20 April 2024, Saturday

സൗജന്യ ഭക്ഷ്യധാന്യം നിഷേധിക്കരുത്

Janayugom Webdesk
November 22, 2021 5:00 am

കോവിഡ് മഹാമാരിയെയും അടച്ചുപൂട്ടലിനെയും തുടര്‍ന്ന് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം രാജ്യത്തെ 81.35 കോടി ഗുണഭോക്താക്കള്‍ക്ക് നല്കിവന്നിരുന്ന സൗജന്യ റേഷന്‍ നവംബര്‍ 30ന് അവസാനിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്നും പൊതുവിപണി വില്പന പദ്ധതി മികച്ചതും ഉപഭോക്തൃ സൗഹൃദപരമാണെന്നുമുള്ള അവകാശവാദമാണ് സൗജന്യ റേഷന്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ പിന്നില്‍. അത്തരം അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് രാജ്യത്തിന്റെ അനുഭവം ബോധ്യപ്പെടുത്തുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വരുത്തിയ നാമമാത്ര കുറവ് വിപണിയില്‍ അനുകൂലമായ യാതൊരു പ്രതികരണവും സൃഷ്ടിച്ചില്ല. മറിച്ച്, ഭക്ഷ്യധാന്യങ്ങളും പയറുവര്‍ഗങ്ങളും പച്ചക്കറിയും ഭക്ഷ്യഎണ്ണയുമടക്കം എല്ലാ അവശ്യ ഭക്ഷ്യവസ്തുക്കളുടെയും വില ദിനംപ്രതി രാജ്യത്തെമ്പാടും കുതിച്ചുയരുകയാണ്. സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ മൊത്തവില സൂചികയിലെ കുതിപ്പ് രേഖപ്പെടുത്തുന്നു. തൊഴില്‍ രംഗം, വിശിഷ്യാ ഏറ്റവുമധികം തൊഴില്‍ പ്രദാനം ചെയ്യുന്ന അസംഘടിത മേഖല കടുത്ത തളര്‍ച്ചയിലാണ്. സിമന്റ്, സ്റ്റീല്‍ തുടങ്ങി നിര്‍മ്മാണ വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം ഏറ്റവുമധികം തൊഴില്‍ പ്രദാനം ചെയ്യുന്ന നിര്‍മ്മാണ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

നിര്‍മ്മാണവസ്തുക്കളുടെ അന്യായമായ വിലക്കയറ്റം നിയന്ത്രിക്കാനും തൊഴില്‍ സംരക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ യാതൊരു ഇടപെടലിനും തയ്യാറാവുന്നില്ല. കോവിഡിനു മുമ്പുതന്നെ രാജ്യത്ത് തൊഴിലില്ലായ്മ രേഖപ്പെടുത്തിയിരുന്നു. കോവിഡ് മഹാമാരി ഉള്ള തൊഴിലവസരങ്ങള്‍ പോലും ഇല്ലാതാക്കിയിരിക്കുന്നു. ഈ സ്ഥിതിയില്‍ പെട്ടെന്ന് എന്തെങ്കിലും മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ ലഭ്യമായിരുന്ന പരിമിതമായ ഭക്ഷ്യധാന്യങ്ങള്‍ പോലും നിഷേധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അന്യായവും കടുത്ത ഭരണകൂട ക്രൂരതയുമല്ലാതെ മറ്റൊന്നുമല്ല. വിശപ്പ് എന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാന്‍ മോഡി ഭരണകൂടം നടത്തിയ എല്ലാ ശ്രമങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ നിന്നുപോലും ഉണ്ടായത്. 2021ലെ ആഗോള വിശപ്പ് സൂചികയില്‍ അയല്‍രാജ്യങ്ങള്‍ക്കെല്ലാം പിന്നില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തെ പട്ടിണിരാജ്യങ്ങള്‍ എന്നറിയപ്പെടുന്ന സോമാലിയ അടക്കം അതിദരിദ്ര രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെ സൂചിക ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 


ഇതുംകൂടി വായിക്കാം;ഇന്ത്യയുടെ ക്ഷേമരാഷ്ട്ര സങ്കല്പം


 

അഭൂതപൂര്‍വമായ സാമ്പത്തിക തളര്‍ച്ചയുടെയും തൊഴിലില്ലായ്മയുടെയും ചുഴിയില്‍പെട്ട് മഹാഭൂരിപക്ഷം ജനങ്ങളും നട്ടംതിരിയുമ്പോഴാണ് സാമ്പത്തിക തിരിച്ചുവരവിന്റെയും ഉപഭോക്തൃസൗഹൃദ വിപണിയുടെയും അരുണാഭ കഥകളുമായി കേന്ദ്രം പിച്ചച്ചട്ടിയിലും കെെവയ്ക്കാന്‍ മുതിരുന്നത്. കേന്ദ്രം നിരത്തുന്ന വളര്‍ച്ചയുടെ ചിത്രം മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയുടെ ചിത്രമല്ല. മറിച്ച്, മഹാമാരിയുടെ നിശ്ചലതയിലും ഇരുട്ടിലും തങ്ങളുടെ ആസ്തി ആവോളം വര്‍ധിപ്പിച്ച അംബാനിമാരുടെയും അഡാനിയുടെയും പന്‍ഡോറ പേപ്പറുകളില്‍ സ്ഥാനംപിടിച്ച ഏതാനും നൂറു മാത്രം അംഗസംഖ്യവരുന്ന അതിസമ്പന്നരുടെയും അവിഹിത സമ്പത്ത് ആര്‍ജിച്ചവരുടേതുമാണ്. സ്വേച്ഛാധികാരത്തെ അടയാളപ്പെടുത്തുന്ന ‘സെന്‍ട്രല്‍ വിസ്റ്റ’ പോലുള്ള ജനാധിപത്യത്തിന്റെ ശവക്കല്ലറകള്‍ പടുത്തുയര്‍ത്താന്‍ പതിനായിരക്കണക്കിനു കോടി രൂപ ചെലവിടുന്നതും രാഷ്ട്രസമ്പത്ത് ചില്ലിക്കാശിന് തളികയില്‍വച്ച് കോര്‍പ്പറേറ്റുകള്‍ക്ക് കെെമാറുന്നതിനും പകരം രാഷ്ട്രനിര്‍മ്മാണത്തിനു വിനിയോഗിക്കുകയാണ് സാമ്പത്തിക പുരോഗതിക്കും ജനക്ഷേമത്തിനും ആവശ്യം. കൃഷിക്കും വ്യാവസായിക പുരോഗതിക്കും ജനകീയ അടിസ്ഥാന സൗകര്യ വികസനത്തിനും വിനിയോഗിക്കേണ്ട പണമാണ് കോര്‍പ്പറേറ്റ് പ്രീണനത്തിനും അധികാര ആഡംബര- ധൂര്‍ത്തിനുമായി പാഴാക്കുന്നത്. അതിന്റെ തുടര്‍ച്ച ഉറപ്പുവരുത്താനാണ് മോഡി ഭരണകൂടം മഹാഭൂരിപക്ഷത്തിനും ഭക്ഷണം നിഷേധിക്കുന്നത്.

 


ഇതുംകൂടി വായിക്കാം; ജനജീവിതം ദാരിദ്ര്യത്തിലമർന്ന ഇന്ത്യ


 

രാജ്യത്തെ യാഥാര്‍ത്ഥ്യബോധമുള്ള സംസ്ഥാന ഭരണകൂടങ്ങള്‍ ജനങ്ങളുടെ രോദനം തിരിച്ചറിഞ്ഞ് പ്രായോഗിക നടപടികള്‍ക്ക് തയ്യാറായിട്ടുണ്ട്. ഇനിയും കോവിഡിന്റെ ഭീഷണിയില്‍ നിന്നും മുക്തമായിട്ടില്ലാത്ത കേരളത്തില്‍ ഇപ്പോള്‍ നല്കിവരുന്ന ഭക്ഷ്യക്കിറ്റ് തുടര്‍ന്നും നല്കുമെന്ന സൂചനയാണ് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ മന്ത്രി കഴിഞ്ഞ ദിവസം നല്കിയിട്ടുള്ളത്. തികച്ചും പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളിലും ഒരാള്‍പോലും പട്ടിണികിടക്കരുതെന്ന കരുതലോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിവരുന്ന ഭക്ഷ്യക്കിറ്റിന്റെ ഉടമാവകാശം എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ ഏറ്റെടുക്കാന്‍ ഉളുപ്പില്ലാത്ത കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ സൗജന്യ കേന്ദ്ര റേഷന്‍ കാര്യത്തിലുള്ള നിലപാട് എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സൗജന്യ ഭക്ഷ്യധാന്യം തുടര്‍ന്നും നല്കണമെന്ന് ഒഡിഷ അടക്കം സംസ്ഥാനങ്ങള്‍ ഇതിനകം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.