ജനാധിപത്യ മര്യാദാലംഘനം

Web Desk
Posted on April 20, 2019, 8:15 am

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംപ്രേഷണം ചെയ്യുന്ന പ്രസംഗത്തിന് ദൂരദര്‍ശന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ എന്ന വാചകം ഉപയോഗിക്കാന്‍ പാടില്ലത്രേ. ഈ മാസം 25ന് സംപ്രേഷണം നടത്തേണ്ട സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വത്തിന്റെ പ്രസംഗത്തിനാണ് ദൂരദര്‍ശന്‍ അധികൃതര്‍ വെട്ടിത്തിരുത്തല്‍ വരുത്തിയത്.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും ആര്‍എസ്എസിനെയും വിമര്‍ശിക്കാന്‍ പാടില്ലെന്ന നിലപാടാണ് ദൂരദര്‍ശന്‍ അധികൃതര്‍ സ്വീകരിച്ചത്. നരേന്ദ്ര മോഡി അധികാരത്തിലെത്തിയ നാള്‍ മുതല്‍ അവര്‍ വിമര്‍ശനങ്ങളെ ഭയപ്പെടുകയാണ്; എതിര്‍ക്കുകയാണ്; തമസ്‌കരിക്കാന്‍ ശ്രമിക്കുകയാണ്. എതിരഭിപ്രായം പറയുന്നവരെ കൊലക്കത്തിക്ക് വരെ ഇരയാക്കി.
മുന്‍കൂട്ടി എഴുതി നല്‍കി അംഗീകാരം വാങ്ങിയ ഒരു പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ റിക്കാര്‍ഡിങ്ങിനെത്തുന്ന വേളയില്‍ വെട്ടിമാറ്റി നല്‍കുന്നത് എന്ത് ജനാധിപത്യ മര്യാദയാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും ആര്‍എസ്എസിനെയും ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തോട് ഉപമിച്ച പരാമര്‍ശം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടത്. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മറ്റ് പാര്‍ട്ടിക്കാരെയോ അവയുടെ പ്രവര്‍ത്തകരെയോ വിമര്‍ശിക്കുന്നതാണെന്നും പെരുമാറ്റച്ചട്ട ലംഘനമാണെന്നുമാണ് ദൂരദര്‍ശന്റെ നിലപാട്.
ഒരു സര്‍ക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകളെ വിമര്‍ശിക്കുന്നത് എങ്ങനെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകും? അങ്ങനെയെങ്കില്‍ പെരുമാറ്റച്ചട്ട ലംഘനങ്ങളുടെ പരമ്പര നടത്തുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വന്ന് നരേന്ദ്രമോഡി പ്രസംഗിച്ചതും ബിജെപി അധ്യക്ഷന്‍ അമിത്ഷാ തൃശൂരില്‍ പറഞ്ഞതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമല്ലാതെ മറ്റെന്താണ്? ദൈവത്തിന്റെ പേര് ഉച്ചരിച്ചാല്‍ കേരളത്തില്‍ ജയിലില്‍ പോകേണ്ട അവസ്ഥയാണുള്ളതെന്നാണ് മോഡി പറഞ്ഞുവച്ചത്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഇലക്ഷന്‍ കമ്മിഷന്‍ പലവട്ടം വ്യക്തമാക്കിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും മറ്റ് പല ബിജെപി-എന്‍ഡിഎ നേതാക്കളും ഇലക്ഷന്‍ കമ്മിഷന്റെ വിലക്കുകളെ പരസ്യമായി ലംഘിച്ചുകൊണ്ടിരിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതപോലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മുന്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ എസ് എന്‍ ഖുറേഷി തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഏകപക്ഷീയമായ നടപടിക്കെതിരെ സുപ്രീം കോടതി തന്നെ രംഗത്തുവരേണ്ടിവന്നു. സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ പലതിലും നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറായത്.

കേന്ദ്ര സര്‍ക്കാരും സംഘ്പരിവാര്‍ ശക്തികളും ഒരു രാഷ്ട്രത്തിന്റെ മതേതര സങ്കല്‍പങ്ങളെയാണ് തകര്‍ത്തെറിയുന്നത്. ബിജെപിയുടെ രാഷ്ട്രീയ നയത്തെ എതിര്‍ത്ത് അഭിപ്രായം പറഞ്ഞാല്‍ അത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവും പ്രധാനമന്ത്രിയും മറ്റ് ഉയര്‍ന്ന ബിജെപി നേതാക്കളും തോന്നുംപടി വിളിച്ചുപറയുന്നത് പെരുമാറ്റച്ചട്ട സംരക്ഷണവും ആകുന്നതെങ്ങനെ?

ആര്‍എസ്എസും മോഡിയും കൂടുതല്‍ കൂടുതല്‍ ഭീരുക്കളായി മാറുന്നതിന്റെ തെളിവാണ് വിമര്‍ശനത്തെയും വിമര്‍ശകരെയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നത്. പന്‍സാരെയും കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷുമെല്ലാം മോഡീഭക്തരുടെ ഭയത്തിന്റെ രക്തസാക്ഷികളാണ്. എഴുതാനും പറയാനും പാടാനും സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണകൂടമായി മോഡി സര്‍ക്കാര്‍ മാറി. വികസനവും രാഷ്ട്രസേവനവും മറന്ന മോഡി കുത്തകകള്‍ക്കായി അഞ്ച് വര്‍ഷം പാഴാക്കിയതിനെ ജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ മുതിരുന്നവരെയാണ് ഇപ്പോള്‍ ശത്രുപക്ഷത്തുനിര്‍ത്തുന്നത്. വര്‍ഗീയതയെയും തീവ്രഹിന്ദുത്വത്തെയും ആയുധമാക്കി രാജ്യത്തെ ഐക്യത്തെയും മതേതരത്തത്തെയും തകര്‍ത്തുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭം തുറന്നുകാട്ടേണ്ടതുതന്നെയാണ്. പ്രധാനമന്ത്രിമുതല്‍ സംഘപരിവാര്‍ സംഘടനയുടെ നേതാക്കളും സന്ന്യാസിവര്യരുമെല്ലാം മതവൈരം വിളമ്പുന്നത് നോക്കിനില്‍ക്കാന്‍ രാജ്യസ്‌നേഹികള്‍ക്കാവില്ല. ബിനോയ് വിശ്വവും ബാല്‍ചന്ദ്ര കാന്‍ഗോയും തങ്ങളുടെ ഉത്തരവാദിത്തമെന്ന നിലയിലാണ് രാജ്യം അഭിമുഖീകരിക്കുന്ന ആപല്‍കരമായ അവസ്ഥയെ ജനങ്ങളുടെ ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ ശ്രമിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെയും തങ്ങളുടെ പാര്‍ട്ടിയുടെയും നെറികെട്ട നയങ്ങളെ ന്യായീകരിക്കാന്‍ തട്ടിവിടുന്ന നുണപ്രചാരണങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും അതിനെതിരെയുള്ള അഭിപ്രായങ്ങള്‍ക്ക് മൂക്കുകയറിടുകയും ചെയ്യുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല. ദൂരദര്‍ശന്‍ കേന്ദ്ര ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രചാരണ ഉപകരണമാകരുത്. ദൂരദര്‍ശന്റെ ഇപ്പോഴത്തെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പൊതുസമൂഹത്തിന്റെ യോജിച്ച വികാരം ഉയര്‍ന്നുവരണം.