ഈ ദാരുണ ജീവിതാവസ്ഥയ്ക്ക് അറുതി വരുത്തണം

Web Desk
Posted on November 04, 2018, 11:01 pm

സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ ഭരണക്രമത്തിന്റെയും ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും രാജ്യത്തെ ആദിവാസി സമൂഹം അനുഭവിച്ചുവരുന്നത് മനുഷ്യത്വഹീനവും ദുരിതപൂര്‍ണവുമായ ജീവിതമാണ്. വയനാട്ടിലെ വെള്ളമുണ്ട പഞ്ചായത്തിലെ മഴുവന്നൂര്‍ ഇല്ലത്ത് കോളനിയിലെ വിഷ്ണുവിന്റെയും കുടുംബത്തിന്റെയും ദാരുണ ജീവിതചിത്രമാണ് ജനയുഗം വയനാട് ലേഖകന്‍ വായനക്കാരുമായും പൊതുസമൂഹവുമായും കഴിഞ്ഞ ദിവസം പങ്കുവച്ചത്. സ്വന്തമായി വീടില്ലാത്ത വിഷ്ണുവും എട്ടുമാസം ഗര്‍ഭിണിയായ ഭാര്യ ലക്ഷ്മിയും അഞ്ചുവയസിനു താഴെ മാത്രം പ്രായമുള്ള മക്കള്‍ ശിവനന്ദ, വിവേക് എന്നിവരും തരുവണ വെയിറ്റിങ് ഷെഡിനെ അഭയം പ്രാപിക്കേണ്ടിവന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് അനേ്വഷണത്തില്‍ മനസിലാകുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ കോളനികളില്‍ ഒന്നും രണ്ടും കുടുസുമുറികള്‍ മാത്രമുള്ള വീടുകളില്‍ (അവയെ അങ്ങനെ വിളിക്കാമെങ്കില്‍) ഇരുപതുവരെ മനുഷ്യര്‍ ജീവിക്കുന്നത് സാധാരണ സംഭവം മാത്രമാണ്. ഇത് വെള്ളമുണ്ടയിലെ മാത്രം പ്രശ്‌നമല്ല. വയനാട്ടിലും അട്ടപ്പാടിയിലുമടക്കം ആദിവാസി കോളനികളിലെ പൊള്ളുന്ന ജീവിത യാഥാര്‍ഥ്യമാണത്. നാടിന്റെ യഥാര്‍ഥ ഉടമകളായ ആദിവാസി സമൂഹങ്ങളുടെ ഈ നരകജീവിതത്തിനു സത്വരം പരിഹാരം കാണാനായില്ലെങ്കില്‍ ജനാധിപത്യത്തെപറ്റിയും വികസനം, വളര്‍ച്ച, തുല്യത, സാമൂഹ്യനീതി തുടങ്ങി നാം നടത്തുന്ന വീമ്പുകളെല്ലാം നിരര്‍ഥകങ്ങളാണെന്ന് പറയേണ്ടിവരും. ആദിവാസി ജനസമൂഹം നേരിടുന്ന ഈ കടുത്ത അനീതിക്ക് അറുതിവരുത്താന്‍ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന് മറ്റാരെക്കാളും ഉയര്‍ന്ന രാഷ്ട്രീയവും ധാര്‍മികവുമായ ഉത്തരവാദിത്തം ഉണ്ട്.

ആദിവാസി സമൂഹത്തിന്റെ നിലനില്‍പിനും ഉന്നമനത്തിനുമായി നീക്കിവയ്ക്കപ്പെടുന്ന കോടാനുകോടി രൂപ ഏത് തമോഗര്‍ത്തത്തിലാണ് അപ്രത്യക്ഷമാകുന്നതെന്ന സൂക്ഷ്മപരിശോധനയ്ക്ക് ഭരണകൂടവും പൊതുസമൂഹവും തയാറാവാന്‍ കാലം അതിക്രമിച്ചു. ആദിവാസികളുടെ വസതികളെക്കുറിച്ചും അവരുടെ ജീവിതാവസ്ഥകളെപ്പറ്റിയും നടക്കുന്ന ചര്‍ച്ചകള്‍ ഏറിയകൂറും അതിന്റെ ഉത്തരവാദികള്‍ അവര്‍ തന്നെയാണെന്ന് കണ്ടെത്തി സഹതപിക്കുന്നതിലാണ് അവസാനിക്കുന്നത്. ആദിവാസി സമൂഹത്തിന്റെ സവിശേഷ ജീവിതശൈലിയില്‍ നിന്നും അവരെ വേരോടെ പിഴുതെറിഞ്ഞ് അനാഥമാക്കിയത് പരിഷ്‌കൃത മനുഷ്യരെന്നു ഊറ്റംകൊള്ളുന്ന ആധുനിക ജനസമൂഹങ്ങളുടെ കടന്നുകയറ്റമാണെന്ന യാഥാര്‍ഥ്യം സൗകര്യപൂര്‍വം വിസ്മരിച്ചുകൊണ്ടുള്ള തീര്‍പ്പാണ് അത്. ആദിവാസി സമൂഹത്തെ അവരുടെ തനത് ആവാസ വ്യവസ്ഥയില്‍ നിന്നും ജീവിതായോധന രീതികളില്‍ നിന്നും അടര്‍ത്തിമാറ്റിയതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം ആധുനിക ജനസമൂഹത്തിന്റെ സ്വാര്‍ഥത മാത്രമാണ്. അവരുടെ ഭൂമിയും ആവാസവ്യവസ്ഥയും ജീവിതം തന്നെയും കവര്‍ന്നെടുത്ത സമൂഹത്തിന് അവര്‍ക്ക് പുതിയൊരു ജീവിതം നല്‍കാന്‍ ബാധ്യതയുണ്ട്. നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന ജീവിതശൈലിയില്‍ നിന്നും പുതിയ ഒന്നിലേക്ക് പറിച്ചെറിയപ്പെട്ട ജീവിതങ്ങളെ അവര്‍ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങി അതിനെ സ്വാംശീകരിച്ച് സ്വായത്തമാക്കി സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തമാകുംവരെ കരുതലോടെ സംരക്ഷിക്കാന്‍ സംഘടിത സമൂഹത്തിനും അതിനെ നയിക്കുന്ന ഭരണത്തിനും ഭരണകൂട സംവിധാനത്തിനും ഉണ്ട്. അക്കാര്യത്തില്‍ ആധുനിക സമൂഹത്തിന് തെറ്റുപറ്റിയെന്നും ആ ദൗത്യത്തില്‍ പരാജയപ്പെട്ടുവെന്നും അംഗീകരിക്കാതെ ആദിവാസി ജനതയുടെ ഈ ദുരന്തപര്‍വത്തിന് അറുതിവരില്ല.

സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും സ്വന്തമായി ഭൂമിയും വീടും എല്‍ഡിഎഫ് ഭരണകൂടത്തിന്റെ വാഗ്ദാനമാണ്. ആ വാഗ്ദാനത്തിന്റെ ഇന്നത്തെ ആദ്യ നടപടിയായി വെള്ളമുണ്ടയിലെ വിഷ്ണുവിനും കുടുംബത്തിനും ആകട്ടെയെന്ന് ജനയുഗം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക സമുദായ ക്ഷേമകാര്യ മന്ത്രി എ കെ ബാലനും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു. ആ കുടുംബത്തിന് അടിയന്തരമായി റേഷന്‍കാര്‍ഡ് അനുവദിക്കുന്നതിനുള്ള എല്ലാ തടസവും നീക്കി അവരുടെ അവകാശം സ്ഥാപിച്ചു നല്‍കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമനോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ ദുരിതപൂര്‍ണമായ ജീവിതത്തിന് അറുതിവരുത്തി അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സമയബന്ധിത പരിപാടിക്ക് മുതിരണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ത്രിതലപഞ്ചായത്ത് സംവിധാനങ്ങള്‍ എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് അന്യൂനമാണെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ ഉറപ്പുവരുത്തണം.