Web Desk

February 01, 2021, 5:00 am

കരുതൽ തന്നെയാകണം നമ്മുടെ കരുതൽ

Janayugom Online

രാജ്യത്താദ്യമായി കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതിന്റെ വാർഷികം കഴിഞ്ഞ ദിവസമാണ് കടന്നുപോയത്. രോഗകാരിയായ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനി‍ൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളിലൂടെയായിരുന്നു ആദ്യരോഗം സ്ഥിരീകരിച്ചത്. അവരിൽ നിന്ന് കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ കേരളത്തിന്റെ കരുതലിന് സാധ്യമായി.

2020 ജനുവരി 30 ന് ആദ്യ രോഗസ്ഥിരീകരണമുണ്ടായതിന് ശേഷം മാർച്ച് അഞ്ചുവരെയുള്ള ഒരുമാസത്തിലധികം നീണ്ട കാലയളവിൽ മൂന്നുപേർക്ക് മാത്രമാണ് രോഗബാധയുണ്ടായത്. എന്നാൽ ലോകത്താകെ രോഗം പടർന്നു തുടങ്ങിയപ്പോൾ വീണ്ടുമെത്തിയ മഹാമാരിയെ തടയുക മനുഷ്യസാധ്യമായതിനും അപ്പുറമായിരുന്നു. അതിനാൽ ഇവിടെയും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായി. അപ്പോഴും ഇതരസംസ്ഥാനങ്ങളും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രോഗബാധിതരുടെ എണ്ണത്തെയും മരണനിരക്കിനെയും നമുക്ക് പിടിച്ചുനിർത്താനായി. ഒരു വർഷത്തിനിപ്പുറവും മരണനിരക്ക് കുറച്ചുനിർത്തുന്ന കാര്യത്തിൽ നാം മുന്നിൽതന്നെയാണ് നില്ക്കുന്നത്. സംസ്ഥാന സർക്കാരും പൊതുസമൂഹമാകെയും കൈകോർത്താണ് നാം അത്തരമൊരു സാഹചര്യം കേരളത്തിൽ സൃഷ്ടിച്ചത്. കടുത്ത ജാഗ്രതയും കരുതലുമായിരുന്നു അതിന് ആത്യന്തികമായി നാം സ്വീകരിച്ച മാർഗം.

കേന്ദ്രസർക്കാർ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കേരളം അത് പ്രഖ്യാപിച്ചു. ലോകാരോഗ്യസംഘടന ആലോചിച്ച് അറിയിക്കുന്ന ഘട്ടത്തിൽതന്നെ എല്ലാ പ്രതിരോധമാർഗങ്ങളും സ്വീകരിച്ചു. ആവശ്യമായ മുൻകരുതലുകളെല്ലാം ഒരുക്കി. കരുതലിലും ജാഗ്രതയിലും പഴുതുകൾ ഉണ്ടാകുമ്പോൾ നിരന്തരമുള്ള മുന്നറിയിപ്പുകളിലൂടെയും ശക്തമായനിയന്ത്രണങ്ങളിലൂടെയും വർധനവിനെ പിടിച്ചുനിർത്തി. അങ്ങനെയാണ് മറ്റ് പലതിനുമൊപ്പം കോവിഡിനെ നേരിടുന്നതിലുള്ള കേരളത്തിന്റെ ശ്രമങ്ങൾ ലോകോത്തര ശ്രദ്ധയാകർഷിച്ചതും ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടതും.

പിന്നീടുള്ള ഒരു വർഷത്തിനിടെ അടയാളപ്പെടുത്താവുന്നവയാണ് കൂടുതൽ. ലോക്ഡൗണിന്റെ നിയന്ത്രിത കാലത്തും അനന്തരവും ജീവിതം ദുരിതത്തിലായ മനുഷ്യരെ ചേർത്തുപിടിച്ച മനുഷ്യസ്നേഹത്തിന്റെ ഭരണകൂട പ്രതിബദ്ധത. ഒരാൾപോലും പട്ടിണി കിടക്കില്ലെന്ന ആർജ്ജവത്തോടെയുള്ള പ്രഖ്യാപനം നടപ്പിലാക്കുവാനുള്ള ഭക്ഷ്യക്കിറ്റുകളും സമൂഹ അടുക്കളകളും. ഇതരസംസ്ഥാന തൊഴിലാളികളെ ഹൃദയത്തോടു ചേർത്തുവച്ച മഹത്താ­യ മാതൃക. ത­ങ്ങളിലേയ്ക്കും പകരുക എളുപ്പമാണെങ്കിലും അ­ത് പരിഗണിക്കാതെ രോഗബാ­ധിതരെയെല്ലാം സ്വന്തം ആ­രോഗ്യംപോലും നോക്കാതെ പ­രിചരിച്ച മനുഷ്യരുടെ ഹൃദയവിശാലത. പതിനായിരക്കണക്കിന് ആ­യിരുന്നുവെങ്കിലും ഒരുരോഗിക്കുപോ­ലും ഒരു പ്രയാസവും വരാതെ കാത്ത, സൂക്ഷ്മതയും കാര്യക്ഷമതയും പ്രവർത്തന നിരതതയും പ്രകടിപ്പിച്ച ആരോഗ്യകേരളം. എല്ലാവരും വീട്ടിൽ ക­ഴിയുമ്പോഴും പുറത്തിറങ്ങി കാവലിരുന്ന നിതാന്തസേവനം. പൊതുജന പ്രതിബദ്ധതയോടെ സ്വന്തം ഗ്രാമങ്ങളെയും നഗരങ്ങളെയും രോഗബാധയിൽ നിന്നും മറ്റ് പ്രതിസന്ധികളിൽ നിന്നും രക്ഷിക്കുന്നതിനായി അക്ഷരാർത്ഥത്തിൽ ജനസേവകരായി മാറിയ ജനപ്രതിനിധികളും പൊതുപ്രവർത്തകരും.

പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ സേവനത്തിനിറങ്ങിയ പതിനായിരങ്ങൾ. അക്കാലത്തിന്റെ അടയാളങ്ങൾ ഇങ്ങനെ പലതാണ്. ഇവയ്ക്കെല്ലാം ഒപ്പമോ അതിനെക്കാളേറെയോ കേരളത്തിലെ ജനങ്ങളാകെ രോഗത്തെ പിടിച്ചുകെട്ടുന്നതിന് കാട്ടിയ ആ ജാഗ്രതയും കരുതലും തന്നെയാണ് അടയാളങ്ങളിൽ ഏറ്റവും ഔന്നത്യത്തിൽ നില്ക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾക്കൊപ്പം ഓരോ മലയാളിയും സ്വയം നിയന്ത്രണം ഏറ്റെടുത്തു. അതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് മുന്നോട്ടുവച്ച നിയന്ത്രണങ്ങൾ ഓരോരുത്തരും ജീവിതത്തിന്റെ ഭാഗമാക്കി. രാജ്യത്താദ്യമായി കണ്ണിപൊട്ടിക്കുക (ബ്രേക്ക് ദി ചെയിൻ) യെന്ന ക്യാമ്പെയിൻ ആരംഭിച്ചത് കേരളത്തിലായിരുന്നു. മുഖാവരണം ധരിച്ചും സാമൂഹ്യ അകലം പാലിച്ചും സോപ്പ് ഉപയോഗിച്ചും കണ്ണി പൊട്ടിക്കലിന്റെ അവിഭാജ്യ ഘടകമായി ഓരോ വ്യക്തിയും മാറി.

ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചു തുടങ്ങിയപ്പോൾ ഓരോ സ്ഥാപനവും അത് ഏറ്റെടുത്തു. എന്നാൽ നാം നിയന്ത്രണങ്ങൾ ഉപേക്ഷിച്ചുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ രാജ്യത്താകെ പലസംസ്ഥാനങ്ങളിലും പ്രതിദിന രോഗനിരക്കു കുറ‍ഞ്ഞുകൊണ്ടിരിക്കുമ്പോഴും ഇവിടെ വർധയാണുണ്ടാകുന്നത്. കുറച്ചു ദിവസങ്ങളായി പ്രതിദിന നിരക്കില്‍ രാജ്യത്താകെയുണ്ടാകുന്നതിന്റെ പകുതിയോളമാണ് കേരളത്തിൽ. ഈ സാഹചര്യത്തിൽ ജാഗ്രതക്കുറവും കരുതലില്ലായ്മയും സ്ഥിതിഗതികൾ ഗുരുതരമാക്കുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. കണക്കുകൾ അതാണ് നമ്മോട് പറയുന്നത്. അതിന് ഉത്തരവാദികൾ നാം ഓരോരുത്തരുമാണ്. അതുകൊണ്ടുതന്നെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നിർബന്ധിതമായിരിക്കുന്നത്. കൂടാതെ വ്യാപനം നിലനില്ക്കുന്നതിനാൽ പ്രതിരോധത്തിന്റെ ആദ്യപാഠങ്ങൾ മറക്കാതിരിക്കുവാൻ ബാക് ടു ബേസിക്‌സ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.

വാക്സിൻ ലഭ്യമായി തുടങ്ങിയെന്നത് ശുഭകരമാണെങ്കിലും ജാഗ്രത കൈവെടിയുന്നുവെന്നത് അശുഭകരം തന്നെയാണ്. അതുകൊണ്ട് എസ്എംഎസ് (സാമൂഹ്യ അകലം, മുഖാവരണം, സോപ്പ്) എന്ന പേരിൽ നാം നടപ്പിലാക്കിയ കണ്ണി പൊട്ടിക്കൽ (ബ്രേക്ക് ദി ചെയിൻ) ക്യാമ്പെയിൻ മറക്കാതെ പിന്തുടരുകയെന്നത് നമുക്കും ചുറ്റുമുള്ളവർക്കും വേണ്ടിയുള്ള അനിവാര്യതയാണ്. നിർബന്ധിത നിയന്ത്രണങ്ങളല്ല സ്വയം നിയന്ത്രണവും കരുതലും ജാഗ്രതയും തന്നെയാണ് രോഗവ്യാപനത്തെ തടയാനുള്ള ഏറ്റവും പ്രധാന മാർഗമെന്നത് നാം മറക്കാതിരിക്കുക.