Web Desk

November 29, 2020, 5:00 am

അധ്വാനിക്കുന്നവരുടെ പ്രതിഷേധങ്ങൾക്ക് കെട്ടഴിയുമ്പോൾ

Janayugom Online

തൊഴിലാളികളും കർഷകരും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത് രാജ്യം മഹാത്മാ ഗാന്ധിയുടെ ജയന്തി കൊണ്ടാടുന്ന ഒക്ടോബർ രണ്ടിനായിരുന്നു. അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (എഐടിയുസി) ശതാബ്ദി ആഘോഷങ്ങൾ സമാപനത്തോടടുക്കുന്ന സമയവും ആയിരുന്നു അത്. പണിമുടക്കാഹ്വാനം രാഷ്ട്രീയകെട്ടുപാടുകൾക്കതീതമായി വർഗപരമായ പാകത വെളിപ്പെടുത്തുന്നതായിരുന്നു. ജനദ്രോഹ, തൊഴിലാളി കർഷ വിരുദ്ധനയങ്ങൾക്കെതിരെ സ്വയമേവയായി രൂപപ്പെട്ട പോരാട്ടത്തിൽ ഗ്രാമീണ മേഖലയിൽ നിന്നും കർഷകരും അണിനിരന്നു. അനീതിയ്ക്കും ജനവിരുദ്ധതയ്ക്കുമെതിരായ കേന്ദ്രട്രേഡ് യൂണിയനുകളുടെയും കർഷകസംഘടനകളുടെയും പോരാട്ടാഹ്വാനം നൂറ്റാണ്ടുമുമ്പ് ആരംഭിച്ച സമര പരമ്പരയിലെ തുടർക്കണ്ണിയാണ്.

അധ്വാനിക്കുന്ന ജനസമൂഹം അവർ സ്വംശീകരിച്ചിരിക്കുന്ന പൈതൃകത്തെ ഒറ്റുകൊടുക്കുന്നവരല്ല. പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും കൂടുതൽ ശക്തിയോടെ അവർ തുടരും. ഗിർനി കാംഗാർ യൂണിയൻ 1928ൽ സംഘടിപ്പിച്ച തുണിമിൽ തൊഴിലാളികളെ ഒത്തൊരുമിപ്പിക്കാനും അവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ നേടിക്കൊടുക്കുവാനും നടത്തിയ പ്രക്ഷോഭം ജ്വലിക്കുന്ന ഉദാഹരണമാണ്. 70,000ത്തോളം വരുന്ന തുണിമിൽ തൊഴിലാളികൾ ഗിർനി കാംഗാർ യൂണിയന്റെ നേതൃത്വത്തിൽ ആറുമാസത്തോളം നീണ്ട പണിമുടക്ക് സമരമാണ് നടത്തിയത്. ദീർഘമായ സമരദിനങ്ങളിൽ നിത്യേന പൊതുയോഗങ്ങൾ ചേർന്നു തുടർന്ന ചർച്ചകളും നടന്നു. പ്രമുഖരായ ട്രേഡ് യൂണിയൻ നേതാക്കളുടെ പ്രഭാഷണപരമ്പരകൾ ആവേശമായി. ഇതേ തൊഴിലാളികളാണ് ഒരു ദാശാബ്ദം പിന്നിട്ടപ്പോൾ ഫാസിസ്റ്റ് വിരുദ്ധ പ്രകടനത്തിലൂടെ മുംബൈയുടെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ചത്. അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന് എപ്പോൾ ഉണരണമെന്നും പ്രക്ഷോഭത്തിലേക്ക് എപ്പോൾ ഉയരണമെന്നും എന്തു സംരക്ഷിക്കണമെന്നും വ്യക്തതയുള്ളവരാണ്. സാമ്പത്തിക മൂലധനം പ്രബലപ്പെട്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ അവർ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.

ജിഡിപി നിരക്ക് ‑24ശതമാനത്തിലേക്ക് ഇടിഞ്ഞു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നു. ഉല്പാദനം നാമമാത്രം, നിക്ഷേപങ്ങൾ നിലച്ചു, ചെറുകിട സൂഷ്മസംരംഭങ്ങളുടെ വേരുകൾ രാജ്യത്തിന്റെ അരക്ഷിതമായ സാമ്പത്തികഭൂമികയിൽ ഉണങ്ങി ഇല്ലാതായിരിക്കുന്നു. കുറഞ്ഞ കൂലി, തൊഴിൽ, വിദ്യാഭ്യാസം ആരോഗ്യപരിരക്ഷ എന്നിവയ്ക്കായുള്ള മുറവിളി ക്രൂരമായി നിരസിക്കപ്പെടുന്നു. തൊഴിലവസരങ്ങൾ മുമ്പില്ലാത്തവിധം ഇല്ലാതായിരിക്കുന്നു. എന്നാൽ, പട്ടിണിയുടെയും കൊടിയ ദാരിദ്രത്തിന്റെയും മധ്യത്തിലും വിശദീകരിക്കാനാകാത്ത വിധം മുകേഷ് അംബാനിയുടെ ലാഭം വർധിക്കുന്നു. ലോകത്തിലെ സമ്പന്നരിൽ ആദ്യപട്ടികയിലുൾപ്പെടുന്ന അംബാനിയുടെ ലാഭം ലോക്ഡൗൺ കാലത്തും 34 ശതമാനമായി ഉയർന്നു. ഇക്കാലയളവിൽ തന്നെയാണ് അസംഖ്യം കുടിയേറ്റ തൊഴിലാളികൾ തൊഴിൽരഹിതരായി തങ്ങളുടെ ഗ്രാമങ്ങളിലേക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്നുപോയത്. അവടെയും അവരെ കാത്തിരുന്നത് ദുരിതങ്ങളായിരുന്നു. തങ്ങളെ ചൂഴ്ന്നിരിക്കുന്ന ദൂഷിത വലയം അവർക്ക് ബോധ്യപ്പെട്ടു. ഗ്രാമങ്ങളിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ തൊഴിൽ ഇല്ല. തൊഴിലവസരങ്ങൾ ശേഷിക്കുന്നയിടങ്ങളിലാകട്ടെ നിലനിൽപ്പിനാവശ്യമായ കൂലിയും ഇല്ല. പോരാട്ടങ്ങളുടെ ഫലങ്ങൾ തിരിച്ചെടുത്തിരിക്കുന്നു. വേതനവുമായി ബന്ധപ്പെട്ടും തൊഴിൽ നിയമങ്ങളിലും ഭേദഗതി വരുത്തിയിരിക്കുന്നു. ഉള്ള തൊഴിലിന് തുടർച്ചയില്ലാതായിരിക്കുന്നു, സുരക്ഷയും. അനിവാര്യമായത് നവംബർ 21ന് സംഭവിച്ചു.

തൊഴിൽ സുരക്ഷയും ആരോഗ്യവും തൊഴിൽസാഹചര്യങ്ങളുമായി ബന്ധപ്പെട്ടുള്ള കരട് നിയമങ്ങൾ പ്രസിദ്ധീകരിച്ചു. ഇതാകട്ടെ 2020 സെപ്റ്റംബറിൽ പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങൾ ആരും ഇല്ലാതിരുന്ന സാഹചര്യത്തിൽ ജനാധിപത്യ വിരുദ്ധമായി വിരിയിച്ചെടുക്കുകയായിരുന്നു. തുടർന്നു നടന്ന 45 ദിന കൂടിയാലോചന മറ്റൊരു തട്ടിപ്പായി മാറി. 12 മണിക്കൂർ തൊഴിൽ സമയം ഉയർത്താനുള്ള സർക്കാരിന്റെ ധാർഷ്ട്യം എഐടിയുസിയെ ഞെട്ടിച്ചു. ഗുജറാത്തിലെ ബിജെപി സർക്കാരിന്റെ സമാനമായ നടപടി സുപ്രീംകോടതി തിരസ്കരിച്ചിരുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ പ്രഥമ ഉടമ്പടിയുടെ ലംഘനമാണ് അത്. ഈ പ്രതിലോമ നടപടികളിലെല്ലാം തൊഴിലാളികളെ പണിമുടക്ക് തീഷ്ണമാക്കാൻ പ്രേരിപ്പിച്ചു. തീഷ്ണ പോരാട്ടങ്ങളുടെ നൂറ്റാണ്ടു നീണ്ട ചരിത്രമുള്ള എഐടിയുസി 12മണിക്കൂർ തൊഴിൽ സമയം റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നവംബർ 26 ന്റെ ദേശീയ പണിമുടക്ക് ചരിത്രഏടുകളിൽ ഇടം പിടിക്കുകയാണ്.

തൊഴിലാളികൾ ധീരമായ പോരാട്ടത്തിനാണ് തുടക്കം കുറിച്ചത്. കൊടു തണുപ്പിനെയുംഅതിക്രമങ്ങളെയും വകവെക്കാതെ അഭൂതപൂർവ്വമായ ഐക്യത്തോടെയുള്ള മുന്നേറ്റമായിരുന്നു അത്. കഠിനമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ മൂന്നു നിയമങ്ങളിലൂടെ കവർന്ന കേന്ദ്രം കർഷകരെ തെരുവിലിറക്കാൻ നിർബന്ധിതരാക്കി. കാർഷിക ബില്ലുകൾ സകല ജനാധിപത്യക്രമങ്ങളെയും ലംഘിച്ചാണ് കേന്ദ്രം പാസാക്കിയെടുത്തത്. വോട്ടെടുപ്പ് നിഷേധിച്ച് ശബ്ദവോട്ടിന്റെ പിൻബലത്തിലാണ് ബില്ലുകൾ പാസാക്കിയത്. ഫാർമേർസ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്സ് (പ്രൊമോഷൻ ആന്റ് ഫസിലിറ്റേഷൻ) ബിൽ 2020, ഫാർമേഴ്സ് (എംപവർമെന്റ് ആന്റ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓഫ് പ്രൈസസ് അഷ്വറൻസ് ആന്റ് ഫാം സർവീസസ് ബിൽ 2020, അവശ്യ ചരക്ക് നിയമം ഭേദഗതി 2020എന്നിവയാണ് ജനാധിപത്യവിരുദ്ധമായി പാസാക്കിയത്. കേന്ദ്രം ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്. തങ്ങൾക്കു നേരെയും പൊതുവായും ഉയരുന്ന ആപത്ത് തിരിച്ചറിയുന്നു. ഐക്യം വിശാലമാകുകയാണ്. അത് അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയുമാണ്.