Web Desk

January 30, 2020, 3:15 am

ഗവര്‍ണറുടെ പദവിയും പ്രതിപക്ഷ രാഷ്ട്രീയ പാപ്പരത്വവും

Janayugom Online

കേരള ജനതയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിയമസഭയുടെയും സുചിന്തിതവും സുദൃഢവുമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിലൂടെ നിര്‍വഹിച്ചത്. അതിന് അദ്ദേഹം നിര്‍ബന്ധിതനായി. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച പതിനെട്ടാം ഖണ്ഡിക ഗവര്‍ണര്‍ വായിക്കില്ലെന്ന ഊഹാപോഹങ്ങളും പത്രവാര്‍ത്തകളും ഏറെ പ്രചരിച്ചിരുന്നു. ഗവര്‍ണര്‍ക്ക് ഇക്കാര്യത്തിലുള്ള നിലപാട് അദ്ദേഹം തന്നെ ആവര്‍ത്തിച്ച് പരസ്യമായി പ്രകടിപ്പിച്ചു പോന്നിട്ടുള്ളതുമാണ്. ഇക്കാര്യത്തില്‍ തനിക്കുള്ള വ്യക്തിപരമായ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണെങ്കില്‍ തന്നെയും സംസ്ഥാന ജനതയുടെയും സര്‍ക്കാരിന്റെയും സര്‍വോപരി നിയമസഭയുടെയും പൊതുനിലപാട് അദ്ദേഹത്തിന് അംഗീകരിക്കേണ്ടിവന്നു. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ ജനാധിപത്യ അവകാശത്തിനും പൊതുതാല്പര്യത്തിനും ഗവര്‍ണര്‍ അതീതനല്ലെന്നതിന്റെ പ്രകടനമായി വേണം ഏറെ വിവാദങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വഴിവെച്ച നയപ്രഖ്യാപന പ്രസംഗത്തെ വിലയിരുത്താന്‍‍.

ഗവര്‍ണറെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്നും തടയാന്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധ നാടകം പ്രതിപക്ഷത്തിന്റെയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ പാപ്പരത്വത്തെയാണ് തുറന്നുകാട്ടിയത്. സംസ്ഥാനത്തിന്റെ കൂട്ടായ രാഷ്ട്രീയ ഇച്ഛാശക്തിക്ക് അതീതമായ ഭരണഘടനാ സ്ഥാപനവും പദവിയുമാണ് ഗവര്‍ണറുടേതെന്ന തെറ്റായ വ്യാഖ്യാനത്തെയും ധാരണയേയും തിരുത്തിക്കുറിച്ച രാഷ്ട്രീയ സംഭവവികാസമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയ സംബന്ധിച്ച ചരിത്രത്തില്‍ ഇതോടെ സ്ഥാനം പിടിച്ചിരിക്കുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തടയുകയെന്ന പൊറാ‍ട്ടുനാടകത്തിന് ഐക്യജനാധിപത്യ മുന്നണിയേയും കോണ്‍ഗ്രസിനെയും പ്രേരിപ്പിച്ച ചേതോവികാരം എന്താണ്? രാജ്യത്താകെയും വിശേഷാല്‍ കേരളത്തിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ വളര്‍ന്നുവന്ന പ്രക്ഷോഭസമരങ്ങളില്‍ ക്രിയാത്മകമായി യാതൊന്നും ചെയ്യാനായില്ല എന്ന ജാള്യത മറയ്ക്കാനുള്ള തത്രപ്പാടിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ദേശീയതലത്തില്‍ എന്നതുപോലെ യോജിച്ച് മുന്നോട്ടുപോകാന്‍ ഒരുപറ്റം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിബന്ധമായി മാറുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധവും ചേരിതിരിഞ്ഞുള്ള ഉള്‍പ്പാര്‍ട്ടി പോരുമാണ് യോജിച്ച പ്രവര്‍ത്തനത്തിന് വിഘാതമായത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാവട്ടെ രാജ്യത്തിനാകെ മാതൃകയാവുന്നവിധം പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ വിജയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന മനുഷ്യ മഹാശൃംഖലയാവട്ടെ കോണ്‍ഗ്രസിനും യുഡിഎഫിനും തങ്ങളുടെ പരമ്പരാഗത സാമൂഹ്യ പിന്തുണ വഴുതിപ്പോകുന്നുവെന്ന ശക്തമായ സന്ദേശമാണ് നല്‍കിയത്. അതിലുളള പരിഭ്രാന്തിയാണ് നിയമസഭയില്‍ ഇന്നലെയുണ്ടായ നാണംകെട്ട രാഷ്ട്രീയ നാടകത്തിന് പ്രതിപക്ഷത്തെ നിര്‍ബന്ധിതമാക്കിയത്. തങ്ങളുടെ പരാജയപ്പെട്ട നാടകത്തിന് ന്യായീകരണം കണ്ടെത്താനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും.

മുഖ്യമന്ത്രിയും ഗവര്‍ണറും ഒത്തുകളിക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ ഭരണഘടനാനുസൃതം മാത്രം പ്രവര്‍ത്തിക്കുകയാണ് ഗവണ്മെന്റും മുഖ്യമന്ത്രിയും ചെയ്തതെന്ന് തെളിയിക്കുന്ന രേഖകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ വിമര്‍ശനം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം ആരാഞ്ഞിരുന്നു. അതിന് വ്യക്തമായ മറുപടി നല്‍കിക്കൊണ്ട് മുഖ്യമന്ത്രി നല്‍കിയ കത്തില്‍ ഗവര്‍ണറെ അദ്ദേഹത്തിന്റെ ഭരണഘടനാപരമായ ബാധ്യത അനുസ്മരിപ്പിക്കുന്നുമുണ്ട്. ഭരണഘടനയുടെ 176-ാം വകുപ്പ് അനുശാസിക്കുംവിധം മന്ത്രിസഭയുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും അനുസരിച്ച് തയ്യാറാക്കി, മന്ത്രിസഭ ഏകകണ്ഠമായി അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായും വായിക്കണമെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. അതില്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ അരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ശേഷം നടന്നതെല്ലാം കേരളജനതയുടെ കണ്‍മുന്നിലാണെന്നതിനാല്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. ഗവര്‍ണര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് വിധേയമാണെന്നും പ്രതിപക്ഷം രാഷ്ട്രീയ ദിശാബോധം നഷ്ടപ്പെട്ട ആള്‍ക്കൂട്ടമായി അധഃപതിച്ചിരിക്കുന്നുവെന്നുമാണ് സംഭവഗതികള്‍ വ്യക്തമാക്കുന്നത്.