September 28, 2022 Wednesday

Related news

September 28, 2022
September 28, 2022
September 27, 2022
September 25, 2022
September 25, 2022
September 23, 2022
September 23, 2022
September 22, 2022
September 21, 2022
September 19, 2022

യാഥാർത്ഥ്യമാകുന്ന കോവിഡ് വാക്സിൻ

Janayugom Webdesk
January 5, 2021 4:00 am

രുവർഷമായി ലോകത്തെ പിടിച്ചുലച്ച കോവിഡ് 19 എന്ന മഹാമാരിക്ക് പ്രതിരോധ മരുന്ന് യാഥാർത്ഥ്യമാവുകയാണ്. 2019 അവസാനം കണ്ടെത്തുകയും കഴിഞ്ഞ വർഷം ലോകവ്യാപകമാകുകയും ചെയ്ത മഹാമാരിക്ക് ഒരുവർഷംകൊണ്ട് പ്രതിരോധമരുന്ന് കണ്ടെത്താനാകുമെന്ന് ആദ്യഘട്ടത്തിൽതന്നെ ശാസ്ത്രലോകം പ്രവചിച്ചിരുന്നു. ലോകത്ത് പല രാജ്യങ്ങളിലായി 60ഓളം മരുന്നുകള്‍ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾ നടക്കുകയും ചെയ്തു. റഷ്യയുടെ സ്പുട്നിക് വി വാക്സിനാണ് ആദ്യം പ്രവർത്തനക്ഷമമായതായി വാർത്തകൾ പുറത്തുവന്നത്. അതോടൊപ്പംതന്നെ ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, ഭാരത് ബയോടെക് ഐസിഎംആറുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിൻ എന്നിവയും പ്രാഥമികഘട്ട പരീക്ഷണങ്ങൾക്ക് വിധേയമായി.

ഇവ വിജയകരമായതിനെ തുടർന്ന് രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളും ആരംഭിച്ചു. ഡിസംബർ മൂന്നിന് കോവിഡ് വാക്സിന് അനുമതി നല്കിക്കൊണ്ട് ബ്രിട്ടൻ ലോകത്തെ ആദ്യരാജ്യമായി. പിന്നീട് ഒമ്പതിന് കാനഡയും 11 ന് യുഎസും തുടർന്ന് സൗദി അറേബ്യ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളും പ്രതിരോധ മരുന്നിന് അനുമതി നല്കി. ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിച്ച കോവിഷീൽഡ് വാക്സിന്റെ പരീക്ഷണം നേരത്തേതന്നെ രാജ്യത്ത് ആരംഭിച്ചിരുന്നു. ഇതിനും തദ്ദേശീയമായിവികസിപ്പിച്ച കോവിഷീൽഡിനും അടിയന്തര ഉപയോഗത്തിനും അനുമതിയായിരിക്കുകയാണ്. ഇതോടെ ലോകവും രാജ്യവും പ്രതീക്ഷയിലാണ്. മഹാമാരിയുടെ പിടിയിലും ആശങ്കയിലും കഴിഞ്ഞ ഒരുവർഷത്തിനുശേഷം പുതിയ വർഷത്തിന്റെ ആദ്യദിനങ്ങളിൽതന്നെ വാക്സിനുകൾക്ക് അംഗീകാരം നല്കുന്നതിന് സാധിച്ചത് ശാസ്ത്രലോകത്തിന്റെ മികവ് തന്നെയാണ്.

എങ്കിലും ഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കാത്ത കോവാക്സിന് ധൃതിപിടിച്ച് അനുമതി നല്കിയത് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ അന്തിമ അനുമതി നല്കാവൂ എന്ന വ്യവസ്ഥയുണ്ടെന്നും അല്ലാതെ നല്കിയത് ധൃതിപിടിച്ചായെന്നും ആ­രോ­ഗ്യ വിദഗ്ധരിൽ നിന്നു തന്നെ അഭിപ്രായമുയർന്നിട്ടുണ്ട്. മൂന്നാം­ഘട്ട ക്ലിനിക്കൽപരീക്ഷണം പൂർത്തിയാക്കിയില്ലെന്നതിനാൽ കോവാക്സിൻ ആദ്യഘട്ടത്തിൽ ഉപയോഗിക്കില്ലെന്ന് എയിംസ് അധികാരികൾ അറിയിച്ചതും ഈ ആശങ്ക ശരിവയ്ക്കുന്നുണ്ട്. ചില പ്രത്യേക മരുന്നുകൾക്ക് അംഗീകാരം നല്കുന്നതിന് സമ്മർദ്ദമുണ്ടെന്ന് നേരത്തേതന്നെ വാർത്തകളുണ്ടായിരുന്നു. അതിന്റെ ഫലമായാണോ ഇത്തരമൊരു തീരുമാനമുണ്ടായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തദ്ദേശീയമായി വികസിപ്പിച്ചതിലും മരുന്ന് പരീക്ഷണത്തിലും സ്വയംപര്യാപ്തത നേടിയെന്നും ആത്മനിർഭർ ഭാരത് എന്നുമൊക്കെ മേനി നടിക്കുകയെന്ന സങ്കുചിത താല്പര്യമാണ് മോഡിസർക്കാർ ഇക്കാര്യത്തിലും വെളിവാക്കുന്നത്.

അതുകൊണ്ടുതന്നെ മരുന്ന് ഉണ്ടാകുമ്പോഴും ഇന്ത്യക്കാരെ സംബന്ധിച്ച് ആശങ്കയൊഴിയുന്നില്ല. ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസംഗം അതാണ് വ്യക്തമാക്കുന്നത്. ലോകത്തെ ഏറ്റവും വിപുലമായ പ്രതിരോധ മരുന്ന് നല്കൽ പദ്ധതിക്ക് ഇന്ത്യ വേദിയാകുവാൻ പോകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ജനസംഖ്യയിൽ രണ്ടാമതുള്ള ഒരു രാജ്യത്തെ വാക്സിൻ വിതരണ പദ്ധതി വിപുലവും വലുതുമായി മാറുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ പ്രത്യേകത കൊണ്ടുമാത്രമല്ല. അനാവശ്യമായ സംഗതികൾ ഉയർത്തിക്കാട്ടി വല്ലാതെ വീമ്പുപറയുന്നത് മോഡി സർക്കാരിന്റെ പ്രത്യേകതയാണ്. അതാണ് ഇവിടെയും ദൃശ്യമാകുന്നത്. കോവിഡിന്റെ ആദ്യദിനങ്ങളിൽ എല്ലാവരെയും അത്ഭുതപ്പെടുത്താനെന്ന നിലയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചും പാത്രം കൊട്ടാൻ പറഞ്ഞും പുരാണങ്ങളിലെ യുദ്ധങ്ങളിലെന്ന പോലെ നാം ഇതിനെ കീഴടക്കുമെന്നുമൊക്കെ പറഞ്ഞത് നാം മറന്നിട്ടില്ല. ഇപ്പോൾ ശാസ്ത്രജ്ഞരുടെ അക്ഷീണ പ്രയത്നഫലമായി കണ്ടെത്തിയ വാക്സിൻ എല്ലാവർക്കും വിതരണം ചെയ്ത് ലോകോത്തരമാകുന്നുവെന്നൊക്കെ സ്വയം പുകഴ്ത്തുമ്പോള്‍ ശ്രമിക്കുമ്പോൾ ഹാ കഷ്ടം എന്നേ പറയാനൊക്കൂ.

എന്തായാലും ഇതുവരെ പലതിനെയും സമീപിച്ചതുപോലെ വാക്സിൻ വിതരണ പദ്ധതിയെയും സമീപിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ അത് വിപരീതഫലമാണുണ്ടാക്കുക. മുഴുവൻ ജനങ്ങളെയും ആശങ്കയിൽനിന്ന് കരകയറ്റണമെങ്കിൽ ഇനിയുള്ള നാളുകൾ ജാഗ്രതയോടെ ആയിരിക്കണമെന്നതിൽ സംശയമില്ല. എല്ലാവർക്കും വാക്സിനെത്തിക്കുകയെന്നത് ഇന്ത്യ പോലൊരു രാജ്യത്ത് വളരെ ശ്രമകരമാണെന്ന യാഥാർത്ഥ്യം കേന്ദ്ര ഭരണാധികാരികൾ തിരിച്ചറിയണം. ആരോഗ്യരംഗത്ത് വളരെ മെച്ചപ്പെട്ട നിലവാരവും സജ്ജീകരണങ്ങളും നിലനില്ക്കുന്ന കേരളം പോലുള്ള അപൂർവം സംസ്ഥാനങ്ങളിൽ മാത്രമേ ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ പല ആരോഗ്യ പദ്ധതികളും പൂർണാർത്ഥത്തിൽ നടപ്പിലാകുന്നുള്ളൂ എന്ന വസ്തുത വിസ്മരിക്കാവുന്നതല്ല. പോളിയോ ഉൾപ്പെടെയുള്ള രോഗത്തിനെതിരായി ആവിഷ്കരിച്ച പല പ്രതിരോധ കുത്തിവയ്പുകളും ആരംഭിച്ച് എത്രയോ വർഷങ്ങളായിട്ടും ലക്ഷ്യത്തിലെത്തിക്കാനായിട്ടില്ലെന്ന പോരായ്മയും ഓർക്കേണ്ടതുണ്ട്. ഡ്രൈ റൺ വിജയിച്ചു എന്നതുകൊണ്ടുമാത്രം സമയബന്ധിതമായി വാക്സിൻ വിതരണം പൂർത്തിയാക്കാനാകുമെന്ന് കരുതാൻ സാധിക്കില്ല. എല്ലാ പ്രദേശങ്ങളിലും അതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയെന്നതാണ് മുഖ്യമായും ചെയ്യേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.