Wednesday
20 Feb 2019

ഭരണഘടന പ്രതിരോധത്തിന്റെ ശക്തിദുര്‍ഗം

By: Web Desk | Thursday 6 December 2018 10:16 AM IST

ഇന്ത്യാ ചരിത്രത്തിലെ അത്യന്തം അപമാനകരവും ഇരുണ്ടതുമായ ഒരു ദിനത്തെയാണ് ഡിസംബര്‍ ആറ് അടയാളപ്പെടുത്തുന്നത്. ഇന്നേക്ക് 26 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 400 വര്‍ഷത്തിലേറെയായി മുസ്‌ലിം ജനവിഭാഗങ്ങള്‍ ഏറെ പവിത്രമെന്ന് കരുതിയിരുന്ന ബാബ്‌റി മസ്ജിദ് തീവ്രഹിന്ദുത്വവാദികള്‍ തകര്‍ത്തത്. അത് കേവലം ചരിത്രപ്രാധാന്യമുള്ള ഒരു പുരാതന നിര്‍മിതിയുടെ തകര്‍ക്കല്‍ മാത്രമല്ല. ഒരു ജനതതിയുടെ രാഷ്ട്ര സങ്കല്‍പത്തിന്റെയും അതിന് അടിത്തറപാകുന്ന ഭരണഘടനയുടെ തന്നെയും നിലനില്‍പിനുനേരെയാണ് ആ സംഭവം വെല്ലുവിളി ഉയര്‍ത്തിയത്. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ചെറുത്തുനില്‍പുകളെയും സാമാന്യജനതയുടെ ദേശീയ ബോധത്തെയും വെല്ലുവിളിച്ചുകൊണ്ട് വിധ്വംസക ശക്തികള്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യബോധത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും നേരെ കടന്നാക്രമണം തുടരുകയാണ്. രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന അസംബ്ലി തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും വരാന്‍പോകുന്ന പൊതു തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ അയോധ്യയില്‍ ബാബ്‌റി മസ്ജിദ് നിലനിന്നിരുന്നിടത്തുതന്നെ രാമക്ഷേത്ര നിര്‍മാണത്തിനുവേണ്ടിയുള്ള മുറവിളിക്ക് തീവ്രഹിന്ദുത്വ ശക്തികള്‍ മൂര്‍ച്ചകൂട്ടിയിട്ടുണ്ട്. ബിജെപി നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറി നാലര വര്‍ഷം പിന്നിടുമ്പോള്‍ പൊടുന്നനെയാണ് രാമക്ഷേത്ര നിര്‍മാണം സംഘ്പരിവാര്‍ പ്രഭൃതികളുടെ രാഷ്ട്രീയ വ്യവഹാരത്തിന്റെ കേന്ദ്രസ്ഥാനത്ത് വീണ്ടും പ്രതിഷ്ഠിക്കപ്പെടുന്നത്. വികസനം, വളര്‍ച്ച എന്നിവകളെപ്പറ്റിയും അച്ഛേ ദിന്‍ അഥവാ നല്ല നാളുകള്‍ എന്നിവയെപ്പറ്റിയും നാളിതുവരെ തുടര്‍ന്നുപോന്നിരുന്ന വായ്ത്താരികള്‍കൊണ്ട് ജനങ്ങളെ കബളിപ്പിക്കാന്‍ ഇനിമേലില്‍ ആവില്ലെന്ന് ഉറപ്പായതോടെയാണ് വിസ്മരിക്കപ്പെട്ട രാമക്ഷേത്രനിര്‍മാണം പൊടിതട്ടി എടുക്കപ്പെട്ടിരിക്കുന്നത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള രാഷ്ട്രീയ ധ്രുവീകരണം മാത്രമാണ് അവസാനത്തെ ആയുധമെന്ന തിരിച്ചറിവാണ് ബിജെപിയെയും തീവ്രഹിന്ദുത്വ ശക്തികളെയും നയിക്കുന്നത്.

നിര്‍ണായക തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ വിയര്‍ത്തു തുടങ്ങിയ മോഡി-ഷാ പ്രഭൃതികളും തീവ്രഹിന്ദുത്വ വിഷംവമിപ്പിക്കുന്ന സംഘപരിവാര്‍ നേതാക്കളും വിസ്മരിക്കുന്ന മറ്റൊരു പ്രാധാന്യം ഈ ദിനത്തിനുണ്ട്. ഇന്നേക്ക് 52 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡിസംബര്‍ ആറിനാണ് ഭരണഘടനാ ശില്‍പി ബാബാസാഹേബ് അംബേദ്കര്‍ അന്തരിച്ചത്. ഈ ദിവസത്തെ ബാബ്‌റി മസ്ജിദ് തകര്‍ത്ത ധീരതയുടെ ദിനമായി ‘ശൗര്യദിവസ്’ എന്ന പേരിലാണ് ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ആചരിക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയതയില്‍ അഭയം പ്രാപിക്കുന്നവര്‍ ഭൂരിപക്ഷ വര്‍ഗീയതയെ അതേ നാണയംകൊണ്ട് നേരിടാമെന്ന വ്യാമോഹത്തില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ദിനാചരണമായി ഈ ദിനത്തെ നോക്കിക്കാണാനാണ് ശ്രമിക്കുന്നത്. രാഷ്ട്രത്തെ ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയുടെ ചുടലക്കളമാക്കി മാറ്റാനുള്ള അത്തരം ശ്രമങ്ങള്‍ക്ക് നടുവിലാണ് രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ ദിനത്തെ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന കേവലം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കിന്റെ സ്ഥാപന ചട്ടക്കൂട് മാത്രമല്ല, വൈവിധ്യമാര്‍ന്ന ഒരു ജനതയുടെയും രാഷ്ട്രത്തിന്റെയും സങ്കല്‍പങ്ങളുടെ മൂര്‍ത്തിമദ്ഭാവത്തെയാണ് ഭരണഘടന പ്രതിനിധാനം ചെയ്യുന്നത്. ആ ഭരണഘടനയ്ക്കും ഭരണഘടനാസ്ഥാപനങ്ങള്‍ക്കും എതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കടന്നാക്രമണങ്ങള്‍ അതിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവരില്‍ നിന്നുതന്നെ ഉയര്‍ന്നുവരുന്ന വിനാശകരമായ അന്തരീക്ഷമാണ് രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്നത്. ബാബ്‌റി മസ്ജിദ് തകര്‍ത്ത ചരിത്രധ്വംസനത്തിനും തല്‍സ്ഥാനത്ത് രാമക്ഷേത്രം പണിയണമെന്ന അധാര്‍മികവും നിയമവിരുദ്ധവും ഭരണഘടനാ നിഷേധവുമായ ആവശ്യം നേടിയെടുക്കാന്‍ ഭരണഘടനയെത്തന്നെ ഭഞ്ജിക്കണമെന്നാണ് ആവശ്യം. വര്‍ഗീയതകൊണ്ട് വിഷലിപ്തമായ ആള്‍ക്കൂട്ട മുറവിളിക്കു മുന്നില്‍ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ബലികഴിക്കപ്പെട്ടുകൂട.

വര്‍ഗീയതകൊണ്ട് വിഷലിപ്തമായ ആള്‍ക്കൂട്ട നീതിക്കു മുമ്പില്‍ യുക്തിചിന്തക്കും നിയമവ്യവസ്ഥക്കും നിയമ വാഴ്ചക്കും യാതൊരു സ്ഥാനവുമില്ലെന്ന് 1992 ഡിസംബര്‍ ആറ് നമ്മെ അനുസ്മരിപ്പിക്കുന്നു. ജനാധിപത്യത്തിലും മതസൗഹാര്‍ദ്ദത്തിലും ഭരണഘടനയുടെ അവിച്ഛിന്നതയില്‍ വിശ്വസിക്കുന്ന മഹാഭൂരിപക്ഷം ഇന്ത്യാക്കാരുടെയും നിശ്ചയദാര്‍ഢ്യത്തിനു മാത്രമേ ഭൂരിപക്ഷ-ന്യൂനപക്ഷ തീവ്രവാദ ശക്തികളെ ഫലപ്രദമായി പ്രതിരോധിക്കാനാവൂ. ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയ്ക്കും അതിനുശക്തമായ അടിത്തറ പാകുന്ന ഭരണഘടനയ്ക്കും ഭരണഘടനാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ഭൂരിപക്ഷം വരുന്ന ജനസാമാന്യത്തെ അണിനിരത്തുകയെന്നതാണ് ഈ കാലഘട്ടത്തിന് നിര്‍വഹിക്കാനുള്ള ചരിത്ര ദൗത്യം. അശാന്തിയുടെയും ഹിംസയുടെയും ധ്രുവീകരണത്തിന്റെയും ഭീതിയുടെയും ദിനങ്ങളില്‍ കരുത്തിന്റെയും പ്രതീക്ഷയുടെയും ഐക്യത്തിന്റെയും ഉരകല്ലായി ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയാണ് കാലത്തിന്റെ ദൗത്യം. അതിനുള്ള പ്രതിജ്ഞാ ദിനമായി ഈ ദിനാചണം മാറണം.