24 April 2024, Wednesday

ആഗോള ആസ്തി നിര്‍വാഹകരുടെ താല്പര്യം തുറന്നുകാണിക്കുന്നത്

Janayugom Webdesk
September 7, 2021 4:00 am

കേന്ദ്രസര്‍ക്കാര്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 23ന് പ്രഖ്യാപിച്ച നാഷണല്‍ മോണിട്ടെെസേഷന്‍ പെെപ്പ് ലെെന്‍ (എന്‍‍എംപി) പദ്ധതിയില്‍ ആഗോള ആസ്തി നിര്‍വാഹകരായ ബ്ലാക്‌സ്റ്റോണ്‍, ബ്ലാക്റോക്, മക്വയറി തുടങ്ങിയവര്‍ താല്പര്യം പ്രകടിപ്പിക്കുന്നു എന്ന വാര്‍ത്ത ഉയര്‍ത്തുന്ന അപകട മുന്നറിയിപ്പ് അവഗണിക്കപ്പെട്ടുകൂട. ജനങ്ങളുടെ നികുതിപണംകൊണ്ട് ഇന്ത്യ പടുത്തുയര്‍ത്തിയ ദേശീയ ആസ്തികളാണ് പാട്ടത്തിന്റെയും ലെെസന്‍സിങ്ങിന്റെയും പേരില്‍ സ്വകാര്യ കരങ്ങളില്‍ ഏല്പിച്ചുകൊടുക്കാന്‍ മോഡി സര്‍ക്കാര്‍ ഒരുമ്പെട്ടിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇത്തരത്തില്‍ 88,000 കോടി രൂപയുടെ ആസ്തികള്‍ സ്വകാര്യ നിയന്ത്രണത്തില്‍ ആവും.

ദേശീയ ആസ്തികള്‍ സ്വകാര്യ മൂലധന താല്പര്യങ്ങള്‍ക്ക് കെെമാറി അടുത്ത നാല് വര്‍ഷംകൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിനായി ആറ് ലക്ഷം കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. അഞ്ച് വര്‍ഷംകൊണ്ട് ചുരുങ്ങിയത് 102 ലക്ഷം കോടിയുടെ അടിസ്ഥാനവികസന പദ്ധതികളാണ് നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പെെപ്പ്‌ലെെനിന്റെ(എന്‍‍ഐപി) ഭാഗമായി വിഭാവനം ചെയ്യുന്നത്. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ‘നടുക്കവും അമ്പരപ്പും’ എന്ന യുദ്ധതന്ത്രത്തിന്റെ ചുവടുപിടിച്ച് നടപ്പാക്കിയ പദ്ധതികളുടെ ഗതി തന്നെയായിരിക്കും എന്‍എംപി, എന്‍ഐപി ബൃഹദ് പദ്ധതികളുടെയും അന്തിമഫലം എന്ന സംശയം സാമ്പത്തിക, ആസൂത്രണ, രാഷ്ട്രീയവൃത്തങ്ങളില്‍ ശക്തവും വ്യാപകവുമാണ്.

 


ഇതുകൂടി വായിക്കു:രാജ്യം വില്പനയ്ക്കുവച്ച് കേന്ദ്രസര്‍ക്കാര്‍


 

പദ്ധതിയും ബഹുരാഷ്ട്ര പങ്കാളികളായി മോഡി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്ന ആഗോള ആസ്തി നിര്‍വാഹകരുടെ ചരിത്രവും ആ ആശങ്കകളെ ബലപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ പാര്‍പ്പിട ഉടമകളായാണ് ബ്ലാക്‌സ്റ്റോണ്‍ അറിയപ്പെടുന്നത്. ലോകവ്യാപകമായി വാടകക്കാരെ ചൂഷണം ചെയ്യുകയും ആഗോളതലത്തില്‍ പാര്‍പ്പിട പ്രതിസന്ധി സൃഷ്ടിച്ച് കൊള്ള നടത്തുന്ന കോര്‍പ്പറേറ്റ്, എന്നാണ് ഐക്യരാഷ്ട്ര സഭയുടെ പാര്‍പ്പിടം സംബന്ധിച്ച വര്‍ക്കിങ് ഗ്രൂപ്പ് അവരെ വിമര്‍ശിക്കുന്നത്. പാവപ്പെട്ട കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുക വഴി കുപ്രസിദ്ധിയാര്‍ജിച്ച ആഗോള കോര്‍പ്പറേഷനാണ് ബ്ലാക്റോക്. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ കുറ്റാരോപിതമാണ് മക്വയറി.

ഇത്തരം ആഗോള കോര്‍പ്പറേറ്റുകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന വികസന പ്രവര്‍ത്തനത്തിന്റെ ഭാവിയെപ്പറ്റിയുള്ള ആശങ്കകള്‍ തികച്ചും പ്രസക്തമാണ്.  അഞ്ച് വര്‍ഷം മാത്രം പ്രാബല്യമുള്ള ജനവിധിയാണ് ഇന്ത്യന്‍ ജനാധിപത്യ സംവിധാനം ഭരണകൂടത്തിന് നല്കുന്നത്. അത്തരത്തില്‍ പരിമിതമായ അനുജ്ഞയുടെ പിന്‍ബലത്തില്‍ അധികാരത്തിലേറുന്ന ഭരണകൂടത്തിന് നിരവധി പതിറ്റാണ്ടുകളുടെ സാമ്പത്തിക നയങ്ങളെയും വരുംതലമുറകളുടെ ഭാവിയെത്തന്നെയും അപകടത്തിലാക്കിയേക്കാവുന്ന നടപടികള്‍ ഏകപക്ഷീയമായി കെെക്കൊള്ളാന്‍ എന്ത് അധികാരവും അവകാശവുമാണുള്ളത്? ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ദേശീയ ധനാര്‍ജ്ജന പദ്ധതി ഒരു വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.

 


ഇതുകൂടി വായിക്കു:കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ കൂടുന്നു; പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുന്നു


അത് സംബന്ധിച്ച വാര്‍ഷിക ബജറ്റിലുള്ള കേവല പരാമര്‍ശം ഒഴിച്ച് തലമുറകളെ ബാധിക്കുന്ന ഈ സുപ്രധാന പദ്ധതിയെപ്പറ്റി പാര്‍ലമെന്റില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. അതെപ്പറ്റി പ്രതിപക്ഷ പാര്‍ട്ടികളുമായി ആശയവിനിമയം നടത്തുകയൊ ജനങ്ങളുമായി സംവദിക്കാനുള്ള ശ്രമം പോലുമൊ ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിനു തൊഴിലാളികള്‍ പണിയെടുക്കുകയും കോടാനുകോടി ജനങ്ങള്‍ പണം നല്കി ഉപയോഗിക്കുകയും ചെയ്യുന്ന ആസ്തികളാണ് അവരുടെ താല്പര്യങ്ങളെയും അവകാശങ്ങളെയും അഭിപ്രായങ്ങളെയും അവഗണിച്ച് ദുര്‍വിനിയോഗത്തിന് മോഡി സര്‍ക്കാര്‍ മുതിരുന്നത്. ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും ഭരണകൂടത്തിനു നല്കുന്ന അവകാശങ്ങളുടെയും അധികാരങ്ങളുടെയും നഗ്നമായ ലംഘനമാണ് നടക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി അപ്രായോഗികവും സാധാരണ പൗരന്മാര്‍ക്ക് അചിന്ത്യവുമായ സ്വപ്നപദ്ധതികള്‍ അവതരിപ്പിച്ച് അവരില്‍ പ്രതികരിക്കാന്‍ കഴിയാത്തവിധമുള്ള നടുക്കവും അമ്പരപ്പും സൃഷ്ടിച്ച് രാജ്യത്തിന്റെ സമ്പത്ത് ആഗോള, ദേശീയ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന ചങ്ങാത്ത മുതലാളിത്ത കുടിലതന്ത്രത്തിനാണ് രാജ്യവും ജനങ്ങളും ഇരകളാവുന്നത്.

2016 നവംബര്‍ എട്ടിന് ഇതുപോലൊരു നടുക്കവും അമ്പരപ്പും സൃഷ്ടിച്ചാണ് നരേന്ദ്രമോഡി വിനാശകരമായ നോട്ടുനിരോധനം പ്രഖ്യാപിച്ചത്. അതിന്റെ ലക്ഷ്യങ്ങളില്‍ ഒന്നുപോലും കെെവരിക്കാന്‍ ആയില്ലെന്നു മാത്രമല്ല, അതു സൃഷ്ടിച്ച കെടുതികളില്‍ നിന്നും കരകയറാന്‍ രാജ്യത്തിന് ഏറെക്കാലം ഇനിയും കാത്തിരിക്കേണ്ടിവരും. ദേശീയ ധനാര്‍ജ്ജന പദ്ധതിയും ദേശീയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കും. 75 വര്‍ഷംകൊണ്ട് സ്വതന്ത്ര ഇന്ത്യ കെെവരിച്ചതെല്ലാം അടുത്ത അഞ്ച് വര്‍ഷംകൊണ്ട് തകര്‍ക്കാനും രാജ്യത്തിന്റെ ഭാവി ദരിദ്രവും ഇരുളടഞ്ഞതുമാക്കാനുള്ള ചങ്ങാത്ത മുതലാളിത്ത പദ്ധതിയാണ് ആഗോള ആസ്തി നിര്‍വാഹകരുടെ താല്പര്യം തുറന്നുകാട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.