Web Desk

November 23, 2020, 3:00 am

കര്‍ഷകരും തൊഴിലാളികളും നിര്‍ണായക പോരാട്ടത്തില്‍

Janayugom Online

ധികാരി വര്‍ഗത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ നാളിതുവരെ രാജ്യത്ത് നടന്നിട്ടുള്ള ചെറുത്തുനില്പ് പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കുകയാണ് തൊഴിലാളികളും കര്‍ഷകരും. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും കേന്ദ്ര‑സംസ്ഥാന ജീവനക്കാരുടെയും പൊതുമേഖല വ്യവസായങ്ങളിലെയും ബാങ്കുകളടക്കം ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും അസോസിയേഷനുകളുടെയും ഫെഡറേഷനുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന നവംബര്‍ 26ന്റെ പണിമുടക്ക് ലോകചരിത്രത്തിലെതന്നെ ഏറ്റവും വലിയ പണിമുടക്കായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വ്യാവസായിക പണിമുടക്കിനെ തുടര്‍ന്ന് നവംബര്‍ 27ന് രാജ്യത്തെമ്പാടും പടര്‍ന്നുപിടിച്ചിരിക്കുന്ന കര്‍ഷകപ്രക്ഷോഭത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ച് നടക്കും. കര്‍ഷകരും തൊഴിലാളികളും ജനദ്രോഹ ഭരണകൂട നയങ്ങള്‍ക്കെതിരെ കെെകോര്‍ത്തു നടത്തുന്ന പ്രതിഷേധം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ ജനകീയ മുന്നേറ്റത്തെയായിരിക്കും അടയാളപ്പെടുത്തുക.

ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന്, ഗാന്ധിജയന്തി ദിനത്തില്‍ ഓണ്‍ലെെനായി നടന്ന, തൊഴിലാളികളുടെ ദേശീയ കണ്‍വന്‍ഷനാണ് പണിമുടക്കിന് ആഹ്വാനം നല്കിയത്. മുന്നൂറില്‍പരം കര്‍ഷകസംഘടനകള്‍ ഉള്‍പ്പെട്ട അഖിലേന്ത്യ കര്‍ഷക സംഘര്‍ഷ ഏകോപന സമിതിയുടെയും ട്രേഡ് യൂണിയനുകളുടെ പൊതുവേദിയുടെ നവംബര്‍ 19നു ചേര്‍ന്ന സംയുക്ത യോഗമാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും വ്യാവസായിക തൊഴിലാളികളടക്കം സംഘടിത തൊഴിലാളിവര്‍ഗ്ഗം ഒറ്റക്കെട്ടായി നരേന്ദ്രമോഡി സര്‍ക്കാരിന്റെ കര്‍ഷക‑തൊഴിലാളി ജനവിരുദ്ധ നയപരിപാടികള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം നല്കിയിരിക്കുന്നത്.

രാജ്യത്ത് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം കോവിഡ് കീഴ്‌വഴക്കങ്ങള്‍ പാലിച്ചായിരുന്നു ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിച്ചുപോന്നിരുന്നത്. കോവിഡ് മഹാമാരിയുടെ മറവില്‍ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും എതിരായ നിയമനിര്‍മ്മാണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മടികാണിക്കാത്ത ഭരണകൂടത്തെ നേരിടാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന തിരിച്ചറിവാണ് ഇപ്പോള്‍ തൊഴിലാളികളെയും കര്‍ഷകരെയും രാജ്യവ്യാപക പണിമുടക്കിന് നിര്‍ബന്ധിതമാക്കിയത്. കോവിഡ് മഹാമാരിക്ക് മുമ്പ്, ജനുവരി എട്ടിന്, നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ ഏതാണ്ട് 25 ദശലക്ഷം തൊഴിലാളികള്‍ അണിനിരക്കുകയുണ്ടായി. കോവിഡിന്റെ മറവില്‍ മോഡി ഭരണകൂടം ശക്തമാക്കിയ തൊഴിലാളി, കര്‍ഷക വിരുദ്ധ നടപടികള്‍ സമ്പദ്ഘടനയുടെ എല്ലാതലങ്ങളിലും പണിയെടുക്കുന്ന കോടാനുകോടി മനുഷ്യരെ രോഷാകുലരാക്കി മാറ്റി.

അതിവിപുലമായ തയ്യാറെടുപ്പുകളോടെയും പ്രചാരണ പ്രവര്‍ത്തനങ്ങളോടെയുമാണ് നിര്‍ണായക സമരത്തിന് കര്‍ഷകരും തൊഴിലാളികളും മുന്നേറുന്നത്. കാലാനുസൃതം തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതനങ്ങളും ആനുകൂല്യങ്ങളും പുതുക്കി നിശ്ചയിക്കാനും കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവും ആദായകരവുമായ വില നിര്‍ണയിക്കാനും വിസമ്മതിക്കുകയാണ് ഭരണകൂടവും കോര്‍പ്പറേറ്റുകളും. അത്തരം തൊഴിലാളി, കര്‍ഷകദ്രോഹ നടപടികള്‍ക്ക് നിയമസാധുത നല്കുന്ന നിയമനിര്‍മ്മാണ പരമ്പരയ്ക്കാണ് മോഡി സര്‍ക്കാര്‍ നേതൃത്വം നല്കുന്നത്. ജനാധിപത്യ മര്യാദകളെയും പാര്‍ലമെന്ററി നടപടിക്രമങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ടാണ് അത്തരം നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പൊരുതുകയല്ലാതെ മറ്റൊരു മാര്‍ഗവും തൊഴിലാളികളുടെയും കര്‍ഷകരുടെയും മുന്നിലില്ല.

വിവേചനരഹിതമായ സ്വകാര്യവല്ക്കരണത്തിനും സമ്പദ്ഘടനയുടെ കോര്‍പ്പറേറ്റ്‌വല്‌ക്കരണത്തിനും സുഗമപാതയൊരുക്കുന്ന നിയമനിര്‍മ്മാണ പ്രക്രിയയ്ക്കാണ് മോഡി സര്‍ക്കാര്‍ നേതൃത്വം നല്കുന്നത്. മഹാഭൂരിപക്ഷത്തിന്റെ ജീവിതപാത അടച്ചുകെട്ടുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഐക്യനിരയാണ് നവംബര്‍ 26, 27 തീയതികളില്‍ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിലൂടെ ഉരുത്തിരിയുന്നത്. മഹാഭൂരിപക്ഷം വരുന്ന സാമാന്യജനതയുടെ ഈ ജീവന്മരണ പോരാട്ടം വിജയിപ്പിക്കേണ്ടത് നിര്‍ണായക രാഷ്ട്രീയ ഉത്തരവാദിത്തമാണ്.