കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷികമാണ് ഇന്ന്. കഴിഞ്ഞ മാര്‍ച്ച് 24ന് രാത്രിമുതലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി അപ്രതീക്ഷിതമായി രാജ്യം കൊട്ടിയടച്ചിട്ടത്. എന്തായിരുന്നോ ലോക്ഡൗണ്‍കൊണ്ട് രാജ്യം ഉദ്ദേശിച്ചത്, അതിന്റെ ഫലം കിട്ടിയില്ലെന്നുമാത്രമല്ല, നിലനിന്നിരുന്നതിനേക്കാള്‍ ഗുരുതരപ്രതിസന്ധിയിലേക്ക് സമ്പദ്ഘടന കൂപ്പുകുത്തുകയാണുണ്ടായത്. 21 ദിവസമായിരുന്നു ആദ്യ അടച്ചിടല്‍. പിന്നീട് രണ്ട് പ്രഖ്യാപനങ്ങളിലൂടെ മെയ് 31വരെ നീട്ടി. ദിനങ്ങള്‍ ചെല്ലുംതോറും കോവിഡ് വ്യാപനതോത് പെരുകി. രണ്ടാംതരംഗത്തിന്റെ സൂചനകള്‍ വന്നപ്പോഴാണ് ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ആദ്യഘട്ടത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രവേശിച്ചത്. ജൂണ്‍ മാസം മുതല്‍ ചെറിയ ഇളവുകള്‍ തുടങ്ങി. ഏഴ് ഘട്ടമായി ഡിസംബര്‍വരെ അണ്‍ലോക് തുടര്‍ന്നു. എന്നിട്ടും മഹാമാരിയുടെയും ലോക്ഡൗണിന്റെയും കാരണത്താലുണ്ടായ പ്രതിസന്ധികള്‍ കുറഞ്ഞില്ല.രാജ്യത്ത് അനേകായിരങ്ങള്‍ക്ക് തൊഴിലും വരുമാനവും ഇല്ലാതായി. ചെറുകിട, ഇടത്തരം വ്യാപാരങ്ങളെല്ലാം താഴിട്ടു. നൂറുകണക്കിന് കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടപലായനത്തിനിടയില്‍ പട്ടിണിയാലലും അപകടങ്ങളില്‍പ്പെട്ടും മരിച്ചുവീണു. പത്ത് കോടിയിലേറെപ്പേരാണ് ലോക്ഡൗണ്‍ മൂലം പലായനം ചെയ്തത്. അതിലേറെ കുടുംബങ്ങള്‍ പട്ടിണിയിലും ആത്മഹത്യാവക്കിലുമെത്തി. കൂനിന്മേല്‍ക്കുരുപോലെ മറ്റുരോഗങ്ങളും വ്യാപിച്ചു. സംസ്ഥാനങ്ങളുടെ പ്രതിദിന കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നതിനുള്ള സംവിധാനം മാത്രമായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഒതുങ്ങി. കോവിഡിനെ ശാസ്ത്രീയമായും ജനകീയമായും നേരിട്ട കേരള സര്‍ക്കാരിനെതിരെ പടക്കോപ്പൊരുക്കുന്നതിലും അവര്‍ ശ്രദ്ധകേന്ദ്രീകരിച്ചു. നോട്ട് നിരോധനവും ജിഎസ്‌ടി നടപ്പാക്കിയതും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ആകെ തകിടം മറിക്കുകയും ദാരിദ്ര്യത്തിലേക്ക് എത്തിനില്‍ക്കുകയും ചെയ്ത ഘട്ടത്തിലാണ് കോവിഡ് മഹാമാരി പിടിമുറുക്കിയത്.
പാത്രം കൂട്ടിക്കൊട്ടലും തിരിതെളിയിക്കലും പോലുള്ള പ്രഖ്യാപനങ്ങളില്ലാതെ ജനങ്ങളുടെ സംരക്ഷണത്തിനായി യാതൊന്നും ചെയ്തില്ല. അതേ നിസംഗതയും അലംഭാവവും ഇപ്പോഴും തുടരുന്നു. കോവിഡ് വ്യാപനതോത് ദിനംതോറും വര്‍ധിക്കുകയാണിപ്പോള്‍. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഉണ്ടായതിനേക്കാള്‍ കൂടുതലാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കണക്ക്. 24 മണിക്കൂറിനിടെ 40,715 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കണക്കുപ്രകാരം നിലവിൽ 3,45,377 കോവിഡ് ബാധിതരുണ്ട്. ആശങ്കപ്പെടുത്തുന്ന തിരിച്ചുവരവാണിത്. ഫെബ്രുവരി മാസത്തില്‍ രാജ്യത്തെ കോവിഡ് ബാധിതര്‍ ഒന്നരലക്ഷമായി കുറഞ്ഞിരുന്നു. ഇവിടെനിന്നാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഇരട്ടിയിലേക്കുള്ള ഈ കുതിപ്പ്. ഇത് ആശങ്കാജനകമാണ്.
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സ്ഥിതി ഭീതിദമാണ്. രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 77 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഫെബ്രുവരി അവസാനവും മാര്‍ച്ചിന്റെ തുടക്കത്തിലും കേരളത്തിലെ പ്രതിദിന കോവിഡ് വ്യാപനതോത് പേടിപ്പെടുത്തുന്നതായിരുന്നു. ഇതിനെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. ഇന്നലത്തെ കണക്കനുസരിച്ച് 1,985 പുതിയ കോവിഡ് ബാധിതരാണ് സംസ്ഥാനത്തുള്ളത്. രണ്ടായിരത്തിലേറെ പേര്‍ ഇന്നലെ കോവിഡ് മുക്തരാവുകയും ചെയ്തു. സംസ്ഥാനത്ത് പ്രതിദിനം അരലക്ഷത്തോളം പേരുടെ സാമ്പിള്‍ പരിശോധിക്കുന്നുണ്ട്. കേരളത്തിന്റെ ഈ മാതൃക ലോകമെങ്ങും വാഴ്‌ത്തപ്പെട്ടിരുന്നു.
‘കോവിഡ് മഹാമാരിയെ നന്നായി പ്രതിരോധിച്ച സ്ഥലങ്ങളില്‍ നിന്നും ലോകത്തിന് എന്ത് പഠിക്കാം’ എന്ന വിഷയത്തില്‍ അന്താരാഷ്ട്രമാധ്യമമായ ബിബിസി ഇക്കഴിഞ്ഞദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ മാതൃകയായി പരാമര്‍ശിച്ചത് കേരളത്തെയാണ്. കൃത്യമായ പരിശോധനകളും ക്വാറന്റൈനിലുള്ളവര്‍ക്കുള്ള സുരക്ഷയും ക്ഷേമപദ്ധതികളുമാണ് ബിബിസി എടുത്തുകാട്ടിയത്. ജനങ്ങളെ സാമ്പത്തികമായി സഹായിച്ചതും ബില്ലുകളില്‍ ഇളവുകള്‍ നല്‍കിയതും വീട്ടുസാധനങ്ങളും മരുന്നും വീടുകളില്‍ എത്തിച്ചതുള്‍പ്പടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യം വിവരിച്ച ആശാവര്‍ക്കറായ ഉഷാകുമാരിയുടെ വാക്കുകള്‍ ബിബിസി ഉദ്ധരിച്ചു. കേരളത്തില്‍ വ്യാപകമായി നടപ്പാക്കിയ സമൂഹ അടുക്കളയെയും ബിബിസിയുടെ പ്രത്യേക പരിപാടിയില്‍ പരാമര്‍ശിച്ചു. കേരള സര്‍ക്കാരിന്റെ ജനസേവനം ലോകം ശ്രദ്ധിക്കുന്നു എന്നതുതന്നെ അഭിമാനകരമാണ്.
കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വക്കിലാണ്. കോവിഡ് വ്യാപനം മുന്‍കണ്ട് വലിയ തയ്യാറെടുപ്പാണ് ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തുടരുന്നത്. ഇതിനകംതന്നെ തെരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റും കോവിഡ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വാക്സിനേഷന്‍ ചെയ്തു. കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അറുപത് കഴിഞ്ഞവര്‍ക്കും കിടപ്പുരോഗികള്‍ക്കും വാക്സിനെത്തിച്ചു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യമാണെങ്കിലും ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന ജാഗ്രത ശ്ലാഘനീയമാണ്. ജനങ്ങളും മഹാമാരിയുടെ അപകടങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. ജാഗ്രത തുടരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.