Web Desk

June 22, 2020, 5:00 am

ഗല്‍വാന്‍ തുറന്നുകാട്ടുന്നത് നയതന്ത്ര പരാജയം

Janayugom Online

ഇന്ത്യാ, ചൈന അതിര്‍ത്തിയില്‍ ജൂണ്‍ 15ന് രാത്രി ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷവും ജീവനാശവും തുടര്‍ന്ന് അതിര്‍ത്തിയില്‍ വളര്‍ന്നുവരുന്ന സൈനിക കേന്ദ്രീകരണവും ഉല്‍ക്കണ്ഠാജനകമാണ്. ഇരുരാജ്യങ്ങളും ലോകം ആകെത്തന്നെയും മാരകമായ കോവിഡ്-19 മഹാമാരിയുടെ കെടുതികളില്‍ ഉഴലുകയും സമ്പദ്ഘടനകള്‍ അഭൂതപൂര്‍വമായ സ്തംഭനത്തെയും തകര്‍ച്ചയെയും അഭിമുഖീകരിക്കവെയുമാണ് ഇതെന്നത് ജനങ്ങളില്‍ ഉല്‍ക്കണ്ഠ ഏറ്റുന്നു. രാജ്യത്തിന്റെ ഐക്യവും പരമാധികാരവും ഭൂപരമായ അവിച്ഛിന്നതയും സര്‍വ്വപ്രധാനമാണ്.

അതിന്റെ സംരക്ഷണത്തിന് സമാധാനപരമായ ചര്‍ച്ചകളും നയതന്ത്ര നീക്കങ്ങളും അവസാന ഇഞ്ചുവരെ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാനുളള വിവേകം രാഷ്ട്രീയ‑ഭരണനേതൃത്വം പ്രകടിപ്പിക്കുമെന്നു തന്നെയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. മറിച്ച് തീവ്രദേശീയത ഉയര്‍ത്തുന്ന വൈകാരിക പ്രതികരണങ്ങള്‍ക്ക് അനുസൃതമായി നടത്തുന്ന ഏതുനീക്കവും ജനങ്ങളുടെയും രാജ്യത്തിന്റെയും വിശാലവും ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ഉത്തമ താല്പര്യങ്ങള്‍ക്കും വിരുദ്ധമായിരിക്കും. ലോകത്തിലെ ഏറ്റവും ജനസാന്ദ്രത ഏറിയതും വിശാലവുമായ വിപണിയാണ് ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഈ ഭൂപ്രദേശം, സാമ്രാജ്യത്വ ശക്തികള്‍ക്ക്. ഈ മേഖലയില്‍ സമാധാനവും സഹവര്‍ത്തിത്വവും സഹകരണാത്മക അയല്‍ബന്ധങ്ങളും പുലരുന്നത് സാമ്രാജ്യത്വ സാമ്പത്തിക താല്പര്യങ്ങള്‍ക്ക് തെല്ലും അനുഗുണമല്ലെന്നത് അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്.

അതുകൊണ്ടുതന്നെ അസ്വാസ്ഥ്യങ്ങളെയും സംഘര്‍ഷങ്ങളെയും പരമാവധി ഊതിപ്പെരുപ്പിക്കാനും ആളിക്കത്തിക്കാനും ശ്രമങ്ങള്‍ ഉണ്ടാവുകയെന്നത് സ്വാഭാവികം മാത്രമാണ്. യുഎസിന്റെയും ഇന്ത്യയുടെയും ഭരണാധികാരികള്‍ സമീപ ദശകങ്ങളില്‍ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്ന ഉഭയകക്ഷി ബന്ധങ്ങളും ‘തന്ത്രപരമായ പങ്കാളിത്തവും’ ലോകത്തിലേറ്റവും ജനനിബിഡമായ ഈ ഭൂപ്രദേശത്തിനും ജനങ്ങള്‍ക്കും വിനയാകാതിരിക്കാന്‍ ഭരണ‑രാഷ്ട്രീയനേതൃത്വം കരുതലോടെയും വിവേകപൂര്‍വവും പ്രവര്‍ത്തിക്കണം. രാജ്യത്തിന്റെ പരമാധികാരവും ഭൂപരമായ അവിച്ഛിന്നതയും കാത്തുസൂക്ഷിക്കുന്നതിലും നമ്മുടെ സൈനികരുടെ ജീവന്റെ അമൂല്യതയ്ക്ക് വിലപറയാന്‍ ആരെയും അനുവദിക്കാതിരിക്കുന്നതിലും യാതൊരു വിട്ടുവീഴ്ചയും അരുത്. 

എന്നാല്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകാന്‍ ഇടയാക്കുന്ന സൈനിക സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കപ്പെടേണ്ടതുണ്ട്. ദക്ഷിണേഷ്യയില്‍ ഇന്ത്യ കടുത്ത ഒറ്റപ്പെടലിന് വിധേയമാകുന്നതിന്റെ കാര്യകാരണങ്ങള്‍ കണ്ടെത്തി അവയ്ക്ക് ഉചിതമായ പരിഹാരവും ബദല്‍മാര്‍ഗങ്ങളും ആരായുക എന്നത് കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ‑നയതന്ത്ര ഉത്തരവാദിത്വമാണ്. ഈ മേഖലയിലെ ഏറ്റവും വലിയ രാഷ്ട്രീയ, സൈനിക, സാമ്പത്തിക ശക്തിയായ ഇന്ത്യയ്ക്ക് ദക്ഷിണേഷ്യന്‍ രാഷ്ട്രസമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ഉറപ്പുനല്കിയിരുന്ന ദക്ഷിണേഷ്യന്‍ മേഖലാ സഹകരണ സംഘടനയുടെ (സാര്‍ക്ക്) നിര്‍ജീവാവസ്ഥയ്ക്ക് രാഷ്ട്രീയ, സൈനിക, സാമ്പത്തിക രംഗങ്ങളില്‍ നമ്മുടെ പരിഗണനകള്‍ക്കും മുന്‍ഗണനകള്‍ക്കും ഉണ്ടായ മാറ്റങ്ങള്‍ അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. 

പരിഗണനകളിലും മുന്‍ഗണനകളിലും സംഭവിച്ച അത്തരം മാറ്റങ്ങളാണ് സ്വാഭാവിക പങ്കാളികളാവേണ്ടിയിരുന്ന അയല്‍രാജ്യങ്ങളെ നമ്മളില്‍ നിന്ന് അകറ്റുന്നതിന് ഒരു പ്രമുഖ കാരണം എന്നു കരുതുന്നതില്‍ തെറ്റില്ല. രാജ്യത്തിന്റെ അയല്‍ബന്ധങ്ങളും അവയുമായുള്ള സഹകരണാത്മക സൗഹൃദവും തുല്യതയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ അനാവശ്യ ഇടപെടല്‍ കൂടാതെയും എങ്ങനെ മെച്ചപ്പെടുത്താമെന്നതാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി.
ജനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും കണക്കിലെടുക്കാതെയും ദേശീയ സമവായത്തെ അവഗണിച്ച് അയല്‍ബന്ധങ്ങളടക്കം വിദേശബന്ധങ്ങള്‍ നിര്‍ണയിക്കാനും നിര്‍വഹിക്കാനുമുള്ള ഭരണകൂട ശ്രമങ്ങള്‍ അവസാനിപ്പിക്കണം. 

ഗല്‍വാനിലെ സംഭവവികാസങ്ങളിലടക്കം ആവശ്യമായ സുതാര്യത പുലര്‍ത്താനും യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും കേന്ദ്ര ഭരണകൂടത്തിന് വീഴ്ച സംഭവിച്ചതായി സംശയങ്ങള്‍ ഉയരുന്നുണ്ട്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും വിദേശമന്ത്രാലയവും സൈനിക നേതൃത്വവും പല ഘട്ടങ്ങളിലായി പുറത്തുവിട്ട വിവരങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ക്കും അവ്യക്തതയ്ക്കും കാരണമായിട്ടുണ്ട്. ജൂണ്‍ 19 ന് സര്‍വകക്ഷി യോഗത്തിന്റെ സമാപനത്തില്‍ പ്രധാനമന്ത്രി പറഞ്ഞുവച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹത്തിന്റെ ഓഫീസിനു തന്നെ സ്പഷ്ടീകരണ പ്രസ്താവന ഇറക്കേണ്ടിവന്നത് ഭരണത്തിന്റെ അത്യുന്നത തലത്തില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പമാണ് തുറന്നുകാട്ടുന്നത്. ഉച്ചകോടികളും വ്യക്തിബന്ധങ്ങളും ആലിംഗനങ്ങളും കെട്ടുകാഴ്ചകളുമല്ല അയല്‍ബന്ധങ്ങളും രാഷ്ട്രതന്ത്രവും നിര്‍ണയിക്കുന്നതെന്ന് പാകിസ്ഥാനു പിന്നാലെ ആഘോഷിക്കപ്പെട്ട നരേന്ദ്രമോഡി-ഷിജിന്‍പിങ് കൂടിക്കാഴ്ചാപരമ്പരകളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു.