Web Desk

January 24, 2021, 5:01 am

ഗാന്ധി, നമ്മുടെ രാഷ്ട്രപിതാവ്

Janayugom Online

രാഷ്ട്രപിതാവിനെ നമുക്ക് നഷ്ടമായതിന്റെ വാര്‍ഷികവുമായി മറ്റൊരു ജനുവരി 30. പരമമായ സത്യം എന്നൊന്നില്ലെന്ന് അത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സത്യത്തിന് കാലാനുസൃതം മാറിക്കൊണ്ടിരിക്കുന്ന ചലനാത്മകതയുണ്ട്. സത്യത്തിലേക്കുള്ള വഴികാട്ടിത്തരാമെന്ന് ബാപ്പു നമ്മോട് പറഞ്ഞിരുന്നു. പക്ഷെ അതിന്റെ സാക്ഷാല്‍ക്കാരത്തിലേക്ക് അദ്ദേഹത്തിന് നമ്മെ നയിക്കാനാവില്ല. അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ പരിണാമത്തെ നാം തിരിച്ചറിഞ്ഞതു മുതല്‍ ആ പ്രക്രിയയില്‍ ആധിപത്യം പുലര്‍ത്തുന്നത് അനീതിയാണെന്ന് വ്യക്തമാണ്. ക്ഷേമരാഷ്ട്രം എക്കാലത്തും നമ്മുടെ കിനാവായിരുന്നു. അതിനുവേണ്ടിയിട്ടുള്ള നിരന്തര യത്നമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.

ജീവിത യാഥാര്‍ത്ഥ്യത്തിന്റെ കൊടും ശെെത്യമാണ് നമ്മെ സത്യത്തോട് അടുപ്പിക്കുന്നതെങ്കിലും അതിന്റെ സാക്ഷാത്കാരം എല്ലായിപ്പോഴും അസാധ്യമായി തുടരുന്നു. എല്ലാ വര്‍ഷവും ജനുവരി 26ന് നാം ആഘോഷിക്കുന്ന ഭരണഘടനയുടെ ശില്പികള്‍ അവര്‍ വിശ്വസിച്ചിരുന്നതും പോരാടിയതുമായ ആദര്‍ശങ്ങള്‍ അതില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ആ മൂല്യങ്ങളാവട്ടെ നിരന്തരം അനഭലഷണീയ ഭേദഗതികള്‍ക്ക് വിധേയമാവുകയും അവ പുതിയ മാനദണ്ഡങ്ങളുടെ രൂപം കെെവരിക്കുകയും ചെയ്തു. ഭരണഘടനയുടെ ആമുഖം അടിവരയിടുന്ന ജനാധിപത്യ മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നു. എല്ലാ പൗരന്മാര്‍ക്കും തുല്യത വിഭാവനം ചെയ്യുന്ന സോഷ്യലിസവും മതനിരപേക്ഷ മൂല്യങ്ങളും വെല്ലുവിളിക്കപ്പെടുകയും മുറിവേറ്റ് രക്തപങ്കില വിഭജന രേഖകളായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. ഭരണഘടനയുടെ നെടുംതൂണുകള്‍ തകരുകയും സാമൂഹ്യജീവിതത്തില്‍ വിള്ളലുകള്‍ വ്യാപകമാകുകയും ചെയ്യുന്നു. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന സത്യം കണ്ണീരില്‍ കുതിര്‍ന്നതും ശ്മശാന സമാനവുമാണ്. അത് പരിധികളില്ലാത്ത അപഭ്രംശത്തെയാണ് അടയാളപ്പെടുത്തുന്നത്.

കൊടും ശെെത്യത്തേയും പേമാരിയെയും കണ്ണീര്‍വാതകത്തെയും ലാത്തികളെയും കൂസാതെ ജനങ്ങള്‍ കൂട്ടത്തോടെ രാഷ്ട്ര തലസ്ഥാനത്തിന്റെ കവാടങ്ങളില്‍ അണിനിരക്കുന്നു. ട്രാക്ടറുകളിലും കാല്‍നടയായും പിഞ്ചു കുഞ്ഞുങ്ങളേയുമേന്തി അമ്മമാരടക്കമാണ് അവര്‍ ഒഴുകിയെത്തുന്നത്. സമരഭൂമിയില്‍ അവര്‍ മരിച്ചുവീഴുകയും ജീവത്യാഗം നടത്തുകയും ചെയ്യുന്നു. ദേശീയഗാനത്തെ അനുസ്മരിപ്പിച്ചുകൊണ്ട് അവര്‍ പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന, ഒഡിഷ, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങി രാജ്യത്തിന്റെ നാനാകോണുകളില്‍ നിന്നും സ്ത്രീ പുരുഷ ഭേദമന്യേ ആബാലവൃദ്ധം തലസ്ഥാന അതിര്‍ത്തികളിലേ‌ക്ക് ഒഴുകിയെത്തുകയാണ്. ഗാന്ധി വധിക്കപ്പെട്ടു. ആ ദുരന്ത പാരമ്പര്യം ആവര്‍ത്തിക്കപ്പെടുകയാണോ? ഇനി എത്രയെത്ര ശവവാഹകര്‍ വേണ്ടിവരും? അതാണോ നാം നടന്നടുക്കുന്ന സത്യം? അശുഭവാദികളാവാന്‍ ചരിത്രം നമ്മെ അനുവദിക്കുന്നില്ല. വെെരുധ്യാത്മകമാണ് ചരിത്രത്തിന്റെ സ്വഭാവം.

ഇരുണ്ട കാലം വെള്ളി വെളിച്ചത്തെ ഉള്‍ക്കൊള്ളുന്നു. നാം ഇനിയും അവിടെ എത്തേണ്ടതുണ്ട്. പക്ഷെ, അതിനുമുമ്പ് മഹാത്മാഗാന്ധി എന്തിനു വധിക്കപ്പെട്ടു എന്ന് അറിയേണ്ടതുണ്ട്. നാം ഓരോരുത്തരും അദ്ദേഹത്തെ അളവറ്റു സ്നേഹിച്ചുവെന്നതാണോ അതിനുകാരണം? നിക്ഷിപ്ത താല്പര്യക്കാരും യോജിപ്പിന്റെ എതിരാളികളും ഒഴികെ എല്ലാവരും അദ്ദേഹത്തെ സ്നേഹിച്ചിരുന്നു. ജനത രണ്ടായി വിഭജിക്കപ്പെട്ട അന്തരീക്ഷത്തിലാണ് മഹാത്മാഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. വലതുപക്ഷ പ്രതിലോമതയാണ് രാജ്യത്തെ ഹിന്ദു എന്നും മുസ്‌ലിമെന്നും ഭിന്നിപ്പിച്ചത്. ഭൂപ്രഭുക്കളും കര്‍ഷകരും തൊഴിലുടമകളും തൊഴിലാളികളും തമ്മില്‍ നിലനിന്നിരുന്ന വിള്ളലിന് ഗാന്ധിജി എതിരായിരുന്നു. പ്രഭുക്കളും മുതലാളിമാരും കഠിനമായി പണിയെടുത്തിരുന്നവരെ നക്കാപ്പിച്ച നല്‍കി ചൂഷണം ചെയ്ത് ആര്‍ഭാട ജീവിതം നയിച്ചിരുന്നു. സമൂഹത്തിലെ ആഴമേറിയ ആ വിള്ളല്‍ നികത്താന്‍ മുതിര്‍ന്ന കുറ്റത്തിന് ഗാന്ധിജിക്ക് ജീവന്‍ തന്നെ വില നല്കേണ്ടിവന്നു. ഗാന്ധിജി സമാധാനം കാംക്ഷിച്ചു, അതിനുള്ള വഴി ഐക്യമായിരുന്നു. പക്ഷെ അനീതിയും ജനാധിപത്യ ധ്വംസനവും നിലനിര്‍ത്തിക്കൊണ്ട് സമാധാനം അസാധ്യമായിരുന്നു. പ്രശ്നത്തിന്റെ അടിവേരോളമെത്താനുള്ള ഗാന്ധിജിയുടെ മികവാണ് അവരുടെ രോഷം ക്ഷണിച്ചുവരുത്തിയത്.

അഹിംസാത്മക പ്രതിഷേധങ്ങള്‍ എന്തുകൊണ്ടാണ് അക്രമത്തില്‍ കലാശിക്കുന്നതെന്ന ചോദ്യത്തിന് ഇരുട്ടിനെയും അസത്യത്തെയും നശിപ്പിക്കുന്ന ‘ദിവ്യക്ഷോഭ’മാണ് അക്രമത്തിലേക്ക് വഴിതിരിയുന്നതെന്ന് ഗാന്ധിജി പറയുകയുണ്ടായി. അദ്ദേഹം അക്രമത്തെ എതിര്‍ത്തത് അതിന്റെ പരിണിതഫലം ക്രൂരമായ അടിച്ചമര്‍ത്തലായി മാറുമെന്നതുകൊണ്ടായിരുന്നു. ഭരണാധികാരം എല്ലായിപ്പോഴും അതിന്റെ താല്പര്യം സംരക്ഷിക്കുന്നത് സ്വന്തം ജനതയുടെയും അവരുടെ ജീവന്റെയും ചെലവിലാണ്. ഈ ഭരണകൂട ക്രൂരത സാമൂഹ്യ നിര്‍മ്മിതിയെ തകര്‍ക്കും. ഭരണാധികാരവും രാഷ്ട്രീയവും ജനോന്മുഖവുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഗാന്ധി നേതൃത്വം നല്കിയ ദേശീയ പ്രസ്ഥാനം കോളനി വിരുദ്ധവും ജനാധിപത്യ മൂല്യങ്ങളിലും മതനിരപേക്ഷതയിലും ഊന്നല്‍ നല്‍കുന്നതുമായത്. സ്വാതന്ത്ര്യം കിട്ടിയ ഉടനെതന്നെ വലതുപക്ഷ ശക്തികള്‍ മഹാത്മാവിനെ ഉന്മൂലനം ചെയ്യുന്നതില്‍ വിജയിച്ചു. പക്ഷെ അതിന് അവര്‍ വലിയ വില നല്കേണ്ടിവന്നു. രോഷാകുലരായ ജനങ്ങള്‍ അവര്‍ക്കു നേരെ തിരിഞ്ഞു. അവരുടെ കാര്യാലയങ്ങളും നേതാക്കളും പ്രവര്‍ത്തകരും ജനരോഷത്തിന് ഇരകളായി. പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഒരു തിരിച്ചുവരവ് അവര്‍ക്ക് സാധ്യമായത്.