിൽ കക്ഷിയായിരുന്ന ജ്യോതിരാദിത്യസിന്ധ്യയാകട്ടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്റെ സ്വന്തം സീറ്റായ ഗുണ മണ്ഡലത്തിൽ പരാജയപ്പെടുകയും ചെയ്തു. 107 അംഗങ്ങൾ മാത്രമുള്ള തങ്ങൾക്ക് കോൺഗ്രസ് ഒഴികെയുള്ളവരുടെ പിന്തുണ മാത്രംകൊണ്ട് ഭരണം നടത്താനാകില്ലെന്നതുകൊണ്ട് മാത്രമാണ് ജനാധിപത്യ വിരുദ്ധമായ നടപടികൾക്ക് ബിജെപി തയ്യാറാകാതിരുന്നതെങ്കിലും കുതിരക്കച്ചവടത്തിലൂടെ അതു തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ അധികാരം നഷ്ടപ്പെട്ടതുമുതൽ അവർ തുടങ്ങിയിരുന്നു. അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങുകയാണ് മധ്യപ്രദേശ് രാഷ്ട്രീയമെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്.

ആദ്യഘട്ടത്തിൽ ചില കോൺഗ്രസ് അംഗങ്ങളെയും സ്വതന്ത്രരെയും ചാക്കിലാക്കി റിസോർട്ടുകളിലേക്ക് മാറ്റിയെങ്കിലും താൽക്കാലികമായി അതിനെ അതിജീവിക്കാൻ കമൽനാഥിനായി. പുറത്തുചാടിയെന്ന് സംശയിച്ചവർ പാളയത്തിലേക്ക് തിരികെയെത്തിയെന്ന് കമൽനാഥ് പക്ഷം ആശ്വസിക്കുന്നതിനിടെയാണ് സിന്ധ്യയുടെ പക്ഷത്തുനിന്നുള്ള 22 കോൺഗ്രസ് അംഗങ്ങളുടെ രാജിയുണ്ടായിരിക്കുന്നത്. ഇതോടെ പ്രതിസന്ധിയിലായ കമൽനാഥ് സർക്കാരിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സിന്ധ്യയാകട്ടെ ബിജെപി പാളയത്തിലാണ് ഒടുവിലെത്തിയിരിക്കുന്നത്. മറ്റുള്ള അംഗങ്ങൾ സിന്ധ്യയ്ക്കൊപ്പം പോകില്ലെന്ന് പറയുന്നുവെങ്കിലും അധികാരം പിടിക്കാനായി ബിജെപി ഒഴുക്കുന്ന പണക്കൊഴുപ്പിൽ പിടിച്ചുനിൽക്കാൻ അവർക്കാകില്ലെന്നാണ് മറ്റ് പല സംസ്ഥാനങ്ങളിലെയും അനുഭവങ്ങൾ വ്യക്തമാക്കുന്നത്.

കർണ്ണാടകയിലും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നാമത് കണ്ടതാണ്. വിലപേശലിലൂടെയും പണമൊഴുക്കിയും കാലുമാറ്റുന്നതും കുതിരക്കച്ചവടവും ആയാറാം ഗയാറാം രാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയത്തിൽ എല്ലാ വലതുപക്ഷ പാർട്ടികളും പ്രയോഗിച്ചിട്ടുണ്ട്. അതിൽ കോൺഗ്രസെന്നോ ബിജെപിയെന്നോ മറ്റേതെങ്കിലും കക്ഷിയെന്നോ വ്യത്യാസമില്ല. റിസോർട്ട് രാഷ്ട്രീയക്കളികളിലും ആരെയും മാറ്റിനിർത്താനാവില്ല. കോടികളിൽ നിന്ന് ദശകോടികളിലേക്കും ശതകോടികളിലേക്കുമാണ് ഇന്ന് വിലപേശലിന്റെ നിരക്ക് എത്തിനിൽക്കുന്നത്. അധികാരമുപയോഗിച്ച് പണം സമാഹരിക്കുകയും അതുപയോഗിച്ച് അധികാരം നേടുകയും നിലനിർത്തുകയും ചെയ്യുകയെന്ന ജീർണ്ണ നാടകങ്ങൾക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. ജനവിധിയെ അംഗീകരിക്കാതെ അധികാരം നേടാനുള്ള വൃത്തികെട്ട ഈ നീക്കങ്ങൾ ജനാധിപത്യ — നിയമ വ്യവസ്ഥകളോടുള്ള വെല്ലുവിളിയും പരിപാവനമായ ജനാധിപത്യത്തിന്റെ നിലനില്പിന് തന്നെ അപകടകരവുമാണ്.