Web Desk

January 24, 2020, 4:20 am

കൊറോണ വൈറസ്: ഭീതിയല്ല കരുതലാണ് ആവശ്യം

Janayugom Online

കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാക്കിയാണ് ചൈനയിൽ നിന്ന് ഉത്ഭവിച്ചത്. 2019 ഡിസംബർ 31‑ന് ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് രോഗം ആദ്യം കണ്ടെ­ത്തിയത്. ഇതിനകം 17 പേർ ചൈനയിൽ കൊറോണ ബാധിച്ച് മരണ­ത്തി­നടി­മയായി. 471 പേരിലാണ് ചൈനിൽ രോഗാവസ്ഥ സ്ഥിരീകരിച്ചിരിക്കുന്നത്. ജപ്പാൻ, തായ്ലാൻഡ്, തയ്വാൻ, ഹോങ്കോങ്, മക്കാവു ദക്ഷിണകൊറിയ, യു എസ് എന്നിവിടങ്ങളിലും ചൈന­യ്ക്കുപിറകെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റവുമൊടുവിൽ സൗദി അറേബ്യയിലെ അസിർ അബാ അൽ ഹയാത്ത് ആശുപത്രിയിലെ നഴ്സുമാർക്ക് കോറോണ വൈറസ് ബാധയുണ്ടായതായി സംശയിക്കുന്നു. ഇവിടെ ചികിത്സ തേടിയ ഫിലിപ്പൈന്സ് യുവതിയെ പരിചരി­ച്ചിരുന്ന നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിചക്കുകയും ചെയ്തു.

കോട്ടയം ഏറ്റുമാനൂര് സ്വദേശിനിക്കാണ് വൈറസ് ബാധ കണ്ടെ­ത്തിയിരിക്കുന്നത്. മറ്റു 30 നഴ്സുമാരെ നിരീക്ഷണ മുറിയിലേക്ക് മാറ്റുകയും സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. പ്രാഥമിക റിപ്പോർട്ടനുസരിച്ച് ഇവരിൽ വൈറസ് ബാധയില്ലെന്നാണ് നിഗമനം. വൈറസ് പടരുന്നത് ഭയന്ന് ജീവനക്കാരിലേറെയും ആശുപത്രി­യിലേക്ക് എത്തുന്നില്ല. രോഗവിവരം റിപ്പോർട്ട് ചെയ്യാതെ മറച­്ചുവയ്ക്കുകയാണ് ആ­ശുപത്രി അധികൃതർ ചെയ്യുന്നതെന്ന പരാതി നഴ്സുമാർ ഇന്ത്യൻ എംബസിക്ക് നല്കിയിട്ടുണ്ട്. സംഭവം ശ്രദ്ധ­യിൽപ്പെട്ടതോടെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഗൗരവ­ത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രി എസ് ജയശങ്കറിന് കത്ത് അയച്ചിട്ടുണ്ട്. സൗദി സർക­്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവർക്ക് വിദഗ്ധ ചി­കിത്സ)­യും സംരക്ഷണവും ഉറപ്പുവരുത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതിനുപുറമെ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും കരുതൽ നടപടികൾ ആരംഭിക്കുകയും ചെയ്തു. അതിനിടെ കൊറോണ വൈറസ്ബാധ കണക്കി­ലെടുത്ത് ചൈന സന്ദർ­ശിക്കുമ്പോൾ അവശ്യമായ മുൻകരുതലെടുക്കാൻ കേന്ദ്ര സർക്കാർ ഇന്ത്യ പൗരന്മാ­ർക്ക് മുന്നറിയിപ്പു­നൽകി­യിട്ടുണ്ട്. ഇന്ത്യക്കു പുറമെ, അമേരിക്കയടക്കം ഇതര രാ­ജ്യങ്ങളും രോഗഭീതി തടയാ­ൻ കരുതലിലാണ്. സിയാ­റ്റി­­ലിൽ താമസിക്കുന്ന മുപ്പ­ത് വയസുകാരന് വൈറ­സ് ബാ­ധ സ്ഥിരീ­ക­രി­ച്ച­­തോ­ടെയാ­ണ് അമേരി­ക്ക ജാഗ്ര­ത തുട­ങ്ങിയത്. ചൈന­യിലെ വൂ­ഹാ­ൻ നഗരത്തി­ൽനിന്ന് ജ­നു­­വരി 15ന് തിരിച്ചെത്തിയ ആളിൽ രോ­ഗ­ലക്ഷണ­ങ്ങൾ കണ്ട­തോടെ പരിശോധിക്കുകയായിരുന്നു.

മറ്റുരാജ്യ­ങ്ങ­ളും ചൈനാ സന്ദർശകരെ കർശ­നനമായി നിരീക്ഷി­ക്കുകയാ­ണിപ്പോൾ. സാർസിനോട് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻ­ഡ്രോം) സമാന ലക്ഷണങ്ങ­ളാണ് കൊറോ­ണ വൈ­റസി­നും ഉള്ളത്. ഇത് മനുഷ്യരി­ൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന­താണ് ലോകത്തെയാകെ ഭീതിയിലാക്കുന്നത്. രോഗം പടർന്നു പിടിക്കുന്ന ചൈനയിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന നിർദ്ദേശം നൽകിയിരിക്കുതയാണ് അവി­ടത്തെ മെഡിക്കൽ അധികൃതർ. വുഹാൻ നഗരത്തിലേക്കുള്ള യാത്രയും നഗരത്തിലുള്ളവർ പുറത്തേ­ക്കുപോകുന്നതും ചൈന വിലക്കിയിട്ടുമുണ്ട്. 2002–2003 ൽ സാർസ് ബാധിച്ച് ചൈനയിൽ എണ്ണൂറോളം പേർ മരിച്ചിരുന്നു. രണ്ടായിര­ത്തിലേറെപ്പേർ നിരീക്ഷണത്തിലാണിവിടെ. ലോകാരോഗ്യ സംഘടനയുടെ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ വേണ്ട­യോ എന്നതുൾപ്പെടെ യോഗം ചർച്ചചെയ്യു­മെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ പ്രതിരോധ വാക്സിനോ ഇല്ല എന്നതാണ് ആശങ്കകൾക്കിടയാക്കുന്നത്. പനി, ചുമ, ശ്വാസതടസം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ പ്രാഥമികലക്ഷണങ്ങൾ, പിന്നീടിത് ന്യുമോണിയയിലേക്ക് വഴിമാറും. സാ­ധാരണ പകർച്ചപ്പനിക്കെന്ന പോലെ ലക്ഷണങ്ങൾക്കനുസരിച്ചും രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്തുമാണ് ചികിത്സ. വിശ്രമവും. ഇതേ ചികിത്സാരീതികളും കൂടുതൽ ജാഗ്രതയുമാണ് നിപ വൈറസിനെ തുരത്തുന്നതിൽ കേരളം സ്വീകരിച്ചത്. ചൈനയിൽ നിന്നും സൗദിയിൽ നിന്നുമെല്ലാം മടങ്ങിയെത്തുന്നവരെ പ്രത്യേകം നിരീക്ഷിച്ച് രോഗബാധ തടയാനുള്ള നടപടികൾ കേരളം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളും ആരോഗ്യ പ്രവർത്തകരും അതീവ ജാഗ്രതയോടെ സേവനരംഗത്തുണ്ട്. അതു­കൊണ്ട് കൊറോണ വൈറസ് ബാധയുടെ കാര്യത്തിൽ സംസ്ഥാനം ആശങ്ക­പ്പെടേണ്ട. എന്നാൽ ജാഗ്രത പാലിക്കണം.