Web Desk

February 03, 2021, 5:00 am

ജനാധിപത്യം തോല്പിക്കപ്പെട്ടു കൂടാ

Janayugom Online

ബർമ (ഇപ്പോഴത്തെ മ്യാന്‍മർ) യും തലസ്ഥാനമായിരുന്ന റംഗൂണും (ഇപ്പോൾ യാംഗോൺ) ഇന്ത്യയോട് അതിർത്തി പങ്കിടുന്ന രാജ്യം മാത്രമല്ല. ഇപ്പോൾ ഗൾഫിലേക്ക് എന്ന പോലെ റംഗൂണിലേക്ക് ജോലി തേടിപ്പോയ ഒരു ഭൂതകാലം കേരളത്തിനും സ്വന്തമാണ്. അതുകൊണ്ടുതന്നെ മലയാളത്തിന്റെ പ്രവാസകഥകളിൽ റംഗൂണിനും പ്രത്യേക സ്ഥാനമുണ്ടായിരുന്നു.

കേരളത്തിന്റെ റംഗൂൺ ബന്ധം തേടുമ്പോൾ തൃക്കോട്ടൂർ പെരുമയുടെ എഴുത്തുകാരൻ യു എ ഖാദർ എന്ന മനുഷ്യന്റെ ജീവിതപ്പെരുമ തേടിപ്പോയാൽ മതി. കോഴിക്കോട് കൊയിലാണ്ടിയിൽ നിന്ന് കുടിയേറി റംഗൂണിനടുത്ത് കുടിപാർത്ത മൊയ്തൂട്ടി ഹാജിയുടെ മകനായിരുന്നു അദ്ദേഹം. ബർമയിൽ ജനിച്ചുവെങ്കിലും പിതാവിനൊപ്പം കേരളത്തിലേക്ക് മടങ്ങിയ ഖാദർ എന്ന എട്ടു വയസുകാരനായിരുന്നു യു എ ഖാദറെന്ന വിഖ്യാത എഴുത്തുകാരനായി മാറിയത്. ഇതുപോലെ റംഗൂണുമായി ബന്ധം പുലർത്തിയ എത്രയോ ജീവിതങ്ങൾ കേരളത്തിലും ഇന്ത്യയിലുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ റംഗൂൺ ഇന്ത്യയുടെ മറ്റു പല നഗരങ്ങളെയും പോലെ ഇന്ത്യക്കാർക്ക് സുപരിചിതമായ ഒന്നായിരുന്നു. പിന്നീട് ബർമ മ്യാന്‍മറും റംഗൂൺ യാംഗോണുമായി മാറി. ആ മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി നടന്നിരിക്കുന്നു.

തിങ്കളാഴ്ച നടന്ന സൈനിക അട്ടിമറിയെ തുടർന്ന് ദേശീയനേതാവും സമാധാനത്തിനുള്ള നൊബേൽ ജേതാവുമായ ഓങ് സാൻ സൂചി, പ്രസിഡന്റ് വിൻ മയന്റും ഉള്‍പ്പെടെയുള്ള മ്യാൻമറിലെ പ്രമുഖ നേതാക്കളെയെല്ലാം സൈന്യം തടങ്കലിലാക്കിയെന്നാണ് പുറത്തെത്തിയിരിക്കുന്ന വിവരം. തിങ്കളാഴ്ച രാവിലെ 6.30ന് മ്യാന്‍മർ ടെലിവിഷനും റേഡിയോയും തങ്ങളുടെ പരിപാടികൾ കൃത്യമായി ലഭ്യമാകില്ലെന്ന് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിനെ തുടർന്നാണ് ഇപ്പോഴത്തെ സൈനിക അട്ടിമറി ഉണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് വിമോചനം നേടി സ്വതന്ത്രമായ മ്യാന്‍മറി (പഴയ ബർമയുടെ) ന്റെ പിന്നീടുള്ള ചരിത്രം നിറയെ അട്ടിമറികളും ആഭ്യന്തരകലാപങ്ങളും പ്രകൃതി ദുരന്തങ്ങളും നിറഞ്ഞതാണ്. 1947ലെ ബർമ സ്വാതന്ത്ര്യ നിയമത്തിന്റെ അടിസ്ഥാനത്തിൽ 1948 ജനുവരി നാലിന് സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയ രാജ്യമാണ് അത്. പിന്നീട് തെരഞ്ഞെടുപ്പുകളിലൂടെ ഭരണത്തെ നിർണയിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായി. എങ്കിലും 1962ൽ അട്ടിമറിയിലൂടെ ഭരണം സൈന്യത്തിന്റെ നിയന്ത്രണത്തിലായി.

എന്നാൽ അക്കാലത്ത് വ്യാപാരം, മാധ്യമം, ഉല്പാദന മേഖലകൾ പൊതു ഉടമസ്ഥതയിലായിമാറിയെന്ന സവിശേഷതയുണ്ടായി. ഇതോടൊപ്പം തന്നെ ആഭ്യന്തര യുദ്ധങ്ങളും ബഹുപാർട്ടിസംവിധാനത്തിനും ജനാധിപത്യപരമായ തെരഞ്ഞെടുപ്പിനുമായുള്ള പ്രക്ഷോഭങ്ങളും ശക്തിപ്പെടുകയും ചെ­­­യ്തിരുന്നു. പ്രാദേശിക വൈരുദ്ധ്യങ്ങളും സൈ­നിക ശക്തിയും ജനാധിപത്യകാംക്ഷികളും ഗോത്ര — തദ്ദേശീയ വിഭാഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളാണ് ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണമായത്. ഇതിനിടയി­ൽ തന്നെ ശക്തിയാര്‍ജ്ജിച്ച ജനാധിപത്യത്തിനായുള്ള പോരാട്ടത്തിന്റെ പര്യായപ്പേരായാണ് ഓങ് സാൻ സൂചി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. ദശകങ്ങൾ നീണ്ടുനിന്ന നിസഹകരണസമരത്തിന്റെ നായികയായി അവർ നൊബേൽ സമ്മാനത്തിന് പോലും പരിഗണിക്കപ്പെട്ടു. 2008 ലാണ് ജനാധിപത്യം അംഗീകരിക്കുന്ന ഭരണഘടനയ്ക്ക് രൂപമാകുന്നത്.

പക്ഷേ അത് തയ്യാറാക്കിയ സൈനികശക്തികൾ പാർലമെന്റ് അംഗങ്ങളിൽ 25 ശതമാനം തെരഞ്ഞെടുക്കപ്പെടാതെ തന്നെ സംവരണം ചെയ്യുകയും പ്രതിരോധം, ആഭ്യന്തര അതിർത്തി മന്ത്രാലയങ്ങളുടെ നിയന്ത്രണം സൈന്യത്തിനായി നീക്കിവയ്ക്കണമെന്ന് നിഷ്കർഷിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ജനാധിപത്യപ്രക്രിയയിലും മ്യാന്മറിലെ ഭരണത്തിൽ സൈന്യത്തിന് സുപ്രധാനമായ സ്വാധീനം ചെലുത്തുവാൻ സാധിച്ചു. 2010ൽ നടന്ന തെരഞ്ഞെടുപ്പിൽ സൈനിക പിൻബലമുള്ള യൂണിയൻ സോളിഡാരിറ്റി ആന്റ് ഡെവലപ്മെന്റ് പാർട്ടിയാണ് അധികാരത്തിലെത്തിയത്. പിന്നീട് 2012ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സൂചിയുടെ നേതൃത്വത്തിലുള്ള നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) തെര‍ഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നത്. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ എൻഎൽഡി അധികാരത്തിലെത്തുകയും ചെയ്തു. പിന്നീട് കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിലും എൻഎൽഡി അധികാരം നിലനിർത്തി. എന്നാൽ തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് സൈന്യം രംഗത്തെത്തി. അത് തെരഞ്ഞെടുപ്പ് കമ്മിഷൻ നിരാകരിക്കുയും ചെയ്തിരുന്നു.

ജനാധിപത്യഭരണ സംവിധാനം നിലവിൽ വന്നുവെങ്കിലും 2008ൽ അംഗീകരിച്ച ഭരണഘടനയിലെ പരിമിതികൾ കൊണ്ടുതന്നെ സൈനിക അട്ടിമറി നീക്കങ്ങൾ നിഴൽപോലെ മ്യാൻമർ ഭരണത്തെ പിന്തുടർന്നിരുന്നു. അതിന്റെ ഒടുവിലാണ് തിങ്കളാഴ്ച സൈനിക അട്ടിമറിയും നേതാക്കളുടെ തടങ്കലും സംഭവിച്ചിരിക്കുന്നത്. ഈ സംഭവം ലോക രാജ്യങ്ങളാകെ അപലപിച്ചിരിക്കുകയാണ്. ഭരണഘടനയുടെ പരിമിതികളും റോഹിങ്ക്യൻ അഭയാർത്ഥികളുടേത് ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയുമൊക്കെയുണ്ടെങ്കിലും മ്യാൻമറിൽ നിലനില്ക്കുന്ന ഭരണത്തിന്റെ അട്ടിമറി ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണം തന്നെയാണ്. ലോകത്ത് സൈനികശക്തികൾക്ക് പ്രാമുഖ്യം നല്കുന്ന എല്ലാ ജനധിപത്യ രാജ്യങ്ങൾക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ അട്ടിമറി. അതുകൊണ്ട് ജനാധിപത്യത്തെ തോല്പിക്കാനുള്ള ഏത് നീക്കത്തെയും ലോകം ഒറ്റക്കെട്ടായി നേരിടേണ്ടതാണ്.