ഭൂമിക്ക് മരം കുടയാവണം

Web Desk
Posted on June 05, 2019, 8:15 am

വായുമലിനീകരണത്തെ നിയന്ത്രിക്കുന്നതിലൂന്നിയാണ് ഇക്കുറി ലോകം പരിസ്ഥിതി ദിനം ആചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’ എന്നതായിരുന്നു ആശയം. ദിനം ഒന്നേയുള്ളൂവെങ്കിലും ആ മുദ്രാവാക്യത്തെ ലക്ഷ്യത്തിലെത്തിക്കാന്‍ അടുത്ത ദിനാചരണം വരെ പ്രയത്‌നിക്കുക എന്ന ദൗത്യം നിറവേറ്റപ്പെടണം. ഓരോ വര്‍ഷവും വ്യത്യസ്തങ്ങളായ ആശയങ്ങളും സന്ദേശങ്ങളും ഉയര്‍ത്തിക്കാട്ടി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പരിസ്ഥിതി ദിനാചരണത്തിന് ആഹ്വാനം ചെയ്യുന്നത് പതിവാണ്. കാര്‍ബണ്‍ഡൈ ഓക്‌സൈഡും മീഥേനും നൈട്രസ് ഓക്‌സൈഡും ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകളും അന്തരീക്ഷത്തിലെത്തിച്ചേരുന്നതിന്റെ അളവ് നാള്‍ക്കുനാള്‍ കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. ഓസോണ്‍ പാളികളുടെ തകര്‍ച്ചയിലേക്കാണ് ഇത് വഴിതെളിക്കുന്നത്. ആഗോളതാപനം വഴിയുള്ള ആപത്ത് അതിഭീകരമാകുമെന്നതാണ് ഐക്യരാഷ്ട്രസഭയെയും ലോകാരോഗ്യ സംഘടനയെയുമെല്ലാം ജാഗരൂകരാക്കുന്നത്.

കാലാവസ്ഥാ സുസ്ഥിരതയും പാരിസ്ഥിതിക സന്തുലനവും ഉറപ്പുവരുത്തി ആഗോളതാപനം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ലോകത്തോടൊപ്പം നമുക്കും കൈകോര്‍ക്കണം. അതുപക്ഷെ പരിസ്ഥിതി ദിനാചരണ വാര്‍ത്തകളിലും ചിത്രങ്ങളിലും ഒതുങ്ങിപ്പോകരുത്. മണ്ണിലെ കുഴിയില്‍ ചെടിയും കൈകളും താഴ്ത്തി മുഖം കാമറയിലേയ്ക്കടുപ്പിക്കുന്നതിലൂടെ താപനത്തെ ചെറുക്കാനാവില്ല. മണ്ണിനെ അറിഞ്ഞും തൈകളെ താലോലിച്ചും മനസ് നിറഞ്ഞുള്ള പരിപാലനമാകണം പരിസ്ഥിതി ദിനാചരണം. തനിയെ വളരാനുള്ള ശേഷിയാകും വരെ സ്വന്തം മക്കളെ സംരക്ഷിക്കുന്ന അമ്മമനസാവണം ആണും പെണ്ണും വ്യത്യാസമില്ലാതെ നമുക്കോരോരുത്തരിലും. മണ്ണിളക്കവും വെള്ളവും അന്യമായി ഉണങ്ങിനശിക്കുന്ന പരിസ്ഥിതിദിനാചരണച്ചെടികളുടെ എണ്ണം ഓരോവര്‍ഷവും ചെറുതല്ല. ഇക്കുറിയും മത്സരിച്ചാണ് പലരും പരിസ്ഥിതി ദിനത്തില്‍ നട്ടുപിടിപ്പിക്കേണ്ട വൃക്ഷത്തൈകളുടെ എണ്ണം പ്രഖ്യാപിച്ചിരിക്കുന്നത്. അവസാന പത്തുവര്‍ഷത്തെ കണക്കെടുത്താല്‍ ജൂണ്‍ അഞ്ചുകളില്‍ നട്ട തൈകള്‍ വളര്‍ന്ന് കേരളം കാടായി മാറുമായിരുന്നു.

കേവലം വൃക്ഷത്തൈ നടീലിലും വാര്‍ത്ത ഉറപ്പാക്കലിലും ഒതുങ്ങാതെ പരിസ്ഥിതി സംരക്ഷണത്തിനായി തലമുറയെ പ്രാപ്തരാക്കാന്‍ സംഘടനകളും പൊതുപ്രവര്‍ത്തകരും നിരന്തര ഇടപെടലുകള്‍ നടത്തണം. ആഗോളതാപനത്തിന്റെ ഭവിഷ്യത്ത് അതീവഗുരുതരമാണ്. ഇന്ത്യന്‍ സമുദ്രതീരത്ത് ജലനിരപ്പ് ഉയര്‍ന്ന് ഈ നൂറ്റാണ്ടവസാനിക്കുന്നതോടെ 3.5 ഇഞ്ച് മുതല്‍ 2.8 അടി വരെ എത്തുമെന്നാണ് പഠനങ്ങള്‍. കേരളതീരത്തെ ഉള്‍പ്പെടെ ഇത് സാരമായി ബാധിക്കും. 2050 എത്തുമ്പോഴേക്കും നമ്മുടെ രാജ്യത്തിന്റെ മധ്യഭാഗം മുതലിങ്ങോട്ട് കേരളം വരെ തെക്കന്‍ മേഖലയിലാകെ താപനം താണ്ഡവമാടുമെന്നാണ് നിരീക്ഷണം. മത്സ്യസമ്പത്തിനെയും മത്സ്യബന്ധനം ഉപജീവനമാക്കിയവരെയും അതുവഴി ലക്ഷോപലക്ഷം കുടുംബങ്ങളെയും സമുദ്രത്തിലുണ്ടാവാനിരിക്കുന്ന പ്രതിഭാസം തകര്‍ക്കും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഖംബട്, കച്ച് തുടങ്ങിയ ഗുജറാത്തിന്റെ തീരങ്ങളിലും കൊങ്കണ്‍, ദക്ഷിണ കേരള തീരങ്ങളിലുമാണ് പ്രത്യാഘാതങ്ങള്‍ ആദ്യം അനുഭവപ്പെടുക. സമുദ്രജലനിരപ്പിന്റെ ഉയര്‍ച്ചമൂലമുള്ള ദുരന്തം മാത്രമാവില്ല. ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള പ്രളയങ്ങളെയും നേരിടേണ്ടിവരും.

ഭൂപ്രകൃതിയുടെ പകുതിയോളം കൊടും ചൂടില്‍ വരണ്ടുണങ്ങുന്ന അവസ്ഥയാണ് രാജ്യത്ത്. മണ്‍സൂണിന് മുന്നോടിയായി ലഭിക്കേണ്ട വേനല്‍മഴ ജനുവരി-ഫെബ്രുവരി മാസത്തില്‍ രാജ്യത്തെ 23 ശതമാനം പ്രദേശങ്ങളിലും ലഭിച്ചിട്ടില്ല. മാര്‍ച്ചില്‍ 46 ശതമാനത്തിന്റെയും കുറവ് കാണിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 241 ജില്ലകളാണ് വരള്‍ച്ച നേരിടുന്നത്. കുടിവെള്ളമില്ലാതെ 500 ദശലക്ഷം ആളുകള്‍ ദുരിതമനുഭവിക്കുന്നു. 34 ശതമാനം കാര്‍ഷിക പ്രദേശങ്ങളില്‍ മാത്രമാണ് രാജ്യത്ത് ജലസേചന സൗകര്യങ്ങളുള്ളത്. കാലവര്‍ഷത്തെ അപേക്ഷിച്ച് കൃഷി ചെയ്യുന്ന 66 ശതമാനം മേഖലയും ദുരിതത്തിലായിക്കഴിഞ്ഞു. രാജ്യത്തെ 74 ശതമാനം കാര്‍ഷിക മേഖലയും ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്നതാണ് നിലവിലെ ഏറ്റവും വലിയ പ്രതിസന്ധി.

ആഗോളതാപനത്തിന്റെ പ്രതിസന്ധികള്‍ ഓരം ചേര്‍ന്ന് ലോകം വ്യാപിക്കുമ്പോള്‍, കോടാനുകോടി ജനങ്ങള്‍ മരണത്തിന്റെ ആ കടന്നുവരവിനെ തിരിച്ചറിയാതെ പോകുന്നു. ആഗോളതാപനം വരുത്തുന്ന കൂട്ടമരണത്തെ ഒഴിവാക്കാനുള്ള ദൈനംദിന പോരാട്ടത്തിന് അധ്യാപകരും വിദ്യാര്‍ഥികളും വിദ്യാര്‍ഥി-യുവജന സംഘടനകളും രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരുമാണ് നേതൃത്വം നല്‍കേണ്ടത്. വിദ്യാര്‍ഥികളിലൂടെയുള്ള പ്രചാരണവും പ്രവര്‍ത്തനവുമാണ് സമൂഹത്തില്‍ ഏറെയും ആഴത്തിലിറങ്ങുക. അവര്‍ തെളിക്കുന്ന വെള്ളത്തുള്ളിയാണ് നമ്മള്‍ വച്ചുപിടിപ്പിച്ച വൃക്ഷത്തൈകള്‍ക്ക് ഊര്‍ജം. മരമായി പടര്‍ന്ന് പന്തലിച്ച് കുടയായി അത് മാറുമ്പോള്‍ അന്തരീക്ഷത്തിലെ ചൂടിനെ നമ്മെ ചുട്ടുപൊള്ളിക്കാനാവില്ല. മനുഷ്യരാശി സമുദ്രജലത്തില്‍ മുങ്ങിത്താഴാനുള്ളതല്ല. കൊടുംചൂടില്‍ ശരീരത്തിലെ ജലകണങ്ങള്‍ വറ്റി ജീവനറ്റുപോകാനും ഇടവരരുത്. നട്ടുപിടിപ്പിച്ച തൈകളെ കാത്തുസൂക്ഷിക്കാന്‍ കാണിക്കുന്ന ഓരോ നിമിഷവും സ്വയം ആയുസ് വര്‍ധിപ്പിക്കുന്ന പ്രക്രിയയാണ് ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാം. ആപത്തിനപ്പുറത്തിരുന്നു ചിന്തിക്കുന്ന ശീലം വെടിയാം. കൈകോര്‍ക്കാം നമ്മളടങ്ങിയ ലോകത്തിന്റെ ജീവനെയും ജീവിതത്തെയും നിലനിര്‍ത്താന്‍.