Web Desk

February 18, 2021, 5:31 am

ഗവര്‍ണര്‍ പദവി കോടാലിക്കെെകളായി മാറുമ്പോള്‍

Janayugom Online

ബിജെപി തുടര്‍ന്നുവരുന്ന അധികാര രാഷ്ട്രീയത്തിന്റെ മറ്റൊരു മിന്നല്‍ പ്രഹരത്തിലൂടെ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ, കിരണ്‍ ബേഡിക്ക് അവര്‍‍ ആഘോഷപൂര്‍വം അഭിരമിച്ചുപോന്ന പദവി നഷ്ടമായി. പുതുച്ചേരിയില്‍ അധികാരം നിലനിര്‍ത്തുന്ന വി നാരായണ സ്വാമിയുടെ കോണ്‍ഗ്രസ്-ഡിഎംകെ സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിരണ്‍ബേഡിയെ മോഡി സര്‍ക്കാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയില്‍ അവരോധിച്ചത്. അവര്‍ തന്നില്‍ അര്‍പ്പിതമായ ചുമതല, തന്നെ ആ പദവിയില്‍ അവരോധിച്ചവര്‍ക്ക് തൃപ്തികരമായ രീതിയില്‍ നിര്‍വഹിച്ചുവരികയായിരുന്നു. നാരായണ സ്വാമി സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ബിജെപി ആഗ്രഹിക്കുംവിധം അട്ടിമറിക്കാനുള്ള സംവിധാനമായി രാജ് നിവാസിനെ അവര്‍ മാറ്റി.

ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കലും അവരെ ആ സ്ഥാനത്തുനിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടലും അതിനുവേണ്ടിയുള്ള പ്രക്ഷോഭ സമരങ്ങളുമായിരുന്നു കഴിഞ്ഞ നാലര വര്‍ഷക്കാലമായി നാരായണസ്വാമി സര്‍ക്കാരിന്റെ മുഖ്യ പ്രവര്‍ത്തനം. പുതുച്ചേരി സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചും കാലുമാറ്റത്തെ പരസ്യമായി പ്രോത്സാഹിപ്പിച്ചും ബേഡി ബിജെപിയോടുള്ള തന്റെ വിധേയത്വം ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരുന്നു. അതിനെതിരായ പരസ്യപ്രകടനങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉപവാസസമരം തന്നെയും അരങ്ങേറി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വന്‍ വിജയം ബിജെപിക്കും കിരണ്‍ബേഡിക്കും കനത്ത തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ബേഡിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങളുടെയും പിന്തുണയോടെ നടത്തിയ നീക്കങ്ങളില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. പുതുച്ചേരിയില്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയ ബേഡിയെ പിന്‍വലിക്കുക എന്ന സ്വാഭാവിക നടപടിയാണ് ഇപ്പോള്‍ നിറവേറ്റപ്പെട്ടത്.

ബേഡിയെ പിന്‍വലിക്കുക എന്ന നാരായണസ്വാമിയുടെ ആവശ്യം നിറവേറ്റുന്നതോടൊപ്പം കോണ്‍ഗ്രസ്-ഡിഎംകെ സര്‍ക്കാരിന്റെ പതനത്തില്‍ നിന്നും കെെകഴുകാന്‍ ഈ നടപടി ഉതകുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ബേഡിയുടെ പിന്‍വാങ്ങലും ബിജെപിയുടെ തമിഴ്‌നാട് മുന്‍ പ്രസിഡന്റുമായിരുന്ന തെലങ്കാന ഗവര്‍ണര്‍ തമിള്‍ഇസെെ സൗന്ദര്‍രാജന് താല്ക്കാലിക ചുമതല നല്കലും പുതിയ ഒരു രാഷ്ട്രീയ നാടകത്തിന്റെ തിരനോട്ടമായേ കാണാനാവൂ. ഗോവയിലും മണിപ്പൂരിലും മധ്യപ്രദേശിലും അരങ്ങേറിയ ‘ഓപ്പറേഷന്‍ താമര’യുടെ ആവര്‍ത്തനമാണ് പുതുച്ചേരിയില്‍ തുടരുന്നത്. കഴിഞ്ഞ മാസം രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂടുമാറ്റം നടത്തിയിരുന്നു. അതിനെത്തുടര്‍ന്ന് നാരായണസ്വാമിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും ഉപവാസവും നടന്നു. കഴിഞ്ഞ ദിവസം രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചതാെടെ കോണ്‍ഗ്രസിന്റെ അംഗബലം 33 അംഗ അസംബ്ലിയില്‍ സ്പീക്കര്‍ അടക്കം 10 ആയി ചുരുങ്ങി. മൂന്ന് ഡിഎംകെ അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ ഭരണകക്ഷിയും പ്രതിപക്ഷവും 14 അംഗങ്ങള്‍ വീതമുള്ള തുല്യശക്തികളായി മാറി. നാരായണ സ്വാമിയുടെ രാജിക്കുവേണ്ടി മുറവിളി ശക്തമായി. നോമിനേറ്റ് ചെയ്യപ്പെട്ട മൂന്ന് അംഗങ്ങള്‍ ഒഴികെ ബിജെപിക്ക് തെരഞ്ഞെടുക്കപ്പെട്ട ഒറ്റ അംഗംപോലും പുതുച്ചേരി നിയമസഭയില്‍ ഇല്ല. 2011ല്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ മുന്‍ മുഖ്യമന്ത്രി എ ആര്‍ രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎന്‍ആര്‍സിയുടെ ഏഴ് അംഗങ്ങളുടെയും എഐഎഡിഎംകെയുടെയും പിന്‍ബലത്തിലാണ് ബിജെപിയുടെ ‘ഓപ്പറേഷന്‍ താമര’ അരങ്ങേറുന്നത്.

പുതുച്ചേരിയിലെ പരീക്ഷണം വിജയിപ്പിക്കാനായാല്‍ തമിഴ്‌നാട് അസംബ്ലി തെരഞ്ഞെടുപ്പിലും അതിനുശേഷവും സമാന പരീക്ഷണങ്ങള്‍ നടത്താമെന്ന് ബിജെപി കണക്കുകൂട്ടുന്നു. കാലുമാറ്റ നാടകങ്ങളുടെ അന്തരീക്ഷത്തില്‍ കിരണ്‍ ബേഡി പുതുച്ചേരിയില്‍ തുടരുന്നത് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ശക്തിപകരുമെന്നും അത് തങ്ങളുടെ സാധ്യതകള്‍ക്ക് മങ്ങലേല്പിക്കുമെന്ന കണക്കുകൂട്ടലാണ് ബേഡിയെ രംഗത്തുനിന്ന് പൊടുന്നനെ പിന്‍വലിക്കാനുള്ള തീരുമാനത്തിനു പിന്നില്‍. പക്ഷെ ബേഡിയുടെ സംഭാവനകള്‍ മോഡി ഭരണകൂടം അവഗണിക്കുമെന്ന് കരുതുന്നത് അസ്ഥാനത്തായിരിക്കും. സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി കേന്ദ്ര ഭരണകൂടം ദുരുപയോഗം ചെയ്യുന്നത് ഇത് ആദ്യമല്ല. കോണ്‍ഗ്രസ് അത് എല്ലാക്കാലത്തും തങ്ങളുടെ താല്പര്യ സംരക്ഷണാര്‍ത്ഥം ഉപയോഗിച്ചുപോന്നിരുന്നു. ബിജെപി ഒരു പടികൂടി കടന്ന് രാജ്ഭവനുകളെ തങ്ങളുടെ കാര്യാലയങ്ങളാക്കി അധഃപതിപ്പിച്ചു.

ഗവര്‍ണര്‍ പദവി, അവരുടെ പ്രവര്‍ത്തനം, അവരെ നീക്കം ചെയ്യല്‍ തുടങ്ങി ഭരണഘടനയും സുപ്രീംകോടതിയും ഭരണപരിഷ്കാരം സംബന്ധിച്ച് ശുപാര്‍ശ നല്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റികളും മുന്നോട്ടുവയ്ക്കുന്ന പെരുമാറ്റ ചട്ടങ്ങളും മാനദണ്ഡങ്ങളും മര്യാദകളും യഥേഷ്ടം ലംഘിക്കപ്പെടുന്നു. ഗവര്‍ണര്‍ പദവി മോഡി ഭരണകൂടത്തില്‍ ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനത്തെയും ഭരണഘടനാ മൂല്യങ്ങളെയും രാഷ്ട്രീയ ധാര്‍മികതയെയും തകര്‍ക്കാനുള്ള കോടാലിക്കെെകളായി മാറുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പുതുച്ചേരിയിലേത്.‍