Saturday
16 Feb 2019

ഗോസംരക്ഷണത്തില്‍ കോണ്‍ഗ്രസ് ബിജെപിയോട് മത്സരിക്കുന്നു

By: Web Desk | Friday 8 February 2019 9:57 PM IST

സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായാണ് പശു ഒരു രാഷ്ട്രീയ ചിഹ്നമായി മാറിയത്. ഹൈന്ദവവര്‍ഗീയതയെ ഉത്തേജിപ്പിക്കുന്നതിനുള്ള നിരവധി ഉപാധികളിലൊന്നായാണ് പശുവിനെ അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. പശുക്കളെ ദൈവമായി കാണുന്ന ഉത്തരേന്ത്യയിലെ നിരക്ഷരരായ ജനതയ്ക്കുമേല്‍ അതിവൈകാരികത സൃഷ്ടിക്കുന്നതിനായി സംഘപരിവാര്‍ പശുക്കളെ ഉപയോഗിക്കുകയും അവയുടെ സംരക്ഷണം തങ്ങളുടെ അജണ്ടയായി പ്രഖ്യാപിക്കുകയും ചെയ്തു. പശുക്കളുടെ പേര് വിദ്വേഷത്തിനും അന്യമതസ്ഥരെ വേട്ടയാടുന്നതിനും അവര്‍ ഭരണ പിന്തുണയോടെ നിര്‍ബാധം ഉപയോഗിച്ചു.
ഒരു ഘട്ടമെത്തിയപ്പോള്‍ മനുഷ്യരുടെ ഭക്ഷണ സംസ്‌കാരത്തില്‍ ഇടപെടുന്നതിന് പോലും അവര്‍ അതിനെ ആയുധമാക്കി.
ബിജെപിക്ക് ഭരണമുള്ള സംസ്ഥാനങ്ങളിലെല്ലാം ഗോസംരക്ഷണത്തിനെന്ന പേരിലുണ്ടാക്കിയ നിയമങ്ങളുടെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ കൊലപാതക പരമ്പരകള്‍ വരെ നടത്തുന്ന സാഹചര്യമുണ്ടായി. മുഹമ്മദ് അഖ്‌ലാക്ക് മുതല്‍ നിരവധി പേര്‍ ഗോഹത്യയുടെ പേരില്‍ കൊലപാതകത്തിനിരയായി. അതിന്റെ പേരില്‍ നാടെമ്പാടും കലാപങ്ങളുണ്ടായി. രാജ്യത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പലതും നടന്നത് ഗോസംരക്ഷണത്തിന്റെ പേരിലായിരുന്നു. 2014 മെയ് മാസത്തില്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയശേഷം ഓഗസ്റ്റില്‍ ഹരിയാനയില്‍ ഡല്‍ഹി അതിര്‍ത്തിയില്‍വച്ച് മുസ്‌ലിം സമുദായത്തില്‍പ്പെട്ടയാള്‍ ആക്രമിക്കപ്പെട്ടതിന് ശേഷം ആ വര്‍ഷം ഇതിന്റെ പേരില്‍ പലയിടങ്ങളിലായി അഞ്ച് അക്രമ സംഭവങ്ങളുണ്ടായി. പശുവിറച്ചി വില്‍പന നടത്തി, പശുക്കളെ കടത്തി തുടങ്ങിയ കാരണങ്ങള്‍ പ്രചരിപ്പിച്ച് 2015 ല്‍ ആറ്, 2016 ല്‍ അഞ്ച്, 2017ല്‍ 11, 2018 ല്‍ ആറ് എന്നിങ്ങനെയും അക്രമ സംഭവങ്ങള്‍ രാജ്യത്തുണ്ടായി. എല്ലാത്തിന് പിന്നിലും പ്രതികളാക്കപ്പെട്ടത് സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ടവരായിരുന്നു. കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ബുലന്ദ്‌ഷെഹറില്‍ പശുക്കളെ കൊന്നതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നതിന്റെ പേരില്‍ സംഘപരിവാര്‍ സൃഷ്ടിച്ച കലാപം ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലാണ് കലാശിച്ചത്. എന്നാല്‍ ഇത് മുഹമ്മദ് അഖ്‌ലാക്ക് എന്ന വൃദ്ധന്റെ കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥനെ വധിക്കുന്നതിന് ബോധപൂര്‍വം സൃഷ്ടിച്ചതായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. യഥാര്‍ഥത്തില്‍ ക്രൂരവും നിന്ദ്യവുമായ കുറ്റകൃത്യങ്ങള്‍ക്കും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിനുമുള്ള വഴിയായാണ് അവര്‍ ഉപയോഗിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
രാജ്യവ്യാപകമായി ഗോവധവും മാംസ വില്‍പനയും നിരോധിക്കുന്ന പ്രഖ്യാപനം ബിജെപിയുടെ കേന്ദ്ര ഭരണത്തില്‍ നിന്നുണ്ടായി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു അത് മരവിപ്പിച്ചത്. ബിജെപി മറ്റെല്ലാത്തിനെയുമെന്നപോലെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനുള്ള ഉപായമായാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും.
തീവ്രഹിന്ദുത്വ നിലപാടുകളുമായി മുന്നോട്ടുപോകുന്ന ബിജെപിയെ മനസിലാക്കുന്നതിന് പ്രയാസമില്ല. കോണ്‍ഗ്രസും ഗോസംരക്ഷണത്തെ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് മധ്യപ്രദേശില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവിടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വീണ്ടും അനധികൃതമായി പശുവിനെ കടത്തിയെന്നതിന്റെ പേരില്‍ രണ്ടു വ്യക്തികള്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തിയിരിക്കുന്നു. കഴിഞ്ഞയാഴ്ച മൂന്ന് പേര്‍ക്കെതിരെ ഇതേ കുറ്റം ചുമത്തിയതിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍പ്പെട്ടവര്‍ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യം നിലനില്‍ക്കേയാണ് വീണ്ടും ഇതേ നടപടിയുണ്ടായിരിക്കുന്നതെന്നത് ആശങ്കപ്പെടുത്തുന്നു. കണ്ഡ്‌വ ജില്ലയില്‍ ഫെബ്രുവരി ആറിനാണ് ആദ്യ സംഭവമുണ്ടായതെങ്കില്‍ മാല്‍വ ജില്ലയിലാണ് രണ്ടാമത്തെ കേസുണ്ടായിരിക്കുന്നത്. അധികാരത്തിലെത്തിയ ഉടന്‍തന്നെ തെരുവുകളില്‍ അലയുന്ന പശുക്കളെ ദത്തെടുക്കുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉത്തരവ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതും വിമര്‍ശന വിധേയമായതാണ്. അത് മന്ത്രിമാര്‍ അറിയാതെയായിരുന്നു എന്നാണ് വിശദീകരണമുണ്ടായത്. എന്നാല്‍ പിന്നീടും ബിജെപിയുടെ അതേ നയങ്ങള്‍ തന്നെ പിന്തുടരുന്നുവെന്നതിന് മറുപടി പറയാന്‍ കോണ്‍ഗ്രസിനാവില്ല. ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഗോസംരക്ഷണത്തിനായുണ്ടാക്കിയ നിയമങ്ങള്‍ ഉദ്യോഗസ്ഥര്‍ പിന്തുടരുന്നുവെന്ന ഒഴുക്കന്‍ വിശദീകരണവും തൃപ്തികരമായ മറുപടിയാവുന്നില്ല.
രാജ്യത്ത് മൃദുഹിന്ദുത്വ സമീപനം കോണ്‍ഗ്രസിന്റെ മുഖമുദ്രയാണെന്ന ആരോപണം ശരിവയ്ക്കുന്ന സംഭവങ്ങളാണ് മധ്യപ്രദേശില്‍ ആവര്‍ത്തിക്കുന്നത്. ബിജെപിയുടെ തീവ്ര ഹിന്ദുത്വ നിലപാടുകളെ അതേ നാണയത്തിലല്ല മറ്റൊരു ദിശയിലാണ് നേരിടേണ്ടതെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നില്ലെങ്കില്‍ അത് മതേതര കാഴ്ചപ്പാടിനേല്‍പ്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും.