Sunday
25 Aug 2019

പ്രളയത്തെ നേരിട്ട അതേ കരുത്തോടെ

By: Web Desk | Sunday 12 May 2019 10:12 PM IST


മാലോകരുടെ മുന്നില്‍ മലയാളികള്‍ എന്നും തലയെടുപ്പോടെ നില്‍ക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ മനസിന്റെ നന്മ ഒന്നുകൊണ്ടുമാത്രമാണ്. പരസ്പരം സഹായിക്കാനും സ്‌നേഹിക്കാനും വീണ്ടെടുക്കാനുമുള്ള മനസുകളുടെ ഐക്യമാണ് ആ ശക്തി. മലയാളികളുടെ ശക്തിയും സാഹോദര്യവും എന്താണെന്ന് ലോകത്തിന് മുന്നില്‍ പ്രളയകാലത്തില്‍ നാം കാണിച്ചുകൊടുത്തു. തീര്‍ന്നില്ല, തകര്‍ന്നുപോയ നാടിനെ വീണ്ടെടുക്കാന്‍ ആ കരുത്തുകൊണ്ടുതന്നെ നാം തെളിയിച്ചുകൊണ്ടിരിക്കുകയുമാണ്. പ്രളയത്തിന്റെ നാശം എളുപ്പം നികത്താനാവാത്തതാണെന്ന് സര്‍വരും മനസിലാക്കുന്നു. സഹായങ്ങള്‍ തടയാന്‍ രാജ്യാധികാരത്തെ ഉപയോഗപ്പെടുത്തുന്നവരെ കേരളം കണ്ടു. ഐക്യപ്പെട്ട് മുന്നേറുന്ന ജനങ്ങളില്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയ നുണകള്‍ വിളമ്പുന്ന സംസ്ഥാന പ്രതിപക്ഷത്തെയും ബോധ്യമായി. ഇസങ്ങളും കൊടിയുടെ നിറങ്ങളും മറന്ന് കേരള ജനതയുടെയും കേരള സര്‍ക്കാരിന്റെയും ഒരുമിച്ചുള്ള പോക്കിനെയാണിവര്‍ ഭയക്കുന്നത്. ഉള്ളിലെ ഉന്നം എന്താണെന്ന് വെളിപ്പെടുത്തുന്നതാണ് പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലും നവകേരള നിര്‍മാണത്തിലും സംസ്ഥാന ഭരണസംവിധാനത്തിനെതിരെയുള്ള ഇക്കൂട്ടരുടെ ഓരോ വാക്കും പ്രവൃത്തിയും. എന്നിട്ടും തളരാതെയാണ് കേരളം നവനിര്‍മിതിക്കായി പൊരുതുന്നത്. സാഹോദര്യത്തിന്റെയും സൗഹൃദങ്ങളുടെയും മതനിരപേക്ഷതയുടെയും നന്മനിറഞ്ഞ നമ്മുടെ നാട് രാജ്യത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പോരിലായിരുന്നു കുറച്ചുനാള്‍. വീറും വാശിയും എല്ലാം ഉണ്ടായിരുന്നിട്ടും ആ മനസുകളില്‍ വിഷം കുത്തിവയ്ക്കാന്‍ തിന്മയുടെ രാഷ്ട്രീയ ചിന്തകള്‍ക്കായില്ല. മത്സരങ്ങള്‍ തീര്‍ത്ത് രാഷ്ട്രീയം മറന്ന് വീണ്ടും പ്രളയകാലത്തെ അതേ ഒത്തൊരുമയും കരുത്തും നാമിപ്പോള്‍ തിരിച്ചെടുത്തിരിക്കുന്നു. പ്രളയപ്പേടിയെയും രോഗഭീതിയെയും പടിയടച്ചോടിക്കാനാണ് വീണ്ടുമാ കൈകോര്‍ക്കല്‍.

മഴക്കാലപൂര്‍വ രോഗങ്ങളുടെ വ്യാപനം തടയണം. കേരളത്തെ മാലിന്യ മുക്തമാക്കണം. തോടുകളിലും ചാലുകളിലും വെള്ളമൊഴുക്കിന് സുഗമമായ വഴിയൊരുക്കണം. നാടും നഗരവും വീടും വീട്ടുപറമ്പുകളും സ്‌കൂളുകളും പൊതുഇടങ്ങളും ശുചീകരിക്കണം. ഇതിനാണിപ്പോള്‍ കേരളം ഒറ്റമനസായി രംഗത്തിറങ്ങിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഓരോ നിമിഷവും കേരളത്തിനൊപ്പമാണ്. ആ കരുത്തില്‍ കേരളീയര്‍ ഭരണസംവിധാനങ്ങളുടെ സഹായത്തോടെ ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലാണ്. ഓരോ ജില്ലയിലും മന്ത്രിമാര്‍ നേരിട്ടാണ് മാലിന്യമുക്ത കേരളത്തിനായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം ചുമതല നിര്‍വഹിക്കുന്നത്. നാട്ടുകാര്‍ക്കൊപ്പം ജനപ്രതിനിധികളും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ജീവനക്കാരും ഈ ദൗത്യത്തില്‍ പങ്കാളികളാണ്. പാതയോരങ്ങളും ഓടകളും ചാലുകളും തോടുകളും മാലിന്യങ്ങള്‍ കൂടിക്കിടക്കുന്ന കേന്ദ്രങ്ങളും പൊതുഇടങ്ങളും വൃത്തിയാക്കിത്തുടങ്ങി. ശുചിത്വത്തിനൊപ്പം വെള്ളക്കെട്ട് ഒഴിവാക്കലും ലക്ഷ്യമിട്ടാണ് യത്‌നങ്ങള്‍. വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണവും കൊതുകുകളുടെ ഉറവിട സ്രോതസുകളുടെ നശീകരണവും നടത്തുന്നുണ്ട്.

ആരോഗ്യ രംഗത്ത് സജീവ പങ്കാളിത്തമുള്ള ഒട്ടനവധി സംഘടനകളും സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ സദാസജ്ജമാണ്. അവയുടെ നേതൃത്വത്തിലാണ് പലയിടത്തും വീട്, സ്‌കൂള്‍ സന്ദര്‍ശനങ്ങള്‍ തുടരുന്നത്. ഇതിനായി അതത് മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സംവിധാനവും സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. മാലിന്യം പുറംതള്ളുന്ന സ്ഥാപനങ്ങളെ കര്‍ശനമായി നിരീക്ഷിക്കുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തമാണ് ആരോഗ്യവകുപ്പ് വിനിയോഗിക്കുന്നത്. പൊലീസിന്റെയും സഹകരണം മഴക്കാലപൂര്‍വ രോഗപ്രതിരോധ ക്യാമ്പയിനുണ്ട്.

നിപ രോഗബാധ പടര്‍ന്ന കോഴിക്കോടും സമീപ ജില്ലകളിലും കൂടുതല്‍ ശ്രദ്ധയോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ശനിയാഴ്ചയിലെ കണക്കനുസരിച്ച് ഇതിനകം തന്നെ കോഴിക്കോട് ജില്ലയിലെ 1,31,672 വീടുകളില്‍ പ്രത്യേക സ്‌ക്വാഡുകളുടെ സന്ദര്‍ശനം നടന്നുകഴിഞ്ഞു. മലപ്പുറം ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലെ 1778 വാര്‍ഡുകളിലും 12 നഗരസഭകളിലെ 489 വാര്‍ഡുകളിലും പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചുറ്റുമായി അലക്ഷ്യമായി വലിച്ചെറിയുന്ന പഌസ്റ്റിക്, ടയര്‍, ചിരട്ട, കളിപ്പാട്ടങ്ങള്‍, പൂച്ചട്ടികള്‍, വെള്ളം കെട്ടിക്കിടക്കുന്ന അനാവശ്യ പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയൊക്കെ ഒഴിവാക്കാനാണ് നിര്‍ദ്ദേശം. ടെറസ് വീടിന്റെ മുകള്‍തട്ടും സണ്‍ഷെയ്ഡുകളും വെള്ളം കെട്ടിക്കിടക്കാത്തവിധം വൃത്തിയാക്കിയിടണം. ആഴ്ചയിലൊരിക്കല്‍ ‘ഡ്രൈഡേ’ ആചരിച്ച് കൂത്താടികള്‍ വളരുന്നില്ലെന്ന് ഉറപ്പാക്കണം. റബര്‍ തോട്ടങ്ങളില്‍ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ഈ മേഖലയിലെ കര്‍ഷകര്‍ക്കുള്ള മുന്നറിയിപ്പ്. കുളങ്ങളുടെയും കിണറുകളുടെയും പരിസരങ്ങള്‍ ശുചിത്വമുള്ളവയാക്കണം. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നതിന് കാരണമാകുന്ന സാഹചര്യത്തിലാണിത്. അങ്ങനെ വരാനിരിക്കുന്ന മഴക്കാലം ആശങ്കകളുടേതും അങ്കലാപ്പുകളുടേതുമല്ലാതിരിക്കാനാണ് സര്‍ക്കാരിന്റെ ഓരോ ചലനങ്ങളും. നമുക്കും ഈ യജ്ഞത്തില്‍ ഒരേ മനസായി കൈകോര്‍ക്കാം; പ്രളയത്തെ നേരിട്ട അതേ കരുത്തോടെ.