പരമോന്നത കോടതിയിലെ അസാധാരണ സംഭവങ്ങള്‍

Web Desk
Posted on April 22, 2019, 8:25 am

ഴിഞ്ഞ ദിവസം പരമോന്നത കോടതിയിലുണ്ടായത് അസാധാരണ സംഭവമായിരുന്നു. പരമോന്നത കോടതിയുടെ അധിപനെതിരായ ലൈംഗികാരോപണവും തുടര്‍ന്ന് മൂന്നംഗ പ്രത്യേക ബെഞ്ചിന്റെ സിറ്റിങും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടേതായി പുറത്തുവന്ന വാക്കുകളുമെല്ലാം അസാധാരണമായിരുന്നു. കോടതിയിലെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന സ്ത്രീയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. കഴിഞ്ഞ ഒക്‌ടോബര്‍ 10, 11 തീയതികളില്‍ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വച്ച് അപമാനിക്കപ്പെട്ടതായും പീഡനത്തെ എതിര്‍ത്തതിനാല്‍ രണ്ട് മാസം കഴിഞ്ഞ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നുമായിരുന്നു 35 കാരിയായ സ്ത്രീ ഉന്നയിച്ച പരാതി. അതിന് ശേഷം പല രീതിയില്‍ തന്നെ ഉപദ്രവിച്ചതായും ഭര്‍ത്താവിനെയും സഹോദരനെയും ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും അവര്‍ സുപ്രീംകോടതിയിലെ 22 ജഡ്ജിമാര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.
പ്രസ്തുത പരാതി വാര്‍ത്തയായതിനെ തുടര്‍ന്നാണ് ശനിയാഴ്ച മൂന്നംഗങ്ങളടങ്ങിയ പ്രത്യേക ബെഞ്ച് സിറ്റിങ് നടത്തിയത്. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ടതായിരുന്നു ബെഞ്ച്. അസാധാരണമായ സിറ്റിങ് നടത്തിയ ശേഷം പുറത്തുവന്ന വാര്‍ത്തകള്‍ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതിയെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ആരോപണത്തിന്റെ നിജസ്ഥിതി ഉറപ്പു വരുത്തി മാത്രമെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കാവൂ എന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവര്‍ വ്യക്തമാക്കുകയാണ് ചെയ്തത്. അതോടൊപ്പംതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് സിറ്റിങില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞതായി പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍. രാജ്യത്തെ സംബന്ധിച്ചു തന്നെ അതീവ പ്രാധാന്യവും അതിനെക്കാള്‍ ഗുരുതരവുമായതാണ് പ്രസ്തുത വെളിപ്പെടുത്തലുകള്‍.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ആക്രമിക്കാനും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ദുര്‍ബലമാക്കാനുമാണ് ശ്രമം നടക്കുന്നതെന്നും രാജ്യത്തെ ജുഡീഷ്യറി ഗുരുതര ഭീഷണിയിലാണെന്നും പറഞ്ഞ ചീഫ് ജസ്റ്റിസ് വിലയ്‌ക്കെടുക്കാന്‍ കഴിയാത്തവര്‍ മറ്റു വഴികളിലൂടെ കീഴടക്കാന്‍ നോക്കുകയാണെന്ന സുപ്രധാനമായ ആരോപണവും മുന്നോട്ടുവയ്ക്കുകയുണ്ടായി.

‘ഇത് അവിശ്വസനീയമാണ്. ഇതിന് മറുപടി നല്‍കി നിലവാരം താഴ്ത്താന്‍ ആഗ്രഹിക്കുന്നില്ല. 20 വര്‍ഷത്തെ നിസ്വാര്‍ഥ സേവനമാണ് ഞാന്‍ നടത്തിയത്. ഇത്രയുംകാലത്തെ സേവനത്തിന് ശേഷവും എന്റെ ബാങ്ക് ബാലന്‍സ് 6.8 ലക്ഷം മാത്രമാണ്. ആര്‍ക്കും എന്നെ പണം നല്‍കി വിലയ്‌ക്കെടുക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇത്തരം രീതിയില്‍ ആക്രമിക്കുന്നത്. വന്‍ ശക്തികള്‍ ഇവര്‍ക്ക് പിന്നിലുണ്ട്.’ ചീഫ് ജസ്റ്റിസ് ആരോപിച്ചു.
ഇത്തരം ആരോപണങ്ങള്‍ കണക്കില്‍ എടുക്കാതെ ഞാന്‍ ഏറ്റ ചുമതല നിറവേറ്റും. വിഷയത്തില്‍ താന്‍ വിധി പറയുന്നില്ലെന്നും മുതിര്‍ന്ന ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇതു പിന്നീട് പരിഗണിക്കും’ എന്നായിരുന്നു ചീഫ് ജസ്റ്റിസ് അറിയിച്ചത്.

സുപ്രധാനമായ ചില കേസുകള്‍ അടുത്ത ദിവസങ്ങളില്‍ പരമോന്നത കോടതി പരിഗണിക്കാനിരിക്കുകയാണ്. റഫാല്‍ കേസിലെ തുടര്‍നടപടികളും ഇതിലുള്‍പ്പെടുന്നുണ്ട്. സമീപകാലത്ത് പരമോന്നത കോടതിയില്‍ നിന്നുണ്ടായ പല വിധികളും ആരെയാണ് കൂടുതലായി ബാധിച്ചതെന്നതുകൂടി പരിശോധിക്കുമ്പോള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് പറയേണ്ടിവരും. പണംകൊണ്ട് സ്വാധീനിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മറ്റ് രീതിയില്‍ കീഴടക്കാന്‍ നോക്കുന്നുവെന്ന ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ കൂടി ഇതിനോട് ചേര്‍ത്തുവായിക്കണം. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ വലിയ ഭീഷണി നേരിടുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇത്തരമൊരു നിഗമനം ആദ്യത്തേതല്ല. ഒരു വര്‍ഷം മുമ്പ് സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ച് വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞതും ഇതേ കാര്യം തന്നെയായിരുന്നു. അക്കൂട്ടത്തില്‍ രഞ്ജന്‍ ഗൊഗോയിയുമുണ്ടായിരുന്നുവെന്നോര്‍ക്കണം.
രാജ്യം നേരിടുന്ന അതീവ ഗുരുതരമായ സാഹചര്യം കൂടിയാണ് പരമോന്നത കോടതിയിലെ അസാധാരണ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇരയായ വനിതയുടെ പരാതി അപ്രസക്തമാണെന്നോ അപ്രധാനമാണെന്നോ ഇതിനര്‍ഥമില്ല. എന്നുമാത്രമല്ല മൂന്നംഗ ബെഞ്ചിന്റെ സിററിങിനൊടുവില്‍ ഈ പരാതിയില്‍ എന്ത് ചെയ്യണമെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇത്തരമൊരു പരാതി ഉണ്ടാകുമ്പോള്‍, തന്നെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്ന സൂചനകള്‍ ചീഫ് ജസ്റ്റിസ് നല്‍കുന്നുവെന്നത് സംഭവത്തിന് അസാധാരണമായൊരു വ്യതിയാനം സൃഷ്ടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതിന് ഇനിയും ആഴ്ചകള്‍ ബാക്കിയുണ്ടെന്നിരിക്കേ സുപ്രധാനമായ കേസുകളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഗൂഢാലോചന നടന്നുവോ എന്ന സംശയവും ഇത് സൃഷ്ടിക്കുന്നുണ്ട്. വരികള്‍ക്കിടയില്‍ നിന്നല്ല ചീഫ് ജസ്റ്റിസിന്റെ വാക്കുകളില്‍ നിന്ന് തന്നെ അത്തരമൊരു സ്വാധീനശ്രമം വ്യക്തമാകുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീയുടെ പരാതിയില്‍ എന്തുനടപടിയുണ്ടാകുമെന്നതുപോലെ പൊതുസമൂഹത്തിന് അറിയേണ്ടത് ആരാണ് എങ്ങനെയാണ് ചീഫ് ജസ്റ്റിസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന വസ്തുതയാണ്. അത് പുറത്തുകൊണ്ടുവരികയെന്നത് നീതിന്യായ വ്യവസ്ഥയുടെ മാത്രമല്ല രാജ്യത്തിന്റെയാകെ പൊതുതാല്‍പര്യത്തിന് അത്യന്താപേക്ഷിതമാണ്.