Web Desk

December 02, 2020, 3:01 am

വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ വീണ്ടും നീതിപീഠം

Janayugom Online

പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള മൗലിക അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നതായി കര്‍ണാടക ഹൈക്കോടതി ഇന്നലെ ഒരു വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. വ്യക്തിബന്ധത്തിനുള്ള രണ്ടുപേരുടെ സ്വാതന്ത്ര്യത്തില്‍ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ കടന്നുകയറ്റം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എസ് സുജാത, സച്ചിന്‍ ശങ്കര്‍ മഗദം എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുന്നു. മാതാപിതാക്കള്‍ വിവാഹത്തിന് വിസമ്മതിച്ച ഹിന്ദു യുവതിയെ വിട്ടുകിട്ടാന്‍ മുസ്‌ലിം യുവാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു വിധി. സമാനമായ കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ഏകാംഗബെഞ്ചിന്റെ മുന്‍കാല വിധികള്‍ റദ്ദാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും ജാതിക്കും മതത്തിനും അതീതമായി വിവാഹം കഴിക്കാനുള്ള പ്രായപൂര്‍ത്തിയായ സ്ത്രീ-പുരുഷന്മാരുടെ ഭരണഘടനാപരമായ മൗലിക അവകാശം ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി.

അലഹബാദ് ഹൈക്കോടതി ഒരു പടികൂടി കടന്ന് ഒരേ ലിംഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ചു ജീവിക്കാനുള്ള അവകാശവും ശരിവയ്ക്കുകയുണ്ടായി. മലയാളികളായ ഹാദിയ, ജഹാന്‍ ദമ്പതിമാരുടെ കേസില്‍ കേരളാ ഹൈക്കോടതി വിധിയെ മറികടന്ന് സ്വന്തം ജീവിതപങ്കാളികളെ തിരഞ്ഞെടുക്കാനുള്ള പ്രായപൂര്‍ത്തിയായ വ്യക്തികളുടെ അവകാശം 2018ല്‍ സുപ്രീംകോടതിയുടെ മൂന്നംഗ ഡിവിഷന്‍ ബെഞ്ചും ശരിവച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് സര്‍ക്കാര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അലഹബാദ് ഹൈക്കോടതി വിധിയുടെ അന്തസത്തയെ ചോദ്യം ചെയ്തുകൊണ്ട് വിജ്ഞാപനം ചെയ്ത ‘ലൗ ജിഹാദ്’ ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിധി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഉത്തര്‍പ്രദേശിന്റെ ചുവടുപിടിച്ച് വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാ തത്വങ്ങളും കാറ്റില്‍പറത്തി സമാന നിയമങ്ങള്‍ കൊണ്ടുവരുമെന്ന് കര്‍ണാടക, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളും രംഗത്തുവന്നിട്ടുള്ള പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാകുന്നു.

തീവ്രഹിന്ദുത്വം രാഷ്ട്രീയ അധികാരത്തിലേക്കുള്ള ആയുധമാക്കി മാറ്റിയ ബിജെപി ഭരണകൂടങ്ങള്‍ തഴച്ചുവളരുന്നത് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിദ്വേഷ രാഷ്ട്രീയ പ്രയോഗത്തിലൂടെയാണ്. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ആദിവാസികളും ദളിതരും ഹിന്ദുക്കളാണെന്ന് ശഠിക്കുന്ന അവര്‍ സവര്‍ണ ഹിന്ദുക്കളുമായി താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ വിവാഹത്തില്‍ ഏര്‍പ്പെടുന്നതിനെ കര്‍ക്കശമായി എതിര്‍ക്കുന്നു. അതിനു തയ്യാറാവുന്ന ദമ്പതികളുടെ ജീവനെടുക്കുന്ന നിഷ്ഠൂര സംഭവങ്ങള്‍ രാജ്യത്ത് പലയിടത്തുനിന്നും ദിനംപ്രതിയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ‘ലൗ ജിഹാദി‘ന് നിയമപരമായ യാതൊരു സാധുതയുമില്ലെന്നും തീവ്രഹിന്ദുത്വ ശക്തികള്‍ പ്രചരിപ്പിക്കുംപോലെ ആസൂത്രിതമായ അത്തരം സംഭവങ്ങള്‍ നടക്കുന്നതായി തെളിവില്ലെന്ന് വ്യക്തമായിട്ടും അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് ഇന്ധനമായി അത് അവര്‍ നിര്‍ബാധം തുടരുകയാണ്.

മതപരിവര്‍ത്തനം കുറ്റകൃത്യമായി കണക്കാക്കുന്ന ബിജെപിയുടെ ഹരിയാന സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു യുവതിയെ വിവാഹം ചെയ്യാന്‍ മതം മാറാന്‍ സന്നദ്ധനായ മുസ്‌ലിം യുവാവിനും വധുവിനും പൊലീസ് സംരക്ഷണം നല്‍കാന്‍പോലും തയ്യാറായി. വധൂവരന്മാരുടെ ജീവന് ഭീഷണിയുണ്ടെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ മതപരിവര്‍ത്തനം വിവാഹത്തിനുവേണ്ടിയോ മറ്റെന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വിധേയമായാണെങ്കില്‍ പത്തുവര്‍ഷം തടവും 50,000 രൂപ പിഴയും പ്രഖ്യാപിച്ച ബിജെപി തന്നെയാണ് തങ്ങളുടെ ഭാഷ്യമനുസരിച്ച് കുറ്റവാളിയായ ഒരാള്‍ക്ക് പൊലീസ് സംരക്ഷണം ഒരുക്കിനല്‍കിയിരിക്കുന്നത്. അസമിലെ ബിജെപി ഭരണകൂടമാകട്ടെ ഒരുപടികൂടി കടന്ന് വിവാഹത്തിന് ഒരു മാസം മുമ്പ് വധൂവരന്മാര്‍ തങ്ങളുടെ മതവും ജാതിയും വരുമാനവും ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമനിര്‍മ്മാണത്തിനാണ് മുതിരുന്നത്.

വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഊന്നിപ്പറയുന്നു. മറ്റനേകം രംഗങ്ങളില്‍ എന്നതുപോലെ മൗലിക അവകാശങ്ങളും ഭരണഘടനാ തത്വങ്ങളും അട്ടിമറിക്കാനുള്ള തീവ്ര ഹിന്ദുത്വശക്തികളുടെ കുതന്ത്രമായി മാത്രമേ ലൗ ജിഹാദിന്റെ പേരില്‍ അരങ്ങേറുന്ന പേക്കൂത്തുകളെ നോക്കിക്കാണാനാവൂ. രാജ്യത്തെ തീവ്ര ഹിന്ദുത്വവാദത്തില്‍ അധിഷ്ഠിതമായ ഫാസിസ്റ്റ് സമൂഹമാക്കി മാറ്റാനും മതന്യൂനപക്ഷങ്ങള്‍ അടക്കം ഗണ്യമായ ഒരു ജനവിഭാഗത്തെ കുറ്റവാളികളും രണ്ടാംതരം പൗരന്മാരുമാക്കി ഒതുക്കാനുമുള്ള നീക്കം ജനകീയ ചെറുത്തുനില്‍പ്പിനാണ് ആഹ്വാനം നല്‍കുന്നത്.